1. കാർഷിക ഉൽപ്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 109 പുതിയ വിളകൾ പുറത്തിറക്കി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ICAR. ICAR വികസിപ്പിച്ചെടുത്ത 34 കാർഷിക വിളകളും 27 ഹോർട്ടികൾച്ചറൽ വിളകളും ഉൾപ്പെടെ 61 വിളകളുടെ 109 ഇനങ്ങൾ പുറത്തിറക്കുന്ന ചടങ്ങ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ഓഗസ്റ്റ് 11 ഞായറാഴ്ച ഡൽഹിയിലെ പൂസ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഉയർന്ന വിളവ് നൽകുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതും ജൈവ ഉറപ്പുള്ളതുമായ 109 വിളകളാണ് ICAR കർഷകർക്കായി വികസിപ്പിച്ചെടുത്തത്. കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രിമാരായ ശ്രീ ഭഗീരഥ് ചൗധരി, ശ്രീ രാം നാഥ് താക്കൂർ, ഡെയർ സെക്രട്ടറിയും ICAR ഡയറക്ടർ ജനറലുമായ ഡോ ഹിമാൻഷു പഥക് എന്നിവരും ഐസിഎആറിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
2. കളമശ്ശേരി കാർഷികോത്സവത്തോടനുബന്ധിച്ച് കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി ചെറുധാന്യ കർഷക സംഗമം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14 ആം തീയതി ബുധനാഴ്‌ച രാവിലെ 9.30 ന് മുപ്പത്തടം മുതുകാട് NSS കരയോഗം ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മനോജ് മുത്തേടൻ ഉദ്‌ഘാടനം നിർവഹിക്കും. കളമശ്ശേരി മണ്ഡലത്തിൽ സമഗ്ര കാർഷിക വികസനം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന പദ്ധതിയാണ് കൃഷിക്കൊപ്പം കളമശ്ശേരി.
3. സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 65 കി.മീ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
Share your comments