
1. മൃഗസംരക്ഷണ വകുപ്പ് മുഖേന ഇടത്തരം ക്ഷീരകര്‍ഷകര്‍ക്കുള്ള സമഗ്ര ഫാം സഹായ പാക്കേജ് പദ്ധതി 2025-26 അനുസരിച്ച് ആലപ്പുഴ ജില്ലയില്‍ മൂന്ന് യൂണിറ്റുകള്‍ നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞടുക്കുന്നു. കുറഞ്ഞത് 10 കറവ പശുക്കളോ അല്ലെങ്കില്‍ കൂടിയത് 20 കറവ പശുക്കളോ ഉള്ള കര്‍ഷകരെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. നിര്‍വഹണ ചിലവ് ഉള്‍പ്പെടെ 1,00,000 രൂപയുടെ സാമ്പത്തിക സഹായമാണ് മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് നല്‍കുക. ആലപ്പുഴ ജില്ലയിലെ അര്‍ഹരായ ക്ഷീരകര്‍ഷകര്‍ ബന്ധപ്പെട്ട മൃഗാശുപത്രികള്‍ മുഖേന പ്രത്യേക ഫോമില്‍ ആവശ്യമായ രേഖകള്‍ സഹിതം ആഗസ്റ്റ് 18 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
2. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ വച്ച് 2025 ഓഗസ്റ്റ് 25, 26 തീയതികളിൽ "ഇറച്ചിക്കോഴി വളർത്തൽ"എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 0479 2457778, 77363 36528 എന്ന വാട്സാപ്പ് നമ്പറിൽ പേര്, അഡ്രസ്, ഫോൺ നമ്പർ എന്നിവ അയച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്.
3. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ആറ് ദിവസം നേരിയ / ഇടത്തരം മഴയ്ക്കും സാധ്യത. ഇന്ന് രണ്ടു ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്‍. ഓഗസ്റ്റ് 13, 17,18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 13 -ാം തീയതി ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
Share your comments