Features

കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്ക് ട്രേ ഫാമിങ്

ട്രേ ഫാമിംഗോ, ഇതെന്താ എന്നു ചോദിച്ച് അമ്പരക്കാന്‍ വരട്ടെ. ഈ പുതിയ കൃഷിരീതി നമ്മുടെ അടുക്കളയിലെ ഇലക്കറികളുടെ ആവശ്യങ്ങള്‍ പരിഹരിച്ചു തരുന്നതിനാണ് ഏറ്റവും ഉത്തമം. ഇതിന് ഒരു തരി മണ്ണു വേണ്ട, ഗ്രോബാഗ് വേണ്ട, പരമ്പരാഗത നടീല്‍ സമ്പ്രദായങ്ങളൊന്നും വേണ്ട. വിളവു കിട്ടാന്‍ കാത്തിരിക്കുകയും വേണ്ട. കുരുപ്പിച്ച വിത്തുകള്‍, രണ്ടിലപ്രായത്തില്‍ ഉപയോഗിക്കാവുന്ന കറികള്‍, മല്ലിയില, ഉലുവയില തുടങ്ങിയ പാചകാനുബന്ധ വസ്തുക്കള്‍, ഗോതമ്പ് ഇല പോലെ രോഗികള്‍ക്കു വേണ്ട വരുന്ന ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയൊക്കെ ഉല്‍പാദിപ്പിക്കുന്നതിന് അടുക്കളയുടെ തന്നെ ഒതുക്കമുള്ള ഒരു ഭാഗം മതി. ഇതിനെയാണ് 'ട്രേ ഫാമിങ്' എന്നു വിളിക്കുന്നത്.
 
ഇതിന് ഒന്നാമതായി ആവശ്യമുള്ളത് വൃത്തിയുള്ള ട്രേകളാണ്. പ്ലാസ്റ്റിക്കിന്റെ കിച്ചന്‍ ട്രേകള്‍, ഓഫീസ് ട്രേകള്‍, റബര്‍ഷീറ്റ് ഉറയൊഴിക്കുന്നയിനം ഡിഷുകള്‍ എന്നുവേണ്ട ഉയരം കുറഞ്ഞ് പരന്നയാകൃതിയിലുള്ള ഏതു പാത്രവും ഉപേേയഗിക്കാം. രണ്ടാമതു വേണ്ട അനുബന്ധ വസ്തു ചകിരിച്ചോറാണ്. അധികമൊന്നും വേണ്ട. സാധാരണവലുപ്പമുള്ള ഒരു ട്രേക്ക് അരകിലോ തന്നെ ധാരാളം. പ്രത്യേകം വിത്തു വാങ്ങേണ്ടതില്ല. ചന്തയില്‍ നിന്നു വാങ്ങുന്ന വന്‍പയര്‍, ചെറുപയര്‍, ഗോതമ്പ്, മല്ലി, ഉലുവ, കറിക്കടല എന്നിവയൊക്കെ നടാനെടുക്കാം. ഉള്ളിയും വെളുത്തുള്ളിയും പോലും ഇതേരീതിയില്‍ നടുന്നതില്‍ തെറ്റില്ലെന്ന് അനുഭവസമ്പന്നര്‍ പറയുന്നു. ട്രേയാണ് ഇവിടെ കൃഷിയിടം. ട്രേയുടെ എണ്ണവും വലുപ്പവുമനുസരിച്ച് കൃഷിയിടത്തിന്റെ വിസ്തൃതി വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ കൃഷിയിടം എവിടെ സ്ഥാപിക്കണമെന്നും കൃഷി ചെയ്യുന്നയാള്‍ക്കു തന്നെ നിശ്ചയിക്കാം. സ്വീകരണമുറിയില്‍ സ്ഥാപിച്ചാലും തെറ്റില്ല. അലങ്കാര വസ്തുപോലെ ഇതവിടെ ഇരുന്നുകൊള്ളും.
 
വിത്തു വിതച്ചു കഴിഞ്ഞാല്‍ അതിനു മുകളിലായി വീണ്ടും ഒരു നിര ചകിരിച്ചോറു കൂടി നിരത്തുക. ഇതിനു മുകളിലായി നേരിയതോതില്‍ വെള്ളം നനച്ചുകൊടുക്കുക. ചകിരിച്ചോറിന് ഈര്‍പ്പം പിടിച്ചു നിര്‍ത്താനുള്ള കഴിവുള്ളതിനാല്‍ എല്ലാദിവസവും നനയ്‌ക്കേണ്ട. നടീലിന്റെ പിറ്റേദിവസം മുതല്‍ വിളവെടുപ്പു തുടങ്ങാം. ഏതു രൂപത്തില്‍ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് വിളവെടുപ്പിനു വേണ്ട ദിവസങ്ങള്‍ നിശ്ചയിക്കുന്നത്. പൊതുവേ പറഞ്ഞാല്‍ ഒരു ദിവസം മുതല്‍ ഒരു മാസം വരെയാണ് വിളവെടുപ്പിനു വേണ്ടിവരുന്നത്. മുളപ്പിച്ച പയറിനങ്ങള്‍ ലഭിക്കാനായി കൃഷി ചെയ്യുന്നവര്‍ക്കാണ് പിറ്റേന്നു തന്നെ വിളവെടുപ്പു നടത്താവുന്നത്. പയറിനങ്ങളും കറിക്കടലയുമൊക്കെയാണ് മുളപ്പിച്ച രീതിയില്‍ ഉപയോഗിക്കുന്നത്. ഇവ സാധാരണരീതിയില്‍ ഉപയോഗിക്കുന്നതിനെക്കാള്‍ പോഷകലഭ്യത ഏറ്റവും കൂടിയിരിക്കുന്നത് മുളപ്പിച്ച് ഉപയോഗിക്കുമ്പോഴാണല്ലോ. നടീലിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇവയുടെ തോടു പൊട്ടുകയും വാലുപോലെ ഒരു വേര് ചുവട്ടിലേക്ക് ഇറങ്ങുകയും ചെയ്തിരിക്കും. ഇതാണ് വിളവെടുപ്പിനു പറ്റിയ വളര്‍ച്ച. വാരിയെടുത്ത് ചകരിച്ചോറ് കഴുകി മാറ്റിയാല്‍ കറിയുണ്ടാക്കാന്‍ ഉപയോഗിക്കാം. കറിവയ്ക്കാതെ തന്നെ ഇതു പച്ചയ്ക്കു കഴിക്കുന്നവരും ധാരാളമാണ്. എല്ലാ ദിവസവും ഒരു നേരം പാചകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നവര്‍ക്കു പറ്റിയതാണ് ഇങ്ങനെ കുരുപ്പിച്ച പയറിനങ്ങള്‍.
 
ട്രേയുടെ ചുവട്ടില്‍ രണ്ടു നിരയായി ആറോ ഏഴോ സുഷിരം ഇടുന്നതാണ് കൃഷിയിടമൊരുക്കുന്നതിന്റെ ഒന്നാമത്തെ പടി. കട്ടിയുള്ള പരുത്തിത്തുണിയോ ചാക്കോ മടക്കിയിട്ട് അതിനു മുകളിലാണ് ട്രേ വയ്‌ക്കേണ്ടത്. അധികമുള്ള വെള്ളം ഒഴുകിപ്പോകുന്നതിനാണ് സുഷിരങ്ങള്‍. ഈ വെള്ളം വലിച്ചെടുക്കുന്നതിനാണ് പരുത്തിത്തുണി. സംസ്‌കരിച്ച ചകിരിച്ചോറ് പല പേരുകളില്‍ കടകളില്‍ വാങ്ങാന്‍ കിട്ടും. പൊടിയായുള്ളതോ കട്ടയായുള്ളതോ വാങ്ങാം. കട്ടയാണെങ്കില്‍ ആദ്യം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത് പൊടിച്ചെടുക്കണം. ഒരു വളവും ചേര്‍ക്കേണ്ടതില്ല. ട്രേയുടെ അടിയിലായി ചകിരിച്ചോറ് ഒരു നിരയായി ഇട്ടുകൊടുക്കുക. ഇതിനു മുകളിലാണ് വിത്തു വിതയ്‌ക്കേണ്ടത്. ഒരു ട്രേയില്‍ ഒരിനം വിത്തുമാത്രം വിതയ്ക്കുന്നതാണ് നല്ലത്. എത്രയിനം ആവശ്യമാണോ അത്രയും ട്രേകള്‍ തയ്യാറാക്കി വയ്ക്കുക. നടാനുദ്ദേശിക്കുന്ന വിത്തുകള്‍ ഒരു രാത്രി വെള്ളത്തിലിട്ടുവച്ചതിനു ശേഷം എടുത്താല്‍ കിളിര്‍പ്പ് വേഗത്തിലായിക്കൊള്ളും. ഒന്നിനു മേല്‍ മറ്റൊന്നു വരാത്ത രീതിയില്‍ വിത്തുകള്‍ നിരത്തി വിരിക്കുക. ഇടയകലം തീരെ വേണ്ട.
 
വെളളരി, മത്തന്‍ കുമ്പളം തുടങ്ങിയവ ഇങ്ങനെ ട്രേകളില്‍ നടുകയാണെങ്കില്‍ മൂന്നാഴ്ചയോളം പരിപാലിക്കാം. അപ്പോഴേക്കും അവയ്ക്ക് നാലഞ്ച് ഇലകള്‍ വരെ വളര്‍ന്നിറങ്ങിയിരിക്കും. ഇവയെ തണ്ടിന്റെ ചുവട്ടില്‍ വച്ച് മുറിച്ചെടുത്ത് കൊത്തിയരിഞ്ഞാല്‍ മികച്ച ഇലക്കറിയായി. ഗോതമ്പ്, തിന, റാഗി മുതലായവ പച്ചജ്യൂസ് അടിച്ചു കഴിക്കാനാണ് ഉപയോഗിക്കുന്നത്. കാന്‍സര്‍ രോഗികള്‍ ഔഷധമെന്ന നിലയില്‍ ഗോതമ്പിന്റെ ഇല അഥവാ വീറ്റ്ഗ്രാസ് ഉപയോഗിച്ചു പോരുന്നതാണ്. ട്രേയില്‍ തിങ്ങിവളര്‍ന്നു കഴിഞ്ഞാല്‍ അടുക്കളയിലെ കത്തികൊണ്ടു തന്നെ അരിഞ്ഞെടുത്ത് മിക്‌സിയില്‍ അടിച്ച് കുടിക്കാം. രുചിക്കായി ഇതിനൊപ്പം കല്‍ക്കണ്ടം, ഉപ്പ്, മല്ലിയില, പുതിനയില തുടങ്ങിയവ ചേര്‍ക്കുന്നവരുമുണ്ട്. രോഗമില്ലാത്തവര്‍ക്കും വെറുംവയറ്റില്‍ കഴിക്കാവുന്ന മികച്ച പാനീയമാണിത്. തിന, റാഗി, നവര തുടങ്ങിയവയുടെ ഇലകളും ഇതേരീതിയില്‍ ജ്യൂസ് അടിക്കുന്നതിനു നല്ലതാണ്.
 
വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ നാള്‍ നിര്‍ത്തേണ്ടതായി വരുന്നത് ചീരയിനങ്ങളാണ്. ഒരു മാസം കൊണ്ട് ഇവയ്ക്ക് നാലഞ്ച് ഇലകള്‍ വന്നിരിക്കും. ആ ഘട്ടത്തില്‍ ചുവടെ പിഴുതെടുത്ത് വേരിലെ ചകിരിച്ചോറിന്റെ അംശങ്ങള്‍ വൃത്തിയായി കഴുകിമാറ്റിയതിനു ശേഷം കറിയാക്കാം.
 
ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ ട്രേകളിലെ തോട്ടം കൂടുതലായി പ്രയോജനപ്പെടുന്നത്. സ്വന്തമായി ഒരു ചാക്ക് അല്ലെങ്കില്‍ ഗ്രോബാഗ് വയ്ക്കുന്നതിനുള്ള സ്ഥലം പോലുമില്ലാത്തത് ഇക്കൂട്ടര്‍ക്കാണല്ലോ. ട്രേ ഫാമിങ്ങ് വരുമ്പോള്‍ കൃഷി ആര്‍ക്കും സാധ്യമാണെന്നു വരുന്നു. എന്താ ഒരു കൈ പരീക്ഷിച്ചു കൂടേ.

Share your comments