വിനോദമെന്ന നിലയില്‍, വര്‍ണഭംഗിയുള്ള അലങ്കാരമത്സ്യങ്ങളെ കണ്ണാടിക്കൂട്ടിനുള്ളില്‍ വളര്‍ത്തുന്നത് വളരെ വേഗം പ്രചാരം നേടുകയാണ്. ഓരോ ദിവസവും നൂറുകണക്കിനാളുകള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്.എന്നാൽ ഒരു അക്വേറിയം ടാങ്ക് സജ്ജീകരിക്കുന്നതില്‍ പല ഘടകങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. അക്വേറിയം ടാങ്ക് സ്ഥാപിക്കുവാനുദ്ദേശിക്കുന്ന സ്ഥലം, ടാങ്കിന്റെ വലുപ്പം; ആകൃതി, തരം, ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്‍ഡ്. ടാങ്കിന്റെ മുകള്‍മൂടി, ടാങ്കില്‍ സ്ഥാപിക്കേണ്ട ഫില്‍ട്ടര്‍, എയ്റേറ്റര്‍, ഫീഡിംഗ് ട്രേകള്‍, ലൈറ്റുകള്‍, മറ്റു അനുബന്ധ സാധനങ്ങൾ , ടാങ്കില്‍ നിറയ്ക്കുന്ന വെള്ളം, നടുവാനുദ്ദേശിച്ചിട്ടുള്ള ചെടികള്‍, പായലുകള്‍, നിക്ഷേപിക്കാനുദ്ദേശിച്ചിട്ടുള്ള മത്സ്യഇനങ്ങള്‍, മത്സ്യങ്ങള്‍ക്കു നല്‍കേണ്ട തീറ്റകള്‍, രോഗപ്രതിരോധ മരുന്നുകള്‍ തുടങ്ങി എല്ലാ കാര്യങ്ങളും മുന്‍കൂട്ടി വിശദമായി ആലോചിച്ച് ആസൂത്രണം ചെയ്യണം.
ഹോം അക്വേറിയം
സാധാരണയായി തയ്യാറാക്കിവരുന്ന അക്വേറിയം ടാങ്കുകളുടെ ആകൃതി ദീര്‍ഘചതുരമാണ്. നീളം x വീതി x ഉയരം എന്ന കണക്കില്‍ 60 x 30 x 30 സെ.മീ. (54 ലി.)., 90 x 30 x 38 സെ.മീ. (104 ലി.), 90 x 38 x 45 സെ.മീ. (156 ലി.), 120 x 38 x 45 സെ.മീ. (209 ലി.) - അളവിലുള്ള അക്വേറിയങ്ങളാണ് പൊതുവേ ഉണ്ടാക്കുന്നത്. അളവിലും ആകൃതിയിലും വ്യത്യസ്തമായ അക്വേറിയങ്ങള്‍ ഇപ്പോള്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. ബലമുള്ള സ്റ്റാന്റുകളില്‍ ഉറപ്പിച്ചിട്ടുള്ളതും പല ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ള മുകളടപ്പോടുകൂടിയതുമായ അക്വേറിയങ്ങളാണ് 'ഹോം അക്വേറിയം' എന്ന വിഭാഗത്തില്‍പ്പെടുന്നത്.
ആള്‍-ഗ്ളാസ് അക്വേറിയം ടാങ്കുകൾ
'സിലിക്കോണ്‍ സീലന്റ്' ഉപയോഗിച്ച് നാലുവശവും അടിയിലും ഗ്ളാസ് ഷീറ്റുകള്‍ ഒട്ടിച്ചുണ്ടാക്കുന്ന 'ആള്‍-ഗ്ളാസ് അക്വേറിയം ടാങ്കുകളാണ് ഇപ്പോള്‍ സര്‍വസാധാരണമായിട്ടുള്ളത്. വിവിധതരം ഫ്രെയിമുകള്‍ തീര്‍ത്ത് അക്വേറിയം ടാങ്കുകള്‍ അതിനുള്ളില്‍ ഇറക്കിവയ്ക്കുമ്പോള്‍ അവയ്ക്ക് കൂടുതല്‍ ആകര്‍ഷകത്വമുണ്ടാകുന്നു. ഗ്ളാസ് ഷീറ്റുകള്‍ക്കു പകരം 'അക്രിലിക്' ഷീറ്റുകള്‍ ഉപയോഗിച്ചും അക്വേറിയം ടാങ്കുകള്‍ ഉണ്ടാക്കാറുണ്ട്.
അക്വേറിയം ടാങ്കുകള്‍ സജ്ജീകരിക്കേണ്ട രീതി
വെള്ളം ചോരാത്ത രീതിയില് നന്നായി ഒട്ടിച്ചുണ്ടാക്കിയ അക്വേറിയത്തില് ഒരു വാട്ടര് ഫില്ട്ടര് സജ്ജീകരിക്കുക എന്നതാണ് ആദ്യത്തെ നടപടി. വെള്ളം എപ്പോഴും ശുദ്ധമായിരിക്കാനും മത്സ്യങ്ങള് ആരോഗ്യത്തോടെ ടാങ്കിലെ വെള്ളത്തില് ജീവിച്ചിരിക്കുവാനും അക്വേറിയം ടാങ്കിലെ വെള്ളം നിരന്തരം മാറ്റുന്നത് ഒഴിവാക്കുവാനുമാണ് ടാങ്കില് ഒരു വാട്ടര് ഫില്ട്ടര് ഘടിപ്പിക്കുന്നത്. വിവിധതരം വാട്ടര് ഫില്ട്ടറുകള് ഉണ്ട്. മെക്കാനിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ എന്നിങ്ങനെ ഫില്‍ട്ടറുകളെ മൂന്നായി തരംതിരിക്കാം. മെക്കാനിക്കല്‍ ഫില്‍ട്ടര്‍ വെള്ളത്തില്‍ തങ്ങിനില്‍ക്കുന്ന വലിയ പൊടിപടലങ്ങളും അഴുക്കുകളും നീക്കം ചെയ്യും. കെമിക്കല്‍ഫില്‍ട്ടര്‍ ജലത്തിന്റെ രാസഘടന നഷ്ടപ്പെടാതെ നിലനിര്‍ത്തും. എന്നാല്‍ ഒരു ബയോഫില്‍ട്ടര്‍, ടാങ്കിന്റെ അടിത്തട്ടില്‍ കൂട്ടമായി വളരുന്ന ബാക്ടീരിയങ്ങളെ പരിപോഷിപ്പിച്ച് ടാങ്കിലുണ്ടാകുന്ന അഴുക്കുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ചുരുക്കത്തില്‍ ഒരു ബയോഫില്‍ട്ടര്‍ മെക്കാനിക്കല്‍, കെമിക്കല്‍ഫില്‍ട്ടറുകളുടേതടക്കമുള്ള എല്ലാ ശുചീകരണ പ്രവര്‍ത്തനങ്ങളും ഒരുമിച്ച് നിര്‍വഹിക്കുന്നു എന്നു പറയാം.
ഗ്ലാസ് അക്വേറിയങ്ങളുടെ അടിയില്‍ വയ്ക്കാവുന്ന പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ചതുരത്തിലുള്ളതും ദ്വാരങ്ങളോടുകൂടിയതുമായ ഒരു ഉപകരണമാണ് ബയോളജിക്കല്‍ ഫില്‍ട്ടര്‍ ഉണ്ടാക്കുവാനുപയോഗിക്കുന്നത്. ഇതില്‍നിന്നുള്ള ഒരു ട്യൂബ് വഴി ഫില്‍ട്ടറിനടിയിലൂടെ വായു കടത്തിവിടുവാന്‍ കഴിയും. ഈ ഫില്‍ട്ടര്‍ സംവിധാനം ടാങ്കിനടിയില്‍ വച്ചതിനുശേഷം അതിനുള്ളില്‍ ചെറുപരലുകളും മണലും 5-7.5 സെ.മീ. കനത്തില്‍ വിതറിയശേഷം ടാങ്കില്‍ സാവകാശം വെള്ളം നിറയ്ക്കണം. ഫില്‍ട്ടറിനടിയിലൂടെ വായു കടത്തിവിടുമ്പോള്‍ അവ കുമിളകളായി മണലിലൂടെ മുകളിലേക്ക് പോകുകയും ടാങ്കിനുള്ളിലെ വെള്ളം പരിസഞ്ചരണം ചെയ്യുകയും അടിത്തട്ടിലെ മണ്ണില്‍ ജലത്തിലുള്ള അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും തങ്ങി നില്‍ക്കുകയും വെള്ളം ശുദ്ധീകരിക്കുകയും ചെയ്യും. ഈ മണ്ണില്‍ ജലസസ്യങ്ങള്‍ കൂടി വച്ചുപിടിപ്പിച്ചാല്‍ അക്വേറിയം ടാങ്കിലുണ്ടാകുന്ന അമോണിയയെ ഈ ഫില്‍ട്ടറിലെ ബാക്ടീരിയങ്ങള്‍ നൈട്രൈറ്റായും നൈട്രേറ്റായും മാറ്റുന്നതിനാല്‍ അവ ജലസസ്യങ്ങള്‍ക്കുള്ള പോഷകങ്ങളാകുന്നു.
ടാങ്കുകളില്‍ സസ്യങ്ങള്‍ക്കു വേരുറച്ചുനില്ക്കാന്‍ കഴിയുംവിധത്തില്‍ ആവശ്യത്തിന് മണലോ ചരലോ ഇടേണ്ടതാണ്. കരിങ്കല്ല്, ക്വാര്‍ട്സൈറ്റ്, സ്ലേറ്റ്കല്ല്, മാര്‍ബിള്‍ തുടങ്ങിയവ അനുയോജ്യമായ തരത്തിലും രൂപത്തിലും ഇവയ്ക്കു പശ്ചാത്തലമായി ഉപയോഗിക്കണം. കളിമണ്ണ്, സ്ഫടികം, പ്ലാസ്റ്റിക് തുടങ്ങിയവകൊണ്ട് നിര്‍മിച്ച കൃത്രിമ ശിലാഖണ്ഡങ്ങളും ഇതിനു സ്വീകരിക്കാവുന്നതാണ്. അക്വേറിയത്തില്‍ വളര്‍ത്തേണ്ട സസ്യങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധിക്കണം. മണല്‍ ആവശ്യമില്ലാതെ വേഗം പടര്‍ന്ന് വളരാന്‍ കഴിയുന്നവയും ഓക്സിജന്‍ ധാരാളം ഉത്പാദിപ്പിക്കുന്നവയുമാകണം തിരഞ്ഞെടുക്കപ്പെടുന്ന സസ്യങ്ങള്‍. വാലിസ്നേറിയ (vallisneria) സാജിറ്റേറിയ (Sagittaria) മിറിയോഫില്ലം (Myriophyllam) എക്കിനോഡോറസ് (Echinodorus) ഹൈഗ്രോഫില (Hygrophila) എന്നിവ ഇതിനു പറ്റിയവയാണ്. ഇവയുടെ പ്രതലാവരണത്തിനു റിക്സിയയും ലെമ്നയും (Riccia & Lemna)ഉപയോഗിക്കപ്പെടുന്നു. ഉള്‍ഭാഗത്തിന് തണല്‍ നല്കുന്ന കാര്യത്തിലും ഈ ചെടികള്‍ പ്രയോജനപ്പെടും.
നൈറ്റെല്ല (Nitella) തുടങ്ങിയ ചില പ്രത്യേകതരം ആല്‍ഗകള്‍ അന്നാംശം കലര്‍ന്നവയും ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നവയും ആകയാല്‍ ഇവ അക്വേറിയങ്ങളുടെ സുസ്ഥിതിക്കു സഹായകമാണെങ്കിലും, ഇക്കൂട്ടത്തിലെ പലതും വെള്ളത്തിനു പച്ചനിറം വരുത്തുകയും മത്സ്യങ്ങളെ നോക്കിക്കാണാന്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രകാശഗതി ക്രമപ്പെടുത്തിയും വെള്ളത്തില്‍ ആവശ്യമായ അഭിക്രിയകള്‍ നടത്തിയും ഇത് പരിഹരിക്കാം. മറ്റു ചിലയിനം ആല്‍ഗകള്‍ (Blue-green algae, Brown Algae) സ്ഫടികച്ചില്ലുകളില്‍ പായല്‍പോലെ പറ്റിപ്പിടിക്കും. ഇവ സ്പോഞ്ച് കൊണ്ടോ തുണിക്കഷണങ്ങള്‍ കൊണ്ടോ തുടച്ചുമാറ്റണം. അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന ജൈവപദാര്‍ഥങ്ങള്‍ കൃത്യമായി വെളിയിലേക്ക് വലിച്ചു കളയേണ്ടതാണ്.
സസ്യങ്ങള്‍ വേരുപിടിച്ചുകഴിഞ്ഞാല്‍ ടാങ്കിനെ പ്ലാസ്റ്റിക്കോ പ്ലൈവുഡോ കൊണ്ടുണ്ടാക്കിയ മൂടികൊണ്ടടയ്ക്കുന്നു. ഇതില്‍ ലൈറ്റിംഗിനും എയ്റേഷനും എല്ലാക്രമീകരണങ്ങളും ഉണ്ടാകണം. ഒരു വായുബുദ്ബുദധാര ഇതിനുള്ളിലൂടെ പായിച്ചാല്‍ കൂടുതല്‍ ഓക്സിജന്‍ ഇതിനുള്ളില്‍ ലയിക്കാനും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുകളയാനും ജലപരിസഞ്ചരണം സുഗമമാക്കാനും കഴിയുന്നു. അക്വേറിയത്തിലെ ജലത്തിന്റെയും മത്സ്യങ്ങളുടെയും ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നതിനും നിറഭേദങ്ങള്‍ നല്‍കുന്നതിനും അക്വേറിയം ലൈറ്റുകള്‍ ഉപയോഗിക്കുന്നു. വെള്ളം ചൂടാക്കുന്ന ലൈറ്റുകള്‍ ഒഴിവാക്കണം. എന്നാല്‍ ജലസസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ലൈറ്റുകള്‍ അത്യാവശ്യമാണ്. ദിവസവും ഏതാനും മണിക്കൂറുകളിലേക്കെങ്കിലും പ്രത്യക്ഷമോ പ്രസാരിതമോ ആയ ഏതെങ്കിലും പ്രകാശം ടാങ്കുകളില്‍ കടത്തിവിടണം. കൃത്രിമപ്രകാശത്തിന് പ്രതിദീപ്തമോ (fluorescent) താപദീപ്തമോ (incandescent) ആയ ദീപമാണ് വേണ്ടത്.
വെള്ളത്തിന്റെ താപനില ക്രമപ്പെടുത്തി നിര്‍ത്തേണ്ടതും വളരെ ആവശ്യമാണ്. ഒരിക്കലും അതു വളരെ ഉയര്‍ന്നു പോകാനിടയാകരുത്. ചൂടുവെള്ളത്തില്‍ മത്സ്യങ്ങള്‍ പെട്ടെന്നു തളര്‍ന്നുപോകും. പച്ചവെള്ളത്തെ അപേക്ഷിച്ച് വളരെ കുറച്ചു ഓക്സിജന്‍ മാത്രമേ ചൂടുവെള്ളമുള്‍ക്കൊള്ളുന്നുള്ളു. ടാങ്കിലെ ജലത്തിന്റെ താപനില കുറയുന്ന അവസരങ്ങളില്‍ താപനില ക്രമീകരിക്കുന്നതിന് ടാങ്കിന്റെ അരികില്‍ ഹീറ്ററുകളും തെര്‍മോമീറ്ററുകളും സ്ഥാപിക്കാവുന്നതാണ്.It is also necessary to adjust the water temperature. It should never be too high. In hot water, the fish will suddenly get tired. Hot water contains less oxygen than green water. Heaters and thermometers can be installed on the side of the tank to adjust the temperature when the water temperature in the tank is lowered.
വിവിധതരം മീനുകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ വിധത്തില്‍ ജലത്തിന്റെ കാഠിന്യത്തിലും (hardness) വ്യത്യാസം വരുത്തേണ്ടതുണ്ട്. അല്‍പം കാഠിന്യമുള്ള ക്ഷാരീയജലമാണ് കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് ഉതകുന്നതെങ്കില്‍, മുട്ടയിടുന്നവയ്ക്കു വേണ്ടത് മൃദുവായ അമ്ളജലമാണ്. ജലസ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മത്സ്യവൃദ്ധിക്കു പ്രേരകമാകുമെന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
ടാങ്കിലെ ജലത്തിന്റെ ഗുണമേന്മ ഇടയ്ക്കിടെ പരിശോധിക്കണം. മത്സ്യങ്ങള്‍ പുറന്തള്ളുന്ന അഴുക്കും അവശിഷ്ടങ്ങളും 'അമോണിയ' ഉണ്ടാക്കുന്നവയാണ്. ഇത് ക്രമേണ മത്സ്യങ്ങള്‍ക്ക് ദോഷകരമാകുന്ന 'നൈട്രേറ്റു'കളായി മാറും. ബയോഫില്‍ട്ടര്‍ ശരിയായി ടാങ്കില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നൈട്രൈറ്റുകളെല്ലാം നൈട്രേറ്റുകളാക്കി മാറ്റപ്പെടുകയും അവ ജലസസ്യങ്ങള്‍ക്ക് പോഷകങ്ങളാകുകയും ചെയ്യും. ജലത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുകയാണെങ്കില്‍ ടാങ്കില്‍ നിന്നും ജലം മാറ്റണം. ഭാഗികമായോ പൂര്‍ണമായോ മാറ്റേണ്ടതുണ്ടോ എന്നു ശ്രദ്ധാപൂര്‍വം മനസ്സിലാക്കേണ്ടതുണ്ട്. ബയോഫില്‍ട്ടര്‍ നന്നായി പ്രവര്‍ത്തിക്കുന്ന ടാങ്കുകളില്‍ നിന്നും മാസങ്ങളോളം ജലം മാറ്റേണ്ടിവരില്ല. ജലം മാറ്റുന്നതിനും ഒഴിക്കുന്നതിനും കുഴലുകള്‍ ഉപയോഗിച്ച് 'സൈഫണ്‍' ചെയ്യുകയാണ് വേണ്ടത്. ടാങ്കിലേക്ക് ഒഴിക്കുന്ന ജലത്തിന്റെ ഗുണമേന്മ മുന്‍കൂട്ടി ഉറപ്പുവരുത്തിയിരിക്കണം.
ടാങ്കിനു പിന്നില്‍ ചിത്രങ്ങളോടു കൂടിയ വര്‍ണ പോസ്റ്ററുകള്‍ പതിപ്പിച്ച് അഴകും ഭംഗിയും വര്‍ധിപ്പിക്കുന്നു. ഒന്നോ രണ്ടോ ആഴ്ച ബയോഫില്‍ട്ടര്‍ മാത്രം പ്രവര്‍ത്തിപ്പിച്ച് ടാങ്കിനെ പ്രവര്‍ത്തന സജ്ജമാക്കിത്തീര്‍ക്കുന്നു. പ്രവര്‍ത്തന സജ്ജമായ ടാങ്കില്‍ മത്സ്യങ്ങളെ നിക്ഷേപിക്കാം.
അക്വേറിയം സജ്ജീകരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ വിവിധതരം അനുസാരികള്‍ വാണിജ്യാടിസ്ഥാനത്തില്‍ത്തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ലോക കമ്പോളത്തില്‍ 500-ലധികം ഇനം അക്വേറിയം അനുബന്ധ സാധനങ്ങൾ ലഭ്യമാണ്. അക്വേറിയം അനുബന്ധ സാധനങ്ങൾ കുടില്‍ വ്യവസായമായും ഫാക്ടറിതലത്തിലും ഉത്പാദിപ്പിക്കുന്നുണ്ട്. കയറ്റിറക്കുമതി കമ്പോളങ്ങളില്‍ അക്വേറിയംഅനുബന്ധ സാധനങ്ങളും ആധുനികതരം അക്വേറിയം ടാങ്കുകളും ലിസ്റ്റ് ചെയ്യപ്പെട്ട ഇനങ്ങളായി മാറിയിട്ടുണ്ട്.
കടപ്പാട്
പെറ്റ്സ് കേരള face book page
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മത്സ്യത്തൊഴിലാളി സമൂഹത്തിനുള്ള ലോക്ക്ഡൗൺ നിയന്ത്രണം നീക്കാൻ കേന്ദ്രം തീരുമാനിച്ചു
Share your comments