Health & Herbs

വേനലില്‍ കുളിര്‍മ നല്‍കാന്‍ ആര്യവേപ്പ്  വളര്‍ത്താം

പ്രാചീനകാലം മുതല്‍ക്കേ ഭാരതീയഗൃഹങ്ങളില്‍ നട്ടുവളര്‍ത്തിവരുന്ന ഔഷധസസ്യമാണ് വേപ്പ് (ആര്യവേപ്പ്).
സര്‍വരോഗ സംഹാരിയായും കീടങ്ങളെ അകറ്റാനും ഉത്തമമാണിത്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഭാരതത്തിലെ ഈറ്റില്ലങ്ങള്‍ വേപ്പിലകള്‍ കത്തിച്ച് അണുവിമുക്തമാക്കിയതായി പറയപ്പെടുന്നു.ഇംഗ്ലീഷില്‍ നീം ട്രീ, മര്‍ഗോസാ ട്രീ എന്നിങ്ങനെ വിളിക്കപ്പെടുന്ന വേപ്പ് സംസ്‌കൃതത്തില്‍ നിംബം, അരിഷ്ട, തിക്തകഃ, വിചുമര്‍ദ, എന്നും തമിഴില്‍ വേപ്പ് എന്നും ഹിന്ദിയില്‍ നിംബ, നീം എന്നും അറിയപ്പെടുന്നു.

തൈകള്‍ തയ്യാറാക്കലും കൃഷിയും
നന്നായി മൂത്തുവിളഞ്ഞ കായകള്‍ പാകി മുളപ്പിച്ചാണ് വേപ്പിന്‍ തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്. കേരളത്തില്‍ പാലക്കാടാണ് വേപ്പ് നന്നായി കായ്ക്കുന്നത്. തമിഴ്‌നാടില്‍ വ്യാപകമായി വേപ്പിന്‍ മരങ്ങളുണ്ട്‌. അവിടങ്ങളിലെ വേപ്പിന്‍ തൈകള്‍ നല്ല കായ്ഫലവും നല്‍കാറുണ്ട്. നന്നായി മൂത്തകായകള്‍ ശേഖരിച്ച് വെയിലത്തുണക്കി പോളിത്തീന്‍ കവറുകളില്‍  നട്ട് മുളപ്പിച്ചെടുക്കാം. മുളച്ചുപൊന്തിയതൈകള്‍ മൂന്ന് നാലു മാസം പ്രായമാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള, നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളര്‍ത്തിയെടുക്കാം. വേപ്പ് കീടനാശകവും രോഗനാശകവുമായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചു കാണാറില്ല. അഥവാ ബാധിച്ചാല്‍ തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ വേപ്പ് സ്വയം തന്നെ പ്രതിരോധിക്കും. മാറ്റി നട്ടുകഴിഞ്ഞാല്‍ അഞ്ച് ആറ് വര്‍ഷംകൊണ്ട് മരം കായ്ക്കും. നട്ട് ഏകദേശം പത്താം വര്‍ഷം മുതല്‍ ഒരുമരത്തില്‍ നിന്നും 10 -15 കിലോവരെ കായകള്‍ ലഭിക്കും. ഇതില്‍നിന്നാണ് വേപ്പെണ്ണ ആട്ടിയെടുക്കുന്നത്. വേപ്പിന്‍പിണ്ണാക്ക് ഇതിന്റെ ഉപോത്പന്നമാണ്. 
കൃഷിരക്ഷയ്ക്ക് വേപ്പ് 

ജൈവകൃഷിയില്‍ എറെ പ്രധാനപ്പെട്ട വളവും കീടനാശിനിയുമാണ് ആര്യവേപ്പ് .വേപ്പിന്റെ കീടനാശക ശേഷിയെക്കുറിച്ച് ലോകമാകമാനം ഒട്ടേറെ ഗവേഷണ പരീക്ഷണങ്ങള്‍ നടന്നുവരുന്നു. നിമാവിരകള്‍, ചിതലുകള്‍, മണ്ണിലുള്ള മറ്റ് കീടങ്ങള്‍ എന്നിവയെ അകറ്റാന്‍ ജൈവകൃഷിയില്‍ മണ്ണൊരുക്കം നടത്തുമ്പോള്‍ ഓരോ തടത്തിനും 50 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തുകൊടുക്കുന്നത് ഫലംചെയ്യും. 

വേപ്പെണ്ണ എമെല്‍ഷന്‍ എല്ലാ കൃഷിശാസ്ത്രജ്ഞരും അംഗീകരിച്ച ഒരു കീടനാശകമാണ്. ജീവജാലങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത കീടനാശിനിയാണിത.് അഞ്ചുശതമാനം വീര്യമുള്ള വേപ്പിന്‍ കുരുമിശ്രിതമോ രണ്ടുശതമാനം വീര്യമുള്ള വേപ്പെണ്ണ എമെല്‍ഷനോ തളിച്ചാല്‍ പച്ചക്കറിവര്‍ഗങ്ങളിലെ ചാഴി, ഇലചുരുട്ടിപ്പുഴു, ഗാളീച്ച, ഇലച്ചാടി എന്നിവയുടെ ആക്രമണം തടയാം. വേപ്പിന്‍പിണ്ണാക്കുചേര്‍ത്ത യൂറിയ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്് കീടങ്ങളുടെ ആക്രമണം തടയുകയെന്ന ഉദ്ദേശ്യത്തോടെത്തന്നെയായിരിക്കും. നെല്ലിന്റെ പോളരോഗം ചെറുക്കാന്‍ വേപ്പിന് ശക്തിയുണ്ട്. ഇലപ്പുള്ളിരോഗം, തണ്ടുചീയല്‍, പൊടിപൂപ്പ് രോഗം, വിവിധ വൈറസ് രോഗങ്ങള്‍ എന്നിവ തടയാനും വേപ്പെണ്ണ ഉപയോഗിക്കാം. 
     
വേപ്പിന്റെ ഇല നല്ലൊരു ജൈവപുതയാണ്. ഇത് മണ്ണില്‍നിന്ന് ഈര്‍പ്പം നഷ്ടപ്പെട്ടുപോകാതെ വിളകളെ രക്ഷിക്കുന്നു. നെല്‍പ്പാടങ്ങളിലും തക്കാളിക്കൃഷിയിടങ്ങളിലും അടിവളമായും വേപ്പിന്റെ ഇലകള്‍ ചേര്‍ത്തുവരുന്നു. കൂടാതെ ഒരു ജൈവ വിഘടനമാധ്യമവുമാണ് വേപ്പ്. 

വേപ്പിലടങ്ങിയിരിക്കുന്ന ലിമിനോയ്ഡുകളാണ് വേപ്പിന് ഇത്തരം കഴിവുകള്‍ നല്‍കുന്നത്. അതില്‍ അസിഡറാക്ടിനാണ് മുഖ്യം. അസിഡറാഡൈന്‍, ഫ്രാക്‌സിനലോ, നിംബിന്‍, സലാനിന്‍, സലാനോള്‍ , വേപ്പിനിന്‍, വാസലിനിന്‍ എന്നിവയും ഇതിലെ പ്രധാനചേരുവകളാണ്. നിംബിന്‍, നിംബിഡിന്‍, നിംബിനിന്‍ എന്നിവ പ്രധാന കീടനാശകങ്ങളാണ്. 
മികച്ചസര്‍വരോഗസംഹാരിയാണ് വേപ്പ്. ദന്തക്ഷയം ചെറുക്കാന്‍  കണ്‍കണ്ട ഔഷധമാണ് വേപ്പ്.  മിക്ക ആയുര്‍വേദ ചൂര്‍ണങ്ങളിലും വേപ്പ് അടിസ്ഥാന ഘടകമായത് അതുകൊണ്ടാണ്.  വേപ്പിന്‍ പട്ടയിയിലും ഇലകളിലും കണ്ടുവരുന്ന പോളിസാക്കറൈഡുകളും ലിമിനോയ്ഡുകളും ട്യൂമര്‍, ലുക്കീമിയ, കാന്‍സര്‍ എന്നിവയ്‌ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വേപ്പിലെ നിംബിഡിനിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ ശേഷിയുള്ളതിനാല്‍ ഹൃദ്രോഗത്തിനും മരുന്നാക്കാം. 

കൂടാതെ രക്തസമ്മര്‍ദം, പ്രമേഹം, വിവിധ ത്വക് രോഗങ്ങള്‍, കുടലിലെ വ്രണങ്ങള്‍, സന്ധിവാതം, ഹെപ്പറ്റൈറ്റിസ്, അത്‌ലറ്റ്‌സ് ഫൂട്, പല്ല്, ചെവി, ശിരോചര്‍മങ്ങള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയ്ക്കും മുടികൊഴിച്ചില്‍ നില്‍ക്കാനും വേപ്പ് ഫലപ്രദമാണ്. പക്ഷിപ്പനിക്കും ജന്തുജന്യരോഗങ്ങള്‍ക്കും ഫലപ്രദമായ മരുന്നായി വേപ്പ്  ഉപയോഗിക്കാം. അശ്വനീദേവന്മാരുടെ പുത്രന്മാരായ നകുലനും സഹദേവനും മഹാഭാരതത്തില്‍ കുതിരകളുടെ മുറിവുണക്കാന്‍ വേപ്പില അരച്ചുതേച്ചതായി പറയപ്പെടുന്നു. 

വേപ്പിന്റെ തൊലി, ഇളം കായ, പാകമായ കായ, കുരു ,ഇല, നീര് എന്നിവയെല്ലാം ഉപയുക്തമാണ്. ആയുര്‍വേത്തില്‍ വാതം, കുഷ്ഠം, ത്വക്‌രോഗം, ദന്തരോഗങ്ങള്‍, കൃമിശല്യം, വായ്‌നാറ്റം എന്നിവയ്‌ക്കെല്ലാം വേപ്പ് വളരെയധികം ഉപയോഗിച്ചുവരുന്നു. 
പരിസര പ്രദേശങ്ങളെക്കാള്‍ 10 ഡിഗ്രിയോളം ചൂട് അന്തരീക്ഷത്തില്‍ കുറയ്ക്കാനും വേപ്പിന്‍ മരത്തിന് കഴിയുന്നു.
- Litty Kannur

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox