1. വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ.ഒ തോമസിന് കർഷക ദിനത്തിൽ സർക്കാരിന്റെ സാമ്പത്തിക സഹായം കൈമാറി. കെ.എസ്.ഇ.ബിക്ക് വേണ്ടി ആന്റണി ജോൺ എം.എൽ.എ കർഷകന്റെ വസതിയിൽ നേരിട്ടെത്തിയാണ് സഹായ ധനമായ മൂന്നര ലക്ഷം രൂപ കൈമാറിയത്. ഇടുക്കി - കോതമംഗലം 220 കെ.വി ലൈനിന്റെ വൈദ്യുതി സുരക്ഷ പരിപാലനത്തിനിടെയാണ് കുലക്കാറായ വാഴകൾ വെട്ടി നശിപ്പിക്കപ്പെട്ടത്.
2. കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുക, വിവിധ കാർഷികോൽപ്പന്നങ്ങളുടെ സംഭരണത്തിനും സംസ്‌കരണത്തിനും മൂല്യവർധനവിനും ദേശീയ അന്തർദേശീയ വിപണനത്തിനും പുത്തൻ മാർഗം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ചിങ്ങം ഒന്നിന് സംസ്ഥാനതല കർഷക ദിനാഘോഷ വേദിയിൽ കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിച്ചു. കാബ്‌കോ രൂപീകൃതമായ അന്ന് തന്നെ കമ്പനിയിൽ ഓഹരി എടുക്കാൻ തയാറായി നബാർഡ് മുന്നോട്ടുവന്നതായി സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. തിരുവനന്തപുരം കനകക്കുന്നിൽ നടന്ന പരിപാടിയിൽ കർഷക ദിനാഘോഷം, കർഷക അവാർഡ് വിതരണം, കാബ്‌കോ ഉദ്ഘാടനം, കൃഷിവകുപ്പ് ആരംഭിക്കുന്ന പോഷക സമൃദ്ധി മിഷന്റെ പ്രഖ്യാപനം എന്നിവയും കൃഷി മന്ത്രി നിർവഹിച്ചു.
3. ഓണത്തിന് മുമ്പ് ആശ്വാസമായി പച്ചക്കറി വിലയിൽ ഇടിവ്. പ്രാദേശിക വിപണികളിൽ നിന്നുള്ള പച്ചക്കറികളും വിപണികളിൽ എത്തി തുടങ്ങിയതോടെയാണ് പച്ചക്കറി വിലയിൽ ചെറിയ കുറവ് ഉണ്ടായത്. തക്കാളി, ബീൻസ് എന്നിവയുടെ വിലയും കുറഞ്ഞു. തമിഴ്നാട്ടിലേയും കർണാടകയിലേയും പ്രതികൂല കാലാവസ്ഥയാണ് നേരത്തേ വില ഉയരുന്നതിന് കാരണമായത്. എന്നിരുന്നാലും ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരുമോയെന്ന ആശങ്കയും ജനത്തിനുണ്ട്.
Share your comments