Features

വിഷ്‌ണുദാസ് കെ.കെ അറിയാതെ പോകരുത് ഈ മഹദ് വ്യക്തിത്വത്തെ !

hgfh
-ദിവാകരൻ ചോമ്പാല

'' കൊല്ലരുത്. എന്തിൻറെ പേരിലായാലും .ആരെയും ഇനി കൊല്ലരുത്‌ .
കൊലപാതകം ഒന്നിനും  പരിഹാരമല്ല .രാക്ഷ്ട്രീയപാർട്ടികൾക്ക് രക്തസാക്ഷികളെ ആവശ്യമുണ്ടെങ്കിൽ അതിന് നിരാലംബരായ പാവങ്ങളുടെ  തലകൊയ്യണ്ട കാര്യമില്ല .
ഓർക്കുക, ഇത് സഹിഷ്ണതയുടെ നാടാണ്‌ .അഹിംസയുടെ നാടാണ് ,ഗാന്ധിജിയുടെ നാടാണ് ''
-ഇത്തവണത്തെ ഗാന്ധിജയന്തി ദിനത്തിൽ പ്രമുഖനായ  ഒരു  ഗാന്ധിയൻ നൽകിയ പരസ്യപ്രസ്ഥാവനയിലെ ശ്രദ്ധേയമായ ചില വരികൾ ഇങ്ങിനെ .തുടർന്നും ചില വരികൾ കൂടി.....
നിയന്ത്രണാതീതവും ഭീകരവുമായ അവസ്ഥയിലെത്തിനിൽക്കുന്നു കോവിഡ് 19 മഹാമാരിയുടെ വ്യാപനം .ഒരു പ്രതിരോധവുമേശാതെ മരണസംഖ്യ അനുദിനം വർദ്ധിക്കുന്നു  . ഇതിനെല്ലാമാവശ്യമായ പൂർണ്ണ പരിഹാരം സർക്കാർ തന്നെ ചെയ്യണമെന്ന് പറയുന്നത്  തീർത്തും ഉചിതമല്ല .പ്രവർത്തിക്കുന്നവർ തെറ്റ് ചെയ്തേക്കാം  .ആ തെറ്റ് ചൂണ്ടിക്കാണിച്ച് പരിഹാരനിർദ്ദേശങ്ങൾ നൽകേണ്ടത് പ്രതിപക്ഷത്തിൻറെ കടമയാണ് . പ്രതിപക്ഷത്തിൻറെ വിമർശനങ്ങൾ സൃഷ്ടിപരമെങ്കിൽ അത് സഹിഷ്ണതയോടെ കേൾക്കാനും ആകാവുന്നത്ര വേഗത്തിൽ പരിഹാരം കാണാനുമുള്ള ധാർമ്മിക ബാധ്യതയും ഭരണപക്ഷത്തിനുമുണ്ട് . കുറ്റം മാത്രം പറയാനായി പ്രതിപക്ഷം ശ്രമിക്കുന്നതും ഭൂഷണമല്ല   
 ഇലക്കും മുള്ളിനും പരുക്ക്  പറ്റാത്ത തോതിൽ പരസ്യ പ്രസ്ഥാവന നടത്തിയ വന്ദ്യവയോധികനായ ഈ ഗാന്ധിയൻ ആരെന്നറിയാമോ?

61 വർഷങ്ങൾക്ക് മുമ്പ് അഖിലേന്ത്യ കോൺഗ്രസ്സ് പ്രസിഡണ്ടായ ശ്രീമതി ഇന്ദിരാഗാന്ധിയെ തൻറെ  സ്വന്തം ജന്മനാടായ കായംകുളം പുതുപ്പള്ളിയിൽ സ്വീകരിച്ചെത്തിച്ച് കോൺഗ്രസിൻറെ മണ്ഡലം കൺവെൻഷൻ ഉത്‌ഘാടനം ചെയ്യിച്ച അപൂർവ്വ സംഭവത്തിൻറെ അമരക്കാരനായി പ്രവർത്തിച്ച ഗാന്ധിഭക്തൻ, കറകളഞ്ഞ കോൺഗ്രസുകാരൻ കടയ്ക്കൽ സ്വദേശി ശ്രീ .കെ .കെ .വിഷ്‌ണുദാസ് ജി  .
എൺപത്തി നാലാമത്തെ വയസ്സിൻറെ നിറവിലും വിശ്രമത്തേക്കാളെറെ പ്രവർത്തിക്കാൻ മാത്രമറിയുന്ന വിഷ്ണുദാസ് ജി  '' പ്രപഞ്ച രഹസ്യം'' എന്ന അതി ബ്രഹത്തായ ഒരു ഗ്രന്ഥത്തിൻറെ പണിപ്പുരയിലാണ് ഇപ്പോൾ .

പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് സ്‌പെഷ്യൽ ഗ്രേഡ് എക്സിക്യുട്ടീവ്  ഓഫീസർ ,
കെ .എസ് .എഫ് .ഇ സീനിയർ മാനേജർ തുടങ്ങിയ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള വിഷ്ണുദാസ് ജിയുടെ  സാഹിത്യസംഭാവനകളിലൂടെയും സാമൂഹ്യ പ്രവർത്തന മേഖലകളിലൂടെയും ഒരു ചെറിയ തിരനോട്ടം .

പഞ്ചായത്ത് രാജ് 3 വർഷത്തെ ഗവേഷണം .ഈ ഗ്രന്ഥം പ്രകാശനം ചെയ്‌തത്  1971 ൽ.അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ആയിരുന്ന ശ്രീ .സി .അച്യുതമേനോൻ .

ഇന്ത്യൻ ഭരണഘടനാ ശിൽപ്പികളിൽ ഏറെ പ്രമുഖനും ഭാരതീയ വിദ്യാഭവൻ കുലപതിയുമായ
ഡോ .കെ .എൻ .മുൻഷി , അഖിലേന്ത്യാ പഞ്ചായത്ത് പരിഷത്ത് പ്രസിഡണ്ട് ഡി .പി .സിംഗ് ,
ഭാരതത്തിൻറെ സാമൂഹിക വികസനത്തിൻറെ ഉപജ്ഞാതാവും കേന്ദ്രമന്ത്രിയുമായിരുന്ന S .K .Dey തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തി രൂപകൽപ്പന നിർവ്വഹിച്ചതാണ് ഈ മഹത്തായ ഗ്രന്ധം .

1973 ൽ പ്രസിദ്ധീകരിച്ച വരം എന്ന ഗ്രന്ഥത്തിൻറെ അവതാരികയുംപ്രകാശനകർമ്മവും നിർവ്വഹിച്ചത് അന്നത്തെ കേരള മുഖ്യ മന്ത്രിയായിരുന്ന ശ്രീ.കെ .കരുണാകരൻ .

തികഞ്ഞ കലാസ്വാദകൻ  , നാടകരചയിതാവ് ,നോവലിസ്റ്റ്  ,ചലച്ചിത്ര ഗാനരചയിതാവ് , കവി ,സിനിമാ നടൻ ,  കൂടാതെ നല്ലൊരു പ്രഭാഷകനും സാമൂഹ്യ പ്രവർത്തകനും ചിന്തകനുമാണ് വിഷ്‌ണുദാസ് എന്ന അത്ഭുതപ്രതിഭ

ജീവനകലയുടെ ആത്മീയാചാര്യൻ ശ്രീശ്രീരവിശങ്കർജിയുടെ നിയന്ത്രണത്തിൽ ബാങ്കളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട് ഓഫ് ലിവിംഗ് ഓർഗനൈസേഷൻറെ കടയ്ക്കൽ ആർട് ഓഫ് ലിവിംഗ് സ്ഥാപക മെമ്പർ , ജ്ഞാനക്ഷേത്ര നിർമ്മാണ കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ സ്‌തുത്യർഹമായ സേവനമനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം 2009 ലെ മഹാശിവരാത്രി കാലത്ത് ആർട് ഓഫ് ലിവിംഗ് നേതൃത്വത്തിൽ കൊല്ലത്ത് വെച്ച് നടന്ന സമൂഹ വിവാഹ പരിപാടി ( Social Marriage ) യുടെ കമ്മിറ്റി ചെയർമാൻ പദവിയിൽ  നിന്നുകൊണ്ട് അഖിലേന്ത്യാ റിക്കാർഡ്‌ ഭേദിക്കുകയും വിശ്വ മഹാഗുരു ശ്രീശ്രീരവിശങ്കർജിയിൽനിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങാനും അവസരം ലഭിച്ച മഹാഭാഗ്യവാൻ  കൂടിയാണ് .

പ്രശസ്‌ത ചലച്ചിത്രസംവിധായകൻ ശ്രീ .സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്‌ത മോക്ഷം എന്ന ടെലിഫിലിമിൻറെ കഥയും തിരക്കഥയും ഗാനരചനയും വിഷ്‌ണുദാസ് ജി നിർവ്വഹിക്കുകയുണ്ടായി . എം .ആർ .ഗോപകുമാറും വിന്ദുജാ മേനോനുമായിരുന്നു ഇതിലെ മുഖ്യ അഭിനേതാക്കൾ. വലിയവേങ്കാട് ഗ്രാമപ്രകാശ് വായനശാലയ്ക്കുവേണ്ടി രചിച്ച നാം മുന്നോട്ട് എന്ന നാടകവും ഏറെ ശ്രദ്ധേയം

തിങ്കൾ തെളിനീരിലാറാടുന്ന  ഭഗവാൻറെ തങ്കവിഗ്രഹം https://www.youtube.com/watch?v=dNbEzDIEO4M  
''ഇന്ദ്ര നീലനഭസ്സിൽ മുങ്ങിയ ഇന്ദീവര നയനനെ കണ്ടു ''

1990 ൽ റിലീസായ പഞ്ചവാദ്യം എന്ന സിനിമയിൽ ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് ആലപിച്ച ഭക്തിസാന്ദ്രമായ ഈ ഗാനത്തിൻറെ വരികൾ കാലമേറെയായെങ്കിലും  മലയാളികൾ മറക്കാനിടയില്ല .
.ഈ ഗാനത്തിൻറെ  രചയിതാവും വിഷ്ണുദാസ് ജി തന്നെ .
സംഗീതം നൽകിയത് കൊടകര മാധവൻ , പ്രണവമന്ത്രം എന്ന ചലച്ചിത്രത്തിന് വേണ്ടിയും വിഷ്ണുദാസ്‌ജി ഗാനരചന നടത്തിയിട്ടുണ്ട് .
നാളെയാണ് താലി മംഗലം ,മോക്ഷം  തുടങ്ങിയ സിനിമകളിലും ചലച്ചിത്ര നടൻ എന്ന നിലയിൽ ഒരു കൈനോക്കാനും അവസരം തേടി വന്നപ്പോൾ ഈ സകലകലാവല്ലഭൻ മടിച്ചില്ല  .
ഏഷ്യാനെറ്റിലും ദൂരദർശനിലെ മഴവില്ലിലും പലതവണകളിലായി കവിതകൾ എഴുതി അവതരിപ്പിക്കാനും അവസരം ഇദ്ദേഹത്തെ തേടിയെടുത്തി .

''ഒന്നാണ് നമ്മൾ ഒന്നാണ് നമ്മൾ , ഒരമ്മപെറ്റ മക്കൾ '' - എന്നുതുടങ്ങുന്ന ദേശഭക്തി ഗാനത്തിൻറെ രചനയ്ക്ക് ഇദ്ദേഹത്തിന് ദേശീയപുരസ്‌കാരവും ലഭിച്ചിട്ടുണ്ട് .
ഇംഗ്‌ളീഷ് ,ഹിന്ദി ,തമിഴ് തുടങ്ങിയ ഭാഷകളിൽ ഈ ദേശഭക്തി ഗാനം പരിഭാഷപ്പെടുത്തിയതായറിയുന്നു .ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും രചിച്ച് വിവിധ  സ്റ്റേജുകളിൽ  അവതരിപ്പിക്കാനും ഈ കലാകാരന് ഭാഗ്യമുണ്ടായിട്ടുണ്ട്. 

ഗാന്ധിഗ്രാം സേവാസമിതി ഡയറക്റ്റർ ,18  വർഷക്കാലമായി ടെലിഫോൺ ഉപഭോക്‌തൃസമിതി കടയ്ക്കൽ ഡിവിഷൻ സ്ഥാപക പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ചിങ്ങേലി നേതാജി ക്ലബ്ബിൻറെ രക്ഷാധികാരികൂടിയായിരുന്നു .

'ബഹുജന ഹിതായ ,ബഹുജന സുഖായ'- എന്ന സന്ദേശവുമായി വാർത്താ വിതരണമന്ത്രാലയത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപകരായ AIR ( AII India Radio ) അഥവാ ആകാശവാണിയിൽ നീണ്ട ഇരുപത്തിരണ്ട് വഷർക്കാലം ഗാന്ധിമാർഗ്ഗം പരിപാടിയുടെ സ്ഥിരം
പ്രഭാഷകൻ എന്ന പദവിയും വിഷ്‌ണുദാസ് എന്ന ഗാന്ധിഭക്തനുള്ളതാണ് .

ഗാന്ധിജിയുടെ ജീവചരിത്രത്തിലെ അത്യപൂർവ്വ സന്ദർഭങ്ങൾ കോർത്തിണക്കിയ ''മോഹൻദാസ് മുതൽ മഹാത്മവരെ''  എന്ന പേരിൽ ഒരു അപൂർവ്വ ഫോട്ടോ ആൽബം തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതും  ജീവിതത്തിൽ ലഭിച്ച ഒരു മഹാ ഭാഗ്യമാണെന്ന് അദ്ധേഹം സമ്മതിക്കുന്നു .ഈ പ്രവർത്തനത്തിന് ശ്രീ .മണ്ണൂർ ഷാജിയുടെ മുഖ്യ സഹകാരിയായിരുന്നു .

ഒരു നല്ല ടീം വർക്കുണ്ടായതുകൊണ്ടാണ് ഈ സംരഭം വിജയിച്ചതെന്നും അഭിമുഖത്തിൽ അദ്ദേഹംപറഞ്ഞു .

ദീർഘകാലമായി ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും ശ്രോതാക്കൾക്കായി ഇതിനകം അദ്ധേഹം സമ്മാനിച്ച സാമൂഹിക വിഷയങ്ങളെ ആധാരമാക്കി നടത്തിയ ഗാന്ധിയൻ പ്രഭാഷണങ്ങളെ ക്രോഡീകരിച്ചുകൊണ്ട്  പരിഷ്‌ക്കരിച്ച രൂപത്തിൽ തയ്യാറാക്കി പ്രസിദ്ധീകരിച്ച പുസ്‌തകമാണ്‌  '' സബർമതിയിലെ സുര്യൻ ''.

 മുൻമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ ശ്രീ രമേശ് ചെന്നിത്തലയാണ് ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയത് .

വിഷ്‌ണുദാസ് എന്ന കവിയുടെ ഏറെ പ്രശസ്‌തമായ കവിതാസമാഹാരമാണ് '' മുരളിക ''.
കവിത ,ഗാനസുധ ,മുല്ലമൊട്ടുകൾ ,സൂക്തങ്ങൾ എന്നിങ്ങനെ നാല് ഭാഗങ്ങളിലായി ചിട്ടപ്പെടുത്തിയതാണ് ഈ കവിതാസമാഹാരം .
നിത്യജീവിതവുമായി ബന്ധപ്പെട്ട സകലമാന വിഷയങ്ങളിലൂടെയും ക്രാന്തദർശനിയായ കവി കടന്നുപോകുന്നു .


''പലതുള്ളി വെള്ളം ചേർന്നൊഴുകും
പെരിയൊരു  നദിയാണീസമൂഹം.
കാലപ്രവാഹത്തിൽ വറ്റാത്ത നീരുറവ
സ്നേഹമാണെന്നറിവുദിക്കണം നമ്മളിൽ ''

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമായുള്ള വ്യഗ്രത മനുഷ്യൻറെ കൂടപ്പിറപ്പ് .
ആദരണീയവും അനുകരണീയവുമായ അത്യമൂല്യ മാനുഷിക വികാരമായ സ്നേഹത്തെ പ്രോജ്വലിപ്പിച്ചുകൊണ്ടുള്ളതാണ് പലകവിതകളും .കവിമനസ്സിൻറെ ശാദ്വലഭൂമിയെ കുളിരണിയിക്കുന്ന സമുദ്രസംഗീതമായിത്തീരുന്നു ചിലയിടങ്ങളിൽ ചില വരികൾ .
ശിൽപ്പി എന്ന കവിതയാകട്ടെ സമൂഹമനഃസാക്ഷിക്കു നേരെയുള്ള കവിയുടെ വിരൽ ചൂണ്ടൽ കൂടിയാണ് ,പുണ്യപുരാണ കഥാപാത്രങ്ങളായ മാരീചനെയും മന്ഥരയെയും മനുഷ്യകഥാനുഗായികളാക്കിയിരിക്കുകയാണ് വിഷ്‌ണുദാസ് ജി ഈ കവിതകളിൽ.
വിഷുവും ഓണവും മുതൽ ഗ്രാമസ്വരാജ് വരെയുള്ള വിഷയ വൈവിധ്യങ്ങളിലൂടെ തൊട്ടും തലോടിയും കൊണ്ടാണ് കവിയുടെ യാത്ര  .
അതെ സമയം ഭക്തിയുടെ പാരമ്യതയിലും പ്രത്യേക മതവിഭാഗത്തെയോ ആചാരാനുഷ്ഠാനങ്ങളെയോ മുറുകെപിടിക്കാനും കവി മിനക്കെടുന്നുമില്ല.

''പ്രകൃതി പഠിപ്പിക്കും പാഠങ്ങളുൾക്കൊള്ളാനും
മനസ്സും ശരീരവും പ്രകൃതിയിലർപ്പിക്കുവാനും
എന്നിനിക്കഴിയും ?
അദ്ദിനം മനുഷ്യൻറെ കർമ്മമണ്ഡലം പൂക്കും
ആയിരം പുഷ്‌പങ്ങളാൽ ! ''

പ്രകൃതിയിലെ സൗന്ദര്യങ്ങൾ ആവോളം ആസ്വദിക്കുന്നതോടൊപ്പം തന്നെ  പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനവാദത്തിനെതിരെ ശബ്‌ദിക്കുകയും കൂടി ചെയ്യുന്ന കവി പ്രകൃതിയുടെ സംരക്ഷണമഹത്വത്തിനായി പ്രകൃതിയെ പാഠപുസ്‌തകമാക്കാനും ആഹ്വാനംചെയ്യുന്നു തൻറെ ചില  കവിതകളിൽ .

ആകാശവാണിയുടെ സ്‌റ്റേഷൻ ഡയരക്ടർ കൂടിയായ ശ്രീ .എൻ .എസ് .ഐസക്കിൻറെ അവതാരികയിലൂടെയാണ് ഈ കവിതാസമാഹാരം തുടർവായനക്കായി വായനക്കാരെൻറെ കൈകളിലെത്തുന്നത് .

'ബന്ദിനി '  എന്ന നോവലെറ്റ് .

നാടകാചാര്യനായ ശ്രീ .എൻ .എൻ .പിള്ളയുടെ അനുഗ്രഹാശിസ്സുകളോടെ , മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് രൂപകല്പനനിർവ്വഹിച്ചതാണ് ബന്ദിനി എന്ന നോവലെറ്റ്‌ .
സ്‌ത്രീപുരുഷന്മാർക്ക് പരസ്പരം സ്‌നേഹിക്കാനും പ്രണയിക്കാനും മതവും ജാതിയും അന്ധവിശ്വാസങ്ങളും പ്രത്യയശാസ്‌ത്രവും ഇടങ്കോലിടാനനുവദിക്കാത്ത സാഹചര്യത്തിൻറെ അനിവാര്യത തന്നെയാണ് ബന്ദിനിയുടെ  മുഖ്യ വിഷയം.

1972 ൽ നാടകാചാര്യൻ  പി കേശദേവ് ബന്ദിനിയുടെ  പ്രകാശനകർമ്മം നിർവ്വഹിച്ചു .
ആഢ്യഭ്രാഹ്മണ കുടുംബത്തിൻറെ മ്‌ളാനമുഖവും  ഭൗതികപുരോഗതിയുടെ ഉന്നതതലങ്ങളിലെത്തിയ ക്രൈസ്‌തവകുടുംബത്തിൻറെ ആധുനിക അവസ്ഥ , തകർച്ച , ഉയർത്തെഴുനേൽപ്പ് , പുനർജ്ജനി തുടങ്ങിയ വിവിധതലങ്ങളെ തൊട്ടുണർത്തിക്കൊണ്ട്  ഇതൾ വിരിയുന്നു ബന്ദിനി എന്ന കൊച്ചു നോവൽ .

കുത്തഴിഞ്ഞ കുലീനതക്കും മതഭ്രാന്തിനും ഇടയിൽ മോചനം കാംക്ഷിക്കുന്ന സ്ത്രീയുടെ ആത്മരോദനവും സ്വാതന്ത്ര്യത്തിന് വേണ്ടി പടക്കൊരുങ്ങുന്ന പുരുഷൻറെ ഇഛാശക്തിയും ഇഴചേർത്ത് നെയ്തെടുത്തതാണ് ഈ നോവലിൻറെ  ഇതിവൃത്തം.

ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ച രബീന്ദ്രനാഥടാഗോറിനെയും , രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിനെയും ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായ ഗോപാലകൃഷ്‌ണ ഗോഖലെയെയും രാഷ്ട്രീയ ശിഷ്യനായ പണ്ഡിറ്റ്‌ ജവാഹർലാൽ നെഹ്രുവിനേയും ആദരവോടെ നോക്കിക്കാണുന്ന പോലെതന്നെ കേരളഗാന്ധി ശ്രീ .കെ .കേളപ്പനെയും ,മയ്യഴി ഗാന്ധിയായ ശ്രീ .ഐ .കെ .കുമാരൻ മാസ്റ്ററെയും ഭക്ത്യാദരവോടെ തന്നെയാണ് വിഷ്‌ണുദാസ് ജി നോക്കിക്കാണുന്നത് ,
ആലപ്പുഴ എസ് .ഡി .കോളേജ്  യൂണിയൻ സ്‌പീക്കറായിരുന്നപ്പോൾ പ്രധിരോധ മന്ത്രി ശ്രീ . വി .കെ .കൃഷ്‌ണമേനോനെയും കേരള ഗവർണ്ണറായി പിന്നീട് ഇന്ത്യൻ പ്രസിഡണ്ട് പദവിയിലെത്തിയ ശ്രീ .വി.വി .ഗിരിയെയും നേരിട്ട് കണ്ട് സംസാരിക്കാനുള്ള അവസരം ലഭിച്ചതും ജീവിതത്തിലെ വിസ്‌മരിക്കാനാവാത്ത വിശേഷ മുഹൂർത്തങ്ങളാണെന്നും അഭിമാനപൂർവ്വം അദ്ദേഹം സമ്മതിക്കുന്നു .

ഇ .കെ .കുഞ്ഞുപണിക്കർ ഭാഗവതരുടെയും പവ്വത്ത് ദേവകി പണിക്കത്തിയുടെയും മകനായി 1939  മെയ് 10 ന് ജനനം .
കഴിഞ്ഞ 35 വർഷങ്ങളായി കൊല്ലം കടയ്ക്കലിൽ സ്ഥിരതാമസം .
കൊല്ലം എസ് .എൻ .കോളേജ് ,ആലപ്പുഴ SD കോളേജ് ,തിരുവനന്തപുരം  ലോ അക്കാദമി ലോകോളേജ് എന്നിവിടങ്ങളിൽ പഠനം .
ഭാര്യ ജെ .ഭാസുരാമണി ( Rtd .HSA ) SNHS ചിതറ ).
ഏക മകൾ ലേഖാദസ് ( അദ്ധ്യാപിക ,TKDM ഗവ .ഹയർ സെക്കണ്ടറി സ്‌കൂൾ,കടപ്പാക്കട 
മരുമകൻ അഡ്വ .ഷമ്മികൃഷ്ണൻ ,ചെറുമകൾ ഡോ .മാളവിക , ദേവിക എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിൻറെ സംതൃപ്‌ത കുടുംബം .

ഫോൺ-വിഷ്‌ണുദാസ് .കെ .കെ .9496150540 


English Summary: vishnudas biopic

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters