വൻതേൻ വളർത്തി ലാഭമുണ്ടാക്കണമെങ്കിൽ സ്ഥല ലഭ്യത, പുഷ്പങ്ങൾ ലഭ്യമായ സ്ഥലം എന്നിവയൊക്കെ നോക്കണം തേനീച്ചയുടെ കുത്തേൽക്കാതെ തേൻ എടുക്കുന്നതിൽ പരിശീലനം അങ്ങനെ കുറെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാൽ ചെറുതേൻ നഗരങ്ങളിൽ താമസിക്കുന്നവർക്ക് പോലും വളർത്താം. പുഷ്പങ്ങളില് മാത്രമല്ല മധുരമുള്ള പദാര്ഥങ്ങളിലെല്ലാം ചെറുതേനീച്ച സന്ദര്ശിക്കും. ഔഷധച്ചെടികള്, ഭക്ഷ്യവിളകള്, നാണ്യവിളകള്, സുഗന്ധവിളകള്, പച്ചക്കറികള്, അലങ്കാരച്ചെടികള്, കളകള് തുടങ്ങി മിക്ക സസ്യങ്ങളില് നിന്നും ചെറുതേനീച്ച തേനും പൂമ്പൊടിയും ശേഖരിക്കുന്നുണ്ട്.
ചെറു തേൻ വളർത്തലിൽ ഏറ്റവും പ്രധാന കാര്യം ഇത് അനായാസം കൈകാര്യം ചെയ്യാം എന്നതാണ്.
മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലാണ് തേനെടുക്കേണ്ടത്. ഒരു കൂട്ടിലെ മുഴുവന്‍ തേനും എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടില്‍നിന്നു തേനറകളോടുകൂടിയ ഭാഗം വൃത്തിയുള്ള സ്പൂണ്‍ ഉപയോഗിച്ച് എടുത്തശേഷം വൃത്തിയുള്ള പാത്രത്തിനു മുകളില്‍ കണ്ണി അകലമുള്ള തോര്‍ത്ത് വിരിച്ചുകെട്ടി അതിനു മുകളില്‍ തേനറകള്‍ നിക്ഷേപിക്കണം. ചെറുവെയിലത്ത് വച്ചാല്‍ തേന്‍ പെട്ടെന്നു ശേഖരിക്കാന്‍ കഴിയും.
ചുവരുകളിലും, മരപൊത്തുകളിലും, വൈദ്യുതി മീറ്റര്‍ ബോക്‌സുകളിലും ധാരാളം ചെറുതേനീച്ച കൂടുകള്‍ കണാറുണ്ട്. ഇവയെ നമുക്ക് അനായാസം കലങ്ങളിലേക്ക് മാറ്റിയെടുക്കാന്‍ സാധിക്കും. ഇതിനായി ചെറിയ വാവട്ടമുള്ള കലം കോളനിയുടെ വാതില്‍ ഭാഗത്ത് ചേര്‍ത്തുവച്ച് കളിമണ്ണുപയോഗിച്ചു ചുമരിനോട് ചേര്‍ത്ത് ഉറപ്പിക്കുക. കലത്തിന്റെ പുറകുവശത്തു ഒരു ചെറിയ ദ്വാരം ഇട്ടിരിക്കണം. പിന്നീട് ഒരു 7-8 മാസത്തിനു ശേഷം കലം തുറന്ന് പരിശോധിച്ചാല്‍ ചുവരിനുള്ളിലെ ചെറുതേനീച്ചകള്‍ മുഴുവന്‍ കലത്തിനുള്ളിലേക്ക് വന്നതായി കാണാം.
കലത്തിനു മുകളില്‍ തടികൊണ്ടുള്ള അടപ്പുവച്ചു നന്നായി അടച്ചതിനു ശേഷം പുതിയ ചെറുതേനീച്ച കോളനിയായി മാറ്റി സ്ഥാപിക്കാവുന്നതാണ്.കലം മാത്രമല്ല തടിപ്പെട്ടികളും ഇതുപോലെ കെണിക്കൂടൊരുക്കാന്‍ ഉപയോഗിക്കാം. തടിപ്പെട്ടിയുടെ കുറിയ വശങ്ങളില്‍ ഓരോ ദ്വാരം ഇടണം. ഒരു ദ്വാരത്തില്‍ ചെറിയ ഹോസ് ഘടിപ്പിച്ച് ഭിത്തിയിലും മറ്റുമുള്ള ചെറുതേനീച്ച കൂടിന്റെ വാതില്‍ഭാഗവുമായി ഉറപ്പിക്കണം. ഭിത്തിയിലെ കൂടിന്റെ വാതില്‍ഭാഗം അടര്‍ത്തിയെടുത്ത് പെട്ടിയുടെ എതിര്‍വശത്തുള്ള ദ്വാരത്തില്‍ ഘടിപ്പിച്ചാല്‍ ഈച്ചകള്‍ക്ക് ഭയംകൂടാതെ കൂടിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയും. 7-8 മാസത്തിനു ശേഷം ഈച്ചകള്‍ പെട്ടിയിലേക്ക് താമസം മാറിയതായി കാണാം.
ചെറു തേനീച്ചകൾ അധികം കുത്തിനോവിക്കാത്ത ഇനത്തിൽ പെട്ടവയാണ് അതിനാൽ കെണി കൂടുകൾ വയ്ക്കുന്നതും കൂടുകളുടെ കോളനി വിഭജനവും എളുപ്പമായിരിക്കും. കൊച്ചുകുട്ടികൾ വരെ ആർക്കും കൈകാര്യം ചെയ്യാവുന്നതാണ് ചെറുതേൻ കൃഷി. വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും വില ലഭിക്കുന്നതുമായ ചെറുതേൻ കൃഷി തുടങ്ങാൻ ഇനി ഒട്ടും താമസിക്കേണ്ട.
Share your comments