1. Livestock & Aqua

കുളമ്പുരോഗത്തിനെതിരെ മുൻകരുതൽ എടുക്കാം..

നമ്മുടെ സംസ്ഥാനത്ത്‌ കന്നുകാലികളിൽ കണ്ടു വരുന്ന സാംക്രമിക രോഗങ്ങളിൽ വളരെ പ്രധാനവും ഏറെ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതുമായ രോഗമാണ്‌ കുളമ്പുരോഗം.

KJ Staff
നമ്മുടെ സംസ്ഥാനത്ത്‌ കന്നുകാലികളിൽ കണ്ടു വരുന്ന സാംക്രമിക രോഗങ്ങളിൽ വളരെ പ്രധാനവും ഏറെ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതുമായ രോഗമാണ്‌ കുളമ്പുരോഗം.ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ്‌ രോഗമാണിത്‌. പശു, എരുമ, പന്നി, ആട്‌, ചെമ്മരിയാട്‌ തുടങ്ങിയവയിൽ രോഗബാധ കാണപ്പെടുന്നു. കുതിരകളിൽ ഈ വൈറസ്‌ രോഗമുണ്ടാക്കുന്നില്ല. ‘പിക്കോർണ വൈറിഡേ’ എന്ന കുടുംബത്തിൽപ്പെട്ട ആഫ്തോ വൈറസ്‌’ ജാനസ്സിൽ ഉള്ള ഏഴ്‌ വൈറസുകളാണ്‌ ആഗോളതലത്തി ൽ രോഗമുണ്ടാക്കുന്നത്‌. 
    
അവയിൽ മൂന്നുതരം വൈറസുകളും, ഉപവിഭാഗങ്ങളുമാണ്‌ നമ്മുടെ സംസ്ഥാനത്ത്‌ രോഗബാധയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്‌.രോഗകാരികളുടെ ഇത്തരത്തിലുള്ള വൈവിധ്യവും വ്യതിയാനങ്ങളുമാണ്‌ രോഗനിയന്ത്രണം ദുഷ്കരമാക്കുന്നത്‌. ഓരോ ഇനത്തിനും അവരവരുടേതായ രീതിയിൽ രോഗം ഉണ്ടാക്കാനുള്ള ശേഷിയുള്ളതിനാൽ രോഗനിയന്ത്രണത്തിനുള്ള പ്രതിരോധ മരുന്നിലും ഇവയെ ഉൾപ്പെടുത്തിയാലേ സമ്പൂർണ സുരക്ഷ ലഭ്യമാകൂ.

വായുവിലൂടെയും, തീറ്റ, വെള്ളം, പുല്ല്‌ എന്നിവയിലൂടെയും രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നു. ശക്തമായ പനിയാണ്‌ ആദ്യ ലക്ഷണം. മൂക്കൊലിപ്പ്‌, ഉമിനീരൊലിപ്പ്‌, തീറ്റ തിന്നാതിരിക്കൽ, അയവെട്ടാതിരിക്കൽ, പാൽ കുറയൽ എന്നിവയാണ്‌ മറ്റ്‌ പ്രാരംഭ ലക്ഷണങ്ങൾ.

2-3 ദിവസത്തിനകം വായ, നാക്ക്‌, മൂക്ക്‌, മോണകൾ, അകിട്‌, ഈറ്റം എന്നിവിടങ്ങളിലും കുളമ്പുകൾക്കിടയിലും കുമിളകൾ പ്രത്യക്ഷപ്പെടുന്നു. ഈ പോളകൾ പൊട്ടി വ്രണങ്ങളായിത്തീരുന്നു. വ്രണങ്ങളിൽ പുഴുശല്യം ഉണ്ടാകാം. പശുക്കൾ കാലുകൾ ഇടയ്ക്കിടെ കുടയുകയും ചില അവസരങ്ങളിൽ മുടന്തുകയും ചെയ്യുന്നു, കുളമ്പ്‌ ഊരി പോകുന്ന അവസ്ഥയും ഉണ്ടാകും.

foot and mouth disease

തീവ്രമായ രോഗബാധയിൽ വായിലെയും, മൂക്കിലെയും വ്രണങ്ങൾ മൂലം ശ്വാസതടസ്സമുണ്ടാകാം. വൈക്കോൽ പോലെയുള്ള കട്ടിയാഹാരം കഴിക്കാൻ കഴിയാതെ വരുന്നു. ചെനയുള്ള ഉരുക്കളിൽ ഗർഭമലസൽ സാധ്യതയുണ്ട്‌. കറവമാടുകളിൽ അകിടിലെ വ്രണങ്ങൾ അകിടുവീക്കത്തിനു കാരണമാകുന്നു. 

കന്നുകുട്ടികളിൽ രോഗം ഹൃദയപേശികളെ ബാധിക്കുന്നതിനാൽ മരണമുണ്ടാകും. വലിയ പശുക്കളിൽ മരണം കുളമ്പുരോഗബാധ മൂലമുണ്ടാകുന്നില്ലെങ്കിലും പാർശ്വ അണുബാധമൂലം കാലികൾ ചത്തുപോകാറുണ്ട്‌.വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന അസുഖമാണ്‌ കുളമ്പുരോഗം. സാംക്രമികശക്തി കൂടുതലായതിനാൽ മൃഗങ്ങൾ തമ്മിൽ നേരിട്ടും നേരിട്ടല്ലാതെ മനുഷ്യരിലൂടെയുമുള്ള സമ്പർക്കം വഴിയും വായുമാർഗ്ഗവും അണുസംക്രമണം നടക്കും. രോഗബാധയുള്ള മൃഗങ്ങളുടേയോ, അവയുടെ വിസർജ്ജ്യവസ്തുക്കൾ, സ്രവങ്ങൾ, പാൽ, മാംസം എന്നിവയുമായുള്ള സമ്പർക്കം മൂലമോ രോഗം പടരാം. 

തീറ്റ സാധനങ്ങൾ, തൊഴുത്തിലെ മറ്റു വസ്തുക്കൾ, പാൽപാത്രങ്ങൾ, ജോലിക്കാർ, വാഹനങ്ങൾ, മറ്റു മൃഗങ്ങൾ എന്നിവയൊക്കെ വാഹകരാകാം. വെള്ളം, കാറ്റ്‌ എന്നിവ വഴിയും രോഗം പടർന്നു പിടിക്കാം. രോഗം മാറിയ പശുവിന്റെ ശരീരത്തിൽ നിന്നും ഒരു മാസത്തിലധികം സമയംവരെ രോഗാണുബാധ പടരാവുന്നതാണ്‌. ശരിയായ പരിചരണത്തിലൂടെ 10-15 ദിവസങ്ങൾകൊണ്ട്‌ രോഗം പൂർണമായി മാറുമെങ്കിലും ഭാവിയിൽ കിതപ്പ്‌, വന്ധ്യത, ഉൽപാദനം കുറയൽ, അമിത രോമ വളർച്ച തുടങ്ങിയ പ്രശ്നങ്ങൾ കാണിച്ചേക്കാം.

രോഗം വരാതിരിക്കാനും വന്നാൽ പടർന്നു പിടിക്കാതിരിക്കാനും ഏറെ മുൻകരുതലുകൾ വേണ്ടി വരുന്നു.    ഫാമിനകത്തേക്കും പുറത്തേക്കും രോഗാണുക്കൾ കടക്കാതെ തടയാനുള്ള എല്ലാ വഴികളും നോക്കണം. രോഗബാധയുണ്ടായാൽ വിവരം മൃഗാശുപത്രിയിൽ അറിയിക്കണം. രോഗം വന്നവയെ മാറ്റിപാർപ്പിക്കണം. രോഗം വന്നവയെ പരിപാലിക്കുന്നവർ മറ്റു മൃഗങ്ങളെ കൈകാര്യം ചെയ്യാൻ പാടില്ല. രോഗമുള്ളവയുടെ കാര്യങ്ങൾ ചെയ്തതിനുശേഷം മാത്രം രോഗമില്ലാത്തവയെ ശുശ്രൂക്ഷിക്കുക.


foot and mouth disease

 

പരിചാരകർ ഓരോ തവണ ഷെഡിൽ കയറുമ്പോഴും പോരുമ്പോഴും കൈകാലുകൾ അണുനാശിനിയിൽ മുക്കി അണുവിമുക്തമാക്കണം. ഫാമിന്റെ ഗ്റ്റിനു മുമ്പിൽ അണുനാശിനി ചാക്കിൽ നനച്ചോ ചെറിയ ടാങ്കുകളിലോ നിറച്ച്‌ വച്ച്‌ മനുഷ്യരേയും , വാഹനങ്ങളേയും ഇവയിൽ കഴുകി നനഞ്ഞ പാദങ്ങൾ ടയറുകൾ ഉപയോഗിച്ച്‌ പ്രവേശിപ്പിക്കുക. 

നാല്‌ ശതമാനം വീര്യമുള്ള അലക്കുകാര ലായനി, രണ്ട്‌ ശതമാനം വീര്യമുള്ള കാസ്റ്റിക്‌ സോഡ, രണ്ട്‌ ശതമാനം വീര്യമുള്ള ഫോർമാലിൻ ഇവ ഉപയോഗിച്ച്‌ ഷെഡുകളും, വസ്തുക്കളും അണുവിമുക്തമാക്കാം.വായ്ക്കുള്ളിലെ വ്രണങ്ങൾ പൊട്ടാസ്യം പെർമാംഗനേറ്റ്‌ ലായനി ഉപയോഗിച്ച്‌ കഴുകിയശേഷം ബോറിക്‌ ആസിഡ്‌ തേനിലോ ഗ്ലിസറിനിലോ ചാലിച്ച്‌ പുരട്ടുക. കാൽപാദത്തിലെ വ്രണങ്ങൾ 2 ശതമാനം വീര്യമുള്ള അലക്കുകാര ലായനിയിലോ, തുരിശു ലായനിയിലോ കഴുകി ആന്റി സെപ്റ്റിക്ക്‌ ലേപനങ്ങൾ പുരട്ടി കൊടുക്കുക. 

രോഗലക്ഷണമായ പനി കുറയാനുള്ള മരുന്നുകളും പാർശ്വ അണുബാധ തടയാൻ ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകാം. വൈറസ്‌ രോഗമായതിനാൽ പ്രത്യേക ചികിത്സയില്ല.രോഗം നാട്ടിൽ പടരുന്ന സമയത്ത്‌ ഫാമിൽ സന്ദർശകരെ പൂർണമായി ഒഴിവാക്കണം. വായുവിലൂടെ രോഗം പകരുമെന്നതിനാൽ രോഗം വന്നവയെ പുറത്തേക്ക്‌ തീറ്റാൻ കൊണ്ടുപോകരുത്‌. 

രോഗമുള്ള പശുക്കളുടെ പാൽ കഴിയുന്നതും പുറത്തു കൊണ്ടുപോകരുത്‌. അത്യാവശ്യമെങ്കിൽ തിളപ്പിച്ചതിനുശേഷം മാത്രം കൊണ്ടുപോകുക. രോഗം പടർന്നു പിടിക്കുന്ന അവസരങ്ങളിൽ കാലികളെ വിൽക്കാനോ, വാങ്ങുവാനോ പാടില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നവ ഒരു മാസം മുൻപെങ്കിലും പ്രതിരോധ കുത്തിവെയ്പ്‌ നൽകിയവയാകണം.
       
പക്ഷികളും, മറ്റു മൃഗങ്ങളും തൊഴുത്തിൽ കയറാതെ നോക്കണം. പശുവിനെ നോക്കുന്നവർ മറ്റു ഫാമുകളിൽ പോകരുത്‌. പുല്ലും, വൈക്കോലും രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന്‌ കൊണ്ടുവരരുത്‌. തൊഴുത്തിൽ നിന്നുള്ള മാലിന്യങ്ങളും ചത്ത പശുക്കളുടെ ജഡവും കൃത്യമായി മറവ്‌ ചെയ്യണം. ഇവ തോടുകളിലോ, പുഴയിലോ നിക്ഷേപിക്കുന്നത്‌ രോഗബാധ വ്യാപിപ്പിക്കും. കാലി പ്രദർശനങ്ങൾ, ചികിത്സാ ക്യാമ്പുകൾ ഇവ ഒഴിവാക്കണം. പ്രതിരോധ കുത്തിവെയ്പ്‌ (വാക്സിനേഷൻ) നൽകുകയാണ്‌ രോഗ പ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗ്ഗം. നാലുമാസം പ്രായത്തിൽ താഴെയുള്ള കിടാവുകളേയും ഏഴുമാസത്തിനു മുകളിൽ ചെനയുള്ള പശുക്കളേയും ഒഴിവാക്കണം. പശു, എരുമ, പന്നി എന്നിവയ്ക്ക്‌ കുത്തിവെയ്പ്‌ നൽകണം. 

കറവയുള്ള പശുക്കളിൽ കുത്തിവെയ്പിനുശേഷം താൽക്കാലികമായി ഏതാനും ദിവസം പാൽ കുറഞ്ഞേക്കുമെങ്കിലും പൂർവസ്ഥിതി അതിവേഗം പ്രാപിക്കുന്നതാണ്‌. ആരോഗ്യാവസ്ഥയിലുള്ള ഉരുക്കളാണ്‌ കുത്തിവെയ്പിന്‌ വിധേയമാകേണ്ടത്‌. വിരബാധയോ മറ്റു രോഗങ്ങളോ ഉള്ളവയിൽ ചില അവസരങ്ങളിൽ പാർശ്വഫലങ്ങൾ കാണുന്നു. രോഗം പടരുന്ന സമയത്ത് കന്നുകാലികൾ കൂട്ടം കൂടുന്ന പ്രദർശനങ്ങളിലോ ക്യാമ്പുകളിലോ കൊണ്ടുപോയി പ്രതിരോധ കുത്തിവെയ്പ്‌ നൽകുന്നത്‌ നന്നല്ല. കാരണം രോഗാണു ശരീരത്തിൽ കടന്നാൽ 2-7 ദിവസത്തിനകം രോഗമുണ്ടാകുന്നു. എന്നാൽ കുത്തിവെയ്പ്‌ നടത്തിയതിന്റെ ഫലമായുള്ള പ്രതിരോധശക്തി രൂപപ്പെടാൻ 14-21 ദിവസമെടുക്കുന്നു.
English Summary: foot and mouth disease

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds