
1. പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 19-ാം ഗഡു വിതരണത്തിന് പദ്ധതിയുടെ ആറാം വാർഷികദിനമായ ഇന്ന് തുടക്കം. ബീഹാറിലെ ഭാഗൽപുരിൽ നടക്കുന്ന പരിപാടിയിൽ വച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കിസാൻ സമ്മാൻ നിധി യോജനയുടെ 19-ാം ഗഡുവിൻ്റെ വിതരണോദ്ഘാടനം നിർവഹിക്കും. ഇന്ത്യയിലെ 9.8 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 22,000 കോടി രൂപയാണ് കേന്ദ്രസർക്കാർ വിതരണം ചെയ്യുന്നത്. നാല് മാസം കൂടുമ്പോൾ 2000 രൂപ വീതം, പ്രതിവർഷം 6000 രൂപയാണ് പിഎം കിസാൻ സമ്മാൻ നിധി യോജനയിലൂടെ കർഷകന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. 18-ാം ഗഡു വിതരണം ചെയ്യുമ്പോൾ 9.6 കോടി കർഷകരായിരുന്ന സ്ഥാനത്ത് ഗുണഭോക്താക്കളുടെ എണ്ണം 9.8 കോടിയായി വർധിച്ചുവെന്ന് കേന്ദ്ര കൃഷിമന്ത്രി ശ്രീ. ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. കേരളത്തിൽ നിന്നും 28.16 ലക്ഷം ഗുണഭോക്താക്കളാണ് ഉള്ളത്. 2019 ഫെബ്രുവരി 24ന് ചെറുകിട കർഷകർക്ക് കാർഷികവൃത്തി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക സഹായമായാണ് കേന്ദ്രസർക്കാർ പിഎം കിസാൻ സമ്മാൻ നിധി യോജനയ്ക്ക് തുടക്കം കുറിച്ചത്.
2. ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റര്‍ പാല്‍ ഉത്പാദനശേഷിയുള്ള രണ്ട് മുതല്‍ 10 വയസ്സു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗര്‍ഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തില്‍ കൂടുതല്‍ ഗര്‍ഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താം. 65,000 രൂപ വരെ മതിപ്പ് വിലയുള്ള ഉരുവിന് ഒരു വര്‍ഷ പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിന് 1,356 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 774 രൂപയുമാണ് വിഹിതം. മൂന്ന് വര്‍ഷ പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിന് 3,319 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 1,892 രൂപയുമാണ് വിഹിതം. ഉടമകള്‍ക്ക് അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷക്കും അര്‍ഹതയുണ്ടാകും. പരമാവധി അഞ്ച് ലക്ഷം രൂപയാണ് വ്യക്തിഗത അപകട പരിരക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് തദ്ദേശ സ്ഥാപനത്തിലെ വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെടാവുന്നതാണ്.
3. വേനലിൽ ആശ്വാസമായി മഴ. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെയും 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം തെക്കൻ ആൻഡമാൻ കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ തമിഴ് നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Share your comments