Livestock and Aqua

കന്നുകാലികളിലെ ലംപി സ്‌കിന്‍ രോഗത്തിനെതിരെ ജാഗ്രത

lumpi skin disease

1929 തില്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലെ സാമ്പിയ എന്ന രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗം ഇപ്പോള്‍ ആദ്യമായി കേരളത്തിലും കെത്തിയിരിക്കുന്നു എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. കന്നുകാലികളില്‍ ലംപി സ്‌കിന്‍ (ചര്‍മ്മ മുഴ) രോഗത്തിന് ഹേതുവായിട്ടുള്ളത് പോക്‌സ് കുടുംബത്തില്‍പ്പെടുന്നകാപ്രിപോക്‌സ് എന്ന വൈറസുകള്‍ ആണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കന്നുകാലികളില്‍ കുറച്ചുനാളായി രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് വെറ്ററിനറി സര്‍വ്വകലാശാല മണ്ണുത്തി വെറ്ററിനറി കോളേജ് രോഗപ്രതിരോധ വിഭാഗം, ഉരുക്കളില്‍ നിന്നു സാംപിളുകള്‍ ശേഖരിക്കുകയും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ (NIHSAD) എത്തിച്ചു നടത്തിയ പരിശോധനകളില്‍ ഇത് ലംപി സ്‌കിന്‍ രോഗമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കര്‍ഷകരുടെ അറിവിലേക്കായി ഈരോഗത്തിന്റെ പ്രസക്തമായ ചില കാര്യങ്ങള്‍ താഴെ കുറിക്കുന്നു.

പ്രധാനമായും കന്നുകാലികളില്‍

പ്രധാനമായും കന്നുകാലികളിലാണ് രോഗലക്ഷണം പ്രകടമായി കാണുന്നത്. എരുമ, ജിറാഫ്, മാന്‍ വിഭാഗത്തില്‍പ്പെടുന്ന ജീവികളിലും അസുഖം വരാനുള്ള സാധ്യതയുണ്ട്. രോഗം പ്രധാനമായും പകരുന്നത് ഈച്ച, കൊതുക്, പട്ടുണ്ണി പോലെയുള്ള രോഗവാഹകരായ ജീവികള്‍ മൂലമാണെന്ന് കരുതപ്പെടുന്നു. രോഗാണുവുമായി നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കം മൂലമോ, അതുമല്ലെങ്കില്‍ രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട തീറ്റയിലൂടെയോ, വെള്ളത്തിലൂടെയോ രോഗം പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പാലിലൂടെയും, ബീജദാന ത്തിലൂടെയും രോഗം പകരുന്നതായി കെണ്ടത്തിയിട്ടുണ്ട്.

ഉയര്‍ന്ന പനിയും മുഴകളും

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഒന്നു മുതല്‍ നാല് ആഴ്ചകള്‍ക്കകം രോഗലക്ഷണം പ്രകടമാകും. ഉയര്‍ന്ന പനി (40.5oc നുമുകളില്‍), ലസിക ഗ്രന്ഥികളുടെ വീക്കം, തൊലിപ്പുറത്തു കാണുന്ന വീക്കമോ, ചെറു മുഴകളോ ആണ് ലംപി സ്‌കിന്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. മുഴകള്‍ക്ക് ഒന്നു മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെ വ്യാസം ഉായിരിക്കും. രോഗത്തിന്റെ തീവ്രത അനുസരിച്ച് ശരീരം മുഴുവനോ അല്ലെങ്കില്‍ ശരീരത്തിന്റെ ഏതാനും ഭാഗങ്ങളിലോ മുഴകള്‍ കാണപ്പെടുന്നു. രോഗം മൂര്‍ച്ഛിക്കുന്നതിനോടൊപ്പം മുഴയുടെ മദ്ധ്യഭാഗം വ്രണം ആകുകയും പിന്നീട് പൊറ്റവന്നു മൂടുകയും ചെയ്യും. ആ അവസരത്തില്‍ മറ്റു ബാക്ടീരിയ മൂലമുാകുന്ന അസുഖങ്ങള്‍ രോഗബാധിതരായ കന്നുകാലികളെ എളുപ്പത്തില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്്. ന്യുമോണിയ, അകിടുവീക്കം എന്നിവ ഇതോടൊപ്പം സാധാരണയായി കാണപ്പെടുന്ന സങ്കീര്‍ണ്ണതകളാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമായും കൈകാലുകളിലും, നെഞ്ചിലും നീര്‍ക്കെട്ട്കാണാവുന്നതാണ്. അതോടൊപ്പം തന്നെ തീറ്റ എടുക്കാന്‍ മടിക്കുക, ഉമിനീരൊലിപ്പ്,മൂക്കൊലിപ്പ്, കണ്ണുനീരൊലിപ്പ് എന്നീ ലക്ഷണങ്ങളും കാണപ്പെടും. കറവയുള്ള പശുവിന്റെപാല്‍ ഗണ്യമായി കുറയുന്നു. വളരെ വിരളമായി ഗര്‍ഭം അലസലും ഉണ്ടായേക്കാം.

മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ കന്നുകാലികളില്‍ കാണപ്പെട്ടാല്‍ അത് ലംപി സ്‌കിന്‍ രോഗമായി സംശയിക്കാവുന്നതും രോഗനിര്‍ണ്ണയം ഉറപ്പുവരുത്തുന്നതിനായി രക്തം, ഉമിനീര്‍, മൂക്കില്‍ നിന്നുള്ള സ്രവം എന്നിവ ഭോപ്പാലിലെ NIHSAD ലേക്ക് മൃഗസംരക്ഷണ വകുപ്പ് മുഖാന്തരം അയച്ചുകൊടുക്കാവുന്നതും ആണ്. മുഴകളിലെ പഴുത്ത വ്രണങ്ങളിലും, പൊറ്റ കളിലും ഏകദേശം ഒരു മാസത്തോളവും, ഉണങ്ങിയ ചര്‍മ്മത്തില്‍ 18 ദിവസംവരെയുംരോഗഹാരിയായ വൈറസ് നിലനില്‍ക്കുന്നതായി കെത്തിയിട്ടുണ്ട്. പക്ഷേ കാലിത്തൊഴു
ത്തിന്റെ ഇരു മൂലകളില്‍ വൈറസിന് മാസങ്ങളോളം യാതൊരു കേടുപാടും കൂടാതെനിലനില്‍ക്കുവാന്‍ സാധിക്കും. അതുകൊണ്ടു തന്നെ രോഗബാധയുായ പശുവിന്റെ പരിസരം അണുനാശക ലായനികള്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.ഫിനോള്‍ 2%, സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി 3%, സോഡിയം ഹൈഡ്രോക്‌സൈഡ് 2%, അലക്കുകാരം 4% ഗ്ലൂട്ടറാല്‍ഡിഹൈഡ് 2% എന്നിവയൊക്കെ ഫലപ്രദമായ അണുനാശിനികള്‍ ആണ്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

വൈറസ് രോഗബാധയായതിനാല്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമല്ലാത്തതിനാല്‍, ദ്വിതീയ തലത്തില്‍ ബാക്ടീരിയ മൂലമുാകുന്ന സങ്കീര്‍ണ്ണതകള്‍ ഒരുപരിധിവരെ ആന്റിബയോട്ടിക് ഉപയോഗത്തിലൂടെ നിയന്ത്രിക്കുന്നത് രോഗതീവ്രത കുറയ്ക്കുന്നതിന് വളരെയധികം സഹായകമാകും. അതോടൊപ്പംതന്നെ പനി കുറക്കുന്നതിനുള്ള മരുന്നുകള്‍, വേദന സംഹാരികള്‍, മുറിവിനുള്ള ലേപനങ്ങള്‍, നിര്‍ജ്ജലീകരണം തടയുക എന്നിവ രോഗമുക്തി എളുപ്പമാക്കുന്നു.ദക്ഷിണാഫ്രിക്കയില്‍ ഉപയോഗത്തിലുള്ള നീതിലിംഗ് (Neethling) സ്‌ട്രെയിന്‍ പ്രതിരോധ കുത്തിവെയ്പ്പ് 77% ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രോഗനിര്‍ണ്ണയം നടത്തി കന്നുകാലികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതും പരിസരം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നതും രോഗാണുവാഹകരെന്നു കരുതുന്ന കീടങ്ങളെ നിയന്ത്രിക്കുന്നതിലൂടെയും രോഗം പടര്‍ന്നു പിടിക്കുന്നത് തടയുവാന്‍ സാധിക്കും.

തയാറാക്കിയത്

ഡോ. എസ്. സുള്‍ഫിക്കര്‍ (അസിസ്റ്റന്റ് പ്രൊഫസ്സര്‍,)

ഡോ. കെ. വിജയകുമാര്‍ (പ്രൊഫസ്സര്‍ & ഹെഡ്ഡ്, രോഗപ്രതിരോധ വിഭാഗം, വെറ്ററിനറി കോളേജ്, മണ്ണുത്തി,)

പ്രൊഫസ്സര്‍ (ഡോ.) എം. ആര്‍. ശശീന്ദ്രനാഥ് ( വൈസ് ചാന്‍സലര്‍, വെറ്ററിനറി സര്‍വ്വകലാശാല )

കടപ്പാട് ;ഹരിതകേരളം ന്യൂസ്


English Summary: Lumpiskin disease in cow

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine