അനന്തപദ്മനാഭനൊരു സീറോ ബജറ്റ് നിവേദ്യം

Saturday, 06 October 2018 01:49 By KJ KERALA STAFF

ലോകോത്തര നിധിയുടെ നാഥനായ തിരുവനന്തപുരം വാഴും ശ്രീ പദ്മനാഭനൊരു ആമുഖത്തിന്റെ ആവശ്യമില്ല. നാഭിയില്‍ സ്വന്തമായി പത്മമുണ്ടെങ്കിലും വെളളായണിക്കായലോളങ്ങള്‍ ഊട്ടി വലുതാക്കിയ നറു താമര മൊട്ടുകള്‍ ഭഗവാന് വലിയ ഇഷ്ടമാണ്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഭരണകാലം മുതല്‍ ഭഗവാന്റെ സ്വന്തം താമരക്കുളമാണ് കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലതടാകമായ വെളളായണിക്കായല്‍. അതുകൊണ്ടു കൂടിയാണ് പത്മനാഭദാസപരമ്പരയിലെ കണ്ണിയായ റീജന്റ് മഹാറാണി പൂരാടം തിരുനാള്‍ സേതുലക്ഷ്മി ഭായി തമ്പുരാട്ടി 1930-ല്‍ തന്റെ വിശ്രമവസതിയായ 'ലളിന്‍ഡോക്ക്' കൊട്ടാരം ഈ തടാകക്കരയില്‍ തന്നെ പണിതീര്‍ത്തതെന്നത് ചരിത്രം. ഈ കൊട്ടാരമാണ് സ്വാതന്ത്ര്യാനന്തരം കേരളത്തിലെ പ്രഥമകാര്‍ഷിക കോളേജായി മേക്കോവര്‍ നടത്തിയത്.

തലസ്ഥാനനഗരിയില്‍ നിന്ന് വെറും ഒമ്പത് കിലോമീറ്ററും കോവളം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററും ദൂരം മാത്രമെ ഉളളൂ എങ്കിലും, ഒരു ഗ്രാമത്തിന്റെ എല്ലാ പരിശുദ്ധിയും ഇന്നും കാത്തു സൂക്ഷിക്കുന്നതാണ് ഈ പ്രദേശത്തിന്റെ മഹത്വം. നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ ഇവിടെ വളര്‍ന്നു വിടര്‍ന്നിരുന്ന താമരമൊട്ടുകള്‍ ഇന്നും സമൃദ്ധമായി കാണാനാകും. അവ ഇറുത്ത് ജീവിതം കരുപ്പിടിപ്പിക്കുന്ന ഒട്ടനവധി ഗ്രാമീണര്‍ ഈ പ്രദേശത്തുണ്ട്. പക്ഷേ താമരപ്പൂക്കളേക്കാള്‍ അവര്‍ക്കിഷ്ടം അമ്പിളിവട്ടം പോലുളള താമരയിലകളെയാണ്.

 

ഒരു താമരമൊട്ടിന് ഒരു രൂപ കിട്ടുമ്പോള്‍ ഒരു ഇലയ്ക്ക് വെറും ഇരുപത്തിയഞ്ചു പൈസ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുക. എന്നാല്‍ പൂക്കള്‍ സീസണില്‍ മാത്രമെ ഉണ്ടാകൂ. പക്ഷേ ഇലകളില്‍ നിന്നുളള നിശ്ചിത വരുമാനം എല്ലാകാലവും എല്ലാ ദിവസവും വെളളായണിക്കായല്‍ ഇവര്‍ക്ക് നല്‍കുന്നുണ്ട്. നൂറെണ്ണത്തിന്റെ കെട്ടുകളായാണ് താമരയിലകള്‍ മൊത്തവ്യാപാരികളും സ്ഥിരം പൂക്കച്ചവടക്കാരും വാങ്ങുക പതിവ്. 

എങ്കിലും താമര ഇവിടെയാരും നട്ടു പരിപാലിക്കുന്നതേയില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. ഇരുപതിലധികം ചെറുതും വലുതുമായ തോടുകളിലൂടെ ചുറ്റുമുളള പാടശേഖരങ്ങളില്‍ നിന്നുമൊഴുകിയെത്തുന്ന വളാംശമുളള ജലം ഇവയെ പരിപോഷിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ് വിത്തിനോ വളത്തിനോ കീടനാശിനിക്കോ നിലം തയ്യാറാക്കാനോ വേണ്ടി ഒരു പൈസ പോലും ചെലവാക്കാത്ത വെളളായണിയിലെ താമര സമൃദ്ധി സീറോ ബജറ്റ് കൃഷിയുടെ ഒരു ഉത്തമ വകഭേദമാണെന്ന് പറയേണ്ടി വരുന്നത്.

രണ്ടോ മൂന്നോ ആള്‍ക്കാര്‍ ചേര്‍ന്ന ചെറുസംഘങ്ങള്‍ രാവിലെയും വൈകുന്നേരവും ചെറുവളളങ്ങളില്‍ നടത്തുന്ന വിളവെടുപ്പ് ഈ പ്രദേശത്തേക്ക് 34 ലക്ഷത്തിലധികം രൂപയാണ് പ്രതിവര്‍ഷം കൊണ്ട് വരുന്നതെന്നാണ് രണ്ട് വര്‍ഷം മുമ്പ് കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. ദേശാടനക്കിളികളുടെ കളകളാരവം കേട്ട് പളളിയുണരുന്ന വെളളായണിക്കായലിലെ താമരമൊട്ടുകള്‍ ഭഗവാന് പരിമളവും നാട്ടുകാര്‍ക്ക് പണവും എന്നെന്നും നല്‍കുന്ന നിത്യസ്രോതസുകളായി പരിണമിച്ചിരിക്കുന്നു.


ഡോ. ചിഞ്ചു വെളളായണി
കൃഷി ഓഫീസര്‍, മുണ്ടേരി, കണ്ണൂര്‍

CommentsMORE ON FEATURES

മാലിന്യ സംസ്കരണത്തിന് പന്നിവളർത്തലും കോഴിവളർത്തലും: മൃഗസംരക്ഷണ വകുപ്പിന് പുതിയ പദ്ധതി

കേരളത്തിൽ വർദ്ധിച്ചു വരുന്ന വീട്ടു മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് എളുപ്പവഴിയായി സർക്കാർ പന്നിവളർത്തലും കോഴി വളർത്തലും പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുന്നു.

October 17, 2018

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സാക്ഷാത്കരിച്ച് കിഴക്കമ്പലം

സ്വാശ്രയ സ്വയംപര്യാപ്ത ഗ്രാമം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു. ഇന്ത്യയിലെ ഏഴരലക്ഷത്തിലേറെ വരുന്ന ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിലൂടെ ഭാരതം ആഗോളശക്തിയാകുമെന്നും ആര്‍ക്കും തോല്പ്പി…

October 15, 2018

സമൃദ്ധി സന്തോഷം സ്വാശ്രയത്വം ഇത് കിഴക്കമ്പലം മാതൃക

സമൃദ്ധി സന്തോഷം സ്വാശ്രയത്വം ഇത് കിഴക്കമ്പലം മാതൃക വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെയും വികസനവാദികളായ നേതാക്കളെയും മാറ്റിനിര്‍ത്തി ട്വന്റി 20 ക്രിക്കറ്റ് സ്റ്റൈലില്‍ ഒരു പുതിയ …

October 10, 2018

FARM TIPS

ഈച്ചശല്യം അകറ്റാൻ പൊടിക്കൈകൾ

October 20, 2018

കേരളത്തിൽ പ്രളയനാന്തരം വന്നുചേർന്ന മറ്റൊരു അപകടമാണ് ഈച്ചശല്യം. ജൈവ അജൈവ മാലിന്യങ്ങളും അവശിഷ്ടങ്ങളും കുന്നുകൂടുകയും ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയാതെ…

മണ്ണെണ്ണ മിശ്രിതം

October 15, 2018

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക

അഗ്രോക്ലിനിക്

September 28, 2018

1. മണ്ണ് പരിശോധന എവിടെയാണ് നടത്തുക. ഇതിന് ഫീസ് എത്രയാണ്. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ?


CopyRight - 2018 Krishi Jagran Media Group. All Rights Reserved.