Livestock & Aqua

അയിരൂരിലെ തുറന്ന തൊഴുത്ത്

അയിരൂര്‍ അച്ചൂസ് ഫ്രീ സ്റ്റാള്‍ ഡയറിഫാമിലെ പശുക്കള്‍ സര്‍വ്വതന്ത്ര സ്വതന്ത്രരാണ്. മൂക്ക് കയറോ കഴുത്തില്‍ കുടുക്കോ ഇല്ലാതെയാണ് ഇവിടെ പശുക്കള്‍ സൈ്വരവിഹാരം നടത്തുന്നത്. പശുക്കളെ കെട്ടിയിടാതെ വളര്‍ത്തുന്ന വിദേശ രാജ്യങ്ങളിലെ ഫ്രീ സ്റ്റാള്‍ ബാണ്‍ (എൃലല ടമേഹഹ ആമൃി) എന്ന കൃഷിരീതിക്ക് മൂന്നുവര്‍ഷം മുന്‍പാണ് പരിക്ഷണാടിസ്ഥാനത്തില്‍ ഹമ്മാദ്, അംലാദ്, അഷ്‌റഫ് എന്നീ സഹോദരന്മാര്‍ തുടക്കം കുറിച്ചത്. കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ സ്വകാര്യസംരംഭം കൂടിയാണ് അയിരൂരിലെ ഫ്രീ സ്റ്റാള്‍ ഫാം.


2006 മുതല്‍ ക്ഷീരകൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇവര്‍, മൂന്നുവര്‍ഷം മുന്‍പാണ് മൃഗസംരക്ഷണ വകുപ്പില്‍ നിന്നും സ്വയം വിരമിച്ച് ഹൈടെക് ഫാമിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ഡോ. കെ. മുരളീധരന്റെ നിര്‍ദ്ദേശപ്രകാരം ഫ്രീ സ്റ്റാള്‍ ഫാം പരീക്ഷണത്തിന് തയ്യാറായത്. കൃഷിയെയും കൃഷിക്കാരെയും പ്രോത്സാഹിപ്പിക്കുന്ന ഡോ. മുരളീധരന്‍ കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. അത്തരമൊരു സന്ദര്‍ശനത്തിനായാണ് അച്ചൂസ് ഡയറിഫാമില്‍ എത്തുന്നത്. ആ സന്ദര്‍ശനം ഒരു സ്ഥിരം സൗഹൃദത്തിലേക്ക് വളര്‍ന്നപ്പോള്‍ ഡോ. മുരളീധരന്‍ തന്നെ വിദേശത്ത് വലിയ രീതിയിലുള്ള ഫാമിന്റെ ഒരു ചെറിയ രൂപം ഇവര്‍ക്ക് നിര്‍മ്മിച്ചു നല്കി. അദ്ദേഹം തന്നെ നിര്‍മ്മാണപ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കി.


തികച്ചും ശാസ്ത്രീയമാണ് ഫ്രീ സ്റ്റാള്‍ ഫാമിന്റെ നിര്‍മ്മാണം. വീട് നില്‍ക്കുന്ന അഞ്ച് ഏക്കര്‍ ഭൂമിയില്‍ ഏകദേശം ഒരേക്കറിലാണ് ഫാം നിര്‍മ്മിച്ചിരിക്കുന്നത്. അതോടൊപ്പം മൂന്ന് ഏക്കറില്‍ പശുക്കള്‍ക്കാവശ്യമുള്ള ഇഛ3, ഇഛ4 എന്നീ തീറ്റപ്പുല്ലുകളും കൃഷിചെയ്യുന്നു. 40 ലക്ഷം രൂപയാണ് ഫാമിന്റെ നിര്‍മ്മാണച്ചെലവ്. ക്ഷീരവികസന വകുപ്പില്‍ നിന്ന് കിട്ടിയ ധനസഹായവും സ്വന്തമായുള്ള തുകയും കൂടാതെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ലോണെടുത്തതും ചേര്‍ത്താണ് ഇതിനാവശ്യമായ തുക ഇവര്‍ കണ്ടെത്തിയത്. 
നിലവില്‍ അമ്പതോളം പശുക്കളുണ്ട്. 100 പശുക്കള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ തക്ക സൗകര്യമാണ് ഫാമില്‍ ഒരുക്കിയിട്ടുള്ളത്. പശുക്കള്‍ക്ക് നടക്കാനായി 14 അടി വീതിയുള്ള നടപ്പാതകളാണ് ഫാമിന് ചുറ്റുമുള്ളത്. പശുക്കള്‍ക്ക് വിശ്രമിക്കുന്നതിന് പശു ഒന്നിന് എട്ട് ഇഞ്ച് ഉയരത്തിലും നാലടി വീതിയിലും ആറടി നീളത്തിലുമുള്ള പ്ലാറ്റ് ഫോമുമുണ്ട്. ചാണകം നിക്ഷേപിക്കുന്നതിനും ഉണക്കുന്നതിനും പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ട്. പശുക്കള്‍ക്ക് വെള്ളത്തിന് ഫാമില്‍ തന്നെ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ടാങ്കില്‍ നിറച്ചിടുന്ന വെള്ളം ആവശ്യത്തിന് പശുക്കള്‍ തന്നെ വന്നു കുടിക്കും.


പശുക്കള്‍ ഇവിടെ സ്വതന്ത്രരും സ്വയം പര്യാപ്തരുമാണ്. ഭക്ഷണം കഴിക്കുന്നതും പാല് കറക്കുന്ന സമയത്ത് മില്‍ക്കിംഗ് പാര്‍ലറുകളിലേക്ക് വരുന്നതും വിശ്രമിക്കാന്‍ ഷെഡിലേക്ക് എത്തുന്നതുമൊക്കെ സ്വയം തന്നെ. ആരും ആട്ടിത്തളിക്കേണ്ട കാര്യമില്ല. മൂന്ന് മാസത്തെ പരിശീലനം കൊണ്ടാണ് ഇത് സാധ്യമാക്കിയത്.


ഷെഡ്ഡിന്റെ സമീപത്ത് തന്നെ എട്ടുലക്ഷം രൂപ മുടക്കിയാണ് കറവയ്ക്കുള്ള യന്ത്രസംവിധാനം സ്ഥാപിച്ചിരിക്കുന്നത്. യന്ത്രം പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ തന്നെ പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന യാര്‍ഡിലൂടെ പശുക്കള്‍ വരിവരിയായി കറവയ്ക്കായി ഇവിടെയെത്തും. ഒരേസമയം ആറു പശുക്കളെ 10 മിനിട്ടിനുള്ളില്‍ കറവ നടത്താം. കറവക്ക് ശേഷം വിശ്രമിക്കുന്നവര്‍ക്ക് വിശ്രമിക്കാം ഭക്ഷണം കഴിക്കുന്നവര്‍ക്കും ചുറ്റി നടക്കാനാഗ്രഹിക്കുന്നവര്‍ക്കും അതുമാകാം. വിശാലമായ സൗകര്യമുള്ളതുകൊണ്ട് തന്നെ ഒരു കാലിത്തൊഴുത്തിന്റെ ദുര്‍ഗന്ധമോ രോഗാണുബാധയോ ഇല്ലെന്നതും ശ്രദ്ധേയമാണ്.


ജഴ്‌സി, ഹോള്‍സ്റ്റീന്‍ (ധാരാളം പാലുല്‍പ്പാദിപ്പിക്കുന്ന യൂറോപ്യന്‍ ഇനം) എന്നീ ഇനങ്ങളില്‍പ്പെട്ട പശുക്കളാണ് ഇവിടെയുള്ളത്. പ്രതിദിനം 260 ലിറ്ററോളം പാല്‍ ലഭിക്കാറുണ്ടെങ്കിലും എട്ട് പശുക്കള്‍ ഇപ്പോള്‍ ഗര്‍ഭിണികളായതിനാല്‍ 160 ലിറ്ററാണ് ഇപ്പോള്‍ കിട്ടുന്നത്. 100 ലിറ്ററോളം പാല്‍ ലിറ്ററിന് 45 രൂപ നിരക്കില്‍ നാട്ടുകാര്‍ തന്നെ വാങ്ങും. ബാക്കിയുള്ളത് ലിറ്ററിന് 34 രൂപ നിരക്കില്‍ ക്ഷീരസംഘം വഴി മില്‍മയ്ക്ക് നല്‍കും. 
ചാണകവും ഗോമൂത്രവുമാണ് ഇവരുടെ മറ്റൊരു വരുമാനമാര്‍ഗ്ഗം. ചാണകം ഉണക്കി ബാഗുകളിലാക്കി ചാക്കൊന്നിന് 50 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് വില്‍ക്കുന്നു. ഗോമൂത്രവും സ്യൂഡോമൊണാസും ചേര്‍ത്ത് ഒരു മാസം വയ്ക്കും. ഒരുമാസം കഴിഞ്ഞാല്‍ അരിച്ച് കുപ്പിയിലാക്കി വില്‍ക്കും. ഇത് ചെടികള്‍ക്ക് ഏറ്റവും നല്ല വളമാണ്. ഒരു ഡ്രം ഗോമൂത്രത്തിന് 10 ഗ്രാം സ്യൂഡോമൊണാസ് ആണ് കണക്ക്. ഇത് ഒരുലിറ്റര്‍ ലായനിയില്‍ 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് വേണം ചെടിക്ക് ഒഴിക്കാന്‍. എല്ലാചെലവും കഴിഞ്ഞ് പ്രതിമാസം 70000 രൂപ ലാഭം കിട്ടുന്നുണ്ട്.


ഡോ. മുരളീധരന്റെ നിര്‍ദ്ദേശമനുസരിച്ച് പശുവിന് വേണ്ട കാലിത്തീറ്റയും ഇവര്‍ ഫാമില്‍ തന്നെ തയ്യാറാക്കുന്നു. കാലിത്തീറ്റ തയ്യാറാക്കാന്‍ ആവശ്യമായ യന്ത്രസൗകര്യവും ഇവര്‍ക്കുണ്ട്. ചോളം (ചെടിയും പൂവും കായും അടങ്ങിയ ചെടി) കൊണ്ടുവന്ന് മെഷീനിലിട്ട് നുറുക്കി പൊടിച്ചെടുക്കും. ഇതില്‍ ശര്‍ക്കരയും ഡൈലോ സേവറും ചേര്‍ത്ത് നന്നായി യോജിപ്പിക്കും. ഇത് പോളിത്തീന്‍ കവറുകളില്‍ വായുകടക്കാതെ പാക്ക് ചെയ്ത് സൂക്ഷിക്കും. ഇതാണ് പശുവിന് കൊടുക്കുന്ന തീറ്റ. എട്ടുവര്‍ഷം വരെ ഇത് കേടാകാതെ ഇരിക്കുമെന്ന് ഇവര്‍ പറയുന്നു. അതോടൊപ്പം കിലോയ്ക്ക് 10 രൂപ നിരക്കില്‍ മറ്റ് കര്‍ഷകര്‍ക്കും വില്‍ക്കുന്നുണ്ട്. കാലിത്തീറ്റ തയ്യാറാക്കാന്‍ മാസത്തില്‍ 10 ടണ്ണിലും മേലെ ചോളമാണ് സേലത്തുനിന്ന് കൊണ്ടുവരുന്നത്. 10 ടണ്‍ ചോളത്തിന് 150 കിലോ ശര്‍ക്കരയാണ് കണക്ക്. പശുക്കളുടെ ശരീരപുഷ്ടിക്കാണ് ഈ തീറ്റ കൊടുക്കുന്നത്.


ഫ്രീ സ്റ്റാള്‍ ഫാമിംഗിന്റെ മറ്റൊരു പ്രത്യേകത പശുവിനെ കുളിപ്പിക്കില്ല എന്നതാണ്. ഫാമിന്റെ എല്ലാകര്യത്തിലും ഡോക്ടറുടെ നിര്‍ദ്ദേശം പിന്തുടരുന്ന ഇവര്‍ ഇതും കര്‍ശനമായി പാലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഫാമിലെ പശുക്കള്‍ക്ക് രോഗം വരാറില്ല. നനവ് നിന്നാല്‍ പശുക്കള്‍ക്ക് അണുബാധ വരാന്‍ സാധ്യത കൂടുതലാണ്. പശുക്കളുടെ ദേഹത്ത് അഴുക്കില്ല. കെട്ടിയിടാത്തതുകൊണ്ട് ദേഹത്ത് ചാണകവും പറ്റാറില്ല. പശുക്കളുടെ കൊമ്പ് കരിച്ചു മാറ്റുന്നതാണ് മറ്റൊരു രീതി. പ്രസവിച്ച് ഒരുവയസ്സിനു മുന്‍പേ പശുവിന്റെ കൊമ്പ് കരിച്ചുമാറ്റും. ഡീ ഹോണ്‍ മെഷീന്‍ ഉപയോഗിച്ചാണ് കൊമ്പ് കരിക്കുന്നത്. ഇതിന്റെ ഗുണം കെമ്പ് ഇല്ലാത്തതിനാല്‍ ഫാമില്‍ കൂടുതല്‍ പശുക്കളെ കെട്ടാനാകും. കൊമ്പ് ദേഹത്ത് പരസ്പരം കൊണ്ട് ഉണ്ടാകുന്ന മുറി വുകളും ഉണ്ടാകില്ല. മാത്രമല്ല കൊമ്പില്ലാത്ത പശുക്കള്‍ക്ക് അക്രമവാസന കുറയും എന്നാണ് ശാസ്ത്രീയമായ കണ്ടെത്തല്‍.


ഗള്‍ഫില്‍ ടൂറിസം കാര്‍ഗോ സര്‍വ്വീസിലായിരുന്നു ഹമ്മാദിനും രണ്ട് സഹോദരന്മാര്‍ക്കും ജോലി. അത് ഉപേക്ഷിച്ചാണ് കൃഷിയിലേക്ക് തിരിയുന്നത്. കൃഷിക്ക് പ്രാധാന്യം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ മറ്റ് തൊഴിലാളികളുടെ ആവശ്യമില്ല എന്നുള്ളതാണ് ഇത്തരമൊരു രീതി പരീക്ഷിക്കാന്‍ ഹമ്മാദിനെയും സഹോദരന്മാരെയും പ്രേരിപ്പ പ്രധാനഘടകം. ഫാമിലെ എല്ലാ ജോലികളും മൂന്നുപേരും അവരുടെ ഭാര്യമാരും കുട്ടികളും ചേര്‍ന്നാണ് ചെയ്യുന്നത്. ജോലിയ്ക്ക് പുറത്തുനിന്ന് ആളെ വയ്ക്കാറില്ല. ഈ കൃഷി തങ്ങള്‍ക്ക് ലാഭവും സംതൃപ്തിയുമാണ് നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു. 
(ഹമ്മാദ്: 9745119450)


English Summary: Open cowshed

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine