1. Health & Herbs

ടാഗോറിൻ്റെ ഹൃദയഹാരിയായ മധുമഞ്ജരി !

ലോകാരാധ്യനായ ഒരു മഹാകവി ,ഇന്ത്യയുടെ ദേശീയ ഗാനത്തിൻറെ രചയിതാവ് ,ബംഗാളിൻെറ ഭാവഗായകൻ എന്നീ നിലകളിൽ ഏറെ പ്രശസ്ഥനായ രവീന്ദ്ര നാഥടാഗോര്‍ ആരാമസുന്ദരിയായി നാട്ടിലെത്തിയ ഒരു കാട്ടു പൂവിന് അഥവാ പൂച്ചെടിയ്ക്ക് പേരിട്ടതെന്താണെന്നൊ ? - മധുബാലിത അഥവാ മധുമഞ്ജരി .മധുബാലിതയുടെ നാട്ടുവിശേഷങ്ങളിലേയ്‌ക്ക് ഒരു തിരനോട്ടം .

ദിവാകരൻ ചോമ്പാല
qw
-ദിവാകരൻ ചോമ്പാല
മധുമഞ്ജരി
മധുമഞ്ജരി

ലോകാരാധ്യനായ ഒരു മഹാകവി ,ഇന്ത്യയുടെ ദേശീയ ഗാനത്തിൻറെ രചയിതാവ് ,ബംഗാളിൻെറ ഭാവഗായകൻ എന്നീ നിലകളിൽ ഏറെ പ്രശസ്ഥനായ രവീന്ദ്ര നാഥടാഗോര്‍ ആരാമസുന്ദരിയായി നാട്ടിലെത്തിയ ഒരു കാട്ടു പൂവിന് അഥവാ പൂച്ചെടിയ്ക്ക് പേരിട്ടതെന്താണെന്നൊ ? - മധുബാലിത അഥവാ മധുമഞ്ജരി .മധുബാലിതയുടെ നാട്ടുവിശേഷങ്ങളിലേയ്‌ക്ക് ഒരു തിരനോട്ടം .

ഞങ്ങളുടെ ഗ്രാമത്തിൽ ചോമ്പാലയിലെ പാതിരിക്കുന്നിൻറെ പരിസരങ്ങളിലെ റോഡരികിൽ മാത്രമല്ല ഏറെക്കാലമായി വെട്ടും കിളയുമേൽക്കാതെ തരിശിടങ്ങളായിക്കിടക്കുന്ന പറമ്പുകളിലും വരെ വ്യാപകമായ തോതിൽ മുറ്റിത്തഴച്ച് പടർന്നു കയറി കാട് വളരുന്ന കാട്ട് ചെടിയാണെങ്കിലും ഇതിൻറെ പൂക്കൾ അഥവാ പൂങ്കുലകൾ അതിമനോഹരം എന്ന് പറയാതെ വയ്യ .
മധുമാലതി ,റംഗൂൺ ക്രീപ്പർ ,മധുമഞ്ജരി,ഓശാനപ്പൂക്കൾ ,കാട്ടുപുല്ലാനി ,കുലമറിഞ്ഞി ,യശോദപ്പൂ ,ചൈനീസ് ഹണിസക്കിൾ ,ബർമ്മാ ക്രീപ്പർ, സന്ധ്യാ റാണി ,ആകാശവാണി തുടങ്ങിയ എത്രയോ പേരുകളിൽ അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം Combretum indicum .
ഈ ചെടിയെ ഇവിടുത്തുകാർ പെന്തക്കോസ്‌തെ ഫ്‌ളവർ എന്നാണ് പറഞ്ഞു കേൾക്കാറുള്ളത്‌ .
പെന്തക്കോസ്‌ത എന്ന ഗ്രീക്ക് പദത്തിൻറെ അർത്ഥം അമ്പതാം ദിനം എന്ന് .

ക്രിസ്‌തു ദേവൻറെ സ്വർഗ്ഗാരോഹണത്തിനു ശേഷം അപ്പോസ്ഥലന്മാരിലും മറ്റു ശിഷ്യന്മാരിലും പരിശുദ്ധാത്മാവിൻറെ ആവാസമുണ്ടായ പുതിയ നിയമ സംഭവത്തെ അനുസ്‌മരിക്കുന്ന കൃസ്ത്യൻ വിശേഷ ദിവസമാണ് പെന്തക്കോസ്‌ത ( Penthecost )
വളർച്ചയുടെ ആദ്യഘട്ടത്തിൽ കുറ്റിച്ചെടിയായി തോന്നുമെങ്കിലും കൊമ്പുകോതാതെ വിട്ടാൽ ക്രമേണ വള്ളിചെടിയായി പടർന്നുകയറുന്ന സ്വഭാവമാണിതിനുള്ളത് .
താങ്ങു കാലായി മരമോ ,ടെലിഫോൺ പോസ്റ്റോ ,കെട്ടിയൊരുക്കിയ പൂപ്പന്തലുകളോ കിട്ടിയാൽ പത്തടിയിലധികം ഉയരത്തിൽ വരെ പടർന്നുകയറി ഹരിത വസന്തമൊരുക്കാൻ ഈ ചെടിക്ക് ഏറെ കാലം വേണ്ടതാനും .
കനത്ത മഴക്കാലമൊഴിച്ചാൽ മറ്റുകാലങ്ങളിലെല്ലാം കുലകുലകളായി താഴേയ്ക്ക് തൂങ്ങി നിൽക്കുന്ന ഓരോ ഞെട്ടിലും പത്തും നാല്പതും പൂവുകൾ .

''നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം''-

മഹാകാവ്യം രചിക്കാതെ തന്നെ മഹാകവിയായിത്തീർന്ന മലയാളത്തിൻറെ സ്‌നേഹഗായകൻ കവി കുമാരനാശാൻ . പൂക്കളിൽ കണ്ണുടക്കിയ കവിയുടെ കാൽപ്പനികതയിങ്ങിനെ !

രാത്രികാലങ്ങളിലാണ് ഈ ചെടിയിൽ പൂക്കൾ വിടരുക .
വിടരുമ്പോൾ ഇതിൻറെ പൂക്കൾ മിക്കവയും വെള്ള നിറമാണെങ്കിലും പിന്നീട് പിങ്ക് ,ചുവപ്പ് ,മെറൂൺ എന്നീ നിറങ്ങളിലേയ്ക്ക് പതിയെ നിറം മാറ്റം .
രാത്രികാലങ്ങളിൽ ഹൃദയഹാരിയായ നേരിയ സുഗന്ധം വിതറുന്ന ഈ പൂച്ചെടിയെ കാട്ടു ചെടിയെന്ന് പേരിട്ട് തള്ളാനും പറ്റില്ല .
കൊറോണ വൈറസിനെതിരെ ഒറ്റമൂലികൾ ലോകത്തിലില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുമ്പോഴും കൊറോണ വൈറസിനെ തടയാൻ ഒറ്റമൂലികളുടെ നീണ്ട നിരതന്നെയാണ് സമീപകാലങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെയ്ക്കപ്പെടുന്നത് .
വെളുത്തുള്ളിയിട്ട് തിളപ്പിച്ചവെള്ളം ,ഗോമൂത്രം ,ചാണകം തുടങ്ങി എത്രയോ ഒറ്റമൂലികൾ.
പനി ,ചുമ ,തൊണ്ടവേദന തുടങ്ങിയ അസുഖങ്ങൾക്ക് മരുന്ന് എന്ന നിലയിൽ ചൈനക്കാർ ഉപപയോഗിക്കുന്ന റംഗൂൺ ക്രീപ്പർ അഥവാ ചൈനീസ് ഹണിസക്കിൾ ചെടിയിൽ നിന്നും കൊറോണ വൈറസിനെതിരെ മരുന്ന് നിർമ്മിക്കുന്നതായാണ് ഇടക്കാലത്ത് വാർത്തകൾ പരന്നത് .
ഈ മരുന്ന് വാങ്ങാൻ ചൈനയിൽ ജനങ്ങൾ തിരക്ക് കൂട്ടുകയായിരുന്നത്രെ.
കൊറോണയുടെ പ്രഭവസ്ഥാനമായ ചൈനയിലെ Shanghai Institute of Materia Medica, Wuhan Institute of Virology തുടങ്ങിയ സ്ഥാപനങ്ങൾ ഇത്തരം ഒറ്റമൂലികൾക്കെതിരെ മുന്നറിയിപ്പുമായി ചൈനയിലെ കമ്യുണിസ്റ് പാർട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയിലിയിലൂടെ രംഗത്തെത്തി എന്നുമാണ് സമീപകാല വാർത്തകൾ വ്യക്തമാക്കുന്നത് .

ചോമ്പാല പാതിരിക്കുന്നിൻറെ പരിസരങ്ങളിൽ ഈ പൂച്ചെടി എങ്ങിനെയെത്തി ?

ക്രിസ്‌തുമത പ്രചാരണം ലക്ഷ്യമിട്ടാണ് ക്രിസ്ത്യൻ മിഷനറിമാർ ചോമ്പാലയിലെ കടലോരത്തിന് ഒരു കിലോമീറ്റർ മാറിയുള്ള കുന്നിൻ പ്രദേശത്ത് സ്‌കൂളും പള്ളിയും സ്ഥാപിച്ചത് .
ജർമ്മനിയിൽ നിന്നും മലയാളക്കരയിലെത്തി മലയാളികളുമായി ഇഴുകിയും ഇടപഴകിയും ഇവിടുത്തെ നാട്ടുഭാഷയായ മലയാളം എഴുതാനും വായിക്കാനും വശമാക്കിയതിന് പുറമെ മലയാളികൾക്ക് ആദ്യമായി ഒരു മലയാളം നിഘണ്ടു തയ്യാറാക്കി സമർപ്പിക്കുകയും ചെയ്‌ത ഡോ .ഹെർമ്മൻ ഗുണ്ടർട്ട് 1845 ൽ സ്ഥാപിച്ചതാണ് പാതിരിക്കുന്നിലെ കുന്നുമ്മൽ സ്‌കൂൾ .
നാട്ടുരാജാവാഴ്ച്ചയുടെ കാലം .

ചോമ്പാലയിൽ കുന്നുംപ്രദേശമായി തരിശായി കിടന്ന ഒരു വലിയ പറമ്പ് കടത്തനാട് പുറമേരി കോവിലകം തമ്പുരാൻറെ കാരുണ്യത്തിൽ മിഷൻ തരക് എഴുതി വാങ്ങിയ ഇടത്തിലാണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത് .
ബ്രിട്ടീഷ് വാസ്‌തു ശൈലിയുടെ മികവും പകിട്ടും നിലനിർത്തിക്കൊണ്ടുള്ള ഈ സ്‌കൂൾ കെട്ടിടം പഴയ പ്രൗഢി കൈവിടാതെ തലയെടുപ്പോടെ ഇന്നും ഇവിടെ ഉയർന്നു നിൽക്കുന്നു .
പാതിരിമാർ കുന്നുമ്മൽ സ്ഥാപിച്ച സ്‌കൂളിന് ബാസൽ ഇവാൻജെലിക്കൽ മിഷ്യൻ അപ്പർ പ്രൈമറിയുടെ ചുരുക്കപ്പേരായ ബി ഇ എം യു പി സ്‌കൂൾ എന്നായിരുന്നു പേര് .
പിൽക്കാലത്ത് പാതിരിക്കുന്ന് എന്നും മിഷൻ കോമ്പൗണ്ട് എന്നുമുള്ള പേരിലുമായി ഈ ചുറ്റുവട്ടം .

ജർമ്മനിയിൽ നിന്നും ഇവിടെയെത്തിയ കൃസ്ത്യൻ മിഷനറിമാർ ഇവിടുത്തെ മിസ്സിയുടെ ബംഗ്ളാവിലെ പൂന്തോട്ടങ്ങൾക്ക് അഴക് പകരാൻ ജർമ്മനിയിൽ നിന്നും കൊണ്ടുവന്നതാവണം റംഗൂൺ ക്രീപ്പർ.

അലസിപ്പൂ എന്ന് നാട്ടുകാർ വിളിക്കുന്ന മെയ് ഫ്‌ളവർ അഥവാ ഗുൽമോഹർ ,വിവിധയിനം പനിനീർച്ചെടികൾ .തോട്ട വാഴകൾ ,പല നിറങ്ങൾ വാരിക്കുടഞ്ഞപോലുള്ള ചേമ്പിലചെടികൾ , പ്രിൻസ് എന്ന പേരിലറിയപ്പെടുന്ന ക്രോട്ടൻസിൻറെ വലിയ നിരതന്നെയായിരുന്നു ആ കാലത്തിവിടെയുണ്ടായിരുന്നത് .
പൂച്ചവാൽ ചെടി( Acalypha hispida) സർപ്പ പോള ( Snake plant ) ശവം നാറിപ്പൂ എന്ന നിത്യകല്ല്യാണി ( catharanthus roseus ) കടലാസു പൂക്കൾ ( Bougainvillea ) അങ്ങിനെ ഒരുപാടുതരം അലങ്കാര ചെടികൾ ഇവിടെ സമൃദ്ധിയായി നട്ടുവളർത്തിയിരുന്നു.
ഏകദേശം എഴുപത് വർഷങ്ങൾക്ക് മുമ്പ് പാതിരിക്കുന്നിലെ മിസ്സിയുടെ ബംഗളാവിലെ അടുക്കും ചിട്ടയുമുള്ള പൂന്തോട്ടത്തിൻറെ അതിരുകളിലെ വേലിക്കരികിൽ വിടർന്നു വിലസിയിരുന്ന റംഗൂൺ ക്രീപ്പറിൻറെ പൂക്കുലകളുടെ മനോഹാരിത ഓർമ്മകളിൽ ഇപ്പോഴും നിറപ്പകർച്ചയില്ലാതെ വാടാതെ
നിലനിൽക്കുന്നു .
ഭഷ്യയോഗ്യമായ കാർഷിക വിളകൾക്ക് മാത്രം കൃഷിയിൽ പ്രാമുഖ്യം നൽകിയിരുന്ന കാർഷിക സംസ്‌കൃതിയുമായി ജീവിച്ചുവന്ന ഇവിടത്തുകാരുടെ വീട്ടുമുറ്റങ്ങളിൽ അലങ്കാര ചേമ്പുകളും പനിനീർ ചെടികളും തുടങ്ങി റംഗൂൺ ക്രീപ്പർവരെ നട്ടുപിടിപ്പിക്കാനുള്ള മാനസികനില ഒരുക്കാൻ ക്രിസ്ത്യൻ മിഷനറിമാർക്ക് കഴിഞ്ഞുവെന്നത് അഭിമാനപൂർവ്വം പറയാതെ വയ്യ .
കമ്പുകൾ മുറിച്ചുനട്ടും വേരുകൾ വളർന്നുണ്ടാകുന്ന തൈകൾ പറിച്ചുനട്ടുമാണ് റംഗൂൺ ക്രീപ്പറിൻറെ വർഗ്ഗോൽപ്പാദനം മുഖ്യമായും സാധ്യമാക്കുന്നത് .

വർഷക്കാലമായാൽ പാതിരിക്കുന്നിൻറെ പരിസരങ്ങളിലെ നാട്ടിടവഴികളിൽ ചുകപ്പും വെളുപ്പും പിങ്ക് നിറ ത്തിലുമുള്ള പലതരം അലങ്കാര ചേമ്പുകളുടെയും നിത്യകല്ല്യാണിയുടെയും തൈകൾ വളർന്നു തുടങ്ങും .
കുന്നിൻപുറത്തെ ബംഗ്‌ളാവിലെ തോട്ടങ്ങളിൽ നിന്നും മഴവെള്ളത്തിൽ ഒലിച്ചിറങ്ങുന്ന വിത്തുകളും കിഴങ്ങുകളുമാണ് ഏറെ വർഷങ്ങൾക്ക് മുമ്പ് ഇവിടുത്തെ ഇടവഴികളുടെ ഓരങ്ങൾക്ക് ചന്തം പകർന്നിരുന്നത് .

മാഹി ഗേൾസ് ഹൈസ്‌കൂളിലെ ശൈലജടീച്ചറുടെ മടപ്പള്ളിയിലെ വീട്ടിൽ പത്തിരുപത് വർഷങ്ങൾക്കു മുമ്പ് പോയ സമയത്താണ് റംഗൂൺ ക്രീപ്പർ ചില്ലറക്കാരിയല്ലെന്ന് മനസ്സിലായത്.
ഞാനും എൻറെ സുഹൃത്ത് ഹരീന്ദ്രനും ടീച്ചറുടെ വീട്ടു മുറ്റത്തെത്തിയപ്പോൾ തന്നെ ഹൃദയഹാരിയായ സുഗന്ധം എങ്ങുനിന്നോ അലിഞ്ഞിറങ്ങിയപോലെ .
മുറ്റത്തിൻറെ വടക്ക് മാറി ഇരുമ്പ് കാൽ നാട്ടി ഉയരത്തിൽ നിർമ്മിച്ച വലിയ പന്തലിൽ എണ്ണിയാൽ തീരാത്ത പൂക്കളുമായി രംഗൂൺ ക്രീപ്പർ പടർന്നു കയറി ഒരു പുഷ്‌പ സാമ്രാജ്യം തന്നെ ഉണ്ടാക്കിയിരിക്കുന്ന
ഇരുട്ട് വീണുതുടങ്ങിയതിനാൽ ടീച്ചറുടെ ഭർത്താവ് ബാലേട്ടൻ ടോർച്ചു തെളിച്ച് പന്തലിൻറെ പ്രൗഢി കാണിച്ചുതന്നു .
വശ്യമനോഹരമായ കാഴ്ച്ച .ഒരു ഗുഡ്‌സ് വെഹിക്കിളിൽ കൊള്ളാവുന്നത്ര പൂക്കൾ പന്തൽ നിറയെ .

നാട്ടിടവഴികളിൽ കാണുന്ന ഈ ചെടി കൃത്യമായ പരിചരണം കൊടുത്താൽ ഉത്തമമായ ആരാമ സസ്യമാക്കാമെന്ന ആശയം എൻറെ മനസ്സിലുദിച്ചതുമങ്ങിനെ .
പൂക്കളോടും ചെടികളോടുമുള്ള ഇഷ്ടം കൊണ്ടുതന്നെ തൊട്ടടുത്ത ദിവസം തന്നെ ഈചെടിയുടെ ഒന്നുരണ്ടു വലിയതൈകൾ വേരോടെ പിഴുതുകൊണ്ടുവന്ന് എൻറെ വീടിനോട് ചേർന്ന പറമ്പിൽ ഒരു അരുമയെപ്പോലെ നട്ടു വളർത്താനുള്ള തുടക്കമായി .
വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കൃത്യമായ വള പ്രയോഗങ്ങളും നനയും സംരക്ഷണവും നൽകിയതുകൊണ്ടുതന്നെ റംഗൂൺ ക്രീപ്പർ വളരെ പെട്ടെന്നു തന്നെ പുഷ്ടിയോടെ പടർന്നു വിലസി .ഇരുന്നേടത്തുനിന്നും എഴുനേറ്റാലെന്നപോലെയാണ് പിന്നീടതിൻറെ വളർച്ച. ആദ്യത്തെ പൂക്കണി കണ്ടതാവട്ടെ ഏറെ സന്തോഷത്തിൽ .
മൂന്നു നാല് വർഷം കഴിഞ്ഞതോടെ സംഗതി വശകേടിലായി.
വിരല് വെക്കാനിടം കൊടുത്തിടത്ത് ഉരല് വെച്ചെന്ന സ്ഥിതിയിയിലായി.
വഴിയേ പോകുന്ന വയ്യാവേലി വിലയ്ക്ക് വാങ്ങി എന്ന് പറയുന്നതാവും കൂടുതൽ ശരി .
മധുബാലിത എന്ന രംഗൂൺ ക്രീപ്പർ എന്ന അതിമനോഹാരിയായ ആരാമസുന്ദരി അങ്ങേയറ്റം അറുതിയില്ലാത്ത അധിനിവേശ സ്വഭാവമുള്ള ആക്രമണകാരികൂടിയാണെന്നാണ് പിന്നീടുള്ള എൻറെ അനുഭവം .

ഈ ചെടിയുടെ വേരുകൾ മണ്ണിനടിയിലൂടെ ബഹുദൂരം വരെ വളർന്ന് നീളുന്നതായാണ് അനുഭവം .അവിടവിടെ പുതിയ തൈകൾ വളരും .കിളച്ചാലും വെട്ടി മാറ്റിയാലും ചുട്ടുകരിച്ചാലും നശിക്കാത്ത കമ്യുണിസ്റ് പച്ചയെക്കാൾ ഒരു പടിയല്ല ഒരുപാട് പടി മുന്നിലാണ് റംഗൂൺ ക്രീപ്പർ .
വിരുന്നു വന്നവൻ വീട്ടുകാരനായി എന്ന അവസ്ഥയിലാണ് ഇപ്പോൾ .
പറമ്പിൽ പലേടങ്ങളിലും ഈ ചെടി പടർന്നു കയറിയിരിക്കുന്നു .
ഓരോ വർഷാരംഭത്തിലും ഇത് വേരോടെ കിളച്ചുമാറ്റാൻ ചുരുങ്ങിയത് രണ്ടായിരം രൂപ വരെ എനിയ്ക്കു കൂലിച്ചിലവ് വരുന്നുമുണ്ട് .
ഇടയിൽ മാവോ പ്ലാവോ ഉണ്ടെങ്കിൽ അതിൻറെ കഥ കഴിഞ്ഞത് തന്നെ.
ചുറ്റിപ്പിണഞ്ഞുകൊണ്ട് മരങ്ങളിൽ കാടു പോലെ പടർന്നുകയറാൻ വലിയ കാലതാമസം വേണ്ട .
അകലം പാലിച്ചു കൊണ്ടുള്ള ആത്മബന്ധം പോലെ മാത്രമേ ഈ ചെടി നട്ടുവളർത്താവൂ എന്നേ എനിയ്ക്കു പറയാനുള്ളൂ .
ഇത്രയൊക്കെയാണെങ്കിലും വലിയ പൂച്ചട്ടികളിൽ വളർത്താവുന്ന റംഗൂൺ ക്രീപ്പറിൻറെ മിനിയേച്ചർ ടൈപ്പ് ചെടികൾ ,ഹൈബ്രീഡ് ഇനങ്ങൾ ആമസോണിലും ഫ്‌ളിപ്പ് കാർട്ടിലും 169 രൂപ മുതൽ 530 വരെ നിരക്കുകളിൽ ഓൺലൈനിൽ ലഭിക്കുന്നതായറിയുന്നു .

മണ്ണിൽ വെയ്ക്കാതെ  പൂച്ചട്ടികളിൽ ഇത്തരം കുള്ളൻ  വറൈറ്റികൾ നട്ടുവളർത്തിയാലോ എന്ന ആഗ്രഹം വിട്ടുമാറാതെ മനസ്സിൽ മുളപൊട്ടിവരാതെയുമല്ല .
ഇതുപോലെ  മറ്റൊരനുഭവം കൂടി. ഏതാനും വർഷങ്ങൾക്ക് മുമ്പ്  കടവത്തൂർ ടൗണിനടുത്തുള്ള ഒരു അഡ്വക്കേറ്റിൻറെ  വീട്ട് മുറ്റത്തെ ഉയരംകൂടിയ തെങ്ങിന് കെട്ടിയ കമ്പിയിൽ നീലപ്പൂക്കളുള്ള ഒരുവള്ളി പടർന്നു കയറിയി തെങ്ങിൻറെ  മണ്ടവരെ എത്തിനിൽക്കുന്നു .
നിറയെ കുലകുലകാളായി കോളാമ്പി പൂക്കൾപോലുള്ള വെള്ള നിറത്തിലുള്ള പൂക്കൾ ഇടക്ക്  നീലയും താഴേയ്ക്കു തൂങ്ങിനിന്നു ഇളം കാറ്റിലൂയലാടുന്നു .അതിമനോഹരമായ കാഴ്ച്ച .
ഏതാനും ദിവസങ്ങൾക്കുള്ളിൽ തട്ടോളിക്കരയിലെ തിരൂകൊയിലോത്ത് കൃഷ്‌ണൻ മാസ്റ്റ്റുടെ വീട്ടിൽനിന്നും ഈ ചെടി യുടെ ഏതാനും തണ്ടുകൾ മുറിച്ചെടുത്തു വീട്ടിൽകൊണ്ടുവന്നു മുളപ്പിച്ചെടുത്തു.  
വീടിനടുത്തുള്ള ഒരു തെങ്ങിൻ തടത്തിൽ നട്ടുവളർത്തി ,റോഡിലേക്കു ചാഞ്ഞുനിൽക്കുന്ന കൊന്നതെങ്ങിന് താങ്ങിനു കെട്ടിയ കമ്പിയിലേപിക്ക് പതിയെ പടർത്തി വിട്ടു .
ഓരോ അടിനീളത്തിൽ  കമ്പിയിലൂടെ മുകളിലേയ്ക്ക് പടർന്നുകയറുന്നത്  നിറഞ്ഞ കൗതുകത്തോടെയാണ് നോക്കിക്കണ്ടത് .
ആറു മാസത്തിനകം ഈ വള്ളിച്ചെടി കമ്പിയിലൂടെ പടർന്നുകയറി നിറയെ പൂക്കളുമായി വാണം കത്തിച്ചുവിട്ടപോലെ ഉയരങ്ങളിലേക്ക് കുതിച്ചു .
പീറ്റ തെങ്ങിൻറെ മണ്ടയിലെത്തി നാളികേരത്തിൻറെ പൊട്ടി വിടരുന്ന പൂങ്കുല കളെ വരെ  വരിഞ്ഞുമുറുക്കി . ഇതിനകം തെങ്ങിൻറെ മണ്ടമുഴുവൻ ഈ കാട്ടുവള്ളിച്ചെടി സ്വന്തം അധീനത്തിലാക്കി കഴിഞ്ഞിരുന്നു.
നാളികേരമിടാൻ കയറിയ മണി എന്നൊരാൾ വളരെ പാടുപെട്ടാണ് ഈ തെങ്ങിൻറെ ഉച്ചിയിലെത്തിയ ഈ വള്ളിച്ചെടി വെട്ടി മാറ്റിത്തന്നത് .
വീട്ടുകാരുടെ നിർബ്ബന്ധവും കൂടിയായപ്പോൾ ഈ ചെടിയുടെ മുരട് പറ്റെ വെട്ടിമാറ്റാൻ ഞാൻ നിർബ്ബന്ധിതനായി എന്ന് പറയുന്നതാവും കൂടുതൽ ശരി  .

അടുത്ത വർഷത്തെ മഴക്കാലം തുടങ്ങിയതോടെ പറമ്പിൽ പലേടങ്ങളിലും ഈ വള്ളിച്ചെടിയുടെ വേരുകൾ പോയ ഇടങ്ങളിലെല്ലാം പുതിയ തൈകൾ വളരെ പെട്ടെന്ന് വളർന്നു കാട് പിടിക്കാൻ വളരെ ചുരുങ്ങിയ ആഴ്ചകളെ വേണ്ടി വന്നുള്ളൂ .
കിട്ടിയ ചെറുതും വലുതുമായ മരങ്ങളിലെല്ലാം പടർന്ന്കയറി കുറെ ഭാഗം സ്ഥലം മറ്റു കൃഷികൾക്കുപയയോഗിക്കാൻ പറ്റാതെ കാടുപിടിച്ചു നിൽക്കുന്നു .
ഭൂമിയിൽ കിളച്ച് ഇതിൻറെ വേരുകൾ മുഴുവൻ മാന്തിയെടുത്താൽ മാത്രമേ പറമ്പിൽ നിന്നും ഈ വള്ളിച്ചെടിയെ നശിപ്പിക്കാൻ പറ്റൂ എന്നതാണ് എൻറെ ഇപ്പോഴത്തെ അനുഭവം .
ഈ വള്ളിച്ചെടിയു ശാസ്ത്രീയ നാമം Thunbergia grandiflora. ബംഗാൾ ക്ളോക് വൈൻ ,ബ്ലൂ സ്കൈ ഫ്ളവർ അങ്ങിനെ പലപേരുകളിലും അറിയപ്പെടുന്ന ഈ ചെടി. ചൈന ,നേപ്പാൾ ,ഇൻഡോ ചൈന ,ബർമ്മ തുടങ്ങിയ രാജ്യങ്ങളിലും കണ്ടുവരുന്നതായാണറിവ് .

ഇലകൾക്ക് വെളുത്തുള്ളിയുടെ മണമുള്ള Garlic vine എന്ന വള്ളിച്ചെടി ഒരു മാവിൻ ചുവട്ടിൽ ഞാൻ നട്ടുവളർത്തി .രണ്ടുവർഷത്തിനകം മാവിൻറെ ഉച്ചിയിൽവരെ ഈ വള്ളിച്ചെടി കാടുപോലെ പടർന്നു കയറി.
പൂക്കളുടെ മനോഹാരിത വർണ്ണിക്കാൻ വാക്കുകളില്ല . പക്ഷേ അത്യാവശ്യം കുറച്ചു മാങ്ങകൾ കിട്ടിയിരുന്ന മാവിൽനിന്നും ഒരൊറ്റ മാങ്ങപോലും പിന്നീട് കിട്ടിയില്ലെന്നതും സത്യം .
ഒന്നുരണ്ട് വർഷങ്ങൾക്ക് മുൻപ് ആ മാവും ഒപ്പം ഉള്ളി മണമുള്ള വള്ളിയും വെട്ടിക്കളയേണ്ടി വന്നു എന്നത് മറ്റൊരു സത്യം .

പൂക്കളുടെ ഭംഗിക്കുവേണ്ടി നമ്മുടെ പറമ്പുകളിൽ ഇത്തരം ചെടികൾ നട്ടുവളർത്തുന്നവർ കരുതിയിരിക്കുക .വഴിയേ പോകുന്ന വായ്യാവേലി വിലകൊടുത്ത് വാങ്ങുന്ന അവസ്ഥയിലെത്തരുതെന്നു മാത്രം.

English Summary: Madhu manjari flower which is more auspicious to tagore

Like this article?

Hey! I am ദിവാകരൻ ചോമ്പാല. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds