<
  1. News

ആധാർ കാർഡ് ഉടൻ പുതുക്കാം; സമയപരിധി ഡിസംബറിൽ കഴിയും

ആധാർ കാർഡിലെ പേര്, വിലാസം, ജനനതീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയിൽ മാറ്റം വരുത്താനോ തിരുത്താനോ ഉപഭോക്താക്കൾക്ക് അവസരമുണ്ട്

Darsana J
ആധാർ കാർഡ് ഉടൻ പുതുക്കാം; സമയപരിധി ഡിസംബറിൽ കഴിയും
ആധാർ കാർഡ് ഉടൻ പുതുക്കാം; സമയപരിധി ഡിസംബറിൽ കഴിയും

1. ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാനുള്ള സമയപരിധി ഡിസംബർ 14ന് അവസാനിക്കും. ആധാർ കാർഡിലെ പേര്, വിലാസം, ജനനതീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയിൽ മാറ്റം വരുത്താനോ തിരുത്താനോ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. 10 വർഷം മുമ്പെടുത്ത ആധാർ കാർഡ് നിർബന്ധമായും പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. ആധാർ കാർഡ് സംബന്ധിച്ച തട്ടിപ്പുകൾ കുറയ്ക്കുന്നതിനാണ് ഓരോ 10 വർഷം കൂടുമ്പോഴും കാർഡുകൾ അപ്ഡേറ്റ് ചെയ്യുന്നത് നിർബന്ധമാക്കിയത്. കാർഡിലെ എല്ലാ വിശദാംശങ്ങളും ഓൺലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്. വിരലടയാളം, ഐറിസ് പാറ്റേണുകൾ, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ സ്കാൻ ചെയ്യുന്നതിന് അക്ഷയ പോലുള്ള സേവന കേന്ദ്രങ്ങളെ സമീപിക്കാം.

കൂടുതൽ വാർത്തകൾ: ആശ്വാസം! 4 ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്തുന്നു

2. സില്‍ക്ക് സമഗ്ര പദ്ധതി പ്രകാരം പട്ടികജാതി വിഭാഗം യുവാക്കള്‍ക്ക് പട്ടുനൂല്‍പ്പുഴു കൃഷിക്ക് സബ്സിഡി നല്‍കുന്നു. പാലക്കാട് ജില്ലയിൽ ഒരേക്കറില്‍ കുറയാത്ത കൃഷിഭൂമി ഉള്ളവര്‍ക്കും, 5 വര്‍ഷ പാട്ടക്കരാര്‍ പ്രകാരം ഭൂമി പാട്ടത്തിന് എടുത്തും കൃഷി ചെയ്യാവുന്നതാണ്. പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് പരമാവധി 3,73,750 രൂപ സബ്‌സിഡി അനുവദിക്കും. അട്ടപ്പാടി, ചിറ്റൂര്‍, മലമ്പുഴ, കൊല്ലങ്കോട്, നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ നവംബര്‍ 27 നകം പാലക്കാട് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സെറികള്‍ച്ചര്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 9447443561, 0491 2505866.

3. സംസ്ഥാനത്ത് കാർഷിക കടാശ്വാസ തുക വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചു. കടാശ്വാസ കമീഷൻ തീർപ്പാക്കിയ അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി സഹകരണ രജിസ്‌ട്രാർ ലഭ്യമാക്കിയ പട്ടിക അനുസരിച്ചുള്ള തുകയാണ്‌ അനുവദിച്ചത്‌. ഈ വർഷം ബജറ്റിൽ വകയിരുത്തിയ തുക പൂർണമായും അനുവദിച്ചു കഴിഞ്ഞതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

4. കോട്ടയം വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ തെങ്ങുകർഷകർക്ക് കേരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്തിലെ 50 ഹെക്ടർ തെങ്ങിൻ പുരയിടങ്ങളുടെ പുനരുദ്ധാരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരസമിതി വഴിയാണ് പദ്ധതി നടപ്പിലാക്കുക. 8,750 തെങ്ങുകൾക്ക് തടം എടുക്കുന്നതിനും, ജൈവ വളം ഇടുന്നതിനും 50 ശതമാനം നിരക്കിൽ ആനുകൂല്യം ലഭിക്കും. ഡോളമൈറ്റ്, രാസവളം എന്നിവയ്ക്ക് ഒരു തെങ്ങിന് 29 രൂപ ലഭിക്കും. തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് പ്രയോഗിക്കുന്നതിന് 75 രൂപയും ഉത്പാദനക്ഷമത ഇല്ലാത്തവ വെട്ടിമാറ്റുന്നതിന് തെങ്ങ് ഒന്നിന് 1,000 രൂപയും ലഭിക്കും. ഉത്പാദന ക്ഷമതയുള്ള പുതിയ തെങ്ങിൻ തൈയ്ക്ക് 60 രൂപ നിരക്കിലും, ഇടവിള കൃഷിയ്ക്കുള്ള നടീൽ വസ്തുക്കളും നൽകും.

ജലസേചനത്തിനുള്ള പമ്പു സെറ്റുകൾ, തുള്ളി നന സംവിധാനം എന്നിവയ്ക്ക് 50 ശതമാനം സബ്സിഡിയും ജൈവ വള കമ്പോസ്റ്റ് കുഴി നിർമിക്കുന്നതിന് രണ്ട് യൂണിറ്റിന് 10,000 രൂപയും സബ്സിഡിയും നൽകും. കൂടാതെ, താൽപര്യമുള്ള 12 പേർക്ക് തെങ്ങു കയറ്റത്തിന് പരിശീലനവും തെങ്ങു കയറ്റ യന്ത്രത്തിന് 2,000 രൂപ വീതം ആനുകൂല്യവും നൽകും. വെളിച്ചെണ്ണ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനും ഡ്രയർ/മറ്റു ഉപകരണങ്ങൾ വാങ്ങിക്കുന്നതിനും രണ്ട് ലക്ഷം രൂപ വരെ അനുവദിക്കും. ഒപ്പം, യൂണിറ്റ് സ്ഥാപിക്കാൻ താൽപര്യമുള്ളവർക്ക് പ്രൊജക്റ്റ് തയാറാകുന്നതിനും സഹായിക്കും. ആനുകൂല്യങ്ങൾ ലഭിക്കാൻ ഡിസംബർ 7നകം വാഴപ്പള്ളി കൃഷിഭവനിൽ അപേക്ഷ നൽകണം.

English Summary: Aadhaar card information can be updated immediately the deadline will end on December 14

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds