ചായ മുതൽ പാൽപായസം വരെ ഒരുക്കാൻ മലയാളികൾക്ക് പാൽ വേണം. കാലവും ഓണാഘോഷവും ഓണസദ്യയും മാറിയപ്പോൾ വിവിധ ഡെസേർട്ടുകളും ഐസ് ക്രീമും ഓണസദ്യയുടെ ഭാഗമായി. അതിലും പ്രധാന ചേരുവ പാൽ തന്നെ. ഓണക്കാലത്ത് പാലക്കാടൻ അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തിയത് 25.10 ലക്ഷം ലിറ്റര്‍ പാല് ആണ്. ആഗസ്റ്റ് 16 മുതല്‍ തിരുവോണ ദിവസം വരെയുള്ള കണക്കാണ് ഇത്. മലയാളികൾക്ക് മുഴുവനായി എത്തിയ പാലിന്റെ കണക്കല്ല ഇത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കാണ് ഈ പാൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 30 ശതമാനം കുറവ് പാൽ മാത്രമേ ഇത്തവണ എത്തിയുള്ളൂ.
വാളയാർ, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളിൽ ക്ഷീര വകുപ്പ് താത്കാലിക ലാബുകൾ സജ്ജീകരിച്ച് പാലിന്റെ ഗുണമേന്മ പരിശോധന നടത്തിയിരുന്നു. ഇവിടെയുള്ള പരിശോധനയിൽ ഗുണനിലവാരം കാണിച്ച പാൽ മാത്രമേ അതിർത്തിക്കിപ്പുറത്തേക്ക് കടത്തിവിട്ടിട്ടുള്ളൂ. ഇവിടങ്ങളിലെ പരിശോധനയിൽ മായം കലര്‍ന്ന 10,500 ലിറ്റര്‍ പാല് കണ്ടെത്തി. ഒരു പാൽ ബ്രാൻഡിന് നിശ്ചിത ഗുണനിലവാരം പാലിക്കാൻ ആയില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. തുടർനടപടികൾക്കായി ഇതിന്റെ സാമ്പിളും റിപ്പോർട്ടും ക്ഷീരവകുപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
Share your comments