മലയാളിയുടെ പ്രിയപ്പെട്ട മത്സ്യമായ മത്തിയും അയലയും കുറഞ്ഞപ്പോള്‍ കേരളത്തിലേക്ക് കൊറിയന്‍ മീനുകളും.കേരളീയരുടെ പല മത്സ്യരുചികളും അന്യമാകുന്നതിനിടെ അവയ്ക്ക് പകരം വെക്കാന്‍ പല മീനുകളെയും കേരളത്തില്‍ എത്തിച്ചിരിക്കുകയാണ് വ്യാപാരികൾ.വലിയ അയലയ്ക്ക് സമാനമായ സീര്‍ മത്സ്യമാണ് വിപണിയിലെ പുതിയ അതിഥി.ദക്ഷിണകൊറിയയില്‍ ഏറെ പ്രിയമുള്ള മീനാണിത്. കൊറിയനാണേലും സീര്‍ ആള് ജപ്പാനാണ്. ദക്ഷിണകൊറിയ, ജപ്പാന്‍, ചൈന, നോര്‍വേ എന്നീ രാജ്യങ്ങളാണ് സീര്‍ മത്സ്യത്തിന്റെ പ്രധാന ഉപഭോക്താക്കള്‍. അഞ്ചുലക്ഷംമുതല്‍ ആറുലക്ഷം ടണ്‍വരെയാണ് ഈ രാജ്യങ്ങളുടെ ഉപഭോഗം.
അയലയുടെ രൂപമാണെങ്കിലും രുചിയില്‍ വ്യത്യാസമുണ്ട്. കിലോയ്ക്ക് 165 രൂപയാണ് മൊത്തവില. കടലില്‍നിന്നു പിടിച്ചയുടന്‍ കപ്പലില്‍ ഫ്രീസ് ചെയ്ത് പാക്കറ്റിലാക്കി സൂക്ഷിക്കുന്ന മീന്‍ മൈനസ് 18 ഡിഗ്രിയുള്ള കണ്ടെയ്നറില്‍ കയറ്റിയയക്കും. 20-25 ദിവസത്തിനുള്ളില്‍ ഇന്ത്യയിലെത്തും. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിലാണ് ഇവിടെ സൂക്ഷിക്കുന്നത്.
എന്നാല്‍, മത്തിക്കുപകരം നില്‍ക്കാന്‍ സീറിന് കഴിയുമോ എന്ന് അറിയാനിരിക്കുന്നേയുള്ളൂ. മുമ്പ് ഇന്‍ഡൊനീഷ്യയില്‍നിന്ന് അയക്കൂറയും കേരളത്തിലെത്തിയിരുന്നു. പിന്നീട് ഒമാന്‍ മത്തി എത്തിയെങ്കിലും കേരളത്തില്‍ ജനപ്രിയമായില്ല.
Share your comments