നിയമസഭാതെരഞ്ഞെടുപ്പിലെ പഞ്ചാങ്കപ്പോരിന് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരെ തേടിയെത്തുന്നത് ഒരു സന്തോഷ വാർത്തയാണ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ മിനിമം ശമ്പളം 26,000 രൂപയാക്കി ഉയർത്തുമെന്ന് റിപ്പോർട്ടുകൾ. ജീവനക്കാരുടെ ഫിറ്റ്‌മെന്റ് ഫാക്‌ടർ (Fitment Factor) വർധിപ്പിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി മാധ്യമ വൃത്തങ്ങൾ പറയുന്നു. ഫിറ്റിങ് ഫാക്ടർ ( Fitting Factor) വർധിക്കുകയാണെങ്കിൽ അടിസ്ഥാന വരുമാനത്തിലും തൽഫലമായി മാറ്റം വരും. അതായത്, ഫിറ്റ്‌മെന്റ് ഫാക്ടർ വർധിപ്പിക്കുന്നതിലൂടെ 18,000 രൂപ അടിസ്ഥാന ശമ്പളം ലഭിച്ചിരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 26,000 രൂപ ഇനി മുതൽ ലഭിക്കുമെന്നതാണ്.
ഈ വിഷയത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വിവിധ സംഘടനകൾ ഇത് സംബന്ധിച്ച് സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് ശേഷമായിരിക്കും ശമ്പള വർധനവ് നടപ്പിലാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്നത്.
ഫിറ്റ്‌മെന്റ് ഫാക്ടർ വർധിപ്പിക്കാൻ കേന്ദ്രം (Centre Planning To Increase Fitment Factor)
2.57%ൽ നിന്ന് 3.68% ആയി ഫിറ്റ്‌മെന്റ് ഫാക്‌ടർ ഉയർത്തണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം സർക്കാർ ഇപ്പോൾ പരിഗണിക്കുന്നുവെന്ന വാർത്ത ജീവനക്കാർക്ക് ആശ്വാസം പകരുന്നു.
ഫിറ്റ്മെന്റ് ഫാക്ടർ അവസാനമായി വർധിപ്പിച്ചത് 2016ലാണ്. അന്ന് 6,000 രൂപയിൽ നിന്നും 18,000 രൂപയിലേക്കായിരുന്നു വർധനവ്. 8 വർഷങ്ങളായി ഫിറ്റിങ് ഫാക്ടറിൽ യാതൊരു മാറ്റവും കൊണ്ടുവന്നിട്ടില്ല എന്നതും ശ്രദ്ധേയ കാര്യമാണ്.
അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 26,000 രൂപയായി വർധിച്ചാൽ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിയർനസ് അലവൻസ്) വർധിക്കും എന്നതാണ് മറ്റൊരു പ്രധാന വസ്തുത. കണക്കുകൾ പ്രകാരം, ഡിയർനസ് അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനമാണ്.
എന്താണ് ഫിറ്റ്‌മെന്റ് ഫാക്ടർ? (What is Fitment Factor?)
കേന്ദ്ര ജീവനക്കാരുടെ ശമ്പളം രണ്ടര ഇരട്ടിയിലധികം വർധിപ്പിക്കുന്നതിൽ ഫിറ്റ്‌മെന്റ് ഫാക്ടറിന് വലിയ സ്വാധീനമുണ്ട്. ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ അനുസരിച്ച്, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നിർണയിക്കുന്നത് അലവൻസുകൾക്ക് പുറമെ അവരുടെ അടിസ്ഥാന ശമ്പളവും ഫിറ്റ്‌മെന്റ് ഫാക്ടറുമാണ്.
ഫിറ്റ്മെന്റ് ഫാക്ടറിലെ വർധനവ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുക മാത്രമല്ല അവരുടെ മിനിമം വേതനം കൂടുകയും ചെയ്യും എന്നത് ശ്രദ്ധിക്കേണ്ടതാണ്.
കഴിഞ്ഞ ദീപാവലിയിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത (ഡിഎ), എച്ച്ആര്‍എ, ടിഎ എന്നിവ വര്‍ധിപ്പിച്ചിരുന്നു. പുതിയ വര്‍ഷത്തിന് മുന്നോടിയായി ജീവനക്കാരുടെ ശമ്പളത്തിലും വർധനവ് നടപ്പിലാക്കുമെന്നും കേന്ദ്രസർക്കാർ ഇതിനുള്ള പദ്ധതിയിടുന്നതായും കഴിഞ്ഞ വർഷം വാർത്തകൾ പ്രചരിച്ചിരുന്നു.
ഈ പുതുവര്‍ഷത്തില്‍ ഫിറ്റ്മെന്റ് ഫാക്ടർ വർധിപ്പിച്ചുവെന്ന സന്തോഷ വാര്‍ത്ത ജീവനക്കാർക്ക് ലഭിക്കുമെന്നത് ഉറപ്പാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഏഴാം ശമ്പള കമ്മീഷൻ; 2 ലക്ഷം രൂപ ജീവനക്കാരുടെ അക്കൗണ്ടിൽ ഉടനെത്തും
അതേ സമയം, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിയർനസ് അലവൻസ് ഉടൻ തന്നെ അക്കൗണ്ടിലെത്തുമെന്നും വാർത്തകളുണ്ട്. സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് മെച്ചപ്പെടുത്തുന്നതിനായി നൽകുന്ന പണമാണ് ഡിയർനസ് അലവൻസ് (Dearness allowance). ഈ പണം സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്നു. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 31 ശതമാനമായി സർക്കാർ ഉയർത്തിയിട്ടുണ്ട്.
Share your comments