കൊറോണ ഭീതി ഒഴിയാതെ നിലനിൽക്കുമ്പോൾ തന്നെയാണ് ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പക്ഷിപ്പനിയും പടരുന്നത് .2016ൽ കുട്ടനാട് ഭാഗത്തെ താറാവുകളിൽ ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പക്ഷിപ്പനി എന്ന രോഗം നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത് കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ ഒരു കോഴി ഫാമിലും ഒരു എഗ്ഗർ നഴ്സറിയിലുമാണ്. എന്നാൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും, നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശം നൽകുന്നതോടൊപ്പം തന്നെ പരിശോധനകൾ വ്യാപിപ്പിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ നിലവിൽ രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വിദഗ്ധ സംഘത്തിന്റെ പരിശോധനയും രോഗ പ്രതിരോധ പ്രവർത്തനങ്ങളും നടക്കും. ഇൻഫ്ലുവൻസ എ വിഭാഗം വൈറസ് ബാധ മൂലമുണ്ടാകുന്ന പക്ഷിപ്പനി, പക്ഷികളെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ്. കോഴി, താറാവ്, കാട, ടർക്കി എന്നുതുടങ്ങി എല്ലായിനം വളർത്തുപക്ഷികളെയും രോഗം ബാധിക്കാം. താറാവ്, ദേശാടനപ്പക്ഷികൾ എന്നിവയിൽ രോഗബാധ ഉണ്ടാകാമെങ്കിലും രോഗലക്ഷണങ്ങളും മരണനിരക്കും പൊതുവെ കുറവായിരിക്കും. എന്നാൽ, താറാവ്, ദേശാടനപ്പക്ഷികൾ എന്നീ ജല പക്ഷികൾ രോഗത്തെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് അതിവേഗം പടർത്താൻ കഴിയുന്ന രോഗവാഹകരാണ്.
രണ്ടു രീതിയിലാണ് ഈ രോഗം പക്ഷികളിൽ കാണപ്പെടുന്നത്. വീര്യം കുറഞ്ഞ രോഗാണു (എൽപിഎഐ) മൂലമുണ്ടാകുന്ന രോഗബാധ വലിയ രോഗ ലക്ഷണങ്ങളോ, മരണമോ ഉണ്ടാക്കുന്നില്ല. എന്നാൽ, തീവ്ര സ്വഭാവത്തിലുള്ളവയായ (എച്ച്പിഎഐ) വിഭാഗം രോഗാണു, പെട്ടെന്നുള്ള കൂട്ട മരണത്തിനും, വലിയ മരണ നിരക്കിനും കാരണമായേക്കാവുന്നവയാണ്. സാധരണ ഗതിയിൽ പക്ഷിപ്പനി പെട്ടെന്ന് മനുഷ്യരിലേക്ക് പടരില്ലെങ്കിലും, ഇൻഫ്ലുവൻസ എ വിഭാഗം വൈറസുകൾ പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് പടരാൻ കെൽപ്പുള്ള ഒരു രോഗാണുവാണ്. പ്രത്യേകിച്ച് H5N1, H7N9, H9N2 എന്നിവ ഇത്തരത്തിൽ മനുഷ്യരിലേക്ക് പടരുന്ന വൈറസ് ടൈപ്പുകളാണെന്നു കണ്ടെത്തിയിട്ടുണ്ട്. രോഗ ബാധയേറ്റ പക്ഷികളുമായി സമ്പർക്കത്തിലേർപ്പെടുന്നവർ, അവയെ പരിപാലിക്കുന്നവർ, കശാപ്പു നടത്തുന്നവർ, രോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മൃഗ ഡോക്ടർമാർ എന്നിവർക്ക് രോഗ ബാധ ഏൽക്കാൻ സാധ്യത കൂടുതലാണ്. ജനിതക ഘടനയിൽ വ്യതിയാനം വന്ന് മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു മഹാമാരിയായി മാറാനുള്ള സാധ്യതകൾ കൂടി കണക്കിലെടുത്താണ് പക്ഷിപ്പനി പലപ്പോഴും അതിവേഗം നിയന്ത്രണ വിധേയമാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുമായി വിവിധ സർക്കാർ വകുപ്പുകൾ മുന്നോട്ടു പോകുന്നത്.
സാധാരണ ഗതിയിൽ പക്ഷികളിൽ രോഗ ബാധയേറ്റ് 2 മുതൽ 5 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. പക്ഷികളിൽനിന്ന് പക്ഷികളിലേക്ക് വായുവിലൂടെയാണ് രോഗം പകരുന്നത്. രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠം, സ്രവങ്ങൾ, ഉപകരണങ്ങൾ, പരിചരണത്തിലേർപ്പെടുന്ന മനുഷ്യർ, പക്ഷികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയിലൂടെ മറ്റു സ്ഥലങ്ങളിലേക്ക് രോഗം പകരാം. തീറ്റ, കുടിവെള്ളം എന്നിവയിലൂടെയും രോഗപ്പകർച്ച സാധ്യമാണ്.
ലക്ഷണങ്ങൾ
കോഴികളിൽ പെട്ടെന്നുണ്ടാകുന്ന കൂട്ട മരണം, പൂവ്, ആട എന്നിവിടങ്ങളിലെ നീലിപ്പ്, തളർച്ച, അതിസാരം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
നിയന്ത്രണം
വൈറസ് രോഗമായതിനാൽ തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്തതിനാൽ ഇതു പ്രതിരോധിക്കാനായി ജൈവസുരക്ഷാ മാർഗങ്ങൾ അവലംബിക്കേണ്ടതാണ്.
ദേശാടനപ്പക്ഷികൾ, വന്യ പക്ഷികൾ എന്നിവയെ ഫാമിലേക്ക് കടക്കാൻ അനുവദിക്കരുത്. പല ഇനത്തിലും പ്രായത്തിലുമുള്ള പക്ഷികളെ ഒരുമിച്ച് വളർത്തുന്നത് ഒഴിവാക്കണം. ഫാമുകളിൽ സന്ദർശകരെ അനുവദിക്കരുത്.
ഫാമുകളിൽ വ്യക്തി ശുചിത്വം നിർബന്ധമാക്കുകയും, കൂടുകൾ സ്ഥിരമായി അണുനശീകരണം നടത്തി സൂക്ഷിക്കുകയും വേണം.
പുറത്തുനിന്ന് അലങ്കാരക്കോഴികളെയും മറ്റും വാങ്ങി ഫാമുകളിൽ കൊണ്ടുവരുന്നവർ ഒരു മാസത്തെ നിർബന്ധിത ക്വാറന്റൈൻ നടത്തി മാത്രം മറ്റുള്ള കോഴികളുടെ കൂട്ടത്തിൽ ചേർക്കുക.
ഫാമുകളിൽ കോഴികളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ മുഖാവരണം, കൈയ്യുറകൾ എന്നിവ ധരിക്കാൻ ശ്രദ്ധിക്കണം.
അസാധാരണമായുള്ള കൂട്ട മരണങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ ഉടൻ തന്നെ തൊട്ടടുത്ത മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയും സംശയ നിവാരണത്തിനായി തൊട്ടടുത്തുള്ള പഞ്ചായത്തിലെ മൃഗ ഡോക്ടറെ സമീപിക്കുകയും വേണം.
സംശയ നിവാരണങ്ങൾക്കായി മൃഗ സംരക്ഷണ വകുപ്പിനെയോ വെറ്ററിനറി സർവകലാശാലയെയൊ സമീപിക്കാവുന്നതാണ്.
നന്നായി പാകം ചെയ്ത് കഴിക്കുന്ന മുട്ട, ഇറച്ചി എന്നിവയിലൂടെ ഒരു കാരണവശാലും രോഗം പകരില്ല എന്നതിനാൽ കോഴി ഇറച്ചിയോ മുട്ടയോ കഴിക്കുന്നതിന് ഒട്ടും ഭയക്കേണ്ടതില്ല. രോഗ പ്രതിരോധത്തിന് ചിട്ടയായ പ്രവർത്തനവും, ജാഗ്രതയും മതി.
കടപ്പാട് മനോരമ
Share your comments