1. ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ 4 ദിവസം കൂടി ബാക്കി. 10 വർഷത്തിന് മുമ്പെടുത്ത ആധാർ കാർഡുകൾ ഡിസംബർ 14 വരെ പുതുക്കാൻ സമയമുണ്ടെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാർ കാർഡിലെ പേര്, വിലാസം, ജനനതീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയിൽ മാറ്റം വരുത്താനോ തിരുത്താനോ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ആധാർ കാർഡ് സംബന്ധിച്ച തട്ടിപ്പുകൾ കുറയ്ക്കുന്നതിനാണ് ഓരോ 10 വർഷം കൂടുമ്പോഴും കാർഡുകൾ അപ്ഡേറ്റ് ചെയ്യുന്നത്. കാർഡിലെ എല്ലാ വിശദാംശങ്ങളും ഓൺലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്. വിരലടയാളം, ഐറിസ് പാറ്റേണുകൾ, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ സ്കാൻ ചെയ്യുന്നതിന് അക്ഷയ പോലുള്ള സേവന കേന്ദ്രങ്ങളെ സമീപിക്കാം.
കൂടുതൽ വാർത്തകൾ: പ്രതിവർഷം 25 കോടി വരുമാനം; ഡോ. രാജാറാം ത്രിപാഠിയ്ക്ക് റിച്ചസ്റ്റ് ഫാർമർ ഓഫ് ഇന്ത്യ അവാർഡ്
2. ക്ഷീരോത്പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നു. ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഡിസംബര്‍ 12 മുതല്‍ 22 വരെ പരിശീലനം നടക്കും. പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ ബ്‌ളോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ ഡിസംബര്‍ 11 വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഓഫ്‌ലൈനായി പരിശീലനത്തിൽ പങ്കെടുത്തിട്ടുള്ളവര്‍ക്ക് പ്രവേശനമില്ല. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപയാണ്. ഫോൺ: 8089391209, 04762698550.
3. ആലപ്പുഴ ജില്ലയിൽ യുവ കർഷകർക്കായി ദ്വിദിന സംഗമം സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 28, 29 തീയതികളില്‍ പരിപാടി നടക്കും. യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും പുത്തന്‍ കൃഷിരീതികള്‍, കൃഷിയിലെ നവീനമായ സാങ്കേതികവിദ്യ എന്നിവ സംബന്ധിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കാനും പരിപാടി സഹായിക്കും. 18 മുതൽ 40 വയസ്സിനിടയില്‍ പ്രായമുള്ള കര്‍ഷകര്‍ക്കും കൃഷിയില്‍ താല്പര്യമുള്ളവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ official.ksyc@gmail.com എന്ന വിലാസത്തില്‍ ബയോഡേറ്റ മെയില്‍ ചെയ്യുകയോ കേരള സംസ്ഥാന യുവജനകമ്മിഷന്‍, വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍ 695033 എന്ന വിലാസത്തില്‍ തപാല്‍ മുഖേന അയക്കുകയോ വേണം. ഡിസംബര്‍ 22ന് മുന്‍പ് അപേക്ഷകൾ നൽകണം.
4. കേരള സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന 20-ാമത് കേരള ബാംബൂ ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായി അപേക്ഷകൾ ഓണലൈനായി സമർപ്പിക്കാം. മുളയും അനുബന്ധ ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട മേഖലയിലെ കരകൗശല വിദഗ്ദ്ധര്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം മൈതാനത്ത് 2024 ജനുവരി 12 മുതൽ 17 വരെ ഫെസ്റ്റ് നടക്കും. DCH കരകൗശല തിരിച്ചറിയല്‍ കാര്‍ഡുള്ള വിദഗ്ദ്ധര്‍ക്കും SHGകള്‍ക്കും കരകൗശല ഉത്പ്പന്നങ്ങള്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കാം. ഫര്‍ണിച്ചര്‍, സ്വകാര്യ സംരംഭകർ, അസോസിയേഷന്‍, സൊസൈറ്റി, എൻജിഒ തുടങ്ങിയ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചിത തുക അടച്ച് ഓൺലൈൻ ആയി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി www.keralabamboomission.org എന്ന ബെബ്സൈറ്റ് സന്ദർശിക്കാം.
5. മലമ്പുഴ സർക്കാർ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തലില്‍ പരിശീലനം നൽകുന്നു. ഡിസംബര്‍ 12ന് രാവിലെ 10 മണിയ്ക്ക് പരിശീലനം ആരംഭിക്കും. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491 2815454, 9188522713.
Share your comments