ചേർത്തല : കോവിഡ് ബാധിച്ച അംഗങ്ങളുള്ള വീടുകളിൽ വളർത്തുന്ന പശുക്കളുടെയും മറ്റു മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ആനിമൽ ഡേ കെയർ സെന്റർ തുടങ്ങുന്നത്.
കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആനിമൽ ഡേ കെയർ സെന്റർ ആരംഭിക്കുവാൻ ക്ഷീരമേഖലയുമായി ബന്ധപ്പെട്ടവരുടെയും മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ജാഗ്രതാ സമിതിയുടെയും സംയുക്ത യോഗമാണ് തീരുമാനിച്ചത്.
പാൽ ഉത്പാദനമുള്ള പശുക്കളുടെ സംരക്ഷണം വിഷയമായപ്പോഴാണ് കഞ്ഞിക്കുഴി പഞ്ചായത്ത് ഇക്കാര്യത്തിൽ ഇടപെട്ടത്. കെ എൻ കാർത്തികേയൻ ചെയർമാനും ടി എൻ വിശ്വനാഥൻ കൺവീനറുമായ കമ്മിറ്റിയാണ് ഇതിനു നേതൃത്വം വഹിക്കുന്നത്.
ആനിമൽ ഡേ കെയർ സെന്റർ എന്ന പഞ്ചായത്തിന്റെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയോഗം നേരത്തെ അംഗീകാരം നൽകിയിരുന്നു. പഞ്ചായത്തിന്റെ മൂന്ന് ഭാഗങ്ങളിലായി സൗകര്യം ഒരുക്കുവാനാണ് ആലോചിച്ചിട്ടുള്ളത് . പഞ്ചായത്തിൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സന്നദ്ധസേനയ്ക്കും രൂപം നൽകും.
യോഗത്തിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ബൈരഞ്ജിത്, കെ കമലമ്മ, ജ്യോതിമോൾ, ബ്ലോക്ക് വൈസ് പ്രസിഡന്ട് ബിജി അനിൽകുമാർ വെറ്റിനറി സർജൻ ഡോ. എസ് ജയശ്രീ, പഞ്ചായത്ത് സെക്രട്ടറി ഗീതാകുമാരി, ക്ഷീരസംഘം പ്രെസിഡന്റുമാരായ കെ എൻ കാർത്തികേയൻ,ഓ പി മോഹൻദാസ്, ടി ജി ഗോപിനാഥൻ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ എസ് ജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ഗോപാലകൃഷ്ണൻ, ടി എൻ വിശ്വനാഥൻ, എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്തിലെ കോവിഡ് ബാധിതരുടെ വീടുകളിലുള്ള വളർത്തുമൃഗങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ സേവന പ്രവർത്തകരുടെ സഹായത്താൽ എത്തിച്ചു നൽകുന്ന പദ്ധതിയും ആനിമൽ ഡേ കെയർ സെന്റർ വഴിയുണ്ടാകുമെന്നു കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാറും പറഞ്ഞു .
Share your comments