
അന്തരീക്ഷ താപനില ഇപ്പോൾ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഏപ്രില്‍, മേയ് മാസങ്ങളില്‍ പശുക്കള്‍ക്കും സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. വിദേശ ജനുസില്‍പ്പെട്ട കാലികള്‍ക്കാണ് ഇന്ത്യന്‍ ജനുസുകളെ അപേക്ഷിച്ച് സൂര്യാഘാതമേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത്. പ്രത്യേകിച്ച് ഹോര്‍സ്‌റ്റെന്‍ ഫ്രീഷ്യന്‍ ഇനത്തില്‍പ്പെട്ട കാലികള്‍ക്കാണ് സൂര്യാഘാതം ഏറ്റവും കൂടുതല്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളത്.
ലക്ഷണങ്ങള്‍
ഉന്മേഷക്കുറവ്, വേഗത്തിലും നാവ് നീട്ടിയുമുള്ള ശ്വസനം, കിതപ്പ്, വായയില്‍ നിന്നും മൂക്കില്‍ നിന്നും പതയോടുകൂടിയ സ്രവം വരുക, ചുവന്ന കണ്ണുകള്‍, വേഗത്തിലും ക്രമം തെറ്റിയുമുള്ള ഹൃദയമിടിപ്പ്, വര്‍ദ്ധിച്ച ശരീരോഷ്മാവ് (106 – 110 ഡിഗ്രി ഫാരന്‍ഹീറ്റ്), ശരീരം വിറയല്‍, അപസ്മാരം, ശ്വാസതടസ്സവും തുടര്‍ന്ന് ബോധക്ഷയവും മരണവുമാണ് ലക്ഷണങ്ങള്‍.
പ്രതിരോധമാര്‍ഗങ്ങള്‍
വായുസഞ്ചാരവും തണലുമുള്ള സ്ഥലത്ത് പശുക്കളെ പാര്‍പ്പിക്കുക, നിലത്ത് വെള്ളം നനച്ച് ഉരുക്കളെ തണുത്ത പ്രതലത്തില്‍ നിര്‍ത്തുക, വലിയ ജലകണികകള്‍ ഉണ്ടാക്കുന്ന സ്പ്രിംങ്‌ളര്‍ ഉപയോഗിച്ച് ദേഹത്ത് വെള്ളം നനയ്ക്കുക, ദിവസവും രണ്ട് നേരം കുളിപ്പിക്കുക, തൊഴുത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ വൈക്കോല്‍ നിരത്തി വെള്ളം നനയ്ക്കുക, മേല്‍ക്കൂരയ്ക്ക് താഴെയായി ഓലകൊണ്ട് ഇട മേല്‍ക്കൂര ഉണ്ടാക്കുക. തൊഴുത്തിന്റെ പരിസരത്ത് പച്ചപ്പുല്‍ കൃഷിചെയ്യുക, തൊഴുത്തില്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കുക, തണുത്ത വെള്ളം ആവശ്യാനുസരണം കുടിക്കാന്‍ ലഭ്യമാക്കുക, ചൂടുകൂടുതലുള്ള പകല്‍ സമയത്ത് സാന്ദ്രീകൃത തീറ്റയും ചൂട് കുറവുള്ള രാത്രി സമയത്ത് വൈക്കോലും പച്ചപ്പുല്ലും കൂടുതലായി നല്‍കുക, ആകെ നല്‍കേണ്ട തീറ്റയുടെ 60-70 ശതമാനം രാത്രി എട്ട് മണിക്കും രാവിലെ എട്ട് മണിക്കും ഇടയില്‍ നല്‍കുക, രാവിലെ 10 മണിക്കും വൈകുന്നേരം നാല് മണിക്കുമിടയില്‍ പശുക്കളെ തുറസായ സ്ഥലത്ത് മേയാന്‍ വിടാതിരിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
സങ്കരയിനം പശുക്കളെ സൂര്യതാപത്തില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ട നടപടിയെടുക്കേണ്ടതുണ്ട്. ആവശ്യാനുസരണം ശുദ്ധജലം, ശരിയായ പരിചരണവും നല്‍കി ശരീരത്തിന്റെ ചൂട് വര്‍ദ്ധിക്കാന്‍ ഇടയാക്കുന്ന യാത്രപോലുള്ള കാര്യങ്ങള്‍ ചൂട് കാലത്ത് ഒഴുവാക്കണം. കന്നുകാലികള്‍ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കി സംരക്ഷിക്കണം.
Share your comments