<
  1. Livestock & Aqua

മൃഗങ്ങൾക്ക് കൃത്യമായ പരിചരണം കിട്ടും! എ-ഹെല്‍പ്പ് പദ്ധതിയ്ക്ക് തുടക്കം

പദ്ധതിയിലൂടെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെ വീട്ടുപടിക്കൽ എത്തിക്കാനും പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുമാണ് ശ്രമം

Darsana J
മൃഗങ്ങൾക്ക് കൃത്യമായ പരിചരണം കിട്ടും! എ-ഹെല്‍പ്പ് പദ്ധതിയ്ക്ക് തുടക്കം
മൃഗങ്ങൾക്ക് കൃത്യമായ പരിചരണം കിട്ടും! എ-ഹെല്‍പ്പ് പദ്ധതിയ്ക്ക് തുടക്കം

മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് എ-ഹെല്‍പ്പ് (A Help Scheme). അക്രഡിറ്റഡ് ഏജന്റ് ഫോര്‍ ഹെല്‍ത്ത് & എക്‌സ്റ്റന്‍ഷന്‍ ഓഫ് ലൈവ്‌സ്‌റ്റോക്ക് പ്രൊഡക്ഷന്‍ എന്നാണ് പദ്ധതിയുടെ പേര്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെ വീട്ടുപടിക്കൽ എത്തിക്കാനും പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുമാണ് ശ്രമം.

കൂടുതൽ വാർത്തകൾ: ചിക്കൻ വില മേലോട്ട്; ചൂടിൽ വാടിക്കരിഞ്ഞ് കോഴിക്കർഷകർ

മൃഗാരോഗ്യ സംരക്ഷണം, തീറ്റ പരിപാലനം, ശുദ്ധമായ പാലുല്‍പ്പാദനം, പുല്‍കൃഷി, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍, കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യുന്നതിനും ബാങ്കുകളില്‍ നിന്നും ലോണ്‍ ലഭ്യമാക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കല്‍, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഹെല്‍പ്പര്‍മാര്‍ക്ക് പരിശീലനം നല്‍കും. കര്‍ഷകര്‍ക്ക് പരമാവധി സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഈ സംവിധാനം വഴിയൊരുക്കും.

പദ്ധതിയ്ക്ക് തുടക്കം..

പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ജനങ്ങളിലെത്തിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ് ആശാവര്‍ക്കര്‍മാരുടെ മാതൃകയില്‍ എ ഹെല്‍പ്പര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. നിലവില്‍ 13 സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വിജയിച്ച പദ്ധതി കേരളത്തില്‍ കുടുംബശ്രീ വഴിയാണ് നടപ്പിലാക്കുന്നത്. കേരളത്തിലെ മൃഗസംരക്ഷണ മേഖലയ്ക്കും സ്ത്രീശാക്തീകരണത്തിനും കൂടുതല്‍ ശക്തി പകരുന്നതാണ് പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. എ ഹെല്‍പ്പര്‍മാര്‍ക്കുള്ള പരിശീലന കിറ്റുകൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വിതരണം ചെയ്തു. കുടുംബശ്രീയുടെ സാന്നിധ്യമോ ഇടപെടലോ ഇല്ലാത്ത ഒരു പ്രവര്‍ത്തനങ്ങളും കേരളീയ സമൂഹത്തില്‍ നടക്കില്ലെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നാടിനാകെ പ്രയോജനപ്പെടുന്ന പദ്ധതിക്കാണ് ഇപ്പോള്‍ തുടക്കമിട്ടത്. തൊഴില്‍, ഉപജീവന മാര്‍ഗം, വരുമാനം എന്നിവ സൃഷ്ടിക്കുന്നതില്‍ മികച്ച മാതൃകയാണ് കുടുംബശ്രീയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിയെക്കുറിച്ച്..

ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസഹായത്തോടെ മൃഗസംരക്ഷണ വകുപ്പും കുടുംബശ്രീയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ മേഖലയില്‍ പരീക്ഷിച്ച് വിജയിച്ച ആശാവര്‍ക്കര്‍മാരുടെ മാതൃകയിലാണ് സംസ്ഥാനത്തൊട്ടാകെ 2,000 എ-ഹെല്‍പ്പര്‍മാരെ വില്ലേജ് തലത്തില്‍ നിയമിക്കുന്നത്. ഇവര്‍ക്ക് മൃഗാരോഗ്യ സംരക്ഷണം, കന്നുകാലികളുടെ രോഗപ്രതിരോധം, തീറ്റ പരിപാലനം, ശുദ്ധമായ പാലുല്‍പ്പാദനം, പുല്‍കൃഷി, പ്രഥമ ശുശ്രൂഷ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍, കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യുന്നതിനും, ബാങ്കുകളില്‍ നിന്നും ലോണ്‍ ലഭ്യമാക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കല്‍, രോഗപ്രതിരോധ കുത്തിവയ്പ്പിനു വേണ്ട സഹായം നല്‍കല്‍, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കും.

40 ദിവസത്തെ പശുസഖി പരിശീലനം പൂര്‍ത്തിയാക്കിയ കുടുംബശ്രീ അംഗങ്ങളെയാണ് എ ഹെല്‍പ്പര്‍മാരായി നിയമിക്കുന്നത്. ഇവര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ 16 ദിവസത്തെ ഉന്നത പരിശീലനവും നല്‍കും. മൃഗസംരക്ഷണ വകുപ്പ് ജയറക്ടര്‍ ഡോ.എ.കൗശിഗന്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ഡി.എ.എച്ച്.ഡി അസിസ്റ്റന്റ് കമ്മിഷണര്‍ ഡോ.സുലേഖ എസ്.എല്‍, സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, കര്‍ഷകര്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

English Summary: Animals receive proper care A Help scheme launched in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds