<
  1. News

മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 4.57 കോടി ചെലവഴിച്ച് ഫിഷറീസ് വകുപ്പ്

കോട്ടയം ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയത് 4.57 കോടിയുടെ വികസനപ്രവർത്തനങ്ങൾ

Darsana J
മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 4.57 കോടി ചെലവഴിച്ച് ഫിഷറീസ് വകുപ്പ്
മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 4.57 കോടി ചെലവഴിച്ച് ഫിഷറീസ് വകുപ്പ്

കോട്ടയം ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയത് 4.57 കോടിയുടെ വികസന പ്രവർത്തനങ്ങൾ. 2022- 23 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് ഏകദേശം 4,57,38,940 രൂപയുടെ പ്രവർത്തനങ്ങൾ നടന്നു. മത്സ്യസമ്പത്ത് പരിപാലനം, സംരക്ഷണം, വർധന, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യ വിതരണം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലന പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ മത്സ്യസങ്കേതങ്ങളും കക്കാസങ്കേതങ്ങളും സ്ഥാപിക്കുകയും പൊതുജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു.

കൂടുതൽ വാർത്തകൾ: 9 വർഷത്തിനിടെ 17 കോടി എൽപിജി കണക്ഷൻ

22.29 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. വേമ്പനാട് കായലിൽ 6 മത്സ്യ - കക്കാ സങ്കേതങ്ങൾ സ്ഥാപിച്ചു. 1 ലക്ഷം കരിമീൻ കുഞ്ഞുങ്ങൾ, 4 ലക്ഷം കാർപ്പ് കുഞ്ഞുങ്ങൾ എന്നിവ പൊതുജലാശയങ്ങളിലെ 3 കടവുകളിലായി നിക്ഷേപിക്കുകയും ചെയ്തു. കൂടാതെ, സമ്പാദ്യ സമാശ്വാസ പദ്ധതിയിലൂടെ 256 മത്സ്യത്തൊഴിലാളി ഗുണഭോക്താക്കൾക്ക് 34,15,500 രൂപ വിതരണം ചെയ്തു. അനധികൃത മത്സ്യബന്ധനം, മല്ലി കക്കാ വാരൽ, പാടശേഖരങ്ങളിലെ മടവല, കൂട് ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവ തടയുന്നതിനായി ജില്ലയിൽ 73 കായൽ പട്രോളിംഗ് നടത്തി. ഇതിനായി 1,98,390 രൂപ ചെലവഴിച്ചു. 

ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം എന്നീ പദ്ധതികളിലൂടെ വിവിധ തരം മത്സ്യ കൃഷികൾക്കായി 1,50,72,450 രൂപ സബ്സിഡി ഇനത്തിൽ മത്സ്യകർഷകർക്ക് നൽകി. ഈ പദ്ധതികളുടെ ഭാഗമായി 161.53 ഹെക്ടറിൽ ശുദ്ധജല മത്സ്യകൃഷി, 255 യൂണിറ്റ് പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, 375 യൂണിറ്റ് ബയോഫ്ളോക്ക് മത്സ്യകൃഷി, 28 യൂണിറ്റ് റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, 96 യൂണിറ്റ് കൂട് മത്സ്യകൃഷി, 2500 ഹെക്ടറിൽ ഒരു നെല്ലും ഒരു മീനും പദ്ധതി എന്നിവ ജില്ലയിൽ നടപ്പാക്കി. ജനകീയ മത്സ്യകൃഷി കപ്പാസിറ്റി ബിൽഡിംഗ് പദ്ധതി പ്രകാരം മത്സ്യകർഷകരുടെ പരിശീലനത്തിനായി 48,830 രൂപയും ചെലവഴിച്ചു.

തീരോന്നതി പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികൾക്കായി വിവിധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് 45,267 രൂപ ചെലവഴിച്ചു. രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിവിധ പദ്ധതികളിലൂടെ വിദ്യാഭ്യാസ ആനുകൂല്യം നൽകി. 1 മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ലപ്സം ഗ്രാന്റ് ആയി 3,42,746 രൂപ വിതരണം ചെയ്തു. 160 വിദ്യാർത്ഥികൾക്ക് ഗ്രാന്റ് ലഭിച്ചു. പ്ലസ് വൺ മുതൽ പൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസ ആനുകൂല്യമായി 90,99,913 രൂപ അനുവദിച്ചു. 256 വിദ്യാർത്ഥികൾക്കാണ് ഈ അനുകൂല്യം ലഭിച്ചത്.

വിദ്യാതീരം പദ്ധതിയിലൂടെ 93 മെഡിക്കൽ എൻട്രൻസ് വിദ്യാർത്ഥികളുടെ പരിശീലനത്തിന് 80,82,320 രൂപ ചെലവഴിച്ചു. നൂറ് വിദ്യാർത്ഥികൾക്ക് വിദ്യാതീരം കരിയർ ഗൈഡൻസ് പദ്ധതിക്കായി 28,260 രൂപയും ചെലവഴിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന പദ്ധതിയിലൂടെ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോ ഫ്ളോക്ക് മത്സ്യ കൃഷി, പിന്നാമ്പുറങ്ങളിലെ അലങ്കാര മത്സ്യ കൃഷി, സംയോജിത അലങ്കാര മത്സ്യ കൃഷി, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യ കൃഷി, ഓരുജല കൂട് മത്സ്യ കൃഷി എന്നീ പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് 66,99,273 രൂപ സബ്സിഡി ഇനത്തിൽ അനുവദിച്ചു.

ഫിഷറീസ് വകുപ്പ്, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, എന്നിവയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്‌ക്വാഡ് വഴി മാർക്കറ്റുകളിൽ പരിശോധന നടത്തി. 138 മത്സ്യ മാർക്കറ്റുകളും മത്സ്യ വിപണന സ്റ്റാളുകളും പരിശോധിച്ചു. തുടർന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 846.9 കിലോഗ്രാം മത്സ്യം നശിപ്പിക്കുകയും 43 സാമ്പിളുകൾ തുടർ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാവകുപ്പ് ശേഖരിക്കുകയും ചെയ്തു.

English Summary: A helping hand for fishermen Fisheries Department by spending 4.57 crores in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds