ശുദ്ധ ജലാശയങ്ങളിലും ഓര് ജലാശയങ്ങളിലും ഒരുമിച്ച് വളരാന്‍ കഴിവുള്ളവയാണെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ കരിമീന്‍ വിത്തുല്‍പാദനം നടത്താന്‍ ഓര് ജലാശയങ്ങളാണ് അനുയോജ്യം. വര്‍ഷം മുഴുവനും മുട്ടയിട്ട് കുഞ്ഞുങ്ങളെ ഉദ്പാദിപ്പിക്കുമെങ്കിലും ഫെബ്രുവരി മുതല്‍ മെയ്‌വരെയും ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമാണ് കരിമീനിന്റെ പ്രധാന പ്രജനന കാലം. വളര്‍ന്ന് പ്രജനനത്തിന് തയ്യാറാകുന്ന മത്സ്യങ്ങളില്‍ മാത്രമാണ് ആണ്‍-പെണ്‍വ്യത്യാസം ബാഹ്യമായി പ്രകടമാകുന്നത്. വളര്‍ന്ന് വരുമ്പോള്‍ കൂട്ടമായി നടക്കുന്ന കരിമീനുകള്‍ പ്രജനന കാലം സമീപിക്കുമ്പോള്‍ കൂട്ടംതിരിഞ്ഞ് ഇണകള്‍ മാത്രമായി നടക്കുന്നത് കാണാം. കാര്‍പ്പ് മത്സ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കരിമീനിന്റെ മുട്ടയുടെ എണ്ണം വളരെ കുറവാണ്. കാര്‍പ്പ് മത്സ്യങ്ങള്‍ ലക്ഷകണക്കിന് മുട്ട ഇടുമ്പോള്‍, കരിമീന്‍ ഏറിയാല്‍ 3000-ല്‍ താഴെ മുട്ട മാത്രമാണ് ഇടുന്നത്. കാര്‍പ്പ് മത്സ്യങ്ങളിലെ പോലെ ഹോര്‍മോണ്‍ കുത്തിവച്ച് മുട്ടയിടിയിക്കുന്ന രീതി കരിമീനില്‍ പ്രായോഗികമല്ല. അതിനാല്‍ കുളങ്ങളില്‍ സൗകര്യം ഒരുക്കി പ്രകൃത്യാ മുട്ടയിടിച്ച് കുഞ്ഞുങ്ങളെ വേണ്ടവിധം പരിപാലിച്ച് അതിജീവനതോത് വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യാന്‍ കഴിയൂ.
കുളം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
40 മുതല്‍ 60 സെന്റ് വരെയുള്ള ചെറിയകുളങ്ങള്‍ ആണ് കരിമീന്‍ വിത്തുല്‍പാദനത്തിന് അഭികാമ്യം. ഇതിനു മുമ്പ് ശരിയായ രീതിയില്‍ കുളം ഒരുക്കണം. കുളങ്ങളിലെ കള മത്സ്യങ്ങളെയും സസ്യങ്ങളെയും പൂര്‍ണ്ണമായി മാറ്റണം. കള മത്സ്യങ്ങള്‍ മുട്ടകളും വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങളെയും ഭക്ഷണമാക്കും.
കള നിര്‍മ്മാര്‍ജ്ജനത്തിന് ഏറ്റവും അനുയോജ്യം കുളങ്ങള്‍ പൂര്‍ണ്ണമായും വറ്റിച്ച് ഉണക്കുക എന്നതാണ.് ഇതുവഴി കുളത്തിലെ എല്ലാ കളമത്സ്യങ്ങളും ഇവയുടെ മുട്ടകളും പൂര്‍ണ്ണമായും നശിക്കും. എന്നാല്‍ എല്ലാ കുളങ്ങളിലും ഇങ്ങനെ ഉണക്കി കള മത്സ്യങ്ങളെ നശിപ്പിക്കാന്‍ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ കഴിയാവുന്നത്ര വറ്റിച്ചശേഷം ജൈവ / രാസ സംയുക്തങ്ങള്‍ ഉപയോഗിച്ച് ഇവയെ നശിപ്പിക്കേണ്ടി വരും.
