Features
യൂത്തായാല്‍ ഇങ്ങിനെവേണം
യൂത്തായാല്‍ ഇങ്ങിനെവേണം
- എ.ജെ.അലക്‌സ് റോയ്, അസി.കൃഷി ഓഫീസര്‍,എലിക്കുളം, കോട്ടയം
കൃഷിയിടത്തിലേക്ക് യുവത കടന്നു വരുന്നതിനെ കയ്യടികളോടെ സ്വീകരിക്കുന്ന ഒരു സംസ്‌ക്കാരം നാമിന്ന് ആര്‍ജ്ജിച്ചു കഴിഞ്ഞു. കൃഷിയുടെ വിവിധ ഘട്ടങ്ങളിലും വിളവെടുപ്പിനെ തുടര്‍ന്ന് മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളാക്കി വിപണിയിലെത്തിക്കും വരെയും ശരിയായി ഇടപെടുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മ കേരളീയ കൃഷി സമൂഹത്തിന് ശരിയുടെ ദിശ പകരുന്നുണ്ട്. കോട്ടയം ജില്ലയില്‍ എലിക്കുളം കാരക്കുളത്ത് മണ്ഡപത്തില്‍ ജസ്റ്റിന്‍ ജോര്‍ജ്ജും കൂട്ടുകാരും കൃഷിയുടെയും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെയും കാര്യത്തില്‍ കാണിക്കുന്ന കൃത്യതയും കണിശതയും ഇത്തരമൊരു ദിശാബോധത്തിനുദാഹരണമാണ്.
നെല്ലാണ് ജീവന്‍ എന്നത് മലയാളിയുടെ ആഹാരരീതിയുമായി ബന്ധപ്പെട്ടു കിടക്കുന്നൊരു ചൊല്ലാണ്. എന്നാല്‍, നെല്‍കൃഷി ചെയ്യുന്നതിന്റെ വിവധങ്ങളായ പ്രശ്‌നങ്ങളെ അതിജീവിക്കുക ചെറിയ കാര്യമല്ല. പാടമൊരുക്കി, വിത്ത് വിതച്ച്, ഞാറ് വളര്‍ത്തി, പറിച്ചു നട്ട് ,കള പറിച്ച്, വളമിട്ടും വെളളമൊഴിച്ചും കീടങ്ങളെ അകറ്റി നിര്‍ത്തിയും വിളവെടുത്ത്, നെല്ലുണക്കി അതിനെ അരിയാക്കി സ്വന്തം ഗ്രാമ പഞ്ചായത്തിന്റെ പേരില്‍ വിപണിയിലെത്തിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്തമാണ് ഈ ചെറുപ്പക്കാര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. എലിക്കുളം ഗ്രാമപഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്തിലാണ് ജസ്റ്റിനും കൂട്ടരും ഈ അഭിമാനനേട്ടം കൈവരിച്ചത്.
നെല്ലാണ് ജീവന്‍
കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം പഞ്ചായത്ത് , പാല നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. നെല്‍കൃഷിയും വള്ളങ്ങളിലൂടെയുള്ള ചരക്ക് ഗതാഗതവുമെല്ലാം വളരെ കാര്യമായി നടന്നിരുന്ന ഇടം. ഇവിടത്തെ പാടശേഖരങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിരുന്നത് നാടിന്റെ ജീവനാഡിയായ പൊന്നൊഴുകും തോടും. എന്നാല്‍, കാലത്തിന്റെ കുത്തൊഴുക്കില്‍ നെല്‍കൃഷി അന്യം നിന്നുപോയി. ബാല്യകാലത്ത് വീട്ടുകാര്‍ക്കൊപ്പം നെല്‍കൃഷിയുടെ വിവിധ ദശകളില്‍ ഏര്‍പ്പെട്ടിരുന്ന ഓര്‍മ്മ മാത്രമെ ജസ്റ്റിനും കൂട്ടര്‍ക്കുമുണ്ടായിരുന്നുള്ളു. മണ്ണും ജലവും സംരക്ഷിക്കണമെങ്കില്‍ നെല്‍കൃഷി അനിവാര്യമാണ് എന്ന തിരിച്ചറിവാണ് യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിച്ചത്. വാണിജ്യ വിളകളുടെ വില താഴ്ന്നിറങ്ങുമ്പോഴും ഭക്ഷ്യവിളകളുടെ വിലയിലുള്ള വര്‍ദ്ധനവ് മറ്റൊരു കാരണമായി.
