Health & Herbs

പ്രകൃതിയുടെ ദിവ്യൗഷധം

പ്രകൃതിദത്തമായ തേന്‍ ഉത്തമമായ ഭക്ഷണങ്ങളിലൊന്നാണ്. തേനിന്റെ മഹത്ത്വവും ഔഷധ ഗുണങ്ങളും എടുത്തു പറയാത്ത മത, വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്ല. പുരാണങ്ങളിലും ബൈബിളിലും വേദങ്ങളിലും തേനിന്റെ മഹിമയും ഉപയോഗവും വ്യക്തമാക്കിയിട്ടുണ്ട്. തേന്‍ രോഗസംഹാരിയായി അതിപുരാതനകാലം മുതലേ കരുതിവരുന്നു. എണ്ണായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ശിലാലിഖിതങ്ങളിലും താളിയോല ഗ്രന്ഥങ്ങളിലും തേനിനെക്കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. നിരവധി ഗുണങ്ങള്‍ തേനിനുണ്ടെന്ന് ശാസ്ത്രലോകം സ്ഥിരീകരിക്കുന്നു. തേന്‍ കാന്‍സറിനെ പോലും പ്രതിരോധിക്കുമെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചരിത്രാതീതകാലം മുതല്‍ തന്നെ തേന്‍ ആയുര്‍വേദ മരുന്നായി ഭാരതത്തില്‍ ഉപയോഗിച്ചിരുന്നു.


മരങ്ങളിലും മറ്റും കാണുന്ന തേനീച്ചക്കൂടുകളില്‍നിന്ന് തേന്‍ ശേഖരിച്ചിരുന്ന പ്രാചീനമനുഷ്യന്‍ പിന്നീട് മണ്‍പാത്രങ്ങളും തടിക്കഷണങ്ങളും കൊണ്ടുണ്ടാക്കിയ കൃത്രിമ കൂടുകളില്‍ തേനീച്ചകളെ വളര്‍ത്താന്‍ തുടങ്ങി. 1851ല്‍ ലാങ്‌സ് ട്രോത്ത് എന്ന ശാസ്ത്രജ്ഞന്‍ 'ഈച്ച സ്ഥലം' (ആലല ുെമരല) എന്ന തത്ത്വം ആവിഷ്‌കരിച്ചതോടെ ചലിപ്പിക്കാവുന്ന ചട്ടങ്ങള്‍ ഉപയോഗിച്ചുള്ള കൃത്രിമ കൂടുകള്‍ നിലവില്‍വന്നു. ഈച്ചകള്‍ ചട്ടങ്ങള്‍ക്കിടയില്‍ അറയുണ്ടാക്കുന്നത് തടയുന്നതിനായി ചട്ടങ്ങള്‍ തമ്മിലും ചട്ടവും കൂടും തമ്മിലും പാലിക്കേണ്ട കൃത്യമായ വിടവ് ആണ് ബീ സ്‌പെയ്‌സ്. ഈ തത്ത്വമനുസരിച്ച് കൂടുണ്ടാക്കുമ്പോള്‍ കൂടിനുള്ളിലെ ചട്ടങ്ങള്‍ ചലിപ്പിക്കാനും കൂടിനുള്ളിലൂടെ ഈച്ചകള്‍ക്ക് സുഗമമായി സഞ്ചരിക്കുവാനും സാധിക്കും. റവ. ഫാ. ന്യൂട്ടന്‍ 1910 ല്‍ ഇന്ത്യന്‍ തേനീച്ചകള്‍ക്ക് അനുയോജ്യമായ 'ന്യൂട്ടന്‍സ് ഹൈവ്' എന്ന ചെറിയ കൂട് നിര്‍മിച്ചതോടുകൂടിയാണ് ഇന്ത്യയില്‍ തേനീച്ച വളര്‍ത്തല്‍ വ്യാപകമായത്. പിന്നീടുണ്ടായ കണ്ടുപിടിത്തങ്ങള്‍ നിരവധി തേനീച്ച വളര്‍ത്തല്‍ ഉപകരണങ്ങള്‍ക്ക് ജന്മം നല്കുകയും തേനീച്ച വളര്‍ത്തല്‍ ശാസ്ത്രീയവും ആദായകരവുമായ ഒരു കൃഷിയും വ്യവസായവുമായി വികസിപ്പിക്കുകയും ചെയ്തു. പുഷ്പങ്ങളില്‍ പരപരാഗണം നടത്തി കൃഷിയിടങ്ങളില്‍ വിളവ് വര്‍ധിപ്പിക്കുന്നതിനും തേനീച്ച വളര്‍ത്തല്‍ പ്രയോജനകരമാണ്.


തേനീച്ചവളര്‍ത്തലിന് ഇപ്പോള്‍ ഖാദി ബോര്‍ഡും റബര്‍ബോര്‍ഡും വായ്പ നല്‍കുന്നുണ്ട്. വന്‍തേനീച്ച, ചെറുതേനീച്ച, കോല്‍ത്തേനീച്ച, ഞൊടിയല്‍ തേനീച്ച തുടങ്ങി വിവിധതരം തേനീച്ചകളുണ്ട്. മനുഷ്യര്‍ക്ക് ഇണക്കി വളര്‍ത്താന്‍ കഴിയുന്ന ഇനം തേനീച്ചകളാണ് ഞൊടിയല്‍. മരപ്പൊത്തുകളിലും പാറയിടുക്കുകളിലും ഇവയുടെ കൂടുകള്‍ കാണാന്‍ കഴിയും. ഇവയെ തേനീച്ചപെട്ടികളില്‍ വളര്‍ത്തിയാണ് വ്യാവസായികമായി തേനീച്ചക്കൃഷി ചെയ്യുന്നത്. വിവിധയിനം പൂക്കളില്‍ നിന്ന് ശേഖരിക്കുന്നതിനാല്‍ തേനിന്റെ ഔഷധഗുണവും വ്യത്യസ്തമായിരിക്കും. ഔഷധഗുണം കൂടുതലുള്ളത് ചെറുതേനിനാണ്. മറ്റുതേനീച്ചകള്‍ക്ക് കടക്കാന്‍ കഴിയാത്ത ചെറു പുഷ്പങ്ങളിലെ തേനും ചെറുതേനീച്ചകള്‍ക്ക് ശേഖരിക്കാന്‍ കഴിയുമെന്നതാണ് ചെറുതേനിനെ ഔഷധഗുണം കൂടുതലുള്ളതായി കണക്കാക്കുന്നത്. ആയുര്‍വേദ ചികില്‍സയില്‍ ചെറുതേനും മറ്റ് തേനും വ്യത്യസ്തമായാണ് പരിഗണിക്കുന്നത്. 
വൈറ്റമിന്‍ ബി. സി. കെ. എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ പ്രതിരോധശക്തി വര്‍ദ്ധിക്കും. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെവേഗം ഉണക്കാനുള്ള കഴിവ് തേനിനുണ്ട്. പലതരം എന്‍സൈമുകളും സോഡിയം, പൊട്ടാസിയം, കാത്സ്യം, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, ഇരുമ്പ്, മാംഗനീസ്, അയഡിന്‍ എന്നിവയും തേനില്‍ അടങ്ങിയിരിക്കുന്നു.


പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍. അര ഒണ്‍സ് നെല്ലിക്കാനീരില്‍, അര ഔണ്‍സ് തേന്‍ ഒഴിച്ച് ഒരുനുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അതിരാവിലെ കഴിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ടോണിക്കിന്റെ ഫലം ചെയ്യും. തേനില്‍ പശുവിന്‍പാലും മഞ്ഞള്‍ പൊടിയും ചേര്‍ത്തു കുറുക്കി കഴിക്കുന്നതും അമൃത് ചതച്ചു നീരെടുത്ത്, തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്. മലബന്ധത്തിന് രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് രാവിലെ എഴുന്നേറ്റാലുടന്‍ കുടിക്കുക. കൃമിശല്യത്തിന് കാലത്തും വൈകീട്ടും തേന്‍ കഴിക്കുക. കുട്ടികള്‍ക്ക് പാല്‍ കൊടുക്കുമ്പോള്‍ പഞ്ചസാരക്കു പകരം തേന്‍ ചേര്‍ത്തു കൊടാത്താല്‍ ബുദ്ധിവികാസിക്കും. തേന്‍ രക്തം ശുദ്ധീകരിക്കുകയും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും. ആസ്തമാ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഒരു കപ്പു ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേനൊഴിച്ചു സേവിച്ചാല്‍ ആശ്വാസം കിട്ടും. മുതിര്‍ന്ന കുട്ടികള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നത് മാറാന്‍ ഉറങ്ങുന്നതിനുമുമ്പ് ഒരു സ്പൂണ്‍ തേന്‍ കൊടുക്കുക. ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് രണ്ടു സ്പൂണ്‍ തേന്‍ കഴിക്കുകയോ അല്ലെങ്കില്‍ കിടക്കാന്‍ നേരത്ത് ഒരുകപ്പ് ചൂടുപാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുക.


തേനിലടങ്ങിയിരിക്കുന്ന കാത്സ്യം വാതത്തിനും കൈകാലുകള്‍ കോച്ചുന്നതിനും വിറയലിനും നല്ലതാണ്. മാതളച്ചാറില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യവും ജലദോഷവും മാറും. തലകറക്കം അനുഭവപ്പെട്ടാല്‍ അര ഔണ്‍സ് തേനില്‍ അത്രയും വെള്ളവും ചേര്‍ത്ത് കഴിച്ചാല്‍ മതി. തേനും മഞ്ഞളും പനംചക്കരയും ചേര്‍ത്തു കഴിക്കുന്നത് ശബ്ദശുദ്ധിക്ക് നല്ലതാണ്. സൗന്ദര്യവര്‍ധകവസ്തുക്കളില്‍ തേനിനു സുപ്രധാനമായ പങ്കുണ്ട്. നിത്യവും രണ്ടുനേരം ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ തുളസിനീരും ചേര്‍ത്ത് കഴിച്ചാല്‍ കവിളുകളുടെ അരുണാഭ വര്‍ദ്ധിക്കും. ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകളുടെ മാര്‍ദ്ദവം വര്‍ധിപ്പിക്കും. ചുളിവുകള്‍ അകറ്റാന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തേന്‍ മുഖത്തും കഴുത്തിലും പുരട്ടുക. അര മണിക്കൂറിനുശേഷം ഒരു കഷ്ണം പഞ്ഞി ചെറുചൂടുവെള്ളത്തില്‍ മുക്കി മുഖവും കഴുത്തും തുടക്കുക. തേന്‍ കൂടാതെ മെഴുക്, പൂമ്പൊടി, റോയല്‍ ജെല്ലി, തേനീച്ചവിഷം തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ തേനീച്ചകള്‍ ഉത്പാദിപ്പിക്കുന്നു.


പൂമ്പൊടി
പൂമ്പൊടി പ്രോട്ടീന്റെയും വിറ്റാമിന്റെയും കലവറയാണ്. പൂക്കളില്‍നിന്ന് തേനീച്ചയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറ്റിപ്പിടിക്കുന്ന പൂമ്പൊടി പിന്‍കാലുകള്‍ ഉപയോഗിച്ചു ശേഖരിച്ച് പൂമ്പൊടി സഞ്ചികളിലാക്കി കൂട്ടിലേക്ക് കൊണ്ടുവരുകയാണ് ചെയ്യുന്നത്. കൂടിനുള്ളിലെ പൂമ്പൊടി അറകളില്‍നിന്ന് നേരിട്ടോ കൂടിന്റെ വാതിലില്‍ ഘടിപ്പിക്കാവുന്ന പൂമ്പൊടി ശേഖരണി ഉപയോഗിച്ചോ പൂമ്പൊടി ശേഖരിക്കാവുന്നതാണ്. പൂമ്പൊടിയില്‍ മാംസ്യം, അമിനോ അമ്ലങ്ങള്‍, എന്‍സൈമുകള്‍, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവയുമുണ്ട്. ജീവകം ബി, സി, ഡി എന്നിവയും ജീവകം എ യുടെ ഉത്പാദനത്തിനു സഹായകമായ കാരോട്ടിനും അടങ്ങിയിരിക്കുന്നു. ഔഷധമൂല്യമുള്ള പൂമ്പൊടി പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കുന്നു. രക്തസമ്മര്‍ദം കുറയ്ക്കാനും വിശപ്പ് കൂട്ടാനും പൂമ്പൊടി കഴിയ്ക്കാം.


തേനീച്ചപ്പാല്‍ അഥവാ റോയല്‍ ജെല്ലി 
റാണിയറകളില്‍ ഉള്ള പുഴുക്കള്‍ക്കും റാണി ഈച്ചയ്ക്കും നല്കുന്ന പാല്‍നിറത്തിലുള്ള കൊഴുത്ത ദ്രാവകമാണ് റോയല്‍ ജെല്ലി. ഇതില്‍ മാംസ്യവും കൊഴുപ്പും അന്നജവും ക്ഷാരവും ജലവുമെല്ലാം അടങ്ങിയിട്ടുണ്ട്. റോയല്‍ ജെല്ലിയില്‍ എ, ബി, സി എന്നീ ജീവകങ്ങളും ഇരുമ്പ്, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, സിലിക്കണ്‍ എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പോഷകമൂല്യങ്ങളുടെ കലവറയായ റോയല്‍ ജെല്ലി ശക്തിയും ചുറുചുറുക്കും പ്രദാനം ചെയ്യുന്നതാണ്.


തേനീച്ചവിഷം.
ശത്രുക്കളില്‍നിന്ന് രക്ഷനേടുന്നതിനായി തേനീച്ചകള്‍ക്ക് പ്രകൃതി നല്കിയ വരദാനമാണ് തേനീച്ചവിഷം. തേനീച്ചവിഷം നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധമായി ഉപയോഗിക്കാമെന്നതിനാല്‍ ഇതിന് വളരെയേറെ വാണിജ്യപ്രാധാന്യമുണ്ട്. സന്ധിവാതം, മൈഗ്രേന്‍, ഞരമ്പുസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള ഔഷധമായി തേനീച്ചവിഷം ഉപയോഗിക്കപ്പെടുന്നു.


Share your comments