ഫേസ് ബുക്ക് പോസ്റ്റ് :
20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ സ്വാഗതം ചെയ്യുന്നതിനു മുമ്പ് അതിന്റെ ഉള്ളടക്കമൊന്ന് പരിശോധിക്കേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ച സുഹൃത്തുക്കളുണ്ട്. അവരുടെ ചോദ്യം വളരെ പ്രസക്തമാണ് എന്നതാണ് ഇന്നത്തെ ധനമന്ത്രിയുടെ പാക്കേജ് പത്രസമ്മേളനം കഴിഞ്ഞപ്പോൾ ബോധ്യമായത്. ഇങ്ങനെയാണ് പാക്കേജിന്റെ പോക്കെങ്കിൽ ഇത് കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യം സൂചിപ്പിച്ച കണക്കുകൊണ്ടുള്ള കളിയായിത്തീരും.
കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യം മെയ് ആറിന് എക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ മറ്റു പല രാജ്യങ്ങളും പോലെ ഇന്ത്യ ദേശീയവരുമാനത്തിന്റെ പത്തു ശതമാനം പാക്കേജിന് നീക്കിവെയ്ക്കുന്നതിനെ കഠിനമായി എതിർത്തു. അമേരിക്കയുടെയും ബ്രിട്ടന്റെയുമെല്ലാം പതിനഞ്ചു ശതമാനവും പതിമൂന്നു ശതമാനവുമെല്ലാം ഊതിവീർപ്പിച്ച കണക്കാണെന്നാണ് അദ്ദേഹം വാദിച്ചത്. പ്രധാനമന്ത്രിയുടെ പാക്കേജും ഇതുപോലൊന്നായിരിക്കാനാണ് സാധ്യത. ഇന്നു പ്രഖ്യാപിച്ച ഇനങ്ങൾക്കെല്ലാംകൂടി കേന്ദ്ര ബജറ്റിൽ നിന്നോ കേന്ദ്രം വായ്പയെടുത്തു നൽകേണ്ടി വരുന്ന തുക കൂട്ടിയാൽ 30000 കോടി രൂപ പോലും വരില്ല. ബാക്കിയെല്ലാം ബാങ്കുകളുടെയും മറ്റും ചുമലിലാണ്.
ചെറുകിട സംരംഭക മേഖലയ്ക്ക് സെക്യൂരിറ്റി ഇല്ലാതെ മൂന്നു ലക്ഷം കോടി അനുവദിച്ചതാണ് ഹൈലൈറ്റ്. ഇത് നല്ലതു തന്നെ. പക്ഷേ, ചെറുകിട മേഖല ഏതാണ്ട് ഏകകണ്ഠമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ഒരു വർഷം മോറട്ടോറിയം നീട്ടണമെന്നും അക്കാലത്തെ പലിശ കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നാണ്. മൂന്നു മാസം മോറട്ടോറിയം നീക്കിയെങ്കിലും പലിശയുടെ ഭാരം ചെറുകിടക്കാരുടെ മേൽ തുടരും. ബാങ്കുകൾ വായ്പ കൊടുക്കാൻ തയ്യാറാകുമോ എന്നുള്ളത് വേറൊരു പ്രശ്നം. കാരണം, കഴിഞ്ഞ ആഴ്ച എട്ടര ലക്ഷം കോടി രൂപയാണ് മൂന്നര ശതമാനം പലിശ വാങ്ങി റിസർവ് ബാങ്കിൽ ഈ ബാങ്കുകൾ നിക്ഷേപിച്ചത്. എത്ര പറഞ്ഞിട്ടും വായ്പ കൊടുക്കാൻ അവർക്കു മടിയാണ്. കൈയിൽ കാശായിട്ട് പണം മുഴുവൻ സൂക്ഷിക്കുക. അതല്ലെങ്കിൽ പെട്ടെന്ന് കാശാക്കാൻ പറ്റുന്ന സെക്യൂരിറ്റികളിൽ നിക്ഷേപിക്കുക എന്നതാണ് അവരുടെ നയം.
ചെറുകിട സ്ഥാപനങ്ങൾക്ക് 20000 കോടി രൂപ സബോഡിനേറ്റ് ഡെബ്റ്റായി നൽകുന്നതിനും 50000 കോടി രൂപ ഓഹരി പങ്കാളിത്തത്തിനു വേണ്ടി നീക്കിവെച്ചതും സ്വാഗതാർഹമാണ്.
ചെറുകിട സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങണമെങ്കിൽ അവരുടെ ഉൽപന്നങ്ങൾ വാങ്ങാൻ ആളുണ്ടാകണം. ജനങ്ങളുടെ കൈയിൽ പണമെത്തിച്ചുകൊണ്ടല്ലാതെ ഈ വാങ്ങൽക്കഴിവ് തകർച്ചയ്ക്ക് പരിഹാരമുണ്ടാകില്ല. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയിൽ ഏതാണ്ട് പകുതി മാത്രമേ ബജറ്റിൽ നിന്നുള്ള പണമുള്ളൂ.
ബാങ്കേതര ധനകാര്യസ്ഥാപനങ്ങൾക്ക് മുപ്പതിനായിരം കോടി രൂപ ലഭ്യമാക്കുന്നുണ്ട്. 45000 കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി ആയും നൽകുന്നുണ്ട്. അതൊക്കെ നല്ലതു തന്നെ. പക്ഷേ, അങ്ങനെയൊരു ചിന്ത സംസ്ഥാന സർക്കാരുകളോടില്ല. 90,000 കോടി രൂപ ഇലക്ട്രിസിറ്റി കമ്പനികൾക്ക് നൽകുന്ന വായ്പയുടെ ഗ്യാരണ്ടി നിൽക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്. സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരാമർശം പോലും കേന്ദ്രധനമന്ത്രിയുടെ പാക്കേജിൽ ഇല്ല എന്നത് പ്രതിഷേധാർഹമാണ്.
സോഷ്യൽ മീഡിയയിൽ സജീവമാണ് ധനമന്ത്രി തോമസ് ഐസക്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് ഏഴു ലക്ഷത്തിലധികം പേർ ലൈക് ചെയ്തിട്ടുണ്ട്.
Share your comments