
1. മലപ്പുറം ജില്ലയിൽ ആധാർ ഫോൺ നമ്പറുമായി ലിങ്ക് ചെയ്യാനുള്ളത് 12.22 ലക്ഷം പേർ. ആധാർ ലിങ്ക് പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന് കലക്ട്രേറ്റിൽ ചേർന്ന ആധാർ മോണിറ്ററിംങ് കമ്മിറ്റി തീരുമാനിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ ആധാർ അപ്ഡേറ്റ് ചെയ്ത ജില്ല മലപ്പുറമാണ്. 10 വർഷം പഴക്കമുള്ള ആധാറുകൾ രേഖകൾ സമർപ്പിച്ച് പുതുക്കണം, മാർച്ച് 14 വരെ സൗജന്യമായി സ്വന്തമായി പുതുക്കാം. അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ജനസേവന കേന്ദ്രങ്ങൾ വഴിയോ പുതുക്കാം.
2. അലപ്പുഴ ജില്ലയിലെ കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 'സ്നേഹാരാമം' പദ്ധതി വഴി ഒരുക്കിയ പൂന്തോട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി കൈനകരി കുട്ടമംഗലം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരാണ് ആരോഗ്യ കേന്ദ്രത്തിലെ മാലിന്യങ്ങള്‍ നീക്കി പൂന്തോട്ടമുണ്ടാക്കിയത്. എന്‍.എസ്.എസ് യൂണിറ്റുകളുടെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങള്‍ മാലിന്യമുക്തമാക്കി പൂന്തോട്ടം സജ്ജീകരിക്കുകയാണ് ലക്ഷ്യം. ചടങ്ങില്‍ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എ. പ്രമോദ് അധ്യക്ഷത വഹിച്ചു.
3. കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ഒന്നാമത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെർഫോർമറായിരുന്ന കേരളം ഇത്തവണ ബെസ്റ്റ് പെർഫോർമർ സ്ഥാനം കരസ്ഥമാക്കി. ഗുജറാത്ത്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളോടൊപ്പം കേരളം ഒന്നാം സ്ഥാനം പങ്കിട്ടെടുത്തിരിക്കുകയാണ്. നിലവാരമുള്ളതും മികവുറ്റതുമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമൊരുക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾക്കുള്ള അംഗീകാരമാണ് സ്റ്റാർട്ടപ്പ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Share your comments