
1. പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണവും പ്രചാരണവും ഉറപ്പുവരുത്തുന്നതിനായി ഫെബ്രുവരി 22, 23, 24 തീയതികളിലായി ആലപ്പുഴ ജില്ലയിൽ കഞ്ഞിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ സംസ്ഥാനതല പരമ്പരാഗത വിത്തുത്സവം സംഘടിപ്പിക്കുന്നു. പരമ്പരാഗത വിത്തിനങ്ങളുടെ പ്രദർശനവും കൈമാറ്റവും, പരമ്പരാഗത വിത്ത് സംരക്ഷിക്കുന്ന കർഷകരുടെ അനുഭവം പങ്കുവെയ്ക്കൽ, സെമിനാറുകൾ, വനം വകുപ്പിന്റെ "ചില്ല" എക്കോഷോപ്പുകളുടെ ഉത്പന്ന പ്രദർശനവും മൂന്നാറിലെ ഗോത്ര സമൂഹങ്ങൾ കാഴ്ചവെയ്ക്കുന്ന പരമ്പരാഗത ഭക്ഷ്യമേളയും ഉണ്ടായിരിക്കും. 22-ാം തീയതി രാവിലെ 9.30 ന് കൃഷിമന്ത്രി ശ്രീ. പി. പ്രസാദ് പരമ്പരാഗത വിത്ത് ഉത്സവ പ്രദർശന സ്റ്റാൾ ഉദ്ഘാടനം ചെയ്യും. വയനാട് നിന്നുള്ള ചെറുവയൽ രാമൻ, കാസർകോട് നിന്നുള്ള സത്യനാരായണ ബലേരി, പരമ്പരാഗത വിത്ത് സംരക്ഷണവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞർ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ അനുഭവങ്ങൾ പങ്കുവയ്ക്കും.
2. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, 4,62,344 സോയിൽ ഹെൽത്ത് കാർഡ് കർഷകർക്ക് വിതരണം ചെയ്തുവെന്ന് കൃഷിമന്ത്രി. ഓരോ കാലത്തും മണ്ണിന്റെ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും എന്നാൽ മാത്രമേ മണ്ണിൽ എന്തൊക്കെ കുറവുകൾ ഉണ്ട് എന്ന് അറിയാൻ പറ്റുമെന്നും അതിനനുസരിച്ച് സോയിൽ ഹെൽത്ത് കാർഡ് നൽകാൻ സാധിക്കും എന്നും മന്ത്രി അറിയിച്ചു. ഈ സർക്കാരിന്റെ കാലത്ത് 4,62,344 കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്തു എന്നും എല്ലാ കർഷകർക്കും ഘട്ടം ഘട്ടമായി സോയിൽ ഹെൽത്ത് കാർഡ് നൽകുന്നതിനുള്ള നടപടികൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും മണ്ണ് അറിഞ്ഞ് കൃഷി ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നും മന്ത്രി അറിയിച്ചു. പ്രളയനാന്തര കേരളത്തിന്റെ മണ്ണിന്റെ ഫലഭൂയിഷ്ഠത സംബന്ധിച്ച മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ച തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
3. സംസ്ഥാനത്ത് കാലാവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട്: സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂർ എയർപോർട്ടിൽ, സംസ്ഥാനത്തെ ഉയർന്ന താപനിലയായ 36.8°c ആണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലും പകൽ ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകൽ 11 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രതാ നിർദേശമുണ്ട്.
Share your comments