ചിറകടിച്ചുയരുന്ന പ്രാവുവിപണിയിലെ ത്രിമൂര്‍ത്തികള്‍
ആര്‍ഷഭാരത സംസ്‌കാരത്തിന്റെ മുഖമുദ്രയെന്ന് പറയാവുന്നത്ര കുലീനതയും സൗന്ദര്യവും ഇടകലര്‍ന്ന അരുമപക്ഷിയാണ് പ്രാവ്. ശാന്തിയുടെയും സൗമ്യതയുടെയും മൂര്‍ത്തരൂപങ്ങള്‍. പ്രാവ് പരിപാലനത്തില്‍ അഗ്രഗണ്യരാണ് ത്രിമൂര്‍ത്തികളായ ഡി.ഡബ്‌ലുലാല്‍, രാംചന്ദ്.കെ.എസ്., സ്വീറ്റിലാല്‍ എന്നിവര്‍. കൊല്ലം ജില്ലയില്‍ പ്രാവുകളുടെ സ്പന്ദനം തൊട്ടറിഞ്ഞ് സ്‌നേഹപൂര്‍വ്വം പരിലാളിച്ച് തൊട്ടുരുമ്മി സധൈര്യപൂര്‍വ്വം അതിബൃഹത്തായ അരുമപക്ഷി വിപണന ശൃംഖലയിലെ ഇഴപിരിയാത്ത സഹോദരങ്ങളാണിവര്‍. സൗന്ദര്യവും രാജകീയ പ്രൗഢിയും കണ്ണിനും മനസ്സിനും കുളിര്‍മയുമായി വര്‍ണ്ണവൈവിധ്യത്തിനപ്പുറം ശാന്തവും സൗമ്യവുമായി ഇണയോടൊത്ത് തൊട്ടുരുമ്മി ആകര്‍ഷകമായ കുറുങ്ങലുകളോടെ ആരെയും അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകള്‍ വയ്ക്കുന്ന വൈവിധ്യ ജനുസ്സുകളിലെ പ്രാവുകളുടെ അസൂയപ്പെടുത്തുന്ന വര്‍ണ്ണശേഖരം തന്നെ ഇവരുടെ പക്കലുണ്ട്. വാണിജ്യപരമായി നോക്കിക്കാണുമ്പോള്‍ 10000 മുതല്‍ ലക്ഷങ്ങള്‍ വരെ വിലമതിക്കുന്ന വരുമാന മാര്‍ഗ്ഗം എന്നതിനപ്പുറം കരുണയും സ്‌നേഹവും ഒത്തുര്‍ന്ന പ്രാവ് മനസ്സിന് ഹരമായി മാറുമ്പോഴാണ് ഇത് ആദായകരമാകുന്നത് എന്നത് ഇവരുടെ അനുഭവ സാക്ഷ്യം.
ഓരോ ഇനത്തിന്റെയും സവിശേഷത തിരിച്ചറിഞ്ഞ് വളര്‍ത്തിയാല്‍ പരിപാലനവും വരുമാനവും എളുപ്പം. തങ്ങളുടെ അരികിലെത്തുന്ന ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് ഒറിജിനല്‍ ബ്രീഡ് പ്രാവുകളുടെ സവിശേഷതയും അതാത് ഇനങ്ങള്‍ക്ക് നല്‍കേണ്ട പരിചരണവും തീറ്റക്രമവും പ്രജനന രീതികളും ശുശ്രൂഷയുമൊക്കെ വ്യക്തമായി മനസ്സിലാക്കി കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതാണ് ഈ മികച്ച ബ്രീഡര്‍മാരുടെ മുഖമുദ്ര.
സ്വഭാവത്തിലും, ശരീരപ്രകൃതിയിലും, നിറത്തിലുമെല്ലാം വൈവിധ്യം കഴുത്ത് ആട്ടി നടക്കുന്നവ, പ്രത്യേക രീതിയില്‍ പറക്കുന്നവ, കഴുത്ത് വീര്‍പ്പിച്ച് നടക്കുന്നവ, ശബ്ദ വ്യതിയാനങ്ങള്‍ ഉള്ളവ എന്നിങ്ങനെ വിദേശിയും സ്വദേശിയുമായ വൈവിദ്ധ്യങ്ങള്‍ ഏറെ. 7 ഇഞ്ച് മുതല്‍ 90 സെ.മീ. വരെ വലിപ്പമുള്ള പ്രാവുകള്‍ ഉണ്ട്. 10 ഇഞ്ചിന് താഴെ വലിപ്പമുള്ളവയെ കുഞ്ഞന്‍ പ്രാവുകളുടെ ഗണത്തില്‍പ്പെടുത്താം. ജനുസ്സ് ഏതായാലും പ്രാവുകളുടെ മൂല്യമാണ് വിലനിര്‍ണ്ണയിക്കുന്ന ഘടകം. തല, കഴുത്ത്, വാല്‍, നെഞ്ച്, കാല്‍ എന്നിങ്ങനെ പല ഘടകങ്ങളുണ്ട്. പ്രാവിന്റെ മൂല്യനിര്‍ണയിക്കുന്നതിന് തലയിലാകട്ടെ തലപ്പൂവ്, തൊപ്പി, ചുണ്ട്, മേല്‍ചുണ്ട്, കണ്‍വളയങ്ങള്‍ എന്നിവയാണിവ. കഴുത്തില്‍ തൂവല്‍ സമൃദ്ധിയും നെഞ്ച് അളവുകളുമാണ് ആധാരം. വാലിലാണ് വ്യത്യസ്തതകള്‍ ഏറെ. വാലിന്റെ ആകൃതിയേക്കാള്‍ തൂവല്‍ അടയാളങ്ങള്‍ക്കും (Feather markings) തൂവല്‍ നിറത്തിനും (Plumage Colour) മാണ് മുന്‍ഗണന. നാഷണല്‍ പീജിയണ്‍ അസോസ്സിയേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (NPA) ആണ് പ്രാവുകളുടെ പരക്കെ അംഗീകരിച്ച തരംതിരിവിനാധാരം.
തുടക്കക്കാര്‍ കുറഞ്ഞ ചിലവില്‍ നല്ലയിനം ഒറിജിനല്‍ ബ്രീഡുകളെ ഒന്നോ രണ്ടോ ജോഡി വാങ്ങി പരിപാലിക്കുന്നതാണ് ഉചിതം.
ജനപ്രിയരായ ചില പ്രാവുകളെ പരിചയപ്പെടാം.
. ഫാന്‍ ടെയിലുകള്‍ (Fantails)
ഇന്ത്യ, യൂറോപ്പ്, ബല്‍ജിയം, ഇംഗ്ലണ്ട് സ്വദേശികള്‍. വിശറി പ്രാവ് എന്നറിയപ്പെടുന്ന ഇവയ്ക്ക് കേരളത്തില്‍ ആരാധകര്‍ ഏറെ. മയില്‍പ്പീലി വിരിച്ച് നില്‍ക്കുന്നതുപോലെ സുന്ദരമായ വാല്‍ തൂവലുകളാണ് ഇതിന്റെ ആകര്‍ഷണം. വെള്ള, കറുപ്പ്, ബ്രൗണ്‍ നിറങ്ങളില്‍ ലഭ്യമാണ്. വിശറി വാലുകളില്‍ വ്യത്യസ്ത നിറങ്ങളുമായി ഇരട്ടിമേനി വര്‍ണ്ണങ്ങളുമുണ്ട്. ഇടതൂര്‍ന്ന മൂന്ന് അടുക്കോടുകൂടിയ കാലിലെ തൂവലുകളും ഇവയെ ആകര്‍ഷകമാക്കുന്നു.
. മുഖി (Mookee)
ഇന്ത്യന്‍ സ്വദേശി. വളരെ ജനകീയം തുടക്കക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വാങ്ങാനും വളര്‍ത്താനും നന്ന്. 'ട' ആകൃതിയില്‍ കഴുത്ത്, കൂര്‍ത്ത തലതൊപ്പി, അര്‍ദ്ധ വൃത്താകൃതിയിലുള്ള നെറ്റി എന്നിവ പ്രത്യേകതകള്‍.
. ലാഹോര്‍ (Lahore)
ജന്മദേശം പാകിസ്ഥാന്‍. വളരെയധികം ആരാധകരുള്ളയിനം. വലിപ്പമേറിയ മേനി. തൂവല്‍ സമൃദ്ധ പാദം, നെറ്റിയില്‍ നിന്ന് കഴുത്തിലും പിന്‍കഴുത്തിലും ചിറകിലും എത്തുന്ന വര്‍ണ്ണനാടയ്ക്ക് വീതി കൂടിവരും. അടിസ്ഥാന നിറം വെള്ളയും ഉപനിറങ്ങള്‍ ധാരാളവും. പിങ്ക് ചുണ്ടും വെള്ള മൂക്കും, മാംസത്തിന്റെ നിറമുള്ള കണ്‍പോളകളും ഇവയ്ക്ക് വന്യ സൗന്ദര്യം നല്‍കുന്നു.
കിങ് (King)
ആകാര രീതികൊണ്ട് വളരെയധികം ജനകീയത നേടിയ പ്രാവ്. ജന്മദേശം അമേരിക്ക. ഉയരം അര അടി മുതല്‍ മുക്കാല്‍ അടി വരെ. ഏകദേശ ഭാരം 850 ഗ്രാം മുതല്‍ ഒരു കിലോ വരെ. സമാന്തരമായി നില്‍ക്കുന്ന ചെറുചുണ്ടും മുഖത്തിന് അനുസൃതമായ മൂക്കും കഴുത്തിന് അനുസൃതമായ വലിയ വൃത്താകൃതിയിലുള്ള തലയും, ഉന്തിനില്‍ക്കുന്ന പിങ്ക് നിറമുള്ള കണ്‍പോളകളും അതിലേക്ക് ഇറങ്ങിയിരിക്കുന്ന കണ്ണുകളും ഇവയെ ആകര്‍ഷകമാക്കുന്നു. ശരീരവും, വിശാലമായ മാറിടവും ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്ന ചിറകുകളും കുറുകിയ ശരീരത്തിന് അനുസൃതമായ വാലും അരോഗദൃഢഗാത്രമായ ഉറച്ച നീണ്ട കാലുകളും ഇവയെ വിലയിലെ രാജാക്കന്മാരാക്കുന്നു.
പ്രാവിന് കൂടൊരുക്കല്‍
പ്രാവ് വളര്‍ത്തലില്‍ ഏറ്റവും പ്രധാനം അവയ്ക്ക് പിരിമുറുക്കമില്ലാത്ത സുഖകരമായ അന്തരീക്ഷം ഒരുക്കുകയെന്നതാണ്. പഴയ തൂവല്‍ കൊഴിക്കുന്ന സമയത്തും, വായു സഞ്ചാര കുറവ്, കാലാവസ്ഥാ വ്യതിയാനം, തീറ്റയിലെ പോഷക കുറവ്, ആന്തരികവും ബാഹ്യവുമായ പരാദബാധ, അണുബാധ, മുട്ട അടയിരിക്കല്‍, കുഞ്ഞുങ്ങളെ വിരിയിക്കല്‍ എന്നിവയാണ് പിരിമുറുക്കമുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍.
വിശാലമായ സ്ഥലസൗകര്യം അനുസരിച്ച് 2x2 അടി കൂടുകളില്‍ തുറന്ന് വിട്ട് വളര്‍ത്തിയും, കുറഞ്ഞ സ്ഥലപരിമിതിയില്‍ 3x3 അടി കമ്പിക്കൂടുകളിലും വളര്‍ത്താം. ഒരു കൂട്ടില്‍ ഒരു ജോഡി എന്നതാണ് അഭികാമ്യം. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന ഇടതടവില്ലാതെ വായു സഞ്ചാരമുള്ള സ്ഥലത്തുവേണം കൂട് സ്ഥാപിക്കാന്‍. തുടക്കക്കാര്‍ക്ക് തടിയും പലകയും ഉപയോഗിച്ച് കുറഞ്ഞ ചിലവില്‍ സുരക്ഷിതമായ കൂടുകള്‍ നിര്‍മ്മിക്കാം.
കോളനി സിസ്റ്റം ചെയ്യുന്നവര്‍ ഏകദേശം 7 അടി പൊക്കത്തില്‍ വായു സഞ്ചാരം തടസ്സപ്പെടുത്താത്ത മുറി കമ്പിവലകള്‍ വച്ചുള്ള കൂടുകളാണ് നിര്‍മ്മിക്കേണ്ടത്. ചെറിയ കമ്പിക്കൂടുകളും അടയിരിക്കാന്‍ സൗകര്യത്തിന് ചെറുതടിപ്പെട്ടികളും ഇതിനകത്ത് പ്രാവുകള്‍ക്ക് ഉചിതമായ രീതിയില്‍ സ്ഥാപിക്കാം. പെട്ടിക്കുള്ളില്‍ മുട്ടയിടാന്‍ സൗകര്യത്തിന് മണ്ണിന്റെയോ പ്ലാസ്റ്റിക്കിന്റെയോ പരന്ന പാത്രങ്ങള്‍ ആവശ്യത്തിന് മണലിട്ട് സജ്ജീകരിക്കാം. ഇടയ്ക്ക് പറന്നുയര്‍ന്ന് വിശ്രമിക്കാന്‍ മരക്കൊമ്പുകളും. കോഴിപാത്രം (Gravity waterer) ഉപയോഗിച്ച് ശുദ്ധ ജലം കൂട്ടില്‍വച്ച് കൊടുക്കാം. ദിവസവും രണ്ടുനേരം വെള്ളം മാറ്റണം. പ്രാവുകള്‍ക്ക് കുളിക്കാന്‍ പൊക്കം കുറഞ്ഞ പരന്ന കനമുള്ള ഒരു പാത്രത്തില്‍ വെള്ളം നിറച്ച് കൂട്ടില്‍വച്ച് കൊടുക്കാം. കൂട്ടിനുള്ളില്‍ മണല്‍ വിരിക്കുന്നത് പ്രകൃതിദത്തമായ അന്തരീക്ഷ പ്രതീതി ഉണ്ടാക്കും. യഥാ സമയം പ്രാവിന്‍ കാഷ്ഠവും മറ്റ് അഴുക്കും മാറ്റി കൂടിന്റെ ശുചിത്വം ഉറപ്പാക്കണം. സൂര്യപ്രകാശമുളളപ്പോള്‍ വേണം പ്രാവുകളെ കുളിപ്പിക്കാനും കൂട് അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാനും.
തീറ്റക്രമം
പ്രാവുകള്‍ക്ക് സന്തുലിതമായ തീറ്റ നല്‍കാനും ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിച്ച് രോഗം പിടിപെടാതെ നോക്കാനും ശ്രദ്ധിക്കണം. ഈര്‍പ്പരഹിതമായ ഭക്ഷണമാണ് പ്രാവുകള്‍ക്ക് ഉത്തമം. നെല്ല്, ഗോതമ്പ്, പയര്‍, ചെറുപയര്‍, ഉഴുന്ന്, മുതിര തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളും, ചോളം, തിന, ചാമ, റാഗി, ബജ്‌റ, കൂവരക് തുടങ്ങിയ ധാന്യങ്ങളും തീറ്റ നല്‍കാം. ശരാശരി ഒരു പ്രാവ് 30 ഗ്രാം തീറ്റയും 30 - 60 മില്ലി വെള്ളവും പ്രതിദിനം അകത്താക്കും. കൂടാതെ മണിത്തക്കാളി, കീഴാര്‍നെല്ലി, തഴുതാമ, കുപ്പച്ചീര, നന്നാറി, കുടങ്ങല്‍, മുക്കൂറ്റി എന്നീ നാട്ടുചെടികളും നട്ടുപിടിപ്പിച്ച് ഭക്ഷണമായി നല്‍കാം. ഉണങ്ങിയ വിത്തുകളും ഇതില്‍ പെടുത്താം. വൈറ്റമിന്‍, മിനറല്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയ പോഷക സമൃദ്ധമായ ആഹാരമാണ് വളര്‍ച്ചയ്ക്ക് അത്യാവശ്യം. തുടര്‍ന്ന് ആവശ്യാനുസരണം വൈറ്റമിന്‍ സപ്ലിമെന്റും മീന്‍ഗുളികകളും നല്‍കണം. എത്ര തവണ ഭക്ഷണം നല്‍കുന്നതിനേക്കാള്‍ എത്രനേരം കൃത്യമായ ചിട്ടയോടെ ഭക്ഷണം നല്‍കുന്നതാണ് പ്രധാനം. പ്രാവുകളുടെ ദഹനപ്രക്രിയ നിലനിര്‍ത്താന്‍ ഗ്രിറ്റ്, ചാരം, ചുടുകട്ടയുടെ ചെറുകഷണം, മഞ്ഞള്‍പ്പൊടി, ചെറിയ അളവില്‍ ഉപ്പ്, കാല്‍സ്യം (നാടന്‍മുട്ടയുടെ തോട്, കണവ നാക്ക്) എന്നിവ നല്‍കുന്നത് ഉത്തമമാണ്. അതാത് സമയം പോഷകക്കുറവ് മനസ്സിലാക്കി ഭക്ഷണം നല്‍കുന്നത് രോഗപ്രതിരോധശേഷി കൂട്ടി 15 മുതല്‍ 20 വര്‍ഷം വരെ ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കും.
പ്രജനനം
പ്രാവിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ ഭക്ഷണക്രമം യഥാവിധി ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബ്രീഡിങിന് ഒരുക്കുന്നതിന് മുന്‍പ് വിര ഇളക്കിയതിനുശേഷം പോഷക സമൃദ്ധമായ ആഹാരം നല്‍കണം. 6-7 മാസം വരെ പ്രായമാകുമ്പോഴേക്കും പ്രാവുകള്‍ പ്രായപൂര്‍ത്തിയാകും. തൂവല്‍ പൊഴിക്കുന്ന മഴക്കാലം ഒഴിച്ച് വര്‍ഷത്തില്‍ എല്ലാ സീസണിലും പ്രാവുകളുടെ പ്രജനനം നടക്കുന്നു. ഇണചേര്‍ന്ന് മുട്ടയിടുന്ന സമയത്ത് മുട്ടയിട്ട ജോഡി പ്രാവുകളെ മാറ്റി നല്ല അരോഗ ദൃഢഗാത്രരായ മറ്റ് പ്രാവുകളെ ഉപയോഗിച്ച് അടയിരുത്തും. മുട്ട ഇടീല്‍ വേഗത്തില്‍ നടക്കുന്നതിനും അതുവഴി കൂടുതല്‍ കുഞ്ഞുങ്ങളെ ലഭിക്കാനുമാണ് ഈ തന്ത്രം. മുട്ട മാറ്റുന്നതോടെ നേരത്തെ മുട്ടയിട്ട പ്രാവുകള്‍ വീണ്ടും ഉടനെ മുട്ടയിടും. ഇങ്ങനെ മാസം രണ്ട് തവണ ഒരേ ജോഡി പ്രാവില്‍ നിന്ന് മുട്ടയിടീല്‍ ഉണ്ടാകും. അതിനാല്‍ സാധാരണയില്‍ കവിഞ്ഞ് കൂടുതല്‍ കുഞ്ഞുങ്ങളെ വിരിയിച്ച് ലഭിക്കുന്നതിനാല്‍ കൂടുതല്‍ വിപണനം എളുപ്പമാകും.
ഏകദേശം രണ്ട് മാസം പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങളെ മാതാപിതാക്കളുടെ അടുത്ത് നിന്നും മാറ്റാം.
രോഗ ലക്ഷണങ്ങള്‍
പ്രാവിന്റെ കൂടും പ്രാവുകളെയും ശ്രദ്ധയോടെ നിരീക്ഷിക്കുന്നവര്‍ക്ക് രോഗങ്ങള്‍ തുടക്കത്തില്‍ത്തന്നെ മനസ്സിലാക്കാനും തക്കസമയത്ത് ചികിത്സ നല്‍കാനും കഴിയും. പ്രതിരോധത്തിലൂന്നിയുള്ള ആരോഗ്യ രക്ഷയാണ് ഇവയ്ക്ക് ആവശ്യം. തീറ്റയും വെള്ളവും നിരസിക്കുക, പതുങ്ങിയിരിക്കുക, പൊന്തിനില്‍ക്കുന്ന തൂവലുകള്‍, കാഷ്ഠത്തിന്റെ സ്വഭാവത്തിലും നിറത്തിലും വരുന്ന വ്യതിയാനം, നടക്കുമ്പോഴുള്ള മുടന്ത്, കാല്‍വിരലുകള്‍ക്ക് നീര്, ശ്വാസതടസ്സം, കുറുകല്‍, മൂക്കിലും കണ്ണിലും നിന്ന് അസാധാരണ സ്രവങ്ങള്‍, വായില്‍നിന്ന് പശപോലെ കൊഴുത്ത സ്രവം, തലയും കാലും ക്രമാതീതമായി ചലിപ്പിക്കുക, തലതിരിച്ച് പിടിക്കുക, ലക്ഷ്യം തെറ്റിയുള്ള നടത്തം, ചുണ്ടിലും മുഖത്തും കുരുക്കള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങള്‍. സാല്‍മോണെല്ലോസിസ്, വായ്പുണ്ണ്, കഫക്കെട്ട്, പ്രാവ് വസൂരി, വിരശല്യം തുടങ്ങിയവയാണ് സാധ്യതയുള്ള രോഗബാധ. കൂടാതെ പരാദങ്ങള്‍ (പേന്‍, ഈച്ച) തുടങ്ങിയവയാലും ശരീരത്തിന് അകത്തും പുറത്തും അണുബാധയുണ്ടാകാം. രോഗലക്ഷണം കണ്ടാല്‍ പ്രാവുകളെ മാറ്റി പാര്‍പ്പിച്ച് ചികിത്സിക്കണം. യഥാസമയം വാക്‌സിനേഷനും വിരമരുന്നും നല്ല ഈര്‍പ്പരഹിത ഭക്ഷണവും, പരാദങ്ങളെ കണ്ടെത്തി ഒഴിവാക്കുകയും ചെയ്താല്‍ രോഗ ബാധ ഇല്ലാതാക്കാം.
30 വര്‍ഷത്തോളം പരിചയസമ്പത്തുളള ഇവര്‍ക്ക് നൂതനമായ പ്രാവ് ജനുസ്സുകളെ വികസിപ്പിച്ചെടുക്കാനും പുതിയ തരം ഭക്ഷണ കൂട്ടുകളും മരുന്ന കൂട്ടുകളും പരീക്ഷിച്ച് വിജയിപ്പിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട്. കേരള പീജിയണ്‍ സൊസൈറ്റി പോലെയുള്ള മറ്റ് അരുമ പക്ഷികളുടെ കേരളത്തിലെ അറിയപ്പെടുന്ന കൂട്ടായ്മകളിലും സജീവമായ അംഗങ്ങളാണ് ഇവര്‍. കേരളത്തില്‍ അങ്ങോളമുള്ള അരുമ പക്ഷി പ്രദര്‍ശനങ്ങളിലും മത്സരങ്ങളിലും ഇവരുടെ പ്രാവുകള്‍ പങ്കെടുക്കാറുണ്ട്.
തുടക്കക്കാര്‍ക്ക് വിപണനത്തിന് ആവശ്യമായ ഫെയ്‌സ്ബുക്ക് കൂട്ടായ്മകളെയും മറ്റ് പ്രദര്‍ശന മേളകളും പരിചയപ്പെടുത്തുക വഴി അവരുടെ വളര്‍ച്ചയ്ക്കും കൈപിടിച്ച് ഒപ്പം നില്‍ക്കുകയും ചെയ്യാനുള്ള സഹായക മനോഭാവം ഇവരിലുണ്ട്. അതിനാല്‍ വിപുലമായ ഫെയ്‌സ്ബുക്ക് കൂട്ടായ്മകളും വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും ഇവരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ പ്രാവുകളുടെ വിപണനം, വിലനിലവാരം നൂതന സാങ്കേതിക വിദ്യകള്‍ എന്നിവയുടെ നല്ല പരിജ്ഞാനം അതാത് സമയങ്ങളില്‍ ഇവര്‍ക്ക് ലഭിക്കുന്നു.
ഡി.ഡബ്‌ലുലാല്‍
9496468477
അരുണ്‍ ടി, കൃഷിജാഗരണ്‍് മാര്‍ക്കറ്റിംഗ് & സര്‍ക്കുലേഷന്‍ ഹെഡ്
ഫോണ്‍: 9999761849
English Summary: Trios in Dove farming
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments