കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് മാത്രം 18 ലക്ഷം വീടുകളില്‍ കുടിവെള്ളം എത്തിച്ചതോടെ സംസ്ഥാനത്തെ 52 ശതമാനം കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കാനായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അറക്കുളം പഞ്ചായത്തിലെ നിര്‍മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മറ്റു പ്രവര്‍ത്തികളുടെ നിര്‍മാണോദ്ഘാടനവും പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 70.85 ലക്ഷം കുടുംബങ്ങളില്‍ കഴിഞ്ഞ 60 വര്‍ഷം കൊണ്ട് 17 ലക്ഷം കുടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ഇത് ആകെ ഭവനങ്ങളുടെ 22 ശതമാനം മാത്രമാണെന്നോര്‍ക്കണം. ഇന്നിപ്പോള്‍ 52 ശതമാനം കുടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കാനായി. നമ്മുടെ നാട്ടില്‍ പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്നങ്ങളെല്ലാം ഒന്നൊന്നായി പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പട്ടയപ്രശ്നങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് പട്ടയം കൊടുക്കാന്‍ നമുക്ക് കഴിഞ്ഞു. പ്രധാനപ്പെട്ട റോഡുകള്‍ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്താനായി. കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകാന്‍ പോകുകയാണ്. 400 കോടിയോളം ജനങ്ങള്‍ കുടിവെള്ളപ്രശ്നം അനുഭവിക്കുന്ന ലോകക്രമത്തിലാണ് നാമുള്ളത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ച് ജലജീവന്‍ മിഷന്‍ പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. അറക്കുള്ള പഞ്ചായത്തില്‍ മാത്രം 97 കോടി രൂപയുടെ പ്രവര്‍ത്തികളാണ് നടക്കുന്നത്. ഇടുക്കി നിയമസഭ മണ്ഡലത്തില്‍ 715 കോടി രൂപയാണ് ചെലവഴിക്കുന്നത്. വലിയ നേട്ടമാണ് ഈ രംഗത്ത് നാം കൈവരിക്കാന്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
അറക്കുളം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എല്‍ ജോസഫ് പദ്ധതി അവതരണം നടത്തി. അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോന്‍, ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷന്‍ അഗം എം. ജെ ജേക്കബ്, അറക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബുഷ്റ. കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ സാമൂഹിക ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: വ്യവസ്ഥകൾ ഇളവു ചെയ്ത് മുഴുവൻ നെല്ലും സംഭരിക്കും: മന്ത്രി ജി.ആർ അനിൽ
Share your comments