1. കൈത്തറി നെയ്‌ത്ത് തൊഴിലാളികൾക്കായി 20 കോടി രൂപ അനുവദിച്ചു. സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിൽ തുണി നെയ്‌ത് നൽകിയ തൊഴിലാളികൾക്കാണ് തുക അനുവദിച്ചതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുളള സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും സ്‌കൂൾ കുട്ടികൾക്ക് ഗുണമേന്മയുള്ള യൂണിഫോം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കിയത്. 6200 നെയ്‌ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളുമാണ് ഇതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ഇതിനുമുമ്പ് മേഖലയിൽ 53 കോടി രൂപ അനുവദിച്ചിരുന്നു.
2. പാലക്കാട് ജില്ലയിൽ ആധുനിക സൗകര്യങ്ങളോടെ ഡ്രോണ്‍ ഉപയോഗിച്ച് കൃഷി ചെയ്യാനൊരുങ്ങി കുടുംബശ്രീ. ഉദ്പാദന ചെലവ് കുറയ്ക്കാനും ശാസ്ത്രീയമായി കൃത്യതയോടെ വിത്തും വളവും പ്രയോഗിക്കാനും, വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ മനസിലാക്കാനും, രോഗങ്ങൾ പെട്ടെന്ന് കണ്ടെത്താനും ഇത്തരം കൃഷി രീതിയിലൂടെ സാധിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് എല്ലാ സൗകര്യങ്ങളോടുംകൂടിയ ഡ്രോണുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഡ്രോണ്‍ പദ്ധതിയിലൂടെ അനുവദിക്കുകയും FACT മുഖേനെ പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യും. പുതിയ കൃഷിരീതി വിജയകരമായാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് അറിയിച്ചു.
കൂടുതൽ വാർത്തകൾ: നീണ്ട 15 വർഷം; അപൂർവയിനം നെൽവിത്തുകളുടെ സംരക്ഷകൻ; പത്മശ്രീ പുരസ്കാര നിറവിൽ കാസർകോട്ടെ കർഷകൻ
3. ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ക്ഷീര വികസനവുമായി ബന്ധപ്പെട്ട് മികച്ച പത്ര റിപ്പോർട്ട്, മികച്ച പത്ര ഫീച്ചർ, മികച്ച മാഗസിൻ ലേഖനം, മികച്ച പുസ്തകം, മികച്ച ശ്രവ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ ഡോക്യുമെന്ററി / മാഗസിൻ പ്രോഗ്രാം, 'ക്ഷീരമേഖല കരുതലിന്റെ സ്നേഹസ്പർശം' എന്ന വിഷയത്തിൽ മികച്ച ഫോട്ടോഗ്രാഫ് എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. വർക്കുകൾ 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാഫോറത്തിന്റെ മാതൃകയും ലഭിക്കാൻ www.dairydevelopment.kerala.gov.in സന്ദർശിക്കാം. വിജയികൾക്ക് 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും. അപേക്ഷകൾ ഫെബ്രുവരി 12ന് വൈകിട്ട് 5നകം അയയ്ക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ജോയിന്റ് ഡയറക്ടർ (സ്റ്റേറ്റ് ഡയറി ലാബ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി. ഒ., തിരുവനന്തപുരം – 695004. ഫോൺ: 9495818683 / 9995240861 / 9446467244. സംസ്ഥാന ക്ഷീര സംഗമം “പടവ് 2024” ഫെബ്രുവരിയിൽ ഇടുക്കി അണക്കരയിൽ വച്ചാണ് സംഘടിപ്പിക്കുക.
4. ഫെബ്രുവരി 16ന് ഭാരത് ബന്ദ് ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ അറിയിച്ചു. രാജ്യത്തെ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കർഷക സംഘടനകൾ ബന്ദ് പ്രഖ്യാപിക്കുന്നതെന്നും രാജ്യത്തിന് ഇതൊരു വലിയ സന്ദേശം നൽകുമെന്നും ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത് അറിയിച്ചു. കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതിന് നിയമം കൊണ്ടുവരിക എന്നതാണ് സംഘടനകളുടെ പ്രധാന ആവശ്യം. സംയുക്ത കിസാൻ മോർച്ച തുടങ്ങിയ സംഘടനകൾ ബന്ദിന്റെ ഭാഗമാകും.
Share your comments