ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ ആദ്യഘട്ടമായി എൻ.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം സർക്കാർ മേഖലയിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് പൂർണസജ്ജമാക്കി ഒരുമിച്ച് എൻ.എ.ബി.എച്ച്. ആക്രഡിറ്റേഷന് അപേക്ഷിക്കുന്നത്.
ഈ സ്ഥാപനങ്ങളിലെ എൻ.എ.ബി.എച്ച്. കേന്ദ്ര സംഘത്തിന്റെ അന്തിമ വിലയിരുത്തൽ നടന്നുവരികയാണ്. എൻ.എ.ബി.എച്ച്. അംഗീകാരം ലഭിക്കുന്നതോടെ ആയുഷ് ആതുരസേവന രംഗത്ത് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുവാൻ സാധിക്കും. മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യ ടൂറിസം രംഗത്തിനും ഇത് മുതൽക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ സ്ഥാപനങ്ങൾ വിവിധ ഗുണമേന്മാ മാനദന്ധങ്ങൾ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എൻ.എ.ബി.എച്ച്. ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ.എ.ബി.എച്ച്. അംഗീകാരം ലഭ്യമാകുന്നത്. നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
ആയുഷ് രംഗത്തെ പുരോഗതിക്കായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്. മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി വർധനവാണ് നടത്തിയത്. ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിന് പുതുതായി 116 തസ്തികകൾ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പിൽ പുതുതായി 40 മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകിക്കൊണ്ട് 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചു. ആയുഷ് മേഖലയിൽ ഇ ഹോസ്പിറ്റൽ സംവിധാനം നടപ്പിലാക്കി.
510 ആയുഷ് ഡിസ്പെൻസറികളെ കൂടി ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി ഉയർത്തി. ഇതോടെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ ആകെ 600 ആയി. അട്ടപ്പാടി, കൊട്ടാരക്കര, അടൂർ എന്നിവിടങ്ങളിൽ ആയുഷ് ഇന്റർഗ്രേറ്റഡ് ആശുപത്രികൾ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി മുഖേന 114 കോടി രൂപ അനുവദിച്ചു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 6 സ്ഥാപനങ്ങൾ കാഷ് നിലവാരത്തിലേക്ക് ഉയർത്തി. ഇതുകൂടാതെയാണ് 150 ആയുഷ് സ്ഥാപനങ്ങൾ എൻ.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയർത്തുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ദേശീയ തലത്തിൽ 2 പുരസ്‌കാരങ്ങൾ സ്വന്തമാക്കി കേരളം
Share your comments