ബെംഗളുരു: വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കർണാടകയിൽ വൻ തക്കാളി കൊള്ള. ബെംഗളുരുവിലെ ചിക്കജാലയിൽ ജൂലൈ എട്ടിനാണ് സംഭവം നടന്നത്. ചിത്രദുർഗയിൽ നിന്ന് കോലാറിലെ മാർക്കറ്റിലേക്ക് കൊണ്ടുപോയ 2,000 കിലോ തക്കാളിയാണ് അജ്ഞാതർ വാഹനം തടഞ്ഞ് കവർന്നത്. വണ്ടിയിലുണ്ടായിരുന്ന കർഷകനെയും ഡ്രൈവറെയും ആക്രമിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം കൊടുക്കാത്ത സാഹചര്യത്തിൽ വണ്ടിയുമായി അക്രമികൾ കടന്നുകളഞ്ഞു.
മൂന്ന് അക്രമികൾ ചേർന്ന് വണ്ടി പിന്തുടർന്ന് എത്തിയ ശേഷം മർദിച്ചതായും കർഷകൻ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹാസൻ ബേലൂരിലും സമാനമായ സംഭവം നടന്നു. വിളവെടുത്തു സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയുടെ തക്കാളിയാണ് അജ്ഞാതർ കൊള്ളയടിച്ചത്.
കർണാടകയിൽ 150 രൂപ വരെ വിലയ്ക്കാണ് നിലവിൽ തക്കാളി വിൽക്കുന്നത്. സംഭവത്തെ തുടർന്ന് കൃഷിയിടങ്ങളിലും സംഭരണ കേന്ദ്രങ്ങളിലും സുരക്ഷ ഏർപ്പെടുത്തേണ്ട അവസ്ഥയിലാണ് കർഷകർ. കർണാടകയിൽ മാത്രമല്ല, രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും തക്കാളി വില കുതിക്കുകയാണ്. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും 200ന് മുകളിൽ വരെ വിലയെത്തി.
കൂടുതൽ വാർത്തകൾ: ബർഗറിൽ നിന്നും തക്കാളി ഔട്ട്; മക്ഡൊണാൾസ് വിഭവങ്ങളിൽ തക്കാളി ഉണ്ടാകില്ല
കനത്ത മഴമൂലം കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷിനാശം സംഭവിച്ചു. കൂടാതെ, ദീർഘനാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കാത്തതും കൃത്യസമയത്ത് മാർക്കറ്റുകളിൽ എത്തിക്കാൻ സാധിക്കാത്തതും തക്കാളി വില കൂടാനുള്ള മറ്റ് കാരണങ്ങളാണ്. അതേസമയം, തക്കാളിയുടെ ചുവടുപിടിച്ച് കോളിഫ്ലവർ, ഇഞ്ചി, മുളക് എന്നിവയ്ക്കും വില വർധിക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു.
Share your comments