ക്ഷീരകർഷകരുടെ പേടിസ്വപ്നമാണ് കന്നുകാലികളിലെ രോഗങ്ങൾ. കന്നുകാലികളിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് ചില നാട്ടുമരുന്നുകൾ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതിനത്തിൽ പെട്ട കന്നുകാലികൾ ആണെങ്കിലും രോഗലക്ഷണം കണ്ടുതുടങ്ങുമ്പോൾ തന്നെ ഈ നാടൻ മരുന്നുകൾ പ്രയോഗിക്കുകയാണെങ്കിൽ രോഗത്തിന് ഉടൻ ശമനം ഉണ്ടാകുകയും രോഗം മൂർച്ഛിക്കാതെ കന്നുകാലികൾ സുഖം പ്രാപിക്കുകയും ചെയ്യും.
അകിടു വീക്കത്തിനു കറ്റാര്‍ വാഴ കഴുകി വൃത്തിയാക്കി മുള്ളുകളഞ്ഞ് ചെറുതായി അരിഞ്ഞ് പച്ചമഞ്ഞളോ മഞ്ഞള്‍ പൊടിയോ ചേര്‍ത്ത് ചുണ്ണാമ്പും കൂട്ടി അരച്ചെടുത്ത കുഴമ്പ്ഒരു ദിവസം പത്തു പ്രാവശ്യം പുരട്ടണം. നേര്‍പ്പിച്ച കുഴമ്പ് അകിടു മുഴുവന്‍ പുരട്ടണം. അകിടിലെ പാൽ കടന്നുകളഞ്ഞ ശേഷം ഈ കുഴമ്പു പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകി കളഞ്ഞ് വീണ്ടും പാല്‍ കറന്നു കളയുക, ശേഷം വീണ്ടും മരുന്നു പുരട്ടുക. ദിവസത്തില്‍ പത്താവര്‍ത്തി ഇതു ചെയതാല്‍ വീക്കം കുറയും.
കുളമ്പു രോഗത്തിനു കുപ്പമേനി, തുളസി, മൈലാഞ്ചി, ആര്യവേപ്പ്, മഞ്ഞള്‍, വെളുത്തുള്ളി എന്നിവ നന്നായിട്ടരക്കുക. അരച്ചെടുത്ത മിശ്രിതം നല്ലെണ്ണയിലോ ഉങ്ങ് എണ്ണയിലോ ചാലിച്ച് ചൂടാക്കി ചുവന്നു നീരുവെച്ച കുളംമ്പുകളുടെ ഇടയിലും കാലിലും പുരട്ടുക. കുളമ്പ് വിണ്ടുകീറി പഴുത്താല്‍ വൃണത്തില്‍ മഞ്ഞള്‍ പൊടിയിട്ട് വെളിച്ചെണ്ണ ഒഴിക്കുക. കാലിലെ വൃണങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. കാലിനു നീരുണ്ടെങ്കില്‍ നല്ലെണ്ണയാണ് ഉപയോഗിക്കേണ്ടത്. വൃണത്തില്‍ വെളിച്ചെണ്ണയും ഉപയോഗിക്കാം.
വയറുവീക്കം/ദഹനക്കേട് എന്നിവയ്ക്ക് വെറ്റില ,ചങ്ങലംപരണ്ട ,വെളുത്തുള്ളി ,ഇഞ്ചി,കുരുമുളക് ,ജീരകം ,മഞ്ഞള്‍,ചെറിയ ഉള്ളി ,വറ്റല്‍ മുളക് ശര്‍ക്കര എന്നിവ വറുത്തു അരച്ച് നെല്ലിക്കാ വലിപ്പത്തില്‍ കന്നുകാലിയുടെ നാവില്‍ പുരട്ടികൊടുക്കുക. മരുന്നു മുന്ന് ദിവസം ഓരോ നേരം കൊടുത്താല്‍ മതിയാകും
കുളമ്പുരോഗം കാരണമുണ്ടാകുന്ന മുറിവില്‍ പുഴുവന്നാല്‍ കര്‍പ്പൂരം, വെള്ളുള്ളി, എന്നിവ പുന്നയ്ക്ക എണ്ണയില്‍ കാച്ചി, തൂവല്‍ ഉപയോഗിച്ച് പുരട്ടുക. മുറിവ് ഉണങ്ങാനിതു സഹായിക്കും.
മുറി കൂട്ടിയുടെ ഇല ഇടിച്ച് പിഴിഞ്ഞ നീര് മുറിവില്‍ പുരട്ടുക. മുറിവ് ഉണങ്ങും.
കന്നുകാലികളുടെ മുറിവില്‍ പുഴുവുണ്ടെങ്കില്‍ ആത്തയുടെ തളിരിലയും മഞ്ഞളും ചേര്‍ത്ത് അരച്ച് പുരട്ടിയാല്‍ പുഴു ശല്യം മാറും.
കറ്റാര്‍വാഴയിലെ ജെല്‍ ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് 45 ദിവസം മുറിവില്‍ പുരട്ടുക. മുറിവ് ഉണങ്ങാന്‍ മറ്റ് ഒരു മാര്‍ഗ്ഗമാണ്.
തുളസിയിലയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുഴമ്പു രൂപത്തില്‍ മുറിവില്‍ രണ്ടു ദിവസം പുരട്ടുക.
വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് വിഷ ജന്തുകള്‍ കടിച്ച മുറിവില്‍ പുരട്ടുക. വിഷം തട്ടിയത് മാറിക്കിട്ടും. ചൊറി, ചിരങ്ങ് എന്നിവയ്ക്കുമിതു നല്ലതാണ്.
കന്നുകാലികള്‍ പ്രസവിച്ചാല്‍ മാശ് അഥവാ മറ്റുപിള്ള വേഗത്തില്‍ പുറത്തു വരാന്‍ തൊണ്ടിയില കൊടുത്താല്‍ മതി.
Share your comments