പ്രളയത്തിൽ തകര്‍ന്ന കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് (വി.എഫ്.പി.സി.കെ) 26 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് കൃഷി വകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. വി.എഫ്.പി.സി.കെ യുടെ 17-ാമത് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനു പുറമെ ശാസ്ത്രീയ കൃഷിരീതിയ്ക്കു വേണ്ടി 7 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിന് ഒരു ഹെക്ടറിന് ഒന്നര ലക്ഷം രൂപയും അധിക സഹായം അനുവദിക്കും.
ശാസ്ത്രീയ രീതിയില്‍ ജൈവവളം ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കാന്‍ വി.എഫ്.പി.സി.കെയ്ക്ക് ഒരേക്കര്‍ സ്ഥലം വിട്ടു നല്‍കും. യൂബര്‍ മാതൃകയില്‍ വിശാലമായ ഒരു നെറ്റ്വര്‍ക്കിങ് സംവിധാനം വിപണിയില്‍ ആരംഭിക്കും. ഈ സംവിധാനത്തിലൂടെ വിഷ രഹിത ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് എവിടെ നിന്നും വാങ്ങാന്‍ കഴിയും. വി.എഫ്.പി.സി.കെ യുടെ സംസ്ഥാനത്തുടനീളമുള്ള 284 സ്വാശ്രയവിപണികളൂടെ വിപുലമായ സാധ്യതകള്‍ ഇതിനായി വിനിയോഗിക്കും.
മികച്ച കര്‍ഷകര്‍ക്കുള്ള വി.എഫ്.പി.സി.കെ യുടെ സംസ്ഥാന തല ‘ഹരിതകീര്‍ത്തി’ അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. വി.എഫ്.പി.സി.കെ ആരംഭിക്കുന്ന നാടന്‍ വിത്തുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
Share your comments