Livestock and Aqua

കാര്‍പ്പുകളില്‍ താരം - രോഹു

Rohu fish

മത്സ്യ ഭക്ഷകരുടെ പ്രിയ മത്സ്യമാണ് 'രോഹു' എന്ന് കര്‍ഷകര്‍ ഓമനപ്പേരില്‍ വിളിക്കുന്ന 'രോഹിത' മത്സ്യം. ദേഹം മുഴുവന്‍ ചുവന്ന കുത്തുകള്‍ കൊണ്ട് ചുവപ്പു രാശി - അതായിരിക്കും 'രോഹിത' എന്ന പേര്‍ നേടിക്കൊടുത്തത്. മേജര്‍ കാര്‍പ്പ് ത്രിമൂര്‍ത്തികളില്‍ രണ്ടാമന്‍. മറ്റ് രമ്ട് പേര് - 'കട്‌ല' യും, 'മൃഗല' യും. കട്‌ല കഴിഞ്ഞാല്‍ മേജര്‍ കാര്‍പ്പുകളില്‍ വലിപ്പത്തില്‍ മുമ്പന്‍. വടക്കേ ഇന്ത്യയില്‍ നദികളില്‍ ആവാസം. ഇപ്പോള്‍ നമ്മുടെ ഓമന വളര്‍ത്തു മത്സ്യം. ഒരു വര്‍ഷം കൊണ്ട് 35-45 സെ.മീ. നീളവും 1-1 1/2 കിലോഗ്രാം തൂക്കവും വയ്ക്കും.
ശരീരപ്രകൃതി
ഏറേക്കുറെ നീണ്ടുരുണ്ട ശരീരം. മുതുകും വയറും ക്രമത്തില്‍ വളഞ്ഞ് തലയോട് യോജിക്കുന്നു. തല താരതമ്യേന ചെറുതും കൂര്‍ത്തതുമാണ്. മോന്ത വായുടെ മുകള്‍ഭാഗത്തേക്ക് ഊന്നി നില്‍ക്കുന്നു. മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും വായയുടെ അറ്റങ്ങളില്‍ യോജിക്കുന്നതും, നിരവധി ഞൊറിവുകളോടു കൂടിയതും. മേല്‍ താടിയില്‍ ഒരു ജോഡി ചെറു തൊങ്ങലുകള്‍ ഉണ്ട്. ചെതുമ്പലുകള്‍ ക്രമത്തില്‍ അടുക്കിയതും ചാരനിറവും ചുവപ്പുരാശിയും കലര്‍ന്നതും ആണ്. മുതുകുഭാഗം ഇരുണ്ട തവിട്ടു നിറവും വയര്‍ഭാഗം വെളളനിറവും. ചിറകുകള്‍ക്ക് ചുവപ്പു നിറം.
ആഹാരം. എല്ലാ കാര്‍പ്പു കുഞ്ഞുങ്ങളേയും പോലെ രോഹു കുഞ്ഞുങ്ങളുടെയും പഥ്യാഹാരം ജന്തുപ്ലവകങ്ങള്‍ തന്നെ. വിരല്‍ വലിപ്പമായാല്‍ (Fingerlings) ജലസസ്യങ്ങള്‍, സസ്യപ്ലവകങ്ങള്‍, ഏകകോശ പായലുകള്‍ ഇവ പഥ്യാഹാരം ആണ്. കൂടാതെ ചീഞ്ഞ ജൈവ പദാര്‍ഥങ്ങള്‍, ചേറിലെ പുഴുക്കള്‍, വെളളത്തിലെ ചെറിയ ഒച്ചുകള്‍ മുതലായവയാണ് പ്രധാന ആഹാരം. ചുണ്ടുകള്‍ കട്ടികൂടിയ ഞൊറികളോടുകൂടിയവയും പുറത്തേക്ക് തട്ടുകയും അകത്തേക്ക്ു വലിക്കുകയും ചെയ്യുന്നതിന് കഴിയുന്നതുമാണ്. ആകയാല്‍ ചേറ്റിലെ പുഴുക്കളെ തപ്പിപ്പെറുക്കാന്‍ സാധിക്കും.
ജലാശയത്തിന്റെ ഇടത്തട്ടിലുളള സ്വാഭാവികാഹാരം തേടുന്ന സ്വഭാവം (Column feeders) ആണ്. കരയോട് അടുത്തും ആഴം കുറഞ്ഞ ജലമധ്യഭാഗത്ത് ഇടത്തട്ടിലും കൂട്ടത്തോടെ ആഹാരം തേടുന്നത് രോഹുവിന്റെ സ്വഭാവം.

വളര്‍ത്താം
അല്‍പം വിസ്തൃതി ഉളള ശുദ്ധജലാശയങ്ങളില്‍ രോഹിതയെ വളര്‍ത്താം. കുളം ഒരുക്കിയും ജല സസ്യ - ജന്തു ഉന്മൂലനത്തിനും ശേഷം വളപ്രയോഗം നടത്തിയും വേണം കൃഷി തുടങ്ങുവാന്‍. പായല്‍ നിര്‍മാര്‍ജ്ജനം ചെയ്യണമെങ്കിലും അനുവദനീയമായ ജലസസ്യങ്ങള്‍ നിയന്ത്രിതമായി വളരാന്‍ അനുവദിക്കാം.വളപ്രയോഗശേഷം 3-4 ആഴ്ച കഴിഞ്ഞ് 7 - 10 സെ. മീ. വലിപ്പമുളള മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തു കുളത്തിലേക്ക് വിടണം. വിരല്‍ വലിപ്പമുളള കട്‌ല: രോഹു: മൃഗല: സൈപ്രിനസ് ഇവ 3:3:2:2 എന്ന അനുപാതത്തിലോ പായല്‍പാട ചൂടല്‍ ഉണ്ടെങ്കില്‍ കട്‌ലയുടെ അനുപാതം 3 ല്‍ നിന്ന് 2 ആക്കിയ ശേഷം പത്തില്‍ ഒന്ന് വെളളിമീനിനെയും നിക്ഷേപിക്കുക. ഒരു ഹെക്ടര്‍ വെളളക്കെട്ടിന് 10 സെ.മീ. വലിപ്പമുളള 1,500 രോഹു എന്ന നിരക്കില്‍ നിക്ഷേപിച്ച് പരിപാലിക്കാം. രോഹിത മാത്രമായി വളര്‍ത്താറില്ല; മുകള്‍ത്തട്ടിലെയും അടിത്തട്ടിലെയും സ്വാഭാവിക ആഹാര പദാര്‍ത്ഥങ്ങള്‍ ഉുപയോഗിക്കപ്പെടാതെ പോകുന്നു എന്നതാണ് കാരണം.കുളത്തില്‍ കുറഞ്ഞ അളവില്‍ മുടിപ്പായല്‍, സസ്യഭാഗങ്ങള്‍ എന്നിവയും ചാണകവും, കടലപ്പിണ്ണാക്കും, യൂറിയയും കിഴികെട്ടി ഇടണം. വെളളം തെളിയുമ്പോള്‍ സമീപത്ത് പച്ച നിറമുളളതോ, ഫലപുഷ്ടി ഉളളതോ ആയ കുളത്തില്‍ നിന്ന് വെളളം അരിച്ച് പമ്പു ചെയ്തു കയറ്റുന്നതും നന്നായിരിക്കും.വളരുന്ന മുറയ്ക്ക് കൈത്തീറ്റയും നല്‍കാം. പയര്‍പൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, തവിട്, വിറ്റമിന്‍ മിനറല്‍ മിക്‌സ്, (ഏതാനും തുളളി) ശുദ്ധീകരിച്ച മീനെണ്ണ ഇവ ചേര്‍ത്ത് നല്‍കുകയോ നിര്‍മിത തീറ്റയാക്കി (തിരിരൂപത്തില്‍) നല്‍കുകയോ ചെയ്യാം. അതോടൊപ്പം ഉണക്കകപ്പ (മരച്ചീനി) പൊടി, ചക്കക്കുരു പുഴുങ്ങിപ്പൊടിച്ച പൊടി, അസോള, ചീര ഇല, മരച്ചീനി ഇല (മാംസ്യാംശം ഉണ്ട്) ഇവ പുഴുങ്ങിയത് എന്നിവയില്‍ ആവശ്യമുളളവ ആവശ്യാനുസരണം ചേര്‍ത്തു നല്‍കാം. നന്നായി വളര്‍ച്ച കിട്ടും.

