1. കാർഷിക, ഭക്ഷ്യ സംസ്കരണ സംരംഭകർക്കായി കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ പുതിയ വായ്പാ പദ്ധതി. സംരംഭങ്ങൾക്ക് 6 ശതമാനം പലിശ നിരക്കിൽ 10 കോടി രൂപ വരെ പദ്ധതി വഴി വായ്പ ലഭിക്കും. കെഎഫ്സി അഗ്രോ ബേസ്ഡ് എംഎസ്എംഇ ലോൺ സ്കീം എന്ന പദ്ധതിയുടെ 3 ശതമാനം പലിശ സബ്സിഡി സംസ്ഥാന സർക്കാരും 2 ശതമാനം കെഎഫ്സിയും നൽകും. പഴം, പച്ചക്കറി, വിത്തു സംസ്കരണം, ബേക്കറി ഉൽപന്നങ്ങളുടെ നിർമാണം, ധാന്യപ്പൊടികൾ, എണ്ണകൾ, സുഗന്ധവ്യഞ്ജനങ്ങൾ, കൂണുകൾ, മൈദ പ്ലാന്റ്, മത്സ്യം/ മാംസം / പാൽ ഉൽപന്നങ്ങൾ, ജൂട്ട്, മുള ഉൽപന്നങ്ങൾ, സംഭരണം, പൗൾട്രി, പൗൾട്രി അനുബന്ധ സ്ഥാപനങ്ങൾ, ചായ /കാപ്പി സംസ്കരണം തുടങ്ങിയ സംരംഭങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. താൽപര്യമുള്ളവർ kfc.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ജില്ലാ, ബ്രാഞ്ച് ഓഫീസുകളുമായി ബന്ധപ്പെടാം.
കൂടുതൽ വാർത്തകൾ: 2 മാസത്തെ ക്ഷേമ പെൻഷൻ ഡിസംബറിൽ നൽകുമെന്ന് സൂചന!
2. കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം നവംബർ 30ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കും. കൃഷിയോ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലോ കുറഞ്ഞത് 10 വർഷം പ്രവൃത്തി പരിചയമുള്ള സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്ത ബിരുദധാരികളെയാണ് നിയമിക്കുന്നത്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.kasumavukrishi.org എന്ന സൈറ്റ് പരിശോധിക്കാം.
3. എറണാകുളം കൃഷി വിജ്ഞാന കേന്ദ്രയുടെ സാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത ഉയർന്ന ഗുണനിലവാരമുള്ള കരിമീൻ കുഞ്ഞുങ്ങളെ വിൽക്കുന്നു. മുൻകൂറായി ബുക്ക് ചെയ്താൽ എല്ലാ മാസത്തിലും ആദ്യ വ്യാഴാഴ്ച വിതരണം ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അത്താണി കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനുമായി ബന്ധപ്പെടാം. ഫോൺ : 0484-2474267.
4. കൃഷി വകുപ്പ് സ്ഥാപനങ്ങൾക്ക് പൊതു ആസ്ഥാന മന്ദിരം നിർമിയ്ക്കുന്നതിന് 30 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. കൃഷി വകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനും, കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനുമാണ് ഇ-ഗവേണൻസ് സൗകര്യമുള്ള പൊതു ആസ്ഥാന മന്ദിരം നിർമിയ്ക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനയറയിലെ കാർഷിക നഗര മൊത്തവ്യാപാര കേന്ദ്രത്തിന് സമീപത്തെ 1 ഏക്കർ ഭൂമിയിലാണ് ഓഫീസ് യാഥാർത്ഥ്യമാകുന്നത്. 24 മാസംകൊണ്ട് കെട്ടിട നിർമ്മാണം പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യം.
Share your comments