ജൈവ കള മത്സ്യ നിര്‍മാര്‍ജ്ജനത്തിന് നീര്‍വാളക്കുരു, മഹുവ പിണ്ണാക്ക്, ടീ സീഡ്‌കേക്ക് എന്നിവ ഉപയോഗിച്ചു വരുന്നു. ഒരു സെന്റ് കുളത്തില്‍ 200 ഗ്രാം തോതിലാണ് ടീ സീഡ് ഉപയോഗിക്കേണ്ടത്. ജലത്തിന്റെ അളവ് പരമാവധി കുറച്ച് 10 സെ. മീ. താഴെ കൊണ്ടു വന്നതിനുശേഷം വേണം ഇത് പ്രയോഗിക്കാന്‍. ഉപയോഗിക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് 1:10 അളവില്‍ കല്ലുപ്പ് ചേര്‍ത്ത് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കണം. വെയിലുള്ള ദിവസത്തില്‍ കുളത്തില്‍ രാവിലെ 11 മണിയോടടുപ്പിച്ച് ഈ മിശ്രിതം തുണിയില്‍ പിഴിഞ്ഞെടുത്ത് കുളത്തിന്റെ എല്ലാ വശങ്ങളിലും എത്തിച്ചേത്തക്ക രീതിയില്‍ ഒഴിക്കുക. ഒഴിച്ച് 10 മുതല്‍ 30 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കള മത്സ്യങ്ങളെല്ലാം ചത്ത് പൊന്തി വരും. ഇവയെ കോരുവല ഉപയോഗിച്ച് പുറത്ത് കളയണം. കള മത്സ്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് 24 മണിക്കൂര്‍ കഴിഞ്ഞ് കുളത്തില്‍ സെന്റിന് 2 കിലോ എന്ന തോതില്‍ കുമ്മായമുപയോഗിക്കണം. പുറത്തു നിന്ന് വെള്ളം കയറ്റേണ്ടി വന്നാല്‍ ചെറിയ കണ്ണി വലിപ്പമുള്ള അരിപ്പവല ഉപയോഗിച്ച് വെള്ളം അരിക്കുന്നു എന്ന് ഉറപ്പുവരുത്തണം. കള നിര്‍മ്മാര്‍ജ്ജനത്തിനുശേഷം സെന്റ് ഒന്നിന് ഉണങ്ങിയ ചാണകം (5 കിലോ), കപ്പലണ്ടി പിണ്ണാക്ക് (300ഗ്രാം), യൂറിയ (50 ഗ്രാം) എന്നിവ ഇടണം. ഇത് കുളത്തില്‍ പ്ലവകങ്ങള്‍ വളരാന്‍ സഹായിക്കും. കരിമീനുകള്‍ക്ക് കുളങ്ങളില്‍ മുട്ട ഒട്ടിച്ചു വയ്ക്കുന്ന-തിനുള്ളസൗകര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് മുള, മരക്കുറ്റികള്‍, ഓട്, മണ്ണിന്റെ ചട്ടികള്‍എന്നിവ ഉപയോഗിക്കാം. ഇവ കുളത്തിന്റെ അരിക് വശങ്ങളിലായി പരമാവധി ഒന്നരമീറ്റര്‍ അകലം വരത്തക്ക രീതിയില്‍ കരയില്‍ നിന്ന് അരമീറ്റര്‍ അകലത്തിനുള്ളില്‍ ചുറ്റും വയ്ക്കണം.
തള്ള മത്സ്യങ്ങളെ നിക്ഷേപിക്കല്‍
ശരിയായരീതിയില്‍ തയ്യാറാക്കിയ കുളങ്ങളില്‍ 7-ാം ദിവസം തന്നെ തള്ള മത്സ്യങ്ങളെ നിക്ഷേപിക്കാം. ആണ്‍ പെണ്‍ മത്സ്യങ്ങളെ തരംതിരിച്ച് മനസിലാക്കുന്ന-ത് എളുപ്പമല്ലാത്തതിനാല്‍കൂട്ടമായി നടക്കുന്ന മത്സ്യങ്ങളെ മൊത്തത്തില്‍ പിടിച്ചെടുത്താണ് നിക്ഷേപിക്കുക. 12 മുതല്‍ 14 സെ.മീ നീളവും 80 മുതല്‍ 160 ഗ്രാം വരെ വലുിപ്പവുമുള്ള മത്സ്യങ്ങളെ വേണം തള്ള മത്സ്യമായി ഉപയോഗിക്കുവാന്‍. പ്രജനന സമയമായാല്‍ ആണ്‍ മത്സ്യങ്ങളുടെ ശരീരത്തില്‍കാണുന്ന വരകളും വെള്ളപ്പൊട്ടലുകളും കൂടുതല്‍ തിളങ്ങുന്നത് കാണാം. ഒരു സെന്റ് സ്ഥലത്ത് ആരോഗ്യമുള്ള 4 മുതല്‍ 8 എണ്ണം വരെ തള്ളമത്സ്യങ്ങളെ ഉപയോഗിക്കാം.
തള്ള മത്സ്യങ്ങളെ കുളങ്ങളില്‍ നിക്ഷേപിച്ച് കഴിഞ്ഞ് 24 മണിക്കൂറിന് ശേഷം ദിവസം. 2 നേരം എന്ന ക്രമത്തില്‍ തിരിതീറ്റ നല്‍കണം. ഇത്തരത്തില്‍ ഒരു മാസത്തെ പരിപാലനത്തിനുള്ളില്‍ തന്നെ ഇവ മുട്ടയിടുന്നതിന് ആരംഭിക്കും. മഞ്ഞ നിറത്തിലുള്ള മുട്ടകള്‍ 3 - 4 ദിവസത്തിനുള്ളില്‍ കറുത്ത നിറമാകുകയും തുടര്‍ന്ന് വിരിയാന്‍ ആരംഭിക്കുകയും ചെയ്യും. വിരിയുന്ന കുഞ്ഞുങ്ങളെ തള്ളമീനുകള്‍ മണലില്‍ / ചെളിയില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കി പരിപാലിക്കും. ഇവ സ്വന്തമായി തീറ്റയെടുത്ത് തുടങ്ങുന്ന 3-4 ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ്. ഈ സമയത്ത് ഇവ കുഞ്ഞുപ്ലവകങ്ങളെയാണ് കഴിക്കുന്നത്.
പക്ഷികളും മറ്റും കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്നത് തടയണം. കുളത്തിന്റെ മുകളില്‍ പക്ഷികളെ പ്രതിരോധിക്കുവാന്‍ വല കെട്ടേണ്ടതാണ്. നീര്‍നായയുടെശല്യമുള്ളസ്ഥലങ്ങളില്‍ഇവയെപ്രതിരോധിക്കാന്‍ കുളത്തിന്റെ വശങ്ങളില്‍ പ്രത്യേകം വല കെട്ടി സംരക്ഷണംഒരുക്കണം.
കുഞ്ഞുങ്ങളെ എങ്ങനെ പിടിക്കാം ?
കരിമീന്‍ കുഞ്ഞുങ്ങള്‍ ആദ്യത്തെ ഒരു മാസത്തോളംകൂട്ടമായാണ് നടക്കുന്നത്. രാത്രി സമയത്ത് ചെറിയകോരി വല ഉപയോഗിച്ച് ഇവയെചെറിയകണ്ണിവലുപ്പമുള്ളഹാപ്പനെറ്റുകളിലേക്ക് മാറ്റണം. വലുപ്പം കൂടിയ കുഞ്ഞുങ്ങളെ 12മി.മീ കണ്ണി വലുപ്പമുള്ള HDPE വലകൊണ്ട് നിര്‍മ്മിക്കുന്ന ചതുരാകൃതിയിലുള്ള (2 മി x 2മി x 1.5മി) കൂട് വലകളില്‍ ആണ് ഇടേണ്ടത്. കുറഞ്ഞത് 6 സെ.മി വലിപ്പമെത്തിയ കുഞ്ഞുങ്ങളെയാണ് വിപണനം നടത്തേണ്ടത്. കുഞ്ഞുങ്ങളെ പിടിച്ചെടുക്കുന്നതിന് കെ.വി.കെ. വല വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കുഞ്ഞുങ്ങളെ പിടിക്കുന്നതിനായി ഈ വല കുളത്തില്‍ താഴ്ത്തി താഴ്ന്നുപോകുന്ന തിരി തീറ്റ ഇട്ട് വയ്ക്കണം. ഒരു മണിക്കൂറിന് ശേഷം വല പൊക്കിയെടുത്താല്‍ കുഞ്ഞുങ്ങളെ ലഭിക്കും.
എന്നാല്‍ ഈ രീതിയില്‍മാത്രം മുഴുന്‍കുഞ്ഞുങ്ങളെ പിടിച്ചെടുക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ മറ്റ് പല രീതികളും അവലംബിക്കാം. ഇതിന് കുളങ്ങളുടെ വശങ്ങളില്‍ ഉറപ്പിച്ച് വയ്ക്കാവുന്ന ചെറിയ ചീനവലകള്‍, കുളങ്ങളില്‍ താഴ്ത്തിവയ്ക്കാവുന്ന കൂട് വലകള്‍, വീശുവല എന്നിവ ഉപയോഗിക്കാം.
കുഞ്ഞുങ്ങളെ ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഓക്‌സിജന്‍ നിറച്ച പോളിത്തീന്‍ കവറുകളില്‍ പാക്ക് ചെയ്യാം. മത്സ്യക്കുഞ്ഞുങ്ങടങ്ങിയ പോളിത്തീന്‍ ബാഗുകള്‍ കുളത്തില്‍ നിക്ഷേപിക്കാന്‍ 6 മണിക്കൂറിലധികം സമയം എടുക്കുന്നുവെങ്കില്‍ ഇവയെ 20 ഡിഗ്രി താപനിലയില്‍ താഴെ സൂക്ഷിക്കണം.
മത്സ്യക്കുഞ്ഞുങ്ങളടങ്ങിയ ബാഗ് തുറക്കുന്നതിന് മുന്‍പ് താപനില ക്രമീകരിക്കുന്നതിന് അവ കുറഞ്ഞത് അരമണിക്കൂറെങ്കിലും നിക്ഷേപിക്കാനുദ്ദേശിക്കുന്ന ജലാശയത്തിലെ വെള്ളത്തില്‍ തന്നെ ഇട്ടുവയ്ക്കുക. തുടര്‍ന്ന് ബാഗുകള്‍ തുറന്ന് കുളത്തിലെ വെള്ളം സാവധാനം (20 മിനിറ്റെങ്കിലും എടുത്ത്) നിറച്ചശേഷം മാത്രം കുഞ്ഞുങ്ങളെ തുറന്ന് വിടുക. ഇങ്ങനെ ചെയ്തില്ലെങ്കില്‍ താപനിലയിലുള്ള വ്യത്യാസം കുഞ്ഞുങ്ങള്‍ ചത്തുപോകാന്‍ കാരണമാകും.
ഡോ.പി.എവികാസ് & ഡോ . ഷിനോജ്‌സുബ്രമണ്യന്‍
ICAR കൃഷിവിജ്ഞാന്‍ കേന്ദ്ര, എറണാകുളം CMFRI
നരക്കല്‍, എറണാകുളം
Share your comments