ജലപരിപാലനം അവശ്യം 
ആവശ്യാനുസരണം ജലപരിപാലനം വേണം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ജലപരിപാലനം ആവശ്യമാണ് മേജര്‍ - ചൈനീസ് കാര്‍പ്പുകള്‍ക്ക്. 20% ജലമാണ് വിനിമയം ചെയ്യേണ്ടത്. അതായത് 20% നല്ല വെളളം (അനുഗുണമായ സ്വഭാവ വിശേഷങ്ങള്‍ ഉളള ശുദ്ധജലം വേണം) കയറ്റുകയും, അത്ര തന്നെ 20% ജലം കുളത്തില്‍ നിന്നും പുറത്തേക്ക് ഇറക്കുകയും ചെയ്യണം. അടിയില്‍ (അടിത്തട്ടില്‍) നിന്ന് വെളളം നീക്കം ചെയ്യുകയും ചിതറിച്ച് പമ്പ് ചെയ്ത് വെളളം കയറ്റുകയും ചെയ്യുന്നത് ആണ് അഭികാമ്യം.ജലത്തിന്റെ രാസഗുണങ്ങള്‍ ആയ അമ്ലക്ഷാരത്വം പി.എച്ച് 7.5 - 8.5 എന്ന അനുഗുണ അളവില്‍ ആക്കാനും, വിലയിത പ്രാണവായുവിന്റെ അളവ് അനുഗുണമായ 75 പി.പി.എം (ദശലക്ഷത്തില്‍ 5 ഭാഗത്തില്‍ കൂടുതല്‍) എന്ന അളവിലേക്ക് എത്തിക്കാനും കാഠിന്യത്തിന്റെ അനുഗുണ അളവായ 100-300 മി. ഗ്രാം/ലി. - ല്‍ എത്തിക്കാനും, കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് 2-10 പി.പി.എം - ല്‍ ആക്കി നിര്‍ത്താനും, ഭൗതിക ഗുണങ്ങള്‍ ആയ ഊഷ്മാവ് 25-30 ഡിഗ്രി സെല്‍ഷ്യസ് ഇടയ്ക്ക് പിടിച്ചു നിര്‍ത്തി അനുഗുണമാക്കാനും, കലക്കല്‍ ഇല്ലാതിരിക്കാനും, 100 മീറ്റര്‍ ആയ അനുഗുണമായ ആഴം നിലനിര്‍ത്താനും, ആയി അനുവര്‍ത്തിക്കുന്ന എല്ലാ പ്രക്രിയകളെയും കൂടി ജലപരിപാലനം (Water Management) എന്നു പറയുന്നു. ഓരോ ഘടകത്തിനും ഓരോ പരിപാലനമുറയാണ്. ഉദാഹരണമായി പ്രാണവായുവിന്റെ അളവു കുറവായാല്‍ ധാരാളം പ്രാണവായു ലയിച്ചു ചേര്‍ന്ന ശുദ്ധജലം ഹോസ് ഉയര്‍ത്തി വച്ച് ചിതറിച്ച് പമ്പു ചെയ്തു കയറ്റുകയോ, വായു സംക്രമിപ്പിക്കുകയോ ഓക്‌സിജന്‍ ഗുളികകള്‍ പ്രയോഗിക്കുകയും പ്രാണവായു കുറഞ്ഞതും മലിനമായ ജലം അടിയില്‍ നിന്ന് പമ്പു ചെയ്ത് കളയുകയോ ചക്രങ്ങള്‍ ഉപയോഗിച്ചോ നേര്‍പ്പിച്ചോ വെളളം ഇളക്കുകയും ചെയ്യുന്നതാണ് വിലയിത പ്രാണവായു കുറഞ്ഞാല്‍ ചെയ്യേണ്ട പരിപാലനമുറ, എന്നാല്‍ അമ്ലത കൂടിയാല്‍ കുമ്മായം പ്രയോഗിക്കുകയോ ക്ഷാരത കൂടിയാല്‍ ജിപ്‌സം, ഡോളോമേറ്റ് ഇവ പ്രയോഗിക്കുകയും വേണം. മാസത്തിലൊരിക്കല്‍ വളര്‍ച്ച, രോഗപരിശോധന എന്നിവ നടത്തുക.

8-10 മാസം കൊണ്ട് ഒന്നൊന്നര കിലോ തൂക്കം വയ്ക്കുമ്പോള്‍ വെളളം വറ്റിച്ചോ മല്‍സ്യബന്ധനം നടത്തിയോ ഒരുമിച്ചു വിളവെടുക്കുകയോ കറിവയ്ക്കാന്‍ / വില്‍ക്കാനുളള വലിപ്പമായവയെ കൃഷിക്കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് തന്നെ തിരിവുവല ഉപയോഗിച്ച് തിരിവുപിടിത്തം നടത്തി എടുക്കുകയോ ചെയ്യാം.
കാര്‍പ്പുകളില്‍ രുചി ഏറിയ മത്സ്യമാണ് രോഹിത. മീന്‍ബിരിയാണിക്ക് ഏറ്റവും അനുയോജ്യമായ മത്സ്യമാണിത്. കൂടാതെ ഫിഷ് ചില്ലി കറി, ഫ്രൈ (കനം കുറഞ്ഞ സ്ലൈഡ് ആക്കി കുരുമുളക്, വറ്റല്‍ മുളകുപൊടി മസാല ഇവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ ഫ്രൈ ചെയ്യുകയാണുത്തമം) എന്നിവയ്ക്കും ഉപയുക്തം.


English Summary: Fish farming- Rohu fish

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds