Features

തിരിച്ചുവരണം ഗ്രാമീണ കൃഷിസംസ്‌കാരം

village culture

 

തികഞ്ഞ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ പി. ഗോപിനാഥന്‍ നായര്‍ അദ്ദേഹത്തിന്റെ കൃഷി ഓര്‍മ്മകള്‍ കൃഷി ജാഗ്‌രണുമായി പങ്കുവെയ്ക്കുന്നു. പ്രസ്ഥാനത്തിലും വിനോബാ ബാവയുടെ ഭൂദാന്‍, ഗ്രാം ദാന്‍ പ്രസ്ഥാനങ്ങളിലും പങ്കെടുത്തിട്ടുള്ള ഗോപിനാഥന്‍ നായര്‍ ഇപ്പോള്‍ ഗാന്ധി സ്മാരകനിധി ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി 2016 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ജംനാലാല്‍ ബജാജ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


തികച്ചും ഗ്രാമീണമായ ഒരു കൃഷിസംസ്‌കാരം കേരളത്തിലുണ്ടായിരുന്നു. നമുക്ക് ഇന്നത് നഷ്ടപ്പെട്ടിരിക്കുന്നു. ഗ്രാമീണ കൃഷിസംസ്‌കാരത്തിലേക്കുള്ള തിരിച്ചുപോക്കാണ് നമുക്ക് ആവശ്യം. നമുക്കു വേണ്ട ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണം നമ്മള്‍ തന്നെ ഉല്പാദിപ്പിച്ചിരുന്നു.


വലിയ കര്‍ഷക കുടുംബമാണ് എന്റേത്. മൂവായിരം പറ നെല്ല് സൂക്ഷിച്ചിരുന്ന അറകളും പത്തായങ്ങളുമാണ് വീട്ടിലുണ്ടായിരുന്നത്. ആറു ജോഡി മാടുകളെ കെട്ടുന്ന തൊഴുത്തും രണ്ടുജോഡി പശുക്കളെ കെട്ടുന്ന തൊഴുത്തും പ്രത്യേകമുണ്ടായിരുന്നു. നിലം ഉഴുന്നതിന് വേണ്ടി മാത്രം നാല് കുടുംബങ്ങളെ വീടിനോടു ചേര്‍ന്ന് താമസിപ്പിച്ചിരുന്നു. അന്ന് നിലമുഴാന്‍ കലപ്പയാണുള്ളത്. മറ്റ് കൃഷിപ്പണികള്‍ക്കായി 25 സാധാരണ കുടുംബങ്ങളും ഉണ്ടായിരുന്നു. നൂറു പറ വിതയ്ക്കുന്ന നിലമാണ് കൃഷിയ്ക്കുണ്ടായിരുന്നത്. മീനമാസമായാല്‍ ഞാറ്റടി തയ്യാറാക്കി വിത്ത് വിതയ്ക്കും. 30 ദിവസം കഴിഞ്ഞാല്‍ നല്ല മുള വരും. മേടം കഴിഞ്ഞാലാണ് കൃഷി തുടങ്ങുക. നിലമൊരുക്കി ഞാറ് നടുകയാണ് ആദ്യം ചെയ്യുക. പത്തുമുപ്പത് സ്ത്രീകളുണ്ടാകും ഞാറ് നടാന്‍. നടുന്നതിനുമുമ്പ് പാടത്ത് വളം ചെയ്യും. മാടുകളും പശുക്കളും ഉള്ളതുകൊണ്ട് ചാണകം ധാരാളമുണ്ട്. ചാണകവും അഴുകിപ്പോകുന്ന വൈക്കോലും പാടത്ത് ഇടും. പച്ചിലവളത്തിനുവേണ്ടി വയലിന്റെ അതിരുകളിലെല്ലാം ശീമക്കൊന്ന വച്ചിപിടിപ്പിച്ചിട്ടുണ്ടാകും. ഇവയെല്ലാംകൂടി ചേര്‍ക്കുമ്പോള്‍ ഒന്നാന്തരം വളമാണ് കിട്ടുക. പരിപൂര്‍ണ്ണമായ ജൈവവളം. ഇടവപ്പാതിക്കു മുമ്പ് ഞാറ് നടും. അതുകൊണ്ട് മഴ വരുമ്പോഴേക്കും ഞാറ് നന്നായി പിടിച്ച് ശക്തിപ്രാപിക്കും. മഴയില്‍ നശിക്കില്ല. കര്‍ക്കടകം-ചിങ്ങമാണ് കൊയ്ത്തുകാലം.


കൊയ്ത നെല്ല് കളിയന്‍ സ്ഥലത്ത് ചിക്കുപായില്‍ ഉണക്കിയെടുക്കും. വിത്തിനുള്ള നെല്ല് ഉണക്കുന്നതും സൂക്ഷിക്കുന്നതും പ്രത്യേകമാണ്. പ്രത്യേക സ്ഥലവുമുണ്ട്. ഉണങ്ങിയ നെല്ല് പാറ്റി ഒന്നാതരം, രണ്ടാംതരം, മൂന്നാതരം എന്നിങ്ങനെ തിരിക്കും. ഒന്നാംതരം നെല്ല് അറയിലും രണ്ടാംതരം നെല്ല് പുറംപത്തായത്തിലും പിന്നത്തെ നെല്ല് വെളിയില്‍ പത്തായത്തിലും സൂക്ഷിക്കും. വെളിയില്‍ പത്തായത്തിലെ നെല്ലാണ് കൂലിയായി കൊടുക്കാറ്. കൂലി ആ കാലത്ത് പണമായി കൊടുക്കില്ല. നെല്ലായോ ഭക്ഷണമായോ ആണ് കൊടുക്കുക. ഒരു ദിവസത്തെ ജോലിക്ക് ഇത്ര നെല്ല് കൂലി എന്ന് കണക്കുണ്ട്. വൈക്കോല്‍ പശുക്കള്‍ക്കും മാടുകള്‍ക്കുമുള്ള തീറ്റയ്ക്കായി പന്തലിട്ടു സൂക്ഷിക്കും. അരി കഴുകിയ വെള്ളവും കഞ്ഞിവെള്ളവും പശുവിന് കൊടുക്കും. അന്നൊക്കെ പശുവിന് തിന്നാന്‍ പുല്‍മേടുകള്‍ ധാരാളമുണ്ട്. കൊണ്ടുനടന്ന് പുല്ലുതീറ്റാനും ആളുണ്ട്.

 


കൊയ്ത്ത് കഴിഞ്ഞാല്‍ ഇടവിളയായി മുതിര, എള്ള്, ഉഴുന്ന് തുടങ്ങിയവ വിതയ്ക്കും. ഒരിക്കലും ഭൂമി വെറുതെ ഇടാന്‍ അനുവദിക്കില്ല. സമയവും സ്ഥലവും പാഴാക്കാറില്ല. അതുകൊണ്ടുതന്നെ അന്ന് തൊഴിലില്ലായ്മ എന്നത് കേട്ടുകേള്‍വി പോലുമില്ല. എല്ലാവരും കൃഷിപ്പണിക്കാരായിരുന്നു. കൃഷിനിലത്തെ ആശ്രയിച്ച് കുടുംബങ്ങള്‍ കഴിഞ്ഞിരുന്നു. 
ചോറും മീനും ആയിരുന്നു പ്രധാന ഭക്ഷണം. അന്നൊക്കെ വീടുകളില്‍ മത്സ്യം കൊണ്ടുവരുന്ന സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കൂലിയായി കൊടുത്തിരുന്നതും നെല്ലാണ്. വീട്ടിലെ ജോലിക്കാരടക്കം മുപ്പതോളം പേരുണ്ടാകും എന്നും ഊണിന്. എല്ലാവര്‍ക്കും ഉണ്ണാന്‍ വേണ്ടത്ര നെല്ലും കിട്ടിയിരുന്നു. നെല്ല് ഐശ്വര്യത്തിന്റെ പ്രതീകമായിരുന്നു. ഒരുപാട് കുടുംബങ്ങള്‍ ഒരു കുടുംബം പോലെ ഒരു നിലത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് കഴിഞ്ഞുപോന്നു.


ശമ്പളവ്യവസ്ഥ നിലവില്‍വന്നു. ഭാഗം വെയ്പ് വന്നു. കൂട്ടുകുടുംബങ്ങള്‍ വിഭജിച്ചു. നിലം ഭാഗിച്ചു. കൃഷിനിലങ്ങള്‍ നികത്തി വീടുകള്‍ വച്ചു. നിലങ്ങള്‍ നികന്നതോടെ പലരും നെല്‍ക്കൃഷി നിര്‍ത്തി. കൃഷി നടത്താന്‍ സ്ഥലമില്ലാതായി. ഗ്രാമീണ കൃഷിയുടെ ഐശ്വര്യം പോയി. ചിലരെല്ലാം വാഴക്കൃഷിയിലേക്കും തെങ്ങുകൃഷിയിലേക്കും പച്ചക്കറിക്കൃഷിയിലേക്കും തിരിഞ്ഞു. എല്ലാം നല്ലതുതന്നെ. പക്ഷേ ഇന്ന് നമ്മുടെ ഭൂമിയിയില്‍ നിന്ന് കിട്ടേണ്ടതിന്റെ പാതി പോലും കിട്ടുന്നില്ല. എല്ലാവര്‍ക്കും ശമ്പളം മതി. കൃഷിചെയ്യാന്‍ ആര്‍ക്കും താല്പര്യമില്ല. ഭക്ഷ്യവസ്തുക്കള്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു. ശമ്പളം ഏര്‍പ്പാട് വന്നപ്പോള്‍ കാര്‍ഷികസംസ്‌കാരം നഷ്ടപ്പെട്ടു. തൊഴിലില്ലാത്തവരുടെ എണ്ണം കൂടി.


ഭൂമിയില്‍ നിന്ന് ഇപ്പോള്‍ കിട്ടുന്നതിന്റെ ഇരട്ടി ഉണ്ടാക്കാന്‍ ശ്രമിക്കണം. ഇതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാം. ആരോഗ്യം കിട്ടും. ഇന്ന് കൃഷി ഇല്ല, കൃഷിക്കാരില്ല, കൂട്ടുകുടുംബങ്ങളില്ല, കൂട്ടുകൃഷിയില്ല. ഇതിനൊക്കെ ആരെങ്കിലും താല്പര്യമെടുത്താല്‍ നല്ലത്. നിലം വെറുതെ ഇടരുത്. പഴയതുപോലെ എല്ലാവരും കൂടി ഇറങ്ങണം. കൂട്ടുകൃഷി നടക്കണം. അങ്ങനെയായാല്‍ കൂടുതല്‍ ഉല്പാദനം കിട്ടും.


English Summary: Village culture

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds