കോഴിവളര്‍ത്തലില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശുചിയായ വെളളം.ശരീര ഊഷ്മാവ് കൂടുതലുളളതും സ്വേദ ഗ്രന്ഥികളുടെ അഭാവവും വേനല്‍ക്കാലത്തുളള ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും കോഴികളുടെ ഉല്‍പാദനവും വളര്‍ച്ചയും കുറയ്ക്കുന്നു. അതിനാല്‍ ശ്രദ്ധാപൂര്‍വമായ പരിചരണം ആവശ്യമാണ്. താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. *
* ശുചിത്വമുളള തണുത്ത വെളളം ധാരാളം കുടിക്കാന്‍ കൊടുക്കുക. അന്തരീക്ഷ ഊഷ്മാവിനെക്കാള്‍ കുറഞ്ഞ താപനില വെളളത്തിന് ഉണ്ടായിരിക്കേണ്ടതാണ്. അതിനാല്‍ ഐസ് ഇട്ട് ചൂട് കുറയ്ക്കാവുന്നതാണ്.
* തണുപ്പു കാലത്ത് കുടിക്കുന്ന വെളളത്തിന്റ അളവിനെക്കാള്‍ നാലിരട്ടി വെളളം വേനല്‍ക്കാലത്ത് കുടിക്കും. അതിനാല്‍ വെളളം കൊടുക്കുന്ന പാത്രത്തിന്റെ എണ്ണം ഇരട്ടിയാക്കണം. ഇതിനു പുറമെ നാലു പ്രാവശ്യമെങ്കിലും വെളളം നല്‍കാന്‍ ശ്രദ്ധിക്കണം.
* ആഴം കൂടുതലുളള പാത്രത്തില്‍ വെളളം നല്‍കണം. ഇത് കോഴിയുടെ താടയും ചുണ്ടും വെളളത്തില്‍ മുങ്ങി ശരീര ഊഷ്മാവ് കുറയ്ക്കാന്‍ സഹായിക്കുന്നു.
* മണ്‍പാത്രത്തില്‍ വെളളം നല്‍കുന്നത് ടിന്‍ പാത്രത്തില്‍ നല്‍കുന്നതിനെക്കാള്‍ ഉത്തമമാണ്.
* വേനല്‍കാലത്ത് സാധാരണ കോഴി കുറച്ച് തീറ്റ് മാത്രം തിന്നുകയുളളൂ. അതിനാല്‍ തീറ്റയില്‍ പോഷക ഘടകങ്ങളുടെ സാന്ദ്രത കൂട്ടേണ്ടതാണ്. പ്രത്യേകിച്ച് മാംസ്യ, ഊര്‍ജ്ജം, വിറ്റാമിന്‍, ധാതു ലവണങ്ങളുടെ ലഭ്യത കൂട്ടേണ്ടതാണ്.
* ദിവസവും നാലോ അഞ്ചോ തവണ തീറ്റ ഇളക്കിക്കൊടുക്കണം. ഇത് കൂടുതല്‍ തീറ്റ എടുക്കാന്‍ സഹായിക്കുന്നു.
* അതിരാവിലെയും വൈകുന്നേരവും തീറ്റ നല്‍കാന്‍ ശ്രദ്ധിക്കുക. കാരണം കുറഞ്ഞ അന്തരീക്ഷ ഊഷ്മാവുളള സമയത്ത് കൂടുതല്‍ തീറ്റ തിന്നും. 30 ഡിഗ്രി ഫാരന്‍ഹീറ്റ് അന്തരീക്ഷ ഊഷ്മാവിനെക്കാള്‍ ഓരോ ഫാരന്‍ ഹീറ്റ് കൂടുതല്‍ ചൂടിനും ഒരു ശതമാനം കൂടുതല്‍ തീറ്റയാണ് തിന്നുക.
* ഇതിനു പുറമെ ചൂടിന്റെ തീക്ഷ്ണത കുറയ്ക്കുവാന്‍ കൂടിനു ചുറ്റും തണല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കാവുന്നതാണ്. മേല്‍ക്കൂരയില്‍ വെളള പെയിന്റ് അടിക്കുന്നത് നല്ലതാണ്.
* സ്പ്രിംഗ്‌ളര്‍ ഉപയോഗിച്ച് മേല്‍ക്കൂരയുടെ മേല്‍ നനച്ചു കൊടുക്കാവുന്നതാണ്.
* വൈക്കോലോ കാലിച്ചാക്കോ മേല്‍ക്കൂരയുടെ മേല്‍ വിരിച്ച് ചെറുതായി നനച്ചു കൊടുക്കാവുന്നതാണ്. വെളളം നനച്ചു കൊടുക്കുമ്പോള്‍ കൂടുതല്‍ ഈര്‍പ്പം ആകാതെ സൂക്ഷിക്കണം. കാരണം ഉയര്‍ന്ന ഊഷ്മാവും ഈര്‍പ്പവും രോഗങ്ങള്‍ വരാന്‍ ഇടയാക്കും.
* കോഴിയുടെ നേരെ മുകളിലായി കാറ്റു വരത്തക്കവിധം ഫാന്‍ ഘടിപ്പിക്കുക.
* താഴെപ്പറയുന്ന ഏതെങ്കിലും മരുന്ന് വെളളത്തില്‍ ചേര്‍ത്തു കൊടുക്കുന്നത് വേനല്‍കാലത്തെ ചൂടിന്റെ ആഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായകരമാണ്.
വിറ്റാമിന്‍ -സി 44 മി.ഗ്രാം ഒരു കി. ഗ്രാം തീറ്റയില്‍ എന്ന നിരക്കില്‍ ചേര്‍ത്തു നല്‍കാം.
സോഡിയം ബൈ കാര്‍ബണേറ്റ് ഒരു ശതമാനം എന്ന നിരക്കില്‍ നല്‍കുക.
അമോണിയം ക്ലോറൈഡ് ഒരു ശതമാനം തീറ്റയില്‍ ചേര്‍ത്തു നല്‍കാം.
വിറ്റാമിന്‍ - എ, വിറ്റാമിന്‍ - ഇ, കാല്‍സ്യം, ഫോസ്ഫറസ്സ്, വിറ്റാമിന്‍- ഡി എന്നിവ സാധാരണ കൊടുക്കുന്ന അളവിനെക്കാള്‍ കൂടുതലായി നല്‍കേണ്ടതാണ്.
കോളിബാസ്സില്ലോസിസ്, രക്താതിസാരം, സാള്‍മണെല്ലോസിസ്, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വെളളത്തിലൂടെയാണ് പകരുന്നത്. കോഴികുടിക്കുന്ന വെളളത്തില്‍ 5 ഗ്രാം പാല്‍പൊടി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി കൊടുക്കുന്നത് നല്ലതാണ്. വെളളം ശുചീകരിക്കാന്‍ ഫില്‍ട്ടറേഷന്‍, ഓസോണൈസേഷന്‍, അള്‍ട്രാവയലറ്റ് രശ്മി രാസപദാര്‍ദ്ധം ചേര്‍ക്കല്‍ എന്നീ വഴികള്‍ അവലംബിക്കാം. കുടിക്കാനുളള വെളളത്തില്‍ ക്ലോറിന്‍ ചേര്‍ക്കുകയാണ് ഏറ്റവും ചിലവു കുറഞ്ഞ വഴി. 35 ശതമാനം ക്ലോറിനുളള 5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ 1000 ലിറ്റര്‍ വെളലത്തില്‍ ചേര്‍ത്ത് ഒരു മണിക്കൂറിനു ശേഷം വെളളം കോകള്‍ക്ക് കുടിക്കാന്‍ കൊടുക്കാം.
ബിറ്റാഡിന്‍ ലോഷനും കുടിക്കാനുളള വെളളത്തില്‍ ചേര്‍ക്കാം. 1.6 ശതമാനം പൊവിഡോണ്‍ അയഡിന്‍ അംടങ്ങിയിരിക്കുന്ന അസിഫോര്‍, ലോട്ടീല്‍, പയോഡിന്‍, വൊക്കാഡിന്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ വാങ്ങാം. ക്ലോറിന്‍ കൊണ്ട് വെളളം അണുനാശനം വരുത്തുന്നതിനെക്കാളും ചിലവേറിയതാണ് അയഡിന്‍ പ്രയോഗം. ഒരു മില്ലി 10 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ അയൊഡിന്‍ ചേര്‍ക്കാം. കൂടാതെ ക്വാര്‍ട്ടനറി അമോമിയം സംയുക്തങ്ങളും ചേര്‍ക്കാം ക്വാട്ട്, ക്വാട്ടാവെറ്റ്, എന്‍സിവെറ്റ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ വാങ്ങി ഒരു മില്ലി 10 ലിറ്റര്‍ വെളളത്തില്‍ ചേര്‍ക്കാം. വെളളത്തിന്റെ അമ്ലഗുണം കൂട്ടുവാന്‍ വിനാഗിരി ഒരു മി. ലിറ്റര്‍ വെളളത്തില്‍ കലക്കിയാല്‍ കുടിവെളളത്തിലെ അപകടകരമായ അണുക്കളുടെ എണ്ണം കുറയ്ക്കാം. കൂട്ടില്‍ ഏതു സമയത്തും ശുദ്ധമായ വെളളം കുടിക്കുവാന്‍ ലഭ്യമാക്കണം. ഓരോ കോഴിക്കും 3-8 സെ.മീറ്റര്‍ അളവില്‍ വെളളപാത്രം വേണം. 50-70 കോഴികള്‍ക്ക് ഒരു വെളളപാത്രം മതിയാകും. ഓട്ടോമാറ്റിക് സംവിധാനത്തില്‍ 10-20 കോഴികള്‍ക്ക് ഒരു നിപ്പിള്‍ വേണം.
Share your comments