കാപ്പുകയം പാടശേഖര സമിതിയില്‍ നെല്‍കൃഷി സാധ്യമായ പ്രദേശങ്ങളുടെ കണക്കെടുക്കലായിരുന്നു ആദ്യപടി. കര്‍ഷകരെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.തുടര്‍ന്ന് ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍ എന്നിവയുടെ സഹകരണത്തോടെ നെല്‍കൃഷി വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജോസ് ടോം ഇടശ്ശേരിപവ്വത്ത്, മെല്‍വിന്‍ പവ്വത്ത്, സനീഷ് ഭാസ്‌ക്കരന്‍, ടി.എന്‍.കുട്ടപ്പന്‍ താന്നിക്കല്‍, ഷാജി കടുവാതൂക്കില്‍, പയസ് നരിതൂക്കില്‍, ജോസ് കുര്യന്‍ മണ്ഡപത്തില്‍ തുടങ്ങിയ സമാനമനസ്‌ക്കരായ കര്‍ഷകര്‍ ഒത്തുചേര്‍ന്നപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. മുതിര്‍ന്ന കര്‍ഷകനായ എം.എം.ജോര്‍ജ്ജ് മണ്ഡപത്തിലിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ട് പാടശേഖരസമിതി(farmers group) പ്രവര്‍ത്തനം ആരംഭിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി,വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം,വാര്‍ഡംഗം മാത്യുസ് പെരുമനങ്ങാട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൃഷി-അനുബന്ധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കിയായിരുന്നു തുടക്കം. ഇതോടെ പൂജ്യത്തില്‍ നിന്നും 25 ഏക്കറിലേക്ക് നെല്‍കൃഷി വളര്‍ന്നു. കോട്ടയത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് നെല്‍കൃഷിയുടെ വര്‍ദ്ധന സാധ്യമാണ്. എന്നാല്‍,കിഴക്കന്‍ ഭാഗത്ത് നെല്‍കൃഷി അത്ര എളുപ്പമല്ല. എന്നാല്‍ ആ വെല്ലുവിളിയാണ് ചെറുപ്പക്കാര്‍ ഏറ്റെടുത്തു വിജയിപ്പിച്ചത്. നെല്‍കൃഷി എലിക്കുളത്തിനോട് ചേര്‍ന്ന മീനച്ചില്‍ ഗ്രമപഞ്ചായത്തിലെ തരിശുപാടശേഖരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.
യന്ത്രവത്ക്കരണം അനിവാര്യം
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കൃഷിയില്‍ യന്ത്രവത്ക്കരണമില്ലാതെ(mechanization) പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിന്റെയും കൂട്ടുകാരുടെയും അനുഭവസാക്ഷ്യം. കാപ്പുകയം പാടശേഖരത്ത് നിലമൊരുക്കാനും വിളവെടുക്കാനുമെല്ലാം യന്ത്രങ്ങളെയാണ് ആശ്രയിച്ചത്. ഇതിനെ പ്രയഭേദമന്യേ സര്‍വ്വരും സ്വാഗതം ചെയ്യുകയും ചെയ്തു
കൃഷിയിടം എന്ന പഠനസ്ഥലം
കാപ്പുകയം പാടശേഖരത്ത് നെല്‍കൃഷിയുടെ വിവിധ ദശകള്‍ അടുത്തുകാണുന്നതിന് സമീപ പ്രദേശത്തെ സ്‌കൂളുകളില്‍ നിന്നായി ആയിരക്കണക്കിന് കുട്ടികളാണെത്തിയത്. കര്‍ഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാര്‍ക്കൊപ്പം കുട്ടികള്‍ക്ക് കൃഷി അറിവുകള്‍ പങ്കുവച്ചു.
എലിക്കുളം റൈസ്
പാടശേഖര സമിതിയുടെ കൂട്ടായ ചിന്തകളില്‍ നിന്നാണ് ഗ്രാമ പഞ്ചായത്തിന്റെ പേരില്‍ തന്നെ അരി ബ്രാന്‍ഡെന്ന ആശയം ഉയര്‍ന്നു വന്നത്. എലിക്കുളം റൈസ് യാഥാര്‍ത്ഥ്യമായപ്പോള്‍ പൊതുസമൂഹം ഇരുകൈകളും നീട്ടി അതിനെ സ്വീകരിച്ചു. സ്വന്തമായി മിനി അരിമില്‍ എന്നതാണ് ഇപ്പോള്‍ ഈ കൂട്ടായ്മയുടെ സ്വപ്‌നം.
സമ്മിശ്രം, സമഗ്രം
കൃഷിയിടം സമ്മിശ്രവും ഒപ്പം സമഗ്രവുമാകണമെന്നാണ് കാപ്പുകയത്തെ കര്‍ഷക കൂട്ടായ്മയുടെ അഭിപ്രായം. വിത്തു മുതല്‍ വിപണി വരെ എല്ലാ ഇടങ്ങളിലും കൃത്യമായ ഇടപെടലുകള്‍ വേണം. കന്നുകാലി വളര്‍ത്തല്‍,മുട്ടക്കോഴി,താറാവ് വളര്‍ത്തല്‍,മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ (value added products)സാധ്യതകള്‍ എല്ലാം ഒത്തുചേര്‍ന്നാലെ അതിജീവനം സാധ്യമാകൂ എന്ന് ഇവര്‍ തിരിച്ചറിയുന്നു. അതിനനുസരിച്ച് കൃഷി രീതികളില്‍ മാറ്റം കൊണ്ടുവരാനും അവര്‍ പരിശ്രമിക്കുന്നു.
ടിപ്‌സ് ഓഫ് യൂത്ത്(Tips of the youth)
ചെറുപ്പക്കാരുടെ കൃഷി ടിപ്പുകള്‍ ഇവയാണ്
- കൂട്ടായി വേണം കൃഷി
- ഇന്‍ഷുറന്‍സ് (Insurance)പരിരക്ഷ ഉറപ്പാക്കണം
- ആനുകൂല്യങ്ങള്‍ ഔദാര്യമല്ല, അവകാശമാണ് എന്നതിനാല്‍ സ്വീകരിക്കുന്നതില്‍ വൈമുഖ്യം പാടില്ല
- മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം
- ഉത്പ്പന്നങ്ങള്‍ക്കുളള വിപണി കണ്ടെത്തിയിട്ടുവേണം കൃഷിയില്‍ ചുവടുറപ്പിക്കാന്‍
- കൃഷി അനുബന്ധ വകുപ്പുകളുടെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കണം
- മുതിര്‍ന്ന കര്‍ഷകര്‍,സംരംഭകര്‍ എന്നിവരുടെ അനുഭവ സമ്പത്തിനെ പകര്‍ത്തണം
- പുതുമകള്‍ക്ക് പരിഗണന നല്‍കണം
- ഫാം ടൂറിസത്തിന്റെ (farm tourism)സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.
ഇപ്പോള്‍ കാപ്പുകയത്തെ ചെറുപ്പക്കാര്‍ കൃഷിയില്‍ ചുവടുറപ്പിച്ചിരിക്കയാണ്. അവരുടെ കൃഷി വിശേഷങ്ങളറിയാന്‍ വിളിക്കുക - ജസ്റ്റിന്‍ ജോര്‍ജ്ജ് -99473 85671
English Summary: Youth initiative in paddy cultivation in kottayam kerala sale of value added products and integrated farming model
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments