ഡയറി ഫാം തുടങ്ങാന്‍ ആവശൃമായകാരൃങ്ങള്‍:മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ടയേഡ് സയന്റിസ്റ്റ് എഴുതുന്നു.
ഒരു പുതു സംരംഭം എന്ന നിലയില്‍ ഒരു ഡയറി ഫാം തുടങ്ങണമെങ്കില്‍ അത് തുടങ്ങുന്ന സ്ഥലവും, പ്രദേശവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തിലെ പതിനാലു ജില്ലകളില്‍ ചിലത് ഇന്നും കാര്‍ഷിക മേഖലയായി നില നില്‍ക്കുന്നു എന്നത് മാത്രം മതി ഒരു ഡയറിക്കുള്ള പ്രദേശം തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം വെളിപ്പെടുത്താന്‍. ഗ്രാമങ്ങള്‍ ആവും പലപ്പോഴും ഒരു ഡയറി ബിസിനിസ്സ് സംരംഭത്തിനു പലരും തിരഞ്ഞു പോവുക. എന്നാല്‍ കേരളത്തിലെ തിരക്കേറിയ പല നഗരങ്ങളിലും ആരും അറിയാത്ത പശു തൊഴുത്തുകള്‍ നില നില്‍ക്കുന്നുണ്ട്. പക്ഷെ അത്തരം തൊഴുത്തുകളുടെ ആയുസ്സ് പുതിയ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ വന്നതോടെ അവസാനിക്കുകയാണ്.
മാറ്റങ്ങളുടെതായ ഇക്കാലഘട്ടത്തില്‍ ഡയറി ഫാമുകള്‍ക്കും കാലാനുസൃത മാറ്റങ്ങള്‍ സ്വാഭാവികമാണ്. ഒരു തൊഴില്‍ എന്ന നിലയില്‍ ഫാം ആരംഭിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. ഒട്ടേറെ അന്വേഷണങ്ങള്‍ ഇക്കാര്യത്തില്‍ വരുന്നത് കൊണ്ടാണ് ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഉപജീവന – വരുമാന മാര്‍ഗ്ഗമായി ഡയറി ഫാമുകള്‍ എങ്ങനെ ആരംഭിക്കാം എന്നെഴുതുന്നത് …
കഴിഞ്ഞ തലമുറയിലുള്ള കേരളീയ വീടുകളിലൊക്കെ വീടിനോടു ചേര്‍ന്നുള്ള ഒരു തൊഴുത്തും, അതില്‍ നിറയെ പാല്‍ ചുരത്തുന്ന പശുക്കളുമൊക്കെ അഭിമാനത്തിന്റെ, പ്രൌഡിയുടെ, കുടുംബ മഹിമയുടെ ഒക്കെ അടയാളങ്ങളായിരുന്നു. അന്ന് നന്ദിനിയും, ശാന്തയും, ശാലിനി പശുവും ഒക്കെ തൊഴുത്തില്‍ നിന്നും വീട്ടുകാരുടെയൊക്കെ ഹൃത്തിലേക്ക് ഗൃഹാതുരത്വം അയവിറക്കുന്ന നനുത്ത സ്നേഹ ബന്ധമായി മാറിയ കാലമായിരുന്നു. ഹോസ്റ്റലുകളില്‍ നിന്നും മാസത്തിലൊരു തവണ അയച്ചിരുന്ന ഇന്‍ലന്‍ഡിന്റെ പിന്‍ പേജില്‍ നന്ദിനിക്ക് സുഖമാണോ എന്ന് എഴുതി ചോദിച്ചവരുടെ തലമുറ വിട വാങ്ങുകയാണ്. ഇന്ന് കുട്ടികള്‍ക്ക് പാലെന്നാല്‍ പ്ലാസ്റ്റിക് കവറുകള്‍ ചുരത്തുന്ന വെളുത്ത ദ്രാവകം… പശുക്കളൊഴിഞ്ഞ തൊഴുത്തുകള്‍ ഗ്രാമീണ കേരളത്തിന്റെ അവശേഷിപ്പുകളായി മാറി കൊണ്ടിരിക്കുന്നു.
ഒന്നോ രണ്ടോ പശുക്കളെ പോറ്റുക ദുഷ്കരവും ആയാസ ഭരിതവും ആവുന്നിടത്ത് പലരും അതിനാഗ്രഹമുണ്ടെങ്കിലും തുനിയുന്നില്ല. എന്നാല്‍ മാറി വരുന്ന വികസന കാലം എന്ന കുതിപ്പു കാലത്തില്‍ മനുഷ്യര്‍ക്ക് പാലും, അനുബന്ധ ആവശ്യങ്ങളും ഇരട്ടികളായി വര്‍ദ്ധിക്കുന്നു. കമ്പോളത്തില്‍ ആവശ്യം കൂടുന്നതിനനുസരിച്ചുള്ള ഉത്പാദനം വര്‍ദ്ധിക്കുന്നുമില്ല. ഉപഭോക്തൃ നിലവാരത്തില്‍ ഉത്പാദകര്‍ ഇടപെടുന്നുമില്ല. കാരണങ്ങള്‍ പലതാണ്. കേരളം പോലെയുള്ള കൊച്ചു സ്റ്റേറ്റില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വ്യത്യസ്തമാണ്. ഇത് തിരിച്ചറിയാതെ ഏറെ സ്ഥല സൗകര്യങ്ങള്‍ നിലവിലുള്ള ചില സ്റ്റേറ്റുകളിലെ കാലി പോറ്റല്‍ രീതികള്‍ അതേപടി പറിച്ച് നടാന്‍ തുടങ്ങുന്നത് തന്നെ വികലമാണ്. പലപ്പോഴും പദ്ധതികള്‍ വിഭാവനം ചെയ്യുന്ന തലപ്പത്തിരിക്കുന്നവരുടെ പിടിപ്പു കേടോ, അജ്ഞതയോ, രാഷ്ട്രീയ മുതലെടുപ്പുകളോ ഒക്കെ ഒരു പ്രദേശത്തെ തന്നെ ബുദ്ധിമുട്ടിലാക്കും. അതിനുള്ള നല്ല ഉദാഹരണമാണ് കാലിവളര്‍ത്തല്‍ മേഖല. കാര്‍ഷിക ജില്ലകളില്‍ പോലും ലാന്‍ഡ് മാഫിയകള്‍ രാക്ഷസവേഷം ധരിച്ച് പല പേരില്‍ കവര്‍ച്ച നടത്തുമ്പോള്‍ പടിയിറങ്ങുന്നത് പാവം കര്‍ഷകരും കാലി വളര്‍ത്തുകാരും ഒക്കെ തന്നെയാണ്. നാട്ടിലെ കന്നുകാലികളുടെ സംഖ്യ തന്നെ താഴേക്ക് കുതിക്കുകയാണ്. കണക്കുകള്‍ എന്നും മാധ്യമങ്ങളില്‍ നിരക്കുന്നു. അമ്പരപ്പിക്കുന്ന തോതില്‍ കന്നുകാലികള്‍ കുറയുന്നു. പലരും കാലി വളര്‍ത്തല്‍ രംഗം വിട്ടു പോവുകയാണ്. അതിന്റെ സാമൂഹിക ശാസ്ത്രം ഗവേഷണ വിഷയമാക്കെണ്ടിയിരിക്കുന്നു. കാര്‍ഷിക ആത്മഹത്യ നിറഞ്ഞ വയനാട്ടില്‍ അന്ന് കാലി വളര്‍ത്തിയിരുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനായി എന്നത് ഗൗരവപൂര്‍വ്വം കണക്കിലെടുക്കണം. പക്ഷെ പൊതുവില്‍ കര്‍ഷകരോടും കാലി വളർത്തലുകാരോടും സമൂഹവും ഭരണ വര്‍ഗ്ഗവും പുലര്‍ത്തുന്ന ഒരു തരം നിന്ദ നിറഞ്ഞ പുശ്ചം നമ്മുടെ പരിഷ്കൃത കേരളത്തിലും നില നില്‍ക്കുന്നു എന്നത് അമ്പരിപ്പിക്കുന്നു. മലയാളിയുടെ കാപട്യങ്ങളുടെ കൂട്ടത്തില്‍ ഇതും കൂട്ടി വായിക്കപ്പെടെണ്ടതാണ്.
ഏതൊരു ബിസിനസ്സും തുടങ്ങുമ്പോള്‍ ചിന്തിക്കുന്നത് പോലെ തന്നെ ഡയറി മേഖലയിലേക്ക് ഇറങ്ങുമ്പോഴും അതിന്റെ കമ്പോള സാദ്ധ്യതകളും, സാമൂഹിക സാംസ്കാരിക നിലപാടുകളും കൂടി കണക്കിലെടുക്കണം. എന്റെ അച്ഛന്റെ തൊഴില്‍ കൃഷിയാണ് അല്ലെങ്കില്‍ കാലി വളര്‍ത്തല്‍ ആണെന്ന് പറയാന്‍ അറയ്ക്കുന്ന മക്കള്‍ തന്നെ വലിയ ഒരു സാമൂഹിക കാഴ്ച്ചപ്പാടിലെക്കുള്ള വാതില്‍ തുറക്കുകയല്ലേ ? എന്റെ ബന്ധു ഗുണ്ടയാണ്, അല്ലെങ്കില്‍ മദ്യ രാജാവാണ് എന്ന് നെഞ്ചു വിരിച്ച് അഭിമാനിക്കുന്ന ചെറുപ്പക്കാര്‍ പെരുകുന്ന സമൂഹത്തില്‍ ചാണകം മണക്കുന്ന കാലി വളര്‍ത്തല്‍ തൊഴിലായി പറയാന്‍ അറയ്ക്കുന്നത് അത്ര നിസ്സാരമായി കാണുകയുമരുത്. ഇന്ന ഡയറി ഫാമുകള്‍ വലിയ ഒരു പാല്‍ ഇന്‍ഡസ്ട്രി ആയി മാറുകയാണ്. പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ എന്ന ഉരുക്കളും, എഞ്ചിനീയറിംഗ് സമ്പുഷ്ടമായ ഉപകരണ സംവിധാനങ്ങളും, നിയന്ത്രകന്‍ എന്ന കര്‍ഷകനും ഒട്ടേറെ പുതുമ നിറഞ്ഞ ഉത്പന്നങ്ങള്‍ വിപണി നിറയ്ക്കുന്ന പാല്‍ മാര്‍ക്കറ്റിംഗ് തന്ത്രവും ഒക്കെ കൂട്ടി വായിച്ചാല്‍, വലിയ ഒരു വ്യവസായമെന്ന വ്യാഖ്യാനത്തിന്റെ പരിധിക്കുള്ളില്‍ ഡയറി ഫാമുകളും കടന്നു വരുന്നു. ആ രീതിയില്‍ കാണുകയും അതിന്റെ സാമൂഹിക മാനം ഉയരുകയും ചെയ്യുന്നതിന്റെ തെളിവ് തന്നെയാണ് ഒട്ടേറെ നിക്ഷേപകര്‍ ഡയറി മേഖലയിലേക്ക് പണം മുടക്കാന്‍ തയ്യാറായി മുന്നിട്ടിറങ്ങുന്നത്. ചെറുപ്പക്കാര്‍ പലരും വെള്ളക്കോളര്‍ ജോലികള്‍ ഉപേക്ഷിച്ച് കാലി മേയ്ക്കലിലും പാല്‍ വില്‍പ്പനയിലും സംതൃപ്തി കണ്ടെത്തുന്നുവെന്ന പല വാര്‍ത്തകളും നാം കേള്‍ക്കുന്നതും ഇത് കൊണ്ടാണ്. പക്ഷെ ആ രംഗത്തേക്ക് പണം ഇറക്കും മുന്‍പ് അതിനെ കുറിച്ച് വ്യക്തമായ ഒരു മനസ്സിലാക്കല്‍ നടത്തേണ്ടിയിരിക്കുന്നു. പലപ്പോഴും ഒരു സംരംഭകന്റെ മുന്നില്‍ തുറന്നിടുന്ന വിവര വിജ്ഞാനം അവരെ അതില്‍ നിന്നും അകറ്റി നിര്ത്തുന്നതോ, ഭയപ്പെടുത്തുന്നതോ ആയിരിക്കും, ഹൈടെക് ഫാമുകള്‍ കേരളത്തില്‍ തുടങ്ങുക ദുഷ്കരമാണെന്ന് ഒട്ടു മിക്കവര്‍ക്കും അറിയാം. എന്നാല്‍ കേരളത്തിനു അനുയോജ്യം എന്ന് പ്രസംഗിച്ച് പൊതു പണം മുടക്കി നടപ്പിലാകാത്ത രീതികള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വരച്ചു വെക്കുന്നത് നാം കണ്ടു കഴിഞ്ഞു. ഒരു വ്യവസായം എന്ന നിലയില്‍ കേരളത്തില്‍ എങ്ങനെ ഡയറി ഫാം തുടങ്ങാം എന്നത് വളരെ ബുദ്ധിപൂര്‍വ്വം ആലോചിച്ച് നടപ്പിലാക്കേണ്ട കാര്യമാണ്. കേരളത്തില്‍ കടന്നു വരുന്ന നിക്ഷേപകര്‍ക്ക് ഡയറിയിംഗ് എന്ന വ്യവസായത്തിലേക്ക് സ്നേഹപൂര്‍വ്വം കൈ പിടിച്ച് നടത്തിക്കുക തന്നെ വേണം…
ഒരു പുതു സംരംഭം എന്ന നിലയില്‍ ഒരു ഡയറി ഫാം തുടങ്ങണമെങ്കില്‍ അത് തുടങ്ങുന്ന സ്ഥലവും, പ്രദേശവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തിലെ പതിനാലു ജില്ലകളില്‍ ചിലത് ഇന്നും കാര്‍ഷിക മേഖലയായി നില നില്‍ക്കുന്നു എന്നത് മാത്രം മതി ഒരു ഡയറിക്കുള്ള പ്രദേശം തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം വെളിപ്പെടുത്താന്‍. ഗ്രാമങ്ങള്‍ ആവും പലപ്പോഴും ഒരു ഡയറി ബിസിനിസ്സ് സംരംഭത്തിനു പലരും തിരഞ്ഞു പോവുക. എന്നാല്‍ കേരളത്തിലെ തിരക്കേറിയ പല നഗരങ്ങളിലും ആരും അറിയാത്ത പശു തൊഴുത്തുകള്‍ നില നില്‍ക്കുന്നുണ്ട്. പക്ഷെ അത്തരം തൊഴുത്തുകളുടെ ആയുസ്സ് പുതിയ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ വന്നതോടെ അവസാനിക്കുകയാണ്. ധാരാളം സ്ഥലം ലഭ്യമായ പ്രദേശങ്ങളില്‍ ഡയറി സംരംഭം നന്ന്. പാല്‍ എന്ന വിപണന വസ്തു അധികം കേടു കൂടാതെ കമ്പോളത്തില്‍ എത്തിക്കേണ്ടതുള്ളതിനാല്‍ ആദ്യമായി ഒരു കമ്പോള സാധ്യതാ പഠനം നടത്തണം. എത്ര വേഗം പാല്‍ കമ്പോളത്തില്‍ എത്തിക്കുവാന്‍ സാധിക്കുന്നു എന്നതും, കമ്പോളത്തില്‍ എത്തുന്നത്തിനുള്ള റോഡ് ഗതാഗത സൗകര്യം ഉണ്ടോ എന്നതും ഗൗരവപൂര്‍വ്വം പരിഗണിക്കണം. കേരളം ഒരു ഹര്‍ത്താല്‍ പണി മുടക്ക് പ്രദേശം കൂടി ആയതിനാല്‍ പാല്‍ വണ്ടികള്‍ വഴിയില്‍ കുടുങ്ങുമോ എന്നും അല്പം കടന്നു ചിന്തിക്കണം. കേരളത്തില്‍ അതി വേഗം മാറിക്കൊണ്ടിരിക്കുന്ന സ്ഥല വിനിയോഗ രീതികള്‍ പലപ്പോഴും ഒരു ഡയറി ഫാമിന് വിനയാകാറുണ്ട്. ചെറിയ ഭാഗമായുള്ള ഭൂലഭ്യതയും, ചെറുകിട ഉടമസ്ഥതയും, പലപ്പോഴും വലിയ ഭൂമി ലഭ്യതയ്ക്കുള്ള വഴിയടയ്ക്കുന്നു. കേരളത്തില്‍ 38863 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതിനാല്‍ പ്രാവര്‍ത്തിക ഭൂലഭ്യത അതിവേഗം കുറഞ്ഞു വരുന്നു. 2001 ല്‍ അത് 1/4 ഹെക്ടര്‍ ആയിരുന്നു, എന്നാല്‍ അതില്‍ നിന്നും ഒരു വലിയ കുറവ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെ സ്ഥല ലഭ്യതയില്‍ പ്രകടമായി. അടുത്ത കാലത്തായി തമിഴ് നാട്ടിലും, കര്‍ണ്ണാടകയിലും ഒക്കെ വിസ്തൃതിയാര്‍ന്ന വെറും സ്ഥലം കാലി വളര്‍ത്തലിനായി പലരും തേടി പോകുന്നതിന്റെ പൊരുള്‍ ഇത് തന്നെ. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലും പുതിയ നിയമങ്ങള്‍ ഇത്തരം കുടിയേറ്റങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടു തുടങ്ങി. കേരളത്തില്‍ നിന്നും പുറത്ത് പോയി വാങ്ങുമ്പോള്‍ നിയമങ്ങള്‍ മനസ്സിലാക്കി വേണം നീങ്ങുവാന്‍. കേരളത്തില്‍ ആണെങ്കിലും നഗര വളര്‍ച്ചയുടെ ഗതിയറിഞ്ഞു നീങ്ങുന്നതാണ് ബുദ്ധി. നഗര, റോഡ്, റെയില്‍, വ്യവസായ വികസനം ഒക്കെ അതിവേഗം ബഹുദൂരം ഏതു വഴിക്ക് വരും എന്ന് കേരളത്തില്‍ പ്രവചിക്കുവാന്‍ സാധ്യമല്ലാത്ത ഒരു സാഹചര്യം രാഷ്ട്രീയ ലാന്‍ഡ് ബാങ്കുകള്‍ വരുത്തി തീര്‍ക്കുന്നു എന്നതും മനസ്സിലുണ്ടാവണം. കേരളത്തില്‍ വാഗമണ്‍ എന്നാ പൊതു പുല്‍ മേടുകള്‍ ഒരു കാലത്ത് ചെറുകിട കാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നവരുടെ സങ്കേതമായിരുന്നു. എന്നാല്‍ ഭൂമാഫിയ, ടൂറിസ വികസന കടന്നു വരവോടെ ചെറുകിട കാലി വളർത്തലുകാരും വന്‍ കിട ഫാമുകളും പടിയിറങ്ങേണ്ടി വരുന്നു. കാലി മേയലിനുള്ള സ്ഥല ലഭ്യതയും, പുല്ലിന്റെ ക്ഷാമവും, പിടിച്ചു നില്‍ക്കാനാവാതെ നാട് വിടുന്ന തൊഴിലാളികളും ഒക്കെ കാരണങ്ങള്‍ തന്നെ. കേരളത്തില്‍ ഇടുക്കി, വയനാട്, കണ്ണൂര്‍, പാലക്കാട് മേഖലകളില്‍ ക്ഷീരസാധ്യതകള്‍ ഉണ്ടെങ്കിലും, അതി വേഗം കുതിക്കുന്ന സ്ഥല വില ഡയറി മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുന്നു. കേരളത്തില്‍ കുതിച്ചുയരുന്ന സ്ഥല വിലയും, സ്ഥലം ലഭ്യമാവുന്നതിനുള്ള പ്രയാസവും പലപ്പോഴും നിക്ഷേപകരെ ഡയറി വ്യവസായത്തില്‍ നിന്നും അകറ്റുന്നു. സ്ഥല ലഭ്യതയ്ക്ക് അനുസൃതമാവണം നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുവാന്‍. ഇന്ന് പലരും ഡയറി വ്യവസായത്തെ ഒരു പരമ്പരാഗത തൊഴില്‍ എന്നല്ല കാണുന്നത്. പലരും ആദ്യമായി ഇതിലേക്ക് കടന്നു വരുന്നവരുമാകും.
നാം കണ്ടെത്തുന്ന ഭൂമി ഫാമിന് ഉപയുക്തമാണെന്ന് തോന്നിയാല്‍ അതിലുള്ള ജല ലഭ്യത, വഴി, ഗതാഗത സാധ്യതകള്‍, വിദ്യുച്ഛക്തി ലഭ്യത, പുല്ലു വളര്‍ത്താനുള്ള സാധ്യതകള്‍, ഇവയൊക്കെ ഒരു വിശകലനത്തിന് വിധേയമാക്കണം. ഫാമിന്റെ വലിപ്പം പലപ്പോഴും വിവിധ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി നിര്‍ണ്ണയിക്കുന്നതാണ് നന്ന്. പ്രദേശത്തിന്‍റെ സാമൂഹിക സാമ്പത്തിക കാഴ്ചപ്പാട്, എന്ത് തരം വില്‍പ്പനയാണ് ഉദ്ദേശിക്കുന്നത്, നന ലഭിക്കുന്നതും, നന ലഭിക്കാത്തതുമായ പ്രദേശം എത്ര, യന്ത്രങ്ങള്‍ എത്ര ഉപയുക്തമാക്കാം, ഭൂമിയുടെ ഉപഭോഗ തീവ്രത, എന്നതൊക്കെയാണ് വിദഗ്ദര്‍ വിലയിരുത്തുക. 365 ദിവസവും ശ്രദ്ധ വേണ്ടി വരുന്ന ഒരു വ്യവസായമാണ് ഡയറി ഫാമിംഗ്. അതിലെ മാനേജര്‍ എന്ന നിലപാട് തറയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഒരു ദിനം പോലും ശ്രദ്ധ അവിടെ നിന്നും മാറ്റുവാന്‍ സാധ്യമല്ല. പാലും, പാലില്‍ നിന്നുള്ള മറ്റ് വില്‍പ്പന ചരക്കുകളും അതിവേഗം കേടാവുന്നതാകയാല്‍ അതീവ ശ്രദ്ധ ആവശ്യമുള്ള ഒരു മേഖല തന്നെയാണ് ക്ഷീര വ്യവസായം. കാലാവസ്ഥാ വ്യതിയാനവും, ഭൂമിയുടെ തീവ്ര കവര്‍ന്നെടുക്കലും അതി തീക്ഷണമായി ബാധിക്കുന്ന കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഒരു ഡയറി ഫാം തുടങ്ങല്‍ വരും കാലങ്ങളില്‍ അത്ര സുഖകരമാവില്ല. ഇന്ന് കാലാവസ്ഥയും, മണ്ണും, ജലവും ഭാവിയില്‍ എങ്ങനെയാവും എന്ന് ശാസ്ത്രീയ സ്ഥാപനങ്ങള്‍ക്ക് നിര്‍ണ്ണയിക്കുവാനാകും. ആക്കുളത്തെ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ്, പീച്ചിയിലെ വന ഗവേഷണ ഇന്‍സ്ടിട്യൂട്ട്, കാര്‍ഷിക സര്‍വ്വകലാശാല,വെറ്റിനറി സര്‍വ്വകലാശാല, കുന്ന മംഗലത്തുള്ള ജല വിഭവ ഇന്‍സ്റ്റിട്ട്യൂട്ട് , കേരളാ ലാന്‍ഡ് യൂസ് ബോര്‍ഡ്, സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് എന്നിവയിലൊക്കെ ലഭ്യമായ വിവരങ്ങള്‍ ഒരു സംരംഭകന് ലഭ്യമാണ്. വിവരാവകാശ നിയമം വന്നതിനാല്‍ മുപ്പത് ദിനത്തില്‍ കര്‍ഷകന് ആവശ്യമായ വിവരങ്ങള്‍ ഔദ്യോഗികമായി ലഭ്യമാകും. വിവര ശേഖരണവും, അത് മുന്‍നിര്‍ത്തിയുള്ള ഒരു അപഗ്രഥനവും ഡയറി ഫാം തുടങ്ങുന്ന ഇടത്തെകുറിച്ചുള്ള ഒരു മുന്‍ ധാരണ നല്‍കും.
ഡയറി ഫാം തുടങ്ങാനുള്ള ഇടം കണ്ടെത്തി കഴിഞ്ഞാല്‍ കഴിയുന്നത്ര ആനുകൂല്യങ്ങള്‍ എങ്ങനെ ലഭ്യമാക്കാം എന്ന് ചിന്തിച്ചു തുടങ്ങാം. കേരളത്തില്‍ മൃഗ സംരക്ഷണ വകുപ്പ്, കെ എല്‍ ഡി എം എം ബോര്‍ഡ്, ക്ഷീര വികസന വകുപ്പ്, ഗ്രാമ വികസന വകുപ്പ് എന്നിവടങ്ങളില്‍ നിന്നുമൊക്കെ അതാതു കാലത്തെ ആനുകൂല്യങ്ങള്‍, സബ്സിഡികള്‍, പ്രോജക്ടുകള്‍ എന്നിവയെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ബാങ്കുകള്‍ വഴി ലഭിക്കാവുന്ന എല്ലാ സഹായ സൗകര്യങ്ങളും അവരുടെ വെബ് സൈറ്റുകളില്‍ നിന്നും അറിയാന്‍ സാധിക്കും. പലപ്പോഴും ധനപരമായി സഹായിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സമഗ്രമായ പ്രോജക്റ്റ് റിപ്പോര്‍ട്ടുകള്‍ വേണ്ടി വരും.
ഡയറി ബിസിനസ് ആരംഭിക്കുന്ന ഓരോ കര്‍ഷകനും അതിനെ കുറിച്ചുള്ള സമഗ്ര വിവരം മനസ്സിലാക്കുന്നത് ആ ബിസിനസിന്റെ വിജയത്തിനു ആവശ്യമാണ് താനും. കേരളത്തില്‍ 2012 – 2017 ല്‍ പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയില്‍ സബ്സിഡിയും അനുബന്ധ വിഷയങ്ങളും എന്നത് പഞ്ചായത്ത് നിയമത്തില്‍ വിശദമായി നല്‍കുന്നുണ്ട്. ജീ.ഓ.എം.എസ്.നം.248/2012 തീയതി29.09.2012 പുതുക്കിയ മാര്‍ഗ രേഖ നല്‍കുന്നു. കൃഷിയും മൃഗ സംരക്ഷണവും എന്ന ഭാഗത്ത് ഇത് വിശദമാക്കുന്നു. പശു, എരുമ, ആട് എന്നിവയ്ക്ക് അമ്പത് ശതമാനം സബ്സിഡി ലഭിക്കാം. ഇവയെ വളര്‍ത്തുവാന്‍ സന്നദ്ധതയുള്ള കുടുംബങ്ങള്‍ ആയിരിക്കണം, വാര്‍ഷിക വരുമാനം 25000 രൂപയില്‍ കവിയാത്തവര്‍ക്ക് മുന്‍ ഗണന ലഭിക്കും. സഹകരണ സംഘം പോലെയുള്ള പല കുടുംബങ്ങള്‍ ചേര്‍ന്നുള്ള സംരംഭങ്ങള്‍ക്ക് ഇത് പ്രയോജനപ്രദമാകും എന്നുള്ളത് കൊണ്ടാണ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള സബ്സിഡികളെ കുറിച്ചു ഇതില്‍ പരാമര്‍ശിക്കുന്നത്. വന്‍ കിട പ്രോജക്ടുകള്‍ക്ക് കാര്‍ഷിക ബാങ്കുകളും, നബാര്‍ഡിന്റെ പ്രോജക്ടുകളും ഒക്കെ പിന്‍ബലമേകാനാവും. അതാതു ബാങ്കുകളുടെ വെബ് സൈറ്റുകളില്‍ നോക്കിയാല്‍ എല്ലാ വിവരങ്ങളും ലഭ്യമാകും. പൊതു വിഭാഗത്തില്‍പെട്ട ഒരു വ്യക്തിക്ക് വിലയുടെ അമ്പത് ശതമാനം എന്ന പരിധിക്ക് വിധേയമായി കറവയുള്ള പശുക്കളെ, എരുമകളെ വാങ്ങുന്നതിന് ഒന്നിന് പരമാവധി 15000 രൂപയും, ആടുകളെ വാങ്ങുന്നതിന് 10 കിലോഗ്രാം മുതല്‍ തൂക്കമുള്ള പെണ്ണാട് ഒന്നിന് പരമാവധി 3000 രൂപയും സബ്സിഡി നല്‍കാവുന്നതാണ്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വ്യക്തിക്ക് ഇത് യഥാക്രമം 20000 രൂപയും, 4000 രൂപയും സബ്സിഡി നല്‍കാവുന്നതാണ്. ഞാന്‍ ഇത് ഇവിടെ വിവരിക്കാന്‍ കാരണം ഇതേ നിര്‍ദ്ദേശത്തില്‍ പരിധിക്കുള്ളില്‍ നിന്നും കൊണ്ട് തന്നെ വ്യക്തിഗത സംരംഭകര്‍ക്ക് ഒന്നിലധികം ക്ഷീര ഉരുക്കളെ വാങ്ങുവാന്‍ സബ്സിഡി നല്‍കാം എന്ന് ഇതില്‍ വിശദമാക്കുന്നത് കൊണ്ടാണ്. ഗ്രൂപ്പ് സംരംഭങ്ങളില്‍ കുറഞ്ഞത് അഞ്ചു പേരെങ്കിലും വേണമെന്നും നിബന്ധനയുണ്ട്. ഒരു യൂണിറ്റ് എന്ന നിലയില്‍ ഇതിനെ കണക്കാക്കുന്നു. യൂണിറ്റുകള്‍ ഒരിടത്തു തന്നെ ഉരുക്കളെ വളര്‍ത്തണമെന്ന് നിര്‍ബന്ധമില്ല. പക്ഷെ പൊതുവായ വിപണന സൗകര്യം യൂണിറ്റുകള്‍ക്ക് ഉണ്ടാവണം. ഗ്രൂപ്പ് സംരംഭങ്ങള്‍ക്കുള്ള സബ്സിഡി തുക വ്യത്യസ്തമാണ്.
അതാതു കാലങ്ങളില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന എല്ലാ സബ്സിഡികളും, സൌജന്യങ്ങളും ഒക്കെ വാങ്ങിയെടുക്കാന്‍ പലപ്പോഴും കേരളത്തിലെ ക്ഷീര സംരംഭകര്‍ മടിക്കുന്നുവെന്നത് ഒന്നുകില്‍ അതിനെക്കുറിച്ച് അറിവ് ലഭിക്കാത്തത് കൊണ്ടോ, അതുമല്ലെങ്കില്‍ ഇത്തരം സര്‍ക്കാര്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുവാനുള്ള വഴി ദുഷ്കരമെന്നു കരുതുന്നത് കൊണ്ടോ ആവാം. മറ്റു സംസ്ഥാനങ്ങളില്‍ നമ്മുടെ അത്ര വിദ്യാഭ്യാസമൊന്നും ഇല്ലാത്ത സംരംഭകര്‍ ഇത്തരത്തിലുള്ള എല്ലാ സൗജന്യങ്ങളും സൗകര്യങ്ങളും വളരെയധികം ഉപയോഗപ്പെടുത്തുന്നതായി കണ്ടിട്ടുമുണ്ട്. വായ്പ ബന്ധിത പ്രോജക്ടുകളില്‍ അതാത് പഞ്ചായത്തുകള്‍ സബ്സിഡി തുക ബാങ്കില്‍ അടക്കണം എന്നുണ്ട്. അങ്ങനെയല്ലാത്ത സംഗതികളില്‍ നിര്‍വഹണ ഉദ്യോഗസ്ഥന്റെ അനുമതിയോടു കൂടി സംരംഭകനു നേരിട്ടോ പഞ്ചായത്ത് തല പര്‍ച്ചേസിംഗ് കമ്മിറ്റിക്കോ ക്ഷീര ഉരുക്കളെ വാങ്ങുവാനുള്ള അനുവാദവും ഇതിലുണ്ട്. പര്‍ച്ചേസിംഗ് കമ്മിറ്റി ഇടപെടുമ്പോള്‍ ഗുണഭോക്തൃവിഹിതം പഞ്ചായത്തില്‍ അടയ്ക്കണം എന്നുമുണ്ട്. കുറഞ്ഞത് മൂന്നു വര്ഷം ഇവയെ വളര്‍ത്തണമെന്ന് ഒരു കരാര്‍ വെയ്ക്കുകയും കൂട് നിര്‍മ്മാണം, തീറ്റ ചിലവ്, കടത്ത് കൂലി, ഇന്ഷുറന്സ് തുക എന്നിവ പ്രോജക്ടിന്റെ ഭാഗമാക്കരുത് എന്നുമേയുള്ളൂ
.
ഡയറി ഒരു വ്യവസായം എന്ന നിലയില്‍ കാണുന്നവരും വന്‍ കിട ഡയറി ആലോചിക്കുന്നവരും ബാങ്കുകള്‍ വഴി വായ്പ ലഭ്യമാക്കുകയാണ് നല്ലത്. കേന്ദ്ര സര്‍ക്കാരിന്റെ പല വിധ പദ്ധതികള്‍ നബാര്‍ഡിലൂടെ വിവിധ കാര്‍ഷിക പദ്ധതികള്‍ ആയി ക്ഷീര വ്യവസായത്തില്‍ അതാത് കാലങ്ങളില്‍ എത്തുന്നുണ്ട്. ദീര്‍ഘ കാല ധന നിക്ഷേപങ്ങള്‍ ഈ മേഖലയില്‍ നടത്തുമ്പോള്‍ ഒരു പ്രൊഫഷണല്‍ സഹായം സ്വീകരിക്കുന്നതാണ് ശരിയായ രീതി. ഉദാഹരണമായി, നബാര്‍ഡിന്റെ ഡയറി എന്റർപ്രെനുർഷിപ് ഡവലപ്മെന്റ് സ്കീം കേന്ദ്ര സര്‍ക്കാര്‍ സ്കീം ആയിരുന്നു. വകയിരുത്തുന്ന തുകയുടെ പത്ത് ശതമാനം മാത്രം സംരംഭകന്‍ മുടക്കിയാല്‍ മതി എന്നത് ഒരു വലിയ സഹായം തന്നെ. മൃഗ സംരക്ഷണ വകുപ്പും, ക്ഷീര വികസന വകുപ്പും മുന്‍ കൈ എടുക്കേണ്ട ഒരു പദ്ധതിയാണ് ഇത്. ഇത്തരത്തില്‍ ഉള്ള സര്‍ക്കാര്‍ സൗജന്യങ്ങള്‍ ഡയറി സംരംഭകര്‍ യഥാസമയത്ത് അറിയുകയും വേണം. സംരംഭകരുടെ അടുത്തുള്ള കാര്‍ഷിക ബാങ്കുകളിലും സര്‍ക്കാര്‍ സ്കീമുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.
Share your comments