Features

കാര്‍ഷിക പദ്ധതികള്‍ വിത്തില്‍ നിന്ന് തുടങ്ങണം പ്രമുഖ പാരമ്പര്യ കര്‍ഷകന്‍ ചെറുവയല്‍ രാമനുമായി അഭിമുഖം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഷിക പദ്ധതികള്‍ ആദ്യം തുടങ്ങേണ്ടത് വിത്തില്‍ നിന്നാണെന്ന്. കേരളത്തിലെ പ്രമുഖ ആദിവാസി-പാരമ്പര്യ കര്‍ഷകനും, ജൈവ-പരിസ്ഥിതി പ്രവര്‍ത്തകനും, വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമന്‍ പറയുന്നു. കൃഷിജാഗരണ്‍ മാസികയിലേക്ക് രാമന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനായി ഞങ്ങള്‍ അദ്ദേഹത്തെ കാണുമ്പോള്‍ കൊല്‍ക്കൊത്തയില്‍ നിന്നെത്തിയ എം.എസ്.ഡബ്്യു. ഗവേഷകരുമായി സ്വന്തം പാടവരമ്പത്ത് സംവദിക്കുകയായിരുന്നു അദ്ദേഹം. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ ഒരാഴ്ചത്തെ പഠനത്തിനെത്തിയ എട്ടംഗ സംഘം ആദ്യം അന്വേഷിച്ചതും ചെറുവയല്‍ രാമനെയും, അദ്ദേഹത്തിന്റെ കൃഷിയിടത്തെയുമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഒരു വലിയ സംഘം മാനന്തവാടിക്കടുത്ത കമ്മനയിലെ രാമന്റെ കൃഷിയിടത്തില്‍ നിന്നും പഠനം കഴിഞ്ഞ് അല്പം മുമ്പ് മടങ്ങിയിട്ടേയുള്ളു.

കോഴിക്കോട് എന്‍.ഐ.ടി.യിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന തനിമയെന്ന ഡോക്യുമെന്ററിക്കുള്ള ചിത്രീകരണവും ഇതിനിടെ നടക്കുന്നുണ്ട്. കൃഷിയും ചിത്രീകരണവും അനുഭവം പങ്കുവെക്കലുമെല്ലാം ഇന്ന് രാമന് ഒരു പോലെ ജീവിതചര്യയായിരിക്കുന്നു. ആഴ്ചയിലൊരിക്കല്‍ ദീര്‍ഘദൂര യാത്രകള്‍. തന്റെ ശേഖരത്തിലുള്ള വിത്തുകള്‍ പരിചയപ്പെടുത്തല്‍, സെമിനാറുകളില്‍ ക്ലാസ്സെടുക്കല്‍ എല്ലാം ചിട്ടയായി നടക്കും. കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ നടക്കുന്ന വിത്തുത്സവത്തിന് പിറ്റേന്ന് പോകാനുള്ള ഒരുക്കങ്ങളും നടത്തണം. കൊയ്തിട്ട നെല്ല് മെതിക്കണം. ഉണക്കിയിട്ട നെല്ല് കൂടയില്‍ ശേഖരിക്കണം, ഇനം തെറ്റാതെ, നെല്ല് തമ്മില്‍ കലരാതെ ഓരോന്നും വെവ്വേറെ കൂടകളിലാക്കണം പണികള്‍ ഏറെയുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ചെറുവയല്‍ രാമനെന്ന കര്‍ഷകന്റെ അഭിമുഖം പലതവണ എടുത്തിട്ടുള്ള മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പഴയ ചോദ്യങ്ങളൊന്നും ആവര്‍ത്തിച്ചില്ല. പത്തു വര്‍ഷം മുമ്പ് കണ്ട നാട്ടിന്‍പുറത്തെ സാധാരണ ആദിവാസി കര്‍ഷകനല്ല ഇന്ന് രാമന്‍. ഒരുപാട് മാറിയിരിക്കുന്നു. വിവിധ നാടുകള്‍ സഞ്ചരിച്ച് ഒട്ടേറെ അറിവ് നേടിയിരിക്കുന്നു. കേരളത്തിലെയും, കേരളത്തിനു പുറത്തെയും കൃഷി പഠിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ പുതിയ കാര്‍ഷിക നയങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും അറിയാം. ദേശീയവും അന്തര്‍ദേശീയവുമായി നിരവധി ശില്‍പശാലകളില്‍ പങ്കെടുത്തിരിക്കുന്നു. രാമനെക്കുറിച്ച് നൂറുകണക്കിനാളുകള്‍ സംസാരിക്കുന്നു. വിവിധ ഭാഷകളില്‍ ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നു. ഒടുവിലിതാ രാമനെക്കുറിച്ചുള്ള സിനിമയും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

എന്താണ് രാമനെ മറ്റ് കര്‍ഷകരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് ? ചോദ്യം ചോദിച്ചത് ഡോക്യുമെന്ററി ചിത്രീകരിക്കുന്ന സംവിധായകനാണ്. ഉത്തരം പെട്ടെന്ന് വന്നു. 'ഇതുതന്നെ'. എന്നു വച്ചാല്‍ കൃഷിയില്ലാതെ എനിക്ക് ജീവിതമില്ല. സ്വര്‍ണ്ണ കുംഭമെടുത്തു തരാമെന്നു പറഞ്ഞാലും രാസവളം ചേര്‍ത്തൊരു കൃഷിയില്ല. അങ്ങനെയാണ് രാമന്‍ പ്രകൃതിയും, പ്രകൃതിയുടെ ജൈവതാളവും ഇല്ലാതെ വിളവിനു വേണ്ടിയോ, ലാഭത്തിനു വേണ്ടിയോ കൃഷി ചെയ്യുന്നതല്ല, രാമന്റ സമുദായമായ വയനാട്ടിലെ കുറിച്യര്‍.

പഴശ്ശിരാജാവിന്റെ പടയാളികളായിരുന്ന കുറിച്യര്‍ ബ്രിട്ടീഷ് പടയോടുള്ള ഏറ്റുമുട്ടല്‍ വേളയില്‍ പോലും ഒരു സംഘം യുദ്ധത്തിനു പോകുമ്പോള്‍ മറ്റൊരു സംഘം കൃഷിയിലേര്‍പ്പെടും. എന്തെല്ലാം വിത്തുകള്‍ ഉണ്ട്? അടുത്ത ചോദ്യം ചോദിച്ചത് കൊല്‍ക്കൊത്തയില്‍ നിന്നു വന്ന ഗവേഷക വിദ്യാര്‍ത്ഥിയാണ്. തനത് ഭാഷയില്‍ മറുപടി വന്നു തുടങ്ങി. തൊണ്ടി, മരത്തൊണ്ടി, ചെന്നെല്‍ തൊണ്ടി, പുന്നാടന്‍ തൊണ്ടി, പാല്‍തൊണ്ടി, വെളിയന്‍, പാല്‍വെളിയന്‍, ചേറ്റുവെളിയന്‍, ഓക്കുവെളിയന്‍, ഓക്കന്‍പുഞ്ച, തൊണ്ണൂറാം പുഞ്ച, ഞവര, വെള്ളിമുത്ത്, ഗന്ധകശാല, ജീരകശാല, കയമ, മുള്ളന്‍കയമ, ഉരുളികയമ, അടുക്കന്‍, ചെന്താടി, മുണ്ടകന്‍, ചെമ്പകം, കനകം, ചെന്നെല്ല്, കണ്ണിചെന്നെല്ല്.... അങ്ങനെ 52 എണ്ണമുണ്ട്. ഈ 52 ഇനവും എല്ലാ വര്‍ഷവും മാറിമാറി കൃഷി ചെയ്യും. വിത്ത് ശേഖരിച്ചു വയ്ക്കും. തിരിച്ച് തരണമെന്ന ഗ്യാരണ്ടിയോടെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കും. അങ്ങനെ പതിറ്റാണ്ടുകളായി പാരമ്പര്യ നെല്‍വിത്തുകള്‍ കൃഷി ചെയ്ത്, മറ്റുള്ളവരെ കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ച് കൃഷിക്കു വേണ്ടി മാത്രം ജീവിക്കുകയാണ് ചെറുവയല്‍ രാമന്‍.


ഇതിനോടകം സര്‍ക്കാര്‍ തലത്തിലും, സ്വകാര്യ മേഖലയില്‍ നിന്നുമായി നിരവധി പുരസ്‌കാരങ്ങള്‍ രാമനെ തേടിയെത്തി. എങ്കിലും കേന്ദ്ര കാര്‍ഷിക ക്ഷേമ മന്ത്രാലയം 2015 ല്‍ നല്‍കിയ പ്ലാന്റ് ജീനോം സേവ്യര്‍ ദേശീയ പുരസ്‌ക്കാരമാണ് ഏറ്റവും വിലപ്പെട്ടതായി രാമന്‍ കരുതുന്നത്.


സര്‍ക്കാര്‍ സഹായം എങ്ങനെയാണ് ?

ക്ലാസ്സുകള്‍ക്ക് വിളിക്കും, അവാര്‍ഡ് തരും, എന്തെങ്കിലും ഫലകമായിരിക്കും തരുന്നത്. അത് കഴിഞ്ഞാല്‍ കഴിഞ്ഞു. കൃഷിക്കുള്ള യാതൊരു സഹായവുമില്ല. വിത്ത് സംരക്ഷിക്കാന്‍ ചിലവില്ലേ? അതിനു പണം വേണ്ടേ? പാടത്തു പണിയെടുക്കാന്‍ കൂലിക്കാരെ കൂട്ടേണ്ടേ, അതിനു പണം വേണ്ടേ? വരള്‍ച്ച വന്ന് ഉണങ്ങി പോയി നെല്ല് കിട്ടിയില്ല. നഷ്ടം ആര് തരും ? കൃഷിക്കാരന്‍ സഹിക്കണം. ഇങ്ങനെ സഹിച്ചുകൊണ്ടിരിക്കുന്നു എന്ന് വിചാരിച്ച് കൃഷി നമുക്ക് ഉപേക്ഷിക്കാന്‍ പറ്റ്വോ? നമ്മള്‍ കര്‍ഷകരാണ്. പണിയെടുത്തുകൊണ്ടേയിരിക്കാം. ലാഭം പ്രതീക്ഷിക്കരുത്.

വിത്ത് സംരക്ഷിക്കാനോ ?

ഒന്നിനുമില്ല. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്താ? വിത്ത് ആദ്യം സംരക്ഷിക്കേണ്ടേ? നമ്മളെപ്പോലെയുള്ള കര്‍ഷകര്‍ക്ക് അതിനുള്ള സഹായം തരണം. ഞാന്‍ മരം മുറിച്ച് കളയാറില്ല. ചപ്പു വെട്ടി വയലിലിടും, ചാണകമിടും, രാസവളമോ കീടനാശിനിയോ തോട്ടത്തില്‍ കയറ്റില്ല. പാരമ്പര്യം വിട്ട് കൃഷി ചെയ്യാന്‍ ഞങ്ങള്‍ക്കാകില്ല. ലാഭം ഞങ്ങള്‍ക്ക് വേണ്ട. നല്ല ഭക്ഷണം കഴിക്കണം. വിഷം കലര്‍ന്നതൊന്നും ഞങ്ങള്‍ക്കു വേണ്ട.


പുറത്തു പോയിട്ടെന്താണനുഭവം ?

ഞാന്‍ പലസ്ഥലത്തും പോയിട്ടുണ്ട്. ഇവിടെ കൃഷിക്കെന്താ സര്‍ക്കാര്‍ ചെയ്യുന്നത് ? പരിസ്ഥിതിയെക്കുറിച്ചും ജൈവ വൈവിധ്യത്തെക്കുറിച്ചും പ്രസംഗിക്കുന്നവര്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഞങ്ങളെപ്പോലെയുള്ളവരെ കണ്ടില്ലെന്ന് നടിക്കുകയാണ്. ചൈനയെ കണ്ട് പഠിക്കട്ടെ ഇവിടെയുള്ളവര്‍. ഇതേപോലെയുള്ള പൈതൃക ഗ്രാമങ്ങള്‍ സംരക്ഷിക്കാന്‍ ചൈനയില്‍ പദ്ധതിയുണ്ട്. അപ്പോ ആദ്യം ഇവിടെ വേണ്ടത് വിത്തും പാരമ്പര്യവും ജൈവ വൈവിധ്യവും സംരക്ഷിക്കാനുള്ള നടപടിയാണ്.


അവാര്‍ഡുകള്‍ ?

ഇനി വേണ്ട. പുരസ്‌കാരങ്ങളും, ഫലകങ്ങളും കൊണ്ട് എന്തു കാര്യം ? പബ്ലിസിറ്റിയല്ല ആവശ്യം. പദ്ധതിയാണ് ആവശ്യം. പലരും എന്നെ ക്ഷണിക്കുന്നുണ്ട്. അടുത്തിടെ കെനിയയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ പോകുന്നില്ല. എന്റെ കയ്യില്‍ പണമില്ല. വിത്ത് കൊടുത്താല്‍ വിമാന ടിക്കറ്റ് കിട്ടുമോ ? വിത്ത് തീര്‍ന്നാല്‍ അടുത്ത വര്‍ഷം കൃഷി ചെയ്യാനാകുമോ ? എല്ലാ വര്‍ഷവും കൃഷി ചെയ്തില്ലെങ്കില്‍ പിന്നെ കൃഷിക്ക് നിലനില്‍പ്പുണ്ടാകുമോ ? ഒരിക്കല്‍ 2000 രൂപ മുടക്കി ഒരു അവാര്‍ഡ് സ്വീകരിക്കാന്‍ പോയി. തന്നത് 400 രൂപയുടെ ചെക്ക്. അങ്ങനെ കര്‍ഷകനെ മാത്രമേ അവഹേളിക്കാന്‍ കഴിയൂ. മറ്റാരേയും അങ്ങനെ അവഹേളിക്കാന്‍ കഴിയില്ല.


ജൈവവൈവിധ്യം സംരക്ഷിക്കുന്നത് എങ്ങനെയാണ് ?

വിത്തുകളുടെ സംരക്ഷണം, പാരമ്പര്യ കൃഷിരീതികള്‍, തോട്, കുളം തുടങ്ങിയ ജലാശയങ്ങളുടെ സംരക്ഷണം, പുതിയ തൈകള്‍ നടീല്‍, കയ്യാല നിര്‍മ്മാണം, പശു, ആട്, കോഴി വളര്‍ത്തല്‍ അങ്ങനെ പലതുണ്ട്.

ഇതിനിടെ ഞങ്ങളെ പാടത്തു നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഭാര്യ ഗീത നെല്ല് മെതിക്കുകയാണ്. മകന്‍ രമേശിന്റെ ഭാര്യ തങ്കമണി മരത്തിന്റെ ഉരലില്‍ നെല്ല് കുത്തുകയാണ്. തവിടിന്റെ അംശം പരമാവധി കളയാതെ നെല്ലിന്റെ ഉമി മാത്രം കളയാനായി കുത്തിയെടുക്കുകയാണ്.

ചായക്ക് കൂടെ കഴിക്കാനായി കാച്ചില്‍ പുഴുങ്ങിയതും, കാന്താരി മുളകുമാണുള്ളത്. ഒരു പാത്രത്തില്‍, വന്നിരിക്കുന്ന എല്ലാവര്‍ക്കുമായി കാച്ചില്‍ വെച്ചു. രാമന്‍ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് പൂവന്‍ വാഴയുടെ ഇല വെട്ടിയെടുത്ത് ചെറുതാക്കി മുറിച്ച് നിലത്തു വെച്ചു. പിന്നെ കാച്ചില്‍ വാഴയിലയില്‍ വിളമ്പി, കാന്താരി മുളക് ചമ്മന്തിയും. പുല്ലുമേഞ്ഞ കുടിലില്‍ ചാണകം മെഴുകിയ തറയില്‍ ഓരോരുത്തരായി ഇരുന്നു. വീടിനെക്കുറിച്ച് രാമന്‍ പറഞ്ഞു തുടങ്ങി. പാരമ്പര്യമായി ഞങ്ങളുടെ ഇത്തരം വീടുകള്‍ ഇപ്പോള്‍ കുറവാണ്. 'നല്ല നീളമുള്ള വൈക്കോല്‍ വേണം വീടു മേയാന്‍. കെട്ടി മേയാനും നല്ല പണിയുണ്ട്'.

ഞാന്‍ നിലത്തിരിക്കാതെ ഒരു കട്ടിലില്‍ ഇരുന്നു. അപ്പോള്‍ കട്ടിലിന്റെ ചരിത്രത്തിലേക്കും കടന്നു രാമന്‍. മനോജ് കെ. ജയന്‍ അഭിനയിച്ച 'നെകലുകള്‍' എന്ന സിനിമക്കു വേണ്ടി സിനിമാക്കാര്‍ കെട്ടിയ കട്ടിലാണ് അത്. മുളകൊണ്ടും, ചകിരിക്കയര്‍ കൊണ്ടും നല്ലവണ്ണം മെടഞ്ഞു കെട്ടിയ കട്ടിലില്‍ കിടക്കാനും ഇരിക്കാനും ഒരു പ്രത്യേക സുഖമാണ്. രാമന്റെ വീട്ടില്‍ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ്. ഞങ്ങള്‍ കാച്ചില്‍ കഴിക്കുമ്പോള്‍ വീടിനകത്തേക്കു കയറിയ രാമന്‍ കയ്യില്‍ കുറച്ചു നെല്ലുമായി വന്നു. നല്ല സുഗന്ധം പരിസരമാകെ പടര്‍ന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷം കൊയ്‌തെടുത്ത് കൂടയില്‍ സൂക്ഷിച്ചിരിക്കുന്ന ഗന്ധകശാല നെല്ലാണത്. 'നാളെ കാസര്‍ഗോട്ടേക്ക് കൊണ്ടു പോകാന്‍ പൊതിഞ്ഞെടുക്കണം'. രാമന്‍ അതിനുള്ള തയ്യാറെടുപ്പിലാണ്. സന്ദര്‍ശകര്‍ സ്ഥിരമായതിനാല്‍ യാത്ര പറയുന്നവരെ കകാത്തു നില്‍ക്കാതെ അടുത്ത ജോലിയിലേക്ക് രാമന്‍ പ്രവേശിച്ചു കഴിഞ്ഞു.

സി.വി. ഷിബു


English Summary: Wayanad Raman

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds