<
  1. News

1400 കോടിയുടെ പദ്ധതി: മൂല്യവർധിത കൃഷിയ്ക്ക് കേന്ദ്രാനുമതി..കൂടുതൽ കൃഷിവാർത്തകൾ

കേരളത്തിലെ കാർഷിക ഉൽപാദനവും വിപണനവും ആധുനികവൽകരിക്കാനുള്ള ലോകബാങ്ക് പദ്ധതിയ്ക്ക്‌ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി

Darsana J

1. കേരളത്തിലെ കാർഷിക ഉൽപാദനവും വിപണനവും ആധുനികവൽകരിക്കാനുള്ള ലോകബാങ്ക് പദ്ധതിയ്ക്ക്‌ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. പദ്ധതി പ്രകാരം അഞ്ചുവർഷത്തേക്ക്‌ 1400 കോടി രൂപ ലോകബാങ്ക് വായ്പയായി നൽകും. ഇതിന്റെ ഭാഗമായി ലോകബാങ്ക് പ്രതിനിധിസംഘം കേരളത്തിലെത്തി ചർച്ച നടത്തും. ശേഷം സംസ്ഥാനവും കേന്ദ്രവും ലോകബാങ്കും തമ്മിൽ കരാറിലേർപ്പെടും. കർഷകരുടെ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് മൂല്യവർധിത കൃഷിമിഷൻ രൂപീകരിച്ചത്. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിച്ച് കാർഷികോൽപന്നങ്ങളുടെ സംഭരണവും സംസ്‌കരണവും വിപണനവും ആധുനികവത്കരിക്കുക, ആധുനിക സംഭരണശാലകൾ, ചെറുകിട, ഇടത്തരം യൂണിറ്റുകളുടെ ശൃംഖല തുടങ്ങിയ നിരവധി ലക്ഷ്യങ്ങൾ പദ്ധതിയ്ക്ക് പിന്നിലുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: PMGKP പ്രതിവർഷം 108 ദശലക്ഷം ടൺ ഭക്ഷ്യധാന്യം ആവശ്യം, കേന്ദ്രം സബ്സിഡി മണ്ണെണ്ണ അനുവദിക്കണം; ഇന്നത്തെ കാർഷിക വാർത്തകൾ

2. ഹ്രസ്വ വാർഷിക വിളകൾക്ക് ആനുകൂല്യം ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകർക്കും പട്ടയം ലഭിക്കാത്ത വനഭൂമിയിൽ കൃഷി ചെയ്യുന്നവർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് കൃഷിവകുപ്പ് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും ആനുകൂല്യം ഇത്തരം കർഷകർക്ക് ലഭിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. വനഭൂമിയിൽ കൃഷി ചെയ്യുന്നവർക്ക് നെല്ല്, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, വാഴ ഉൾപ്പെടെയുള്ള വിളകൾക്ക് സംസ്ഥാന വിള ഇൻഷ്വറൻസ്, പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം തുടങ്ങിയവ ഇനിമുതൽ ലഭിക്കും.

3. വിയ്യൂർ ജയിലിനുള്ളിൽ ഇനി പച്ചക്കറിക്കാലം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറി വികസന പദ്ധതിയുടെ സഹായത്തോടെ ഒരേക്കര്‍ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. കൃഷിയുടെ ഉദ്ഘാടനം മന്ത്രിമാരായ പി. പ്രസാദും കെ. രാജനും ചേര്‍ന്ന് നിര്‍വഹിച്ചു. ജയിലിനുള്ളിൽ ഉൽപാദിപ്പിക്കുന്ന കാർഷിക വിഭവങ്ങളിൽ നിന്നും ഒരു മൂല്യവർധിത ഉൽപന്നമെങ്കിലും ബ്രാന്‍ഡ് ചെയ്ത് പൊതു വിപണിയില്‍ ഇറക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. വിഷരഹിത ഭക്ഷണത്തിന് ഡിമാന്‍ഡ് ഏറെയാണെന്നും ഇതിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.

4. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 51 അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. പ്രതിമാസം 31,460 രൂപാ ശമ്പളത്തിൽ‌‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് ആണ് അടിസ്ഥാന യോഗ്യത. നീരുറവ് പദ്ധതിയുടെ ഭാഗമായുള്ള ഫീല്‍ഡ് സര്‍വേയ്ക്ക് വേണ്ടി മൂന്ന് ബ്ലോക്ക് പഞ്ചായത്തിന് ഒരു എഞ്ചിനീയര്‍ എന്ന നിലയിലാകും ഇവരെ നിയോഗിക്കുക. തൊഴിലുറപ്പ് പദ്ധതിയുടെ മെച്ചപ്പെട്ട നടത്തിപ്പിനും സാങ്കേതിക മികവിനും ഈ നിയമനം പ്രയോജനം ചെയ്യുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നീരുറവ് പദ്ധതിയിലൂടെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ജലാശയം സംരക്ഷിക്കാനുള്ള സമഗ്രപദ്ധതി നടപ്പിലാക്കുകയാണെന്നും അടുത്ത ഘട്ടത്തില്‍ 941 പഞ്ചായത്തിലെയും ജലാശയങ്ങളിലേക്ക് പദ്ധതി വിപുലീകരിക്കാനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

5. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്റിനറി യൂണിറ്റുകള്‍ എല്ലാ ജില്ലയിലും നടപ്പിലാക്കുമെന്ന് ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചു റാണി. കന്നുകാലികള്‍ക്കും മറ്റു വളര്‍ത്തു മൃഗങ്ങള്‍ക്കും പെട്ടെന്ന് ഉണ്ടാകുന്ന അസുഖങ്ങള്‍ക്കും കുത്തിവയ്പ്പിനും മറ്റു അത്യാഹിത സന്ദര്‍ഭങ്ങളിലും കർഷകർക്ക് ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കർഷകരുടെ പ്രധാന പ്രശ്നം ഉൽപാദന ചെലവാണെന്നും അത് പരിഹരിക്കാൻ പച്ച പുല്ല് വ്യാപകമായി വളര്‍ത്താനുള്ള സബ്സിഡി അടക്കമുള്ള എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

6. ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പൊലിമ പുതുക്കാടിന്റെ ലോഗോ കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ കെകെ രാമചന്ദ്രന്‍ എംഎല്‍എയിൽ നിന്നും, കൃഷിമന്ത്രി ലോഗോ ഏറ്റുവാങ്ങി. തൃശൂര്‍ ആര്‍ട്‌സ് കോളേജ് വിദ്യാർഥികളാണ് ലോഗോ തയ്യാറാക്കിയത്. പുതുക്കാട് മണ്ഡലത്തിലെ 40,000ത്തോളം സ്ത്രീകളെ കൃഷിയിലേക്ക് നയിക്കുന്ന പദ്ധതിയാണ് ‘പൊലിമ പുതുക്കാട്’. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നും രണ്ടായിരത്തിലധികം വരുന്ന കുടുംബശ്രീ യൂണിറ്റുകളില്‍ കൃഷി വ്യാപിപ്പിച്ച് വിഷരഹിത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു ലക്ഷം പച്ചക്കറി തൈകളും വിത്തുകളും നടുന്നുണ്ട്.

7. 3000 കണ്ടല്‍ചെടികളും 1200 മുളകളും ഉപയോഗിച്ച് പൊയ്യയിലെ ബണ്ടുകള്‍ക്ക് ജൈവ കവചം ഒരുക്കുന്നു. മൂന്ന് കിലോമീറ്റര്‍ വിസ്തൃതിയിലുളള അഡാക് ഫാമിന്റെ കായലിനോട് ചേര്‍ന്നുളള പുറം ബണ്ടില്‍ കണ്ടല്‍ചെടികളും അകംബണ്ടില്‍ മുളയും നട്ടാണ് ജൈവ കവചം നിർമിക്കുന്നത്. കേരള വനഗവേഷണ സ്ഥാപനവും പൊയ്യ അഡാക്ക് ഫിഷ് ഫാമും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ടല്‍ കാടുകളുടെ സംരക്ഷണം, കായലിന്റെ ആവാസവ്യവസ്ഥ പുനസ്ഥാപിക്കൽ, അതു വഴി മത്സ്യസമ്പത്ത് വര്‍ധിപ്പിക്കൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

8. ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ 'പച്ചക്കുട'യുടെ രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നവംബർ 4ന് കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 'പച്ചക്കുട' സംഘാടക സമിതി രൂപീകരിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ വികസനത്തിൽ കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റിയേയും ഉൾപ്പെടുത്തി കാർഷികരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പച്ചക്കുട. പദ്ധതിയിലൂടെ ഇരിങ്ങാലക്കുടയുടെ ഭക്ഷ്യസ്വയം പര്യാപ്തതയാണ് ലക്ഷ്യം.

9. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എല്‍.എ നിര്‍വഹിച്ചു. നാളികേര കൃഷിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് വര്‍ഷങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 25.67 ലക്ഷം രൂപ അനുവദിച്ചു.

10. നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സിന്റെ ഡയറക്ടറായി ഡോ.ജ്ഞാനേന്ദ്ര പ്രതാപ് സിംഗ് ചുമതലയേറ്റു. ഈ മാസം 28നാണ് ഔദ്യോഗികമായി സ്ഥാനമേറ്റത്. ഇതിന് മുമ്പ് കർണാൽ ICAR-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വീറ്റ് ആൻഡ് ബാർലി റിസർച്ചിനാണ് അദ്ദേഹം നേതൃത്വം നൽകിയിരുന്നത്. ഐ.സി.എ.ആറിൽ മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവൃത്തിപരിചയമുള്ള അദ്ദേഹം, IARI-യിൽ സീനിയർ സയന്റിസ്റ്റ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഡോ. റാഫി അഹമ്മദ് കിദ്വായ് അവാർഡ്, ഡോ. നാനാജി ദേശ്മുഖ് ടീം അവാർഡ്, തുടങ്ങി അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകൾക്ക് അനേകം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

11. കേരളത്തിൽ തുലാവർഷത്തിന് തുടക്കം. ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: 1400 crore scheme Central approval for value added agriculture more Agriculture malayalam News

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds