ഭാരതത്തിന്റെ ഗ്രാമീണ ഊർജ്ജാവശ്യങ്ങൾക്കും കൃഷി പദ്ധതികൾക്കും സ്വീകാര്യമായ മാർഗ്ഗമാണ് 200 ദശലക്ഷത്തോളമുള്ള നമ്മുടെ ഗോ സമ്പത്ത്. കേൾക്കുമ്പോളൊരല്പം അതിശയോക്തി തോന്നുമെങ്കിലും അനിഷേധ്യമായ സത്യമാണത്. പ്രസ്തുത ഗോസമൃദ്ധിയിൽ നിന്ന് പ്രതിവർഷം ലഭിക്കുന്ന 250 ദശലക്ഷം ടൺ ചാണകം വേണ്ട രീതിയിൽ സംസ്കരിച്ചുപയോഗിച്ചാൽ ഇന്നത്തെ ഊർജ്ജാവശ്യത്തിനു പരിഹാരമാവും. ഗതാഗതം, പാചകം എന്നിവയ്ക്കായി നാമിന്ന് ആശ്രയിക്കുന്ന പ്രകൃതിവാതകത്തിനും മണ്ണെണ്ണയ്ക്കും വിശുദ്ധമായൊരു പരിഹാരവുമായിരിക്കും.
ചാണകത്തിൽ നിന്ന് ഉത്ഭവിക്കുന്ന വാതകങ്ങളിൽ 55-65%വും മീതേനാണ്. 30-35% കാർബണ്ടയോക്സൈഡും, കൂടാതെ ഹൈഡ്രജനും നൈട്രജനും എല്ലാം ചാണകത്തിൽ നിന്ന് ബഹിർഗമിക്കും. ഒരു ക്യുബിക് അടി ചാണകം സമ്പൂർണ്ണമായി കത്തിച്ചാൽ 600 ബയോ തെർമൽ യൂണിറ്റ് താപം ജനിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഒരു കിലോ പശുവിൻ ചാണകം തത്തുല്യം ജലവുമായി കലർത്തി 24-26 ഡിഗ്രി സെൽഷ്യസിൽ 55-60 ദിവസം സൂക്ഷിക്കുമ്പോൾ 35-40 ലി ബയോഗ്യാസ് ഉത്പാദിപ്പിക്കപ്പെടും. ഭാരതത്തിലെ സകല കാലികളുടെയും ചാണകമെടുത്ത് ഇത്തരത്തിൽ സംസ്കരിച്ചാൽ 0.2904 സഹ കോടി ക്യുബിക് മീറ്റർ ഉത്പാദിപ്പിക്കാം.
രാജ്യത്തെ 75 ദശലക്ഷം ഗോക്കൾ നല്കുന്ന ചാണകം കാര്യക്ഷമമായി ഉപയോഗിച്ചാൽ തന്നെ നൂറു കോടി ജനങ്ങളുടെ മണ്ണെണ്ണ, എൽപിജി ആവശ്യത്തിനു പകരം നില്ക്കും. 40 ദശലക്ഷം പശുക്കളിൽ നിന്നു ലഭിക്കുന്ന ഊർജ്ജം 8 ദശലക്ഷം ടൺ പെട്രോളിനു തുല്യം നില്ക്കും. ഈ പ്രക്രിയയിലൂടെ ഉണ്ടാകുന്ന 50 മില്യൺ ടൺ ഗോബർ സ്ലറിയാകട്ടെ നൈട്രജനും ഫോസ്ഫറസും ധാരാളമടങ്ങിയ ജൈവവളമായി 150 ദശലക്ഷം ഹെക്ടർ കൃഷിസ്ഥലത്ത് ഉപയോഗിക്കാം.
Share your comments