ഡയറി ഫാ൦ തുടങ്ങാൻ ആഗ്രഹിക്കുന്നവർ നിരവധിയുണ്ട്. എല്ലാവരും ഈ വിഷയത്തിൽ എക്സ്പെർട് ആയിരിക്കില്ല. അവർക്കായി അറിവുകൾ പങ്കുവയ്ക്കുകയാണ് എം വി വിജയൻ കണിച്ചാർ ക്ഷീര വികസന ഓഫീസർ. എടക്കാട്.
ലാഭകരമായ ഡയറി ഫാമിങ്ങിനു വേണ്ടി ഉരുക്കളെ എങ്ങനെ തെരഞ്ഞെടുക്കണം? പശുക്കളുടെ പ്രായം എങ്ങനെ നമുക്ക് കണ്ടു പിടിക്കാം? അതുപോലെ പശുക്കളുടെ തൂക്കം നിർണയിക്കുന്ന വിധം.
നല്ല പശുക്കളെ തെരഞ്ഞെടുക്കാനായി ഏറ്റവും മികച്ച ലക്ഷണമുള്ള ഉല്പാദന ക്ഷമതയുള്ള ഉല്പാദനമുള്ള , ആരോഗ്യമുള്ള, നല്ല ശീലങ്ങളുള്ള പശുക്കളെ വേണം തെരഞ്ഞെടുക്കാൻ.In order to select good cows, it is necessary to select the best symptomatic, productive, healthy and healthy cows. പശുക്കളെ തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും നോക്കുന്നത് അവയുടെ
1മേനിച്ചന്തം,
2ശരീര വ്യാപ്തി,
3അകിടിന്റെ സ്വഭാവങ്ങൾ,
4ഡയറി സ്വഭാവങ്ങൾ,
ഇങ്ങനെയുള്ള 4 പ്രധാന കാര്യങ്ങൾ നോക്കിയായിരിക്കണം. മുൻ പറഞ്ഞ നാല് ഘടകങ്ങളെ ക്കുറിച്ചുള്ള അറിവ് ഏതൊരു കർഷകനും ശരിയായ രീതിയിൽ ഉണ്ടായിരിക്കേണ്ടതാണ്. ഒപ്പം പശുവിനെ നടത്തിനോക്കണം, കറവ ഉള്ള പശുവാണെങ്കിൽ അതിനെ കറന്നു നോക്കണം, പ്രത്യേകിച്ച് തുടർച്ചയായ മൂന്നു നേരത്തെ കറവകണ്ടു വാങ്ങുകയാണെങ്കിൽ പാലുല്പാദനത്തെ സംബന്ധിച്ചുള്ള കബളിപ്പിക്കളിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. പശുവിനെ ഒരു പൂർണ്ണ കറവ നടത്തുകയും ചെയ്യേണ്ടതുണ്ട്. പശുവിന്റെ തീറ്റ ക്രമങ്ങളും തീറ്റ വസ്തുക്കളും ഏതു ബ്രാൻഡിലുള്ള തീറ്റയാണ് നൽകുന്നത് ഏതു അളവിലാണ് കൊടുത്തിരിക്കുന്നത് അതുപോലെ സൊസൈറ്റിയിലോ ക്ഷീര സഹകരണ സംഘങ്ങളിലോ ആണ് പാൽ കൊടുക്കുന്നതെങ്കിൽ അല്ലെങ്കിൽ ഒരു കറവ പശു മാത്രമാണ് ഉള്ളതെങ്കിൽ നമുക്ക് ആ സംഘം നൽകുന്ന പാസ് ബുക്ക് നോക്കിയാൽ ആ പശുവിന്റെ പാലിനു എത്ര കൊഴുപ്പുണ്ട് എത്ര എസ് എൻ എഫ് ഉണ്ട് എന്ന് നമുക്കറിയാൻ കഴിയും. അത് ഒരു പശുവുള്ള കേസിൽ മാത്രമേ കഴിയു. ലഭിക്കുന്ന പാൽ ഗുണ നിലവാരമില്ലാത്തതാണെങ്കിൽ പിന്നെ ആ പശുവിനെ വാങ്ങിയിട്ട് കാര്യമില്ല.
പശുവിന്റെ മേനിച്ചന്തം
ഇതിൽ ഒന്ന് വർഗ സവിശേഷതയാണ്. ഓരോ ഇനത്തിലും ലക്ഷണങ്ങൾ എത്രത്തോളം ഉണ്ടെന്നു നോക്കണം. വെച്ചൂർ എങ്കിൽ അതിന്റെ ഗുണങ്ങൾ, ജെഴ്‌സി ആണെങ്കിൽ ആ സവിശേഷതകൾ ഉണ്ടോ എന്ന് നോക്കുക, ചെമ്പൻ നിറങ്ങളാണ് പ്രധാനമായിട്ടും ജേഴ്‌സിയുടെ പ്രത്യേകത. കൂടാതെ നെറ്റി നല്ലവണ്ണം കുഴിഞ്ഞു മിഴിവാർന്ന കണ്ണുകൾ ഉള്ളവായും ആയിരിക്കും., എച്ച് എഫ് ആണെങ്കിൽ നമുക്കറിയാം, പ്രത്യേകിച്ച് വെളുപ്പും കറുപ്പും ഇനത്തിൽ അതിന്റെ തലയുടെ പ്രത്യേകത, ഈ കാര്യങ്ങളെ ക്കുറിച്ചു മനസ്സിലാക്കിയാൽ അല്ലെങ്കിൽ ഓരോ ഇനത്തെക്കുറിച്ചും നമ്മൾ മനസ്സിലാക്കിയാൽ, ലക്ഷണങ്ങൾ പറഞ്ഞത്പോലുള്ളതുണ്ടോ എന്ന് മനസ്സിലാക്കിയാൽ നമുക്ക് ആ ഇനത്തെ തിരിച്ചറിയാൻ കഴിയും.
ഇനി തലയാണ്. ശരീരത്തിനനുസൃതവും വികസിച്ച നാസാദ്വാരവും വിടർന്ന മിഴിവാര്ന്നതുമായ വെള്ളവും പഴുപ്പും പീളയും കെട്ടാത്ത കണ്ണുകൾ. ഉയർത്തി പിടിച്ച ചെവി, ഇത് രോഗം ഇല്ല എന്ന് സൂചിപ്പിക്കുന്നതിന്റെ ലക്ഷണങ്ങൾ ആണ്. വികസിച്ച നാസാദ്വാരം കൂടുതൽ ശ്വാസം എടുക്കാനുള്ള കപ്പാസിറ്റിയാണ് അതിനുള്ള ശേഷിയാണ് സൂചിപ്പിക്കുന്നത്.
ഷോൾഡർ ബ്ലേഡ്. മുൻകാലിന്റെ ശരീരത്തിന് ചേർന്ന് നിൽക്കുന്ന ഭാഗത്തിന് ഷോൾഡർ ബ്ളേഡ് , ഈ ഭാഗം ശരീരത്തിന് അനുസൃതമായതും നല്ല ഒതുക്കമുള്ളതും മിനുസ്സമുള്ളതുമായിരിക്കണം. ബാക് അല്ലെങ്കിൽ പുറം എന്നൊക്കെ പറയുന്ന ഏറ്റവും മുകളിൽ വരുന്ന ഭാഗം. നല്ല നേരെയുള്ളതായിരിക്കണം, നല്ല ഉറപ്പുള്ളതായിരിക്കണം. ഇത് പശുവിന്റെ ആരോഗ്യത്തെയും ബലവത്തായ ഒരു നട്ടെല്ലിന്റെയും സൂചനയാണ് തരുന്നത്. അത് വളഞ്ഞു നിൽകുമ്പോൾ സ്വാഭാവികമായും നടുവിന് ആരോഗ്യക്കുറവുണ്ട് എന്ന് മനസിലാക്കാം.
പിൻഭാഗം നല്ല വിരിഞ്ഞതും ലെവൽ ആയതും ആയിരിക്കണം.
മുൻകാൽ. ശരാശരി നീളവും നേരെയുള്ളതും ഇരു ഭാഗത്തേക്കും ഹൃദയത്തിന്റെ ഭാഗം വരുമ്പോൾ ഇരു ഭാഗത്തേക്കും അകന്നു നിൽക്കുന്നതും ആയിരിക്കണം. അത് സൂചിപ്പിക്കുന്നത് നല്ല വലിപ്പമുള്ള ആരോഗ്യ മുള്ള ഒരു ഹൃദയം അതിനു ഉണ്ട് എന്നതാണ്.
പിൻകാൽ. പുറകിൽ നിന്ന് നോക്കിയാൽ നേരെയുള്ളതും അകിടിന്റെ ഭാഗത്തു നല്ലവണ്ണം അകന്നതും നല്ല ബലമേറിയതും ആയിരിക്കണം.
കുളമ്പ്. ചെറുതും ഒതുങ്ങിയതും വട്ടത്തിലുള്ളതും ആയിരിക്കണം. നാടൻ ഭാഷയിൽ കുതിരക്കുളമ്പുള്ളത് എന്ന് പറയും. കുളമ്പു എന്ന് പറയുന്നത് അതിന്റെ ആത്മാവ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. നല്ല ആരോഗ്യമുള്ള കുളമ്പുണ്ടെങ്കിൽ മാത്രമേ പശുക്കൾക്ക് ശരിയായ രീതിയിൽ ചലിക്കുന്നതിനും അത് പാലുത്പാദനത്തേയും അതിന്റെ സ്വസ്ഥതയേയും സൂചിപ്പിക്കുന്നു.
വാൽ നീളം കൂടിയതും നല്ല ലെവൽ ആയതുമായിരിക്കണം. തൂക്കുകട്ട ഇട്ടാൽ എങ്ങനെയിരിക്കും അതുപോലെ ലെവൽ ആയി കിടക്കണം. പ്രത്യേകിച്ച് ബാരൽ. മനുഷ്യർ അടുത്തേക്ക് ചെല്ലുമ്പോൾ വാൾ കാലിന്റെ ഇടയിലേക്ക് പിടിക്കുന്ന സ്വഭാവങ്ങൾ , അത് പേടിയെ സൂചിപ്പിക്കുന്നതാണ്. അങ്ങനെ പേടിക്കുന്ന ഒരു പശുവിനെ സംബന്ധിച്ചു ശരിയായ രീതിയിൽ പാൽ ചുരത്താൻ സാധിക്കാതെ വരും .
വാലറ്റം. അതായത് മലദ്വാരത്തോടു ചേർന്ന ഭാഗത്തെയാണ് വാലറ്റം എന്ന് പറയുന്നത്. നല്ല ആരോഗ്യമുള്ളതായിരിക്കണം. ആരംഭത്തിൽ തടിച്ചതും യോനിയെ പൂർണ്ണമായും മറയ്ക്കുന്നതരത്തിലും താഴോട്ടു വരുംതോറും മെലിഞ്ഞു വരുന്ന ടൈപ് ആയിരിക്കണം വാൽ. ഈ ഘടകങ്ങൾ ആണ് മേനിച്ചന്തത്തിൽ നോക്കേണ്ടത്.
ശരീര വ്യാപ്തി.
1. ഹൃദയം. പ്രധാനമായും വിരിഞ്ഞതും വലിപ്പമുള്ളതുമായിരിക്കണം.
2.ഹൃദയത്തിന്റെ ചുറ്റളവ്. നല്ല വിരിഞ്ഞ നെഞ്ചും നെഞ്ചുംകൂടും ഉണ്ടായിരിക്കണം.
3. ബാരൽ . ശരീരം മൊത്തമായിട്ടുള്ളതിനെയാണ് ബാരൽ എന്ന് പറയുന്നത്. നല്ല ഉറപ്പുള്ളതായിരിക്കണം വിരിഞ്ഞതായിരിക്കണം, അതുപോലെതന്നെ എഴുന്നു നിൽക്കാത്തതും ശക്തിയായി താങ്ങി നിർത്തുന്നതുമായ വാരിയെല്ലുകൾ ആയിരിക്കണം. മുന്നിൽ നിന്നും പുറകോട്ടു വരുംതോറും കോൺ ആകൃതിയിൽ വികസിച്ചു വരുന്ന തരത്തിലുള്ള ശരീര പ്രകൃതി ആയിരിക്കണം. മുന്നിൽ നിന്ന് നോക്കും തോറും ഒരു ആശാരിയുടെ വീതുളി എങ്ങനെയാണോ അതേ പോലെയായിരിക്കണം പുറകോട്ടു പരമാവധി പൃഷ്‌ഠഭാഗമൊക്കെ വരുമ്പോൾ നല്ല വിരിഞ്ഞ തരത്തിലായിരിക്കണം.
ഹൃദയം, ഹൃദയ ചുറ്റളവ്, ബാരൽ ഈ മൂന്ന് കാര്യങ്ങളാണ് ശരീര വ്യാപ്തിയുമായി ബന്ധപ്പെട്ടു നോക്കാനുള്ള പ്രധാനപ്പെട്ട ഘടകങ്ങൾ.
ഡയറി സ്വഭാവങ്ങൾ.
1.തൊലി കട്ടി കുറഞ്ഞതും നല്ല വഴക്കമുള്ളതും ഇലാസ്ടിസിറ്റിയുള്ളതും ആയിരിക്കണം. ഇത് സൂചിപ്പിക്കുന്നത് കൊടുക്കുന്ന തീറ്റയെ പാലാക്കി മാറ്റാനുള്ള കഴിവിനെയാണ് കട്ടി കുറഞ്ഞ വഴക്കമുള്ള നല്ല തൊലി സൂചിപ്പിക്കുന്നത്.
2. കഴുത്ത് നീണ്ട് മെലിഞ്ഞതായിരിക്കണം, അധികം മാംസളമല്ലാത്തതായിരിക്കണം.
3. വാരിയെല്ലുകൾ. നിരപ്പുള്ളതുംബലമേറിയതുമായിരിക്കണം.
4. ഫ്ലാങ്ക്. ഫ്ലാങ്ക് എന്ന് പറയുന്നത് പിൻകാലിന്റെയും വയറിന്റെയും ഇടയ്ക്കു വരുന്ന ത്രികോണാകൃതിയിൽ എല്ലൊന്നുമില്ലാത്ത ആമാശയവും ഒക്കെ ഉൾപ്പെടുന്ന പ്രദേശമാണ് ഫ്ലാങ്ക്.നല്ല ആഴമുള്ളതും വ്യകതമായി തിരിച്ചറിയാൻ കഴിയുന്നതുമായിരിക്കണം.
5. തുട. പുറകിൽ നിന്ന് നോക്കിയാൽ ഇരു വശത്തേക്ക് അകന്നു ബലമേറിയതായിരിക്കണം. ഈ അഞ്ചു കാര്യങ്ങളാണ് ഡയറി സ്വഭാവത്തിൽ കൃത്യമായി നോക്കേണ്ടത്.
അകിടിന്റെ സ്വഭാവങ്ങൾ.
അകിട് നല്ല പരന്നതായിരിക്കണം, ആഴമുള്ളതും ശരീരത്തോട് ശക്തിയായി ചേർന്നിരിക്കുന്നതും മൃദുവായതും നല്ല വഴക്കമുള്ളതും കറവ കഴിഞ്ഞാൽ നന്നായി ചുരുങ്ങുന്നതുമായിരിക്കണം. അകിടിന് പൊതുവായിട്ടു നാല് ക്വാർട്ടറുകളാണ്. മുൻ ക്വാർട്ടറുകൾ, പിൻ ക്വാർട്ടറുകൾ , ഇടതുക്വാർട്ടറുകൾ, വലത്ക്വാർട്ടറുകൾ. അതിൽ രണ്ടു ക്വാർട്ടറുകൾ തുല്യ വലിപ്പമുള്ളതായിരിക്കും മുൻ അകിട് . ശരീരവുമായി ദൃഢമായി ഉറപ്പിച്ചിട്ടുള്ളതും സാമാന്യം നീളമുള്ളതും മുന്നിൽ നിന്ന് പുറകോട്ട് ഒരേ വീതിയുള്ളതുമായിരിക്കണം. പിൻ അകിട് . ദൃഢമായി ശരീരവുമായി ഉറപ്പിച്ചിട്ടുള്ളതും ചെറിയ വൃത്താകൃതിയിലുള്ളതും മുകളിൽനിന്നു താഴേക്ക് ഒരേ വീതിയിലുള്ളതും ആയിരിക്കണം. മുലക്കാമ്പ്. ഒരേ വലിപ്പമായിരിക്കണം, ഒരു സിലിണ്ടർ ആകൃതിയിൽ ചതുരത്തിന്റെ നാല് മൂലയിലും സ്ഥാപിച്ചിട്ടുള്ള നിലയിലായിരിക്കണം മുലക്കാമ്പുകൾ. ഇത് അകിടിന്റെ പരപ്പിനെയാണ് സൂചിപ്പിക്കുന്നത്. പരമാവധി അകലത്തിലുള്ള മുലക്കാമ്പുകൾ അകിടിന്റെ പരപ്പിനെ സൂചിപ്പിക്കുന്നു. പാൽ ഞരമ്പുകൾ. വലുത്, തടിച്ചതു, വളഞ്ഞു പുളഞ്ഞു ചുരുണ്ട് കിടക്കുന്ന പാൽ ഞരമ്പുകൾ നല്ല പാൽ ഉത്പാദനത്തിന്റെ ലക്ഷണങ്ങൾ ആണ്. ഒപ്പം ഉരുക്കളെ തെരഞ്ഞെടുക്കുമ്പോൾ കൃത്യമായി കറവ അല്ലെങ്കിൽ പൂർണ്ണമായി കറവ നടത്തി നോക്കണം, അത് തൊഴിക്കുമോ? തുടങ്ങിയ ശീലങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കണം. അതുപോലെ മുടന്തു, നടക്കാൻ എന്തെങ്കിലും പ്രയാസമോ കുളമ്പിനെന്തെങ്കിലും പ്രയാസമോ ഉണ്ടോ എന്നറിയണമെങ്കിൽ പശുവിനെ കൃത്യമായി നടത്തി നോക്കേണ്ടതുണ്ട്. തീറ്റകൊടുക്കുന്ന കാര്യങ്ങൾ, തീറ്റ ഏതൊക്കെ എന്ന് നോക്കി വേണം പശുക്കളെ തെരഞ്ഞെടുക്കാൻ. പശുക്കളുടെ തെരഞ്ഞെടുപ്പ് തെറ്റിയാൽ ആ ഫാ൦ നഷ്ടത്തിലേക്കു പോകും അതുപോലെ പശുക്കളുടെ യോനീ ഭാഗം കൃത്യമായി പരിശോധിക്കണം. അതിൽ തുന്നലുകളുടെ പാടുണ്ടോ എന്ന് നോക്കേണ്ടതുണ്ട്. ഗർഭപാത്രം തള്ളുന്ന പശുക്കളുടെ യോനിയുടെ ഭാഗത്തു തുന്നലിന്റെ പാട് കാണാം, അങ്ങനെയുണ്ടെങ്കിൽ നമുക്ക് ഉറപ്പിക്കാം, ഇത് ഗർഭ പാത്രം തള്ളുന്ന ശീലമുള്ള പശുവാണ്. മറ്റൊന്ന്. വയറിന്റെ ഭാഗത്തു ഗർഭവുമായി ബന്ധപ്പെട്ടു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പശുക്കുട്ടിയെ പുറത്തെടുക്കാൻ വേണ്ടി ഓപ്പറേഷൻ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ തുന്നൽ പാടുകൾ കാണാൻ കഴിയും. അപ്പോഴും നമുക്ക്അറിയാൻ കഴിയും ഇത് പ്രസവിക്കാൻ ബുദ്ധിമുട്ടുള്ള പശുവാണ്. ഇത്തരം കാര്യങ്ങൾ മനസ്സിൽ വച്ച് വേണം പശുക്കളെ നോക്കാൻ.
ലാഭകരമായ ഫാമിലേക്കു പശുക്കളെ തെരഞ്ഞെടുക്കുമ്പോൾ പാൽ ഉത്പാദന ക്ഷമത നമ്മുടെ സാഹചര്യങ്ങൾ ഇതൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. നമുക്ക് അതിനെക്കുറിച്ചൊന്നും വലിയ അറിവും സൗകര്യങ്ങളും ഇല്ലെങ്കിൽ പ്രത്യേകിച്ച് നമ്മുടെ തൊഴുത്തിന്റെയും പരിസരങ്ങളുടെയും അന്തരീക്ഷോഷ്മാവ് 20 ഡിഗ്രിയിൽ താഴേ പ്രദാനം ചെയ്യാൻ നമുക്ക് സാധിക്കില്ല എങ്കിൽ വലിയ കൂടിയ പാൽ ഉള്ള പശുക്കളെ എടുക്കാതിരിക്കുക. കൂടുതൽ പാൽ ഉള്ളവയെ അതീവ ശ്രധ കൊടുക്കണം, നല്ല പരിചരണങ്ങൾ കൊടുക്കുന്നതോടൊപ്പം തന്നെ നല്ല സൗകര്യങ്ങളും ഒരുക്കി കൊടുക്കേണ്ടതുണ്ട്. സങ്കരയിനം പശുക്കളെ പാർപ്പിക്കുമ്പോൾ നിശ്ചയമായും അവയ്ക്കു 5 നും 15 ഡിഗ്രിക്കും ഇടയ്ക്കുള്ള കാലാവസ്ഥ ഒരുക്കി കൊടുക്കേണ്ടതുണ്ട്. ഇന്ത്യൻ പശുക്കളാണെങ്കിൽ 15 മുതൽ 27 ഡിഗ്രി ചൂടുള്ള കാലാവസ്ഥയിൽ അവയ്ക്കു ജീവിക്കാൻ കഴിയും. ഇത്തരം കാലാവസ്ഥ ഒരുക്കി കൊടുക്കാത്ത പക്ഷം അത് പാലുത്പാദനത്തെയും പാലിന്റെ ഗുണ നിലവാരത്തെയും സാരമായി ബാധിക്കും. അതാണ് നമ്മുടെ നാട്ടിൽ വന്നുചേരുന്ന ഏറ്റവും വലിയ പ്രശ്നം. അത് മറ്റു രോഗങ്ങളിലേക്കു പശുവിനെ തള്ളി വിടും. അങ്ങനെ പശു വളർത്തൽ നഷ്ടമായി ബാധിക്കും.
തയ്യാറാക്കിയത്
എം വി വിജയൻ
കണിച്ചാർ ക്ഷീരവികസന ഓഫീസർ എടക്കാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കരിമീൻ കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്
Share your comments