Features

കാര്‍ഷികസംസ്‌ക്കാരവും പാചകസംസ്‌ക്കാരവും ഇഴുകിച്ചേര്‍ന്ന ''ചീരപ്പാട്ട്''  

spinach
നാടന്‍പാട്ടുകള്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. വായ്‌മൊഴിയിലൂടെയായിരുന്നു ഇവ തലമുറകള്‍ തോറും കൈമാറിവന്നത്. തൊഴിലിനെയും തൊഴിലിടങ്ങളെയും പ്രമേയമാക്കിയാണ് നാടന്‍പാട്ടുകള്‍ ഉത്ഭവിച്ചത്. ഓരോ തൊഴിലിനും യോജിച്ച ഈണത്തില്‍ സാധാരണമായ നാടന്‍ വാക്കുകള്‍ കൊണ്ടാണ് പാട്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. കൃഷിക്കാര്‍ തങ്ങളുടെ ജോലിയുടെ ആയാസം കുറച്ച് കൂടുതല്‍ രസകരമാക്കാന്‍ മാത്രമല്ല തൊഴില്‍ എങ്ങിനെ ചെയ്യണം, എന്തിനു ചെയ്യണം, അതിന്റെ ഫലമെന്ത് എന്നിവയെല്ലാം പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ സ്ഥലത്തിനും, അതിനനുസരിച്ച ജോലിയും, ജോലിക്കു ചേര്‍ന്ന നാടന്‍ പാട്ടുകളും ഉള്ളതിനാല്‍ ഓരോ പ്രദേശത്തെയും നാടന്‍ പാട്ടുകളും വ്യത്യസ്തമായിരിക്കും. നിലമുഴുന്ന സമയത്ത് പാടുന്ന പാട്ടല്ല വിതയ്ക്കുന്ന സമയത്തു പാടുക. ഞാറുനടുമ്പോള്‍ പാടുന്നതല്ല വിളവെടുപ്പുകാലത്ത് പാടുക. ഒന്നു ശ്രദ്ധിച്ചാല്‍ കാര്‍ഷികവൃത്തി എങ്ങിനെ വേണമെന്ന് ഈ പാട്ടുകളിലൂടെ മനസ്സിലാക്കാം. അത്തരത്തിലുള്ളൊരു നാടന്‍ പാട്ടാണ് ചീരപ്പാട്ട്. ചീര എങ്ങനെ നടണം, എങ്ങനെ നടണം, എങ്ങനെ വളമിടണം തുടങ്ങി ചീരക്കറി ആര് വെയ്ക്കണം ആര് കൂട്ടണം തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ പാട്ട്. കാര്‍ഷിക സംസ്‌ക്കാരം മാത്രമല്ല, പാചകസംസ്‌ക്കാരം കൂടി ഇത്തരം നാടന്‍പാട്ടുകള്‍ നമ്മെ പഠിപ്പിച്ചു തരുന്നുണ്ട്.  
 
വട്ടത്തില്‍ കുഴി കുത്തി 
നീളത്തില്‍ തടമിട്ടി-
ട്ടങ്ങനെ പാവണം ചെഞ്ചീര.
 
വെണ്ണീറണിയണം ചെഞ്ചീര
വെള്ളം നനയണം ചെഞ്ചീര
മാറോളം പൊന്തണം ചെഞ്ചീര
മറിഞ്ഞു കുനിയണം ചെഞ്ചീര
അങ്ങനെ വളരണം ചെഞ്ചീര.
 
എങ്ങനെ നുള്ളണം ചെഞ്ചീര?
മുട്ടീന്ന് നുള്ളണം ചെഞ്ചീര.
 
ആരാരു നുള്ളണം ചെഞ്ചീര?
അമ്മായി നുള്ളണം ചെഞ്ചീര.
 
എങ്ങനെ അരിയണം ചെഞ്ചീര?
നനുനനെ അരിയണം ചെഞ്ചീര.
 
ആരാരു വെക്കണം ചെഞ്ചീര?
അമ്മായി വെക്കണം ചെഞ്ചീര.
 
എങ്ങനെ വെക്കണം ചെഞ്ചീര?
മുറ്റത്ത് നിക്കണ ചെന്തെങ്ങിന്റെ
താഴത്തെ മൂത്തൊരു വന്നങ്ങ
തട്ടിപ്പൊളിക്കണം വന്നങ്ങ
മുട്ടിയുടയ്ക്കണം വന്നങ്ങ
കറുകറെ ചെരകണം വന്നങ്ങ
നീട്ടിയരയ്ക്കണം വന്നങ്ങ
വാരിക്കലക്കണം വന്നങ്ങ
ചളചളെ തെളയ്ക്കണം വന്നങ്ങ
അങ്ങനെ വെക്കണം ചെഞ്ചീര.
 
ആരാരു വെളമ്പണം ചെഞ്ചീര?
അമ്മായി വെളമ്പണം ചെഞ്ചീര.
 
ആരാരു കൂട്ടണം ചെഞ്ചീര?
അമ്മാവന്‍ കൂട്ടണം ചെഞ്ചീര.
 
ആരും കൊതിക്കണം ചെഞ്ചീര
അമ്മായി വെച്ചൊരു ചെഞ്ചീര
- Dhanya
 

English Summary: village red spinach song

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters