1. പിഎം കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിൽ 4000 രൂപ ലഭിക്കുമോ, എന്താണ് സത്യാവസ്ഥ? രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. നിലവിൽ 4 മാസത്തിലൊരിക്കലാണ് ധനസഹായം കർഷകർക്ക് ലഭിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് 8 കോടിയിലധികം കർഷകർക്ക് 13-ാം ഗഡു ലഭിച്ചത്. പദ്ധതി പ്രകാരം പ്രതിവർഷം 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുക.
14-ാം ഗഡുവായി കർഷകർക്ക് 4000 രൂപ ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സംഗതി ശരിയാണ്. ചില കർഷകർക്ക് ഇത്തവണ 2000 രൂപയ്ക്ക് പകരം 4000 രൂപ ലഭിക്കും. കഴിഞ്ഞ തവണ വെരിഫിക്കേഷൻ പൂർത്തിയാക്കാതെ 13-ാം ഗഡു മുടങ്ങിയ കർഷകർക്കാണ് ഇത്തവണ ഇരട്ടി തുക ലഭിക്കുക.
2. അതിദരിദ്രരായ 64,006 പേർക്ക് കേരള സർക്കാരിന്റെ സംരക്ഷണം. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നത് ലക്ഷ്യമിട്ടുള്ള അതിദാരിദ്ര്യമുക്ത കേരളം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ടെത്തിയ അതിദരിദ്രർക്കുള്ള മൈക്രോ പ്ലാൻ രൂപീകരണത്തിന്റെയും അവകാശം അതിവേഗം പദ്ധതി പൂര്‍ത്തീകരണത്തിന്റെയും, അതിദാരിദ്രർക്കുള്ള മുൻഗണന റേഷൻ കാർഡ് വിതരണത്തിന്റെയും സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു.
കൂടുതൽ വാർത്തകൾ: കനത്ത ചൂട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്..കൂടുതൽ വാർത്തകൾ
3. കൃഷിവകുപ്പിന്റെ 131 ഫാം ഉത്പന്നങ്ങൾ ഇന്നു മുതൽ ഓൺലൈൻ വിപണിയിൽ ലഭ്യമെന്ന് കൃഷിമന്ത്രി പി പ്രസാദ്. എറണാകുളത്ത് സംഘടിപ്പിച്ച ചടങ്ങിൽ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണന ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഉത്പന്നങ്ങൾ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണെന്നും കർഷകർക്ക് മൂല്യവർദ്ധനവിലൂടെ മികച്ച വരുമാനം ലഭ്യമാക്കുന്നതിന്റെ ആദ്യ പടിയായാണിതെന്നും ചടങ്ങിൽ മന്ത്രി അറിയിച്ചു.
4. അതിദരിദ്ര കുടുംബങ്ങൾക്ക് പശുവിനെ നൽകുന്ന ക്ഷീരവികസന വകുപ്പിന്റെ പദ്ധതി വൻ വിജയം. പദ്ധതിയിലൂടെ തെരഞ്ഞെടുത്ത 144 അതിദരിദ്ര കുടുംബങ്ങൾക്ക് കറവപ്പശുവിനെ വാങ്ങുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയാണിത്. 2022-23 വർഷം 133.5 ലക്ഷം രൂപയുടെ ധനസഹായം പദ്ധതിയിലൂടെ നൽകാൻ സാധിച്ചതായി ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. വരും സാമ്പത്തിക വർഷത്തിലും പദ്ധതി തുടരും.
5. ഷാർജയിലെ മലീഹയിൽ ഗോതമ്പ് കൃഷി വിളവെടുപ്പ് പുരോഗമിക്കുന്നു. വിളവെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ ഒരുമിച്ച് നടപ്പാക്കും. ആദ്യം വിളവെടുത്ത ഗോതമ്പ് ഇതിനകം പൂർണമായും വിറ്റുകഴിഞ്ഞു. 1900 ഹെക്ടർ വിസ്തൃതിയിലെ പാടമാണ് ഇത്തവണ ഒരുമിച്ച് വിളവെടുക്കുന്നത്. കീടനാശിനികളോ ജനിതകമാറ്റം വരുത്തിയ വിത്തുകളോ ഉപയോഗിക്കാതെ ഗുണനിലവാരമുള്ള ഗോതമ്പാണ് ഇവിടെനിന്നും വിളവെടുക്കുന്നത്.
6. കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയില്ല. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നാൽ മലയോര മേഖലകളിൽ മഴ ലഭിച്ചു.
Share your comments