കോവിഡ് വ്യാപനമുണ്ടായ ജനുവരി – ജൂലൈ കാലയളവിൽ സമുദ്രോൽപന്ന കയറ്റുമതിയിൽ 20–25% ഇടിവുണ്ടായെന്നു റിപ്പോർട്ടുകൾ. നടപ്പു സാമ്പത്തിക വർഷം സ്ഥിതി കാര്യമായി മെച്ചപ്പെട്ടില്ലെങ്കിൽ 2,500– 3,000 കോടി രൂപയുടെ ബിസിനസ് നഷ്ടം ഉണ്ടാകുമെന്നാണു കേരളത്തിലെ കയറ്റുമതി വ്യവസായ സമൂഹത്തിന്റെ ആശങ്ക. കോവിഡ് ആഗോള വിപണിയെ ബാധിച്ചതിനാൽ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വിൽക്കേണ്ടി വരുന്നതും വരുമാനം ഇല്ലാതിരിക്കുമ്പോഴും വായ്പാപലിശ, ജീവനക്കാരുടെ ശമ്പളം, മറ്റു ചെലവുകൾ എന്നിവയെല്ലാം ചേരുമ്പോൾ കോടികളുടെ സാമ്പത്തിക ഭാരമുണ്ടാകുമെന്ന ആശങ്കയും വ്യവസായികൾ പങ്കിടുന്നു.
ഓഗസ്റ്റ് ഒന്നിനു ട്രോളിങ് നിരോധനം പിൻവലിക്കുമെന്നും നിബന്ധനകളോടെ മത്സ്യ ബന്ധന ബോട്ടുകൾക്കു കടലിൽ പോകാൻ അനുവാദം ലഭിക്കുമെന്നുമാണു പ്രതീക്ഷ, പീലിങ്, സംസ്കരണ യൂണിറ്റുകൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്നും. കർശന നിയന്ത്രണങ്ങളോടെ ആണെങ്കിലും യൂണിറ്റുകൾ പ്രവർത്തിച്ചാൽ കയറ്റുമതിയും ആഭ്യന്തര വിൽപനയും മെച്ചപ്പെടുത്താൻ കഴിയും. നിലവിൽ, മത്സ്യബന്ധനവും സമുദ്രോൽപന്ന കയറ്റുമതിയും ഏറെക്കുറെ പൂർണ സ്തംഭനത്തിലാണ്. സമുദ്രോൽപന്ന മേഖല നേരിടുന്ന വൻ പ്രതിസന്ധി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയതായി സമുദ്രോൽപന്ന കയറ്റുമതി, വികസന അതോറിറ്റി (എംപിഇഡിഎ) പറയുന്നു.
കടപ്പാട് : മനോരമ
Share your comments