Livestock & Aqua

ആടുവളര്‍ത്തലിനൊരു വഴികാട്ടി

കുറഞ്ഞ മുതല്‍മുടക്ക്, പരിമിതമായ പാര്‍പ്പിടസൗകര്യം, കുറഞ്ഞ അളവിലുളള തീറ്റ, വേഗത്തില്‍ ലഭിക്കുന്ന ആദായം, ഇടയ്ക്കിടെയുളള പ്രസവം, ഒരു പ്രസവത്തില്‍ തന്നെ ഒന്നിലധികം കുട്ടികള്‍, പോഷകമൂല്യമുളള പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ അനുകൂല ഘടകങ്ങളാണ്. ആട്ടിറച്ചിക്കുളള സ്ഥിരമായ ആവശ്യവും ഉയര്‍ന്ന വിലയും ആടുവളര്‍ത്തലിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. 

ആട് ജനുസ്സുകള്‍

ആട് ജനുസ്സുകളെ പ്രധാനമായും ഇന്ത്യന്‍ ജനുസ്സുകള്‍ എന്നും വിദേശ ജനുസ്സുകള്‍ എന്നും തിരിക്കാം. ജമുനാപുരി, ബീറ്റല്‍, ബാര്‍ബാറി, മലബാറി, അട്ടപ്പാടി ബ്ലാക്ക് എന്നിവ ഇന്ത്യന്‍ ജനുസ്സുകള്‍ക്കും സാനന്‍, ആല്‍പൈന്‍, ആംഗ്ലോ റൂബിയന്‍, ടോഗന്‍ബര്‍ഗ്, അങ്കോറ എന്നിവ വിദേശ ജനുസ്സുകള്‍ക്കും ഉദാഹരണങ്ങളാണ്.ആടുകളെ വളര്‍ത്തുവാന്‍ അനുവര്‍ത്തിക്കാവുന്ന രീതികള്‍ താഴെ പറയുന്നു. 

കെട്ടിയിട്ടു വളര്‍ത്തുന്ന രീതി : ഒന്നോ രണ്ടോ ആടുകളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് ഈ രീതി അനുയോജ്യമാണ്. കാര്‍ഷിക വിളകള്‍ നശിപ്പിക്കാതിരിക്കാനും ഈ രീതി സഹായിക്കും. 

വ്യാപന സമ്പ്രദായം : പകല്‍ സമയം മുഴുവനും ആടുകളെ പറ്റമായി മേയാന്‍ വിട്ട് രാത്രിയില്‍ മാത്രം ഏതെങ്കിലുമൊരു സ്ഥലത്ത് പാര്‍പ്പിക്കുന്ന രീതിയാണിത്. 

മധ്യവര്‍ത്തന രീതി : കൂട്ടിനുളളില്‍ ആടുകള്‍ക്ക് തീറ്റ, വെളളം എന്നിവ ലഭ്യമാക്കുന്നതിനോടൊപ്പം ദിവസേന പകല്‍ അവയെ ഏതാനും മണിക്കൂര്‍ പുറത്ത് മേയാനും അനുവദിക്കുന്നു.

ആട്ടിന്‍കൂട്

പ്രതികൂല അവസ്ഥയില്‍ നിന്നും രക്ഷ നല്‍കുന്ന രീതിയില്‍ ആട്ടിന്‍കൂട് സജ്ജീകരിക്കണം. ആടുകള്‍ക്ക് ലളിതമായ പാര്‍പ്പിട സൗകര്യം മതി. അതാതു പ്രദേശത്തു ലഭ്യമായ അസംസ്‌കൃത വസ്തുക്കളായ കമുക്, മുള, പന, പുല്ല്, ഓല മുതലായവ ഉപയോഗിച്ച് ചെലവു കുറഞ്ഞ രീതിയില്‍ കൂട് നിര്‍മ്മിക്കാവുന്നതാണ്. തറയില്‍നിന്ന് രണ്ടടിയെങ്കിലും ഉയരത്തില്‍ തട്ട് തയ്യാറാക്കണം. ആട്ടിന്‍കുട്ടികളുടെ കാല് ഇടയില്‍ പോകാത്ത രീതിയിലും, എന്നാല്‍ കാഷ്ഠം താഴെ വീഴുന്നരീതിയിലും വേണം തട്ട് തയ്യാറാക്കാന്‍. 

തീറ്റക്രമം

പ്ലാവ്, മുരിങ്ങ, വേങ്ങ തുടങ്ങിയ മരങ്ങളുടെ ഇലകളും, തീറ്റപ്പുല്ല്, വാഴയില എന്നിവയും ആടുകള്‍ക്ക് തീറ്റയായി നല്‍കാം. ഇവ ഉയരത്തില്‍ കെട്ടിയിട്ടു നല്‍കുന്നതാണ് ഉത്തമം. ഇതിനു പുറമെ കാലിത്തീറ്റയോ താഴെകൊടുത്തിരിക്കുന്ന പട്ടികയില്‍ തീറ്റ മിശ്രിതമോ നിശ്ചയിച്ച അളവില്‍ നല്‍കണം.

പട്ടിക 1
എ                           ഗ്രാം                  ബി                 ഗ്രാം
ചോളം                       37              കപ്പപ്പൊടി             24
അരിത്തവിട്              30              പുളിപ്പൊടി           10
തേങ്ങാപ്പിണ്ണാക്ക്        10              കടലപ്പിണ്ണാക്ക്       33
കടലപ്പിണ്ണാക്ക്           30              അരിത്തവിട്          30
മിനറല്‍ മിശ്രിതം        2               മിനറല്‍ മിശ്രിതം      2
ഉപ്പ്                               1                  ഉപ്പ്                      1
ആകെ                      100              ആകെ                 100

ആട്ടിന്‍കുട്ടി ജനിച്ച് മുപ്പത് മിനിട്ടിനകം കന്നിപ്പാല്‍ നല്‍കണം. മുപ്പത് ദിവസം വരെ അമ്മയുടെ പാല്‍ മാത്രം നല്‍കിയാല്‍ മതി. ഒരു മാസം പ്രായമാകുമ്പോള്‍ ഉയര്‍ന്ന മാംസ്യവും ഊര്‍ജ്ജവും അടങ്ങിയ സ്റ്റാര്‍ട്ടര്‍ 50 ഗ്രാം വീതം നല്‍കാം. ഇതിന്റെ അളവ് ക്രമേണ കൂട്ടി 56 മാസം പ്രായമാകുമ്പോഴേക്കും ഏകദേശം 300 ഗ്രാം തീറ്റ ലഭിക്കുന്ന രീതിയില്‍ നല്‍കാം. ആട്ടിന്‍കുട്ടികള്‍ക്ക് രണ്ടുമാസം മുതല്‍ പുല്ലും ഇലകളും നല്‍കാം.

കറവയുളള ആടുകള്‍ക്ക് സംരക്ഷണ റേഷനു പുറമെ ഓരോ ലിറ്റര്‍ പാലിനും 400 ഗ്രാം ഖരാഹാരം നല്‍കണം. ഗര്‍ഭിണിയായ ആടുകള്‍ക്ക് പ്രസവത്തിന് രണ്ടുമാസം മുമ്പു തൊട്ട് 100-200 ഗ്രാം ഖരാഹാരം കൂടുതലായി നല്‍കേണ്ടതാണ്. ദിവസവും രണ്ടു നേരമായി കൊടുക്കുന്നതാണ് നല്ലത്. കറവയും ചെനയും ഇല്ലാത്ത പ്രായപൂര്‍ത്തിയായ ആടുകള്‍ക്ക് 4 കിലോ ഗ്രാം പ്ലാവില നല്‍കിയാല്‍ മതിയാകും. തീറ്റമിശ്രിതം, അരിഞ്ഞ പുല്ല്, ഇലകള്‍ എന്നിവ ചേര്‍ത്ത് ഗുളിക രൂപത്തിലാക്കി നല്‍കുന്ന സമ്പൂര്‍ണ റേഷന്‍ പല സ്ഥലങ്ങളിലും പ്രചാരത്തില്‍ വന്നിട്ടുണ്ട്. 

ഡോ . ദീപക് ചന്ദ്രൻ 
കോളേജ് ഓഫ് വെറ്റിനറി ആൻഡ് അനിമൽ സയൻസ് , മണ്ണുത്തി

English Summary: Goat Farming Guide